ജി.എച്ച്.എസ്.എസ്. മൂത്തേടത്ത്/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
![](/images/thumb/c/c0/48077-school_old_photo.png/339px-48077-school_old_photo.png)
കിഴക്കനേറനാട്ടിലെ മൂന്നു ഭാഗം പുഴകളാലും ഒരു ഭാഗം വനത്താലും ചുറ്റപ്പെട്ടു കിടക്കുന്ന ഒരു കൊച്ചു ഗ്രാമമാണ് മൂത്തേടം.ഈ പ്രദേശമുൾപ്പെടുന്ന മൂത്തേടം പഞ്ചായത്ത് 48 ച.കി.മീറ്ററോളം വ്യാപിച്ചു കിടക്കുന്നു.ഭൂപരിഷ്ക്കരണത്തിനു മുമ്പ് നിലമ്പൂർ കോവിലകമായിരുന്നു ഈ പ്രദേശങ്ങളുടെ ജൻമി. കരുളായി പഞ്ചായത്തിന്റെയും എടക്കര പഞ്ചായത്തിന്റെയും ഭാഗമായിരുന്ന ഈ പ്രദേശത്തെ ജനങ്ങൾ ആദ്യ കാലഘട്ടത്തിൽ ആധുനിക വിദ്യാഭ്യാസത്തോട് വലിയ താല്പര്യം കാണിച്ചിരുന്നില്ല. പിന്നാക്ക ജില്ലയായ മലപ്പുറം ജില്ലയിലെ മറ്റു പഞ്ചായത്തുകളുമായി താരതമ്യം ചെയ്യുമ്പോൾ സാക്ഷരതയിലും വിദ്യാസമ്പന്നതയിലും മൂത്തേടം പിന്നിലാണ്. പുറം ലോകവുമായി ബന്ധപ്പെടാൻ ജനങ്ങൾക്ക് പ്രയാസം നേരിട്ടിരുന്നതും ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തതയും ഭൗതിക വിദ്യാഭ്യാസത്തോടുള്ള താല്പര്യക്കുറവും വിദ്യഭ്യാസ പിന്നാക്കാവസ്ഥയ്ക്ക് ആക്കം കൂട്ടി.
കാലങ്ങൾ കടന്നു പോയപ്പോൾ അക്ഷരം പഠിക്കാനുള്ള ആഗ്രഹം ഈ പ്രദേശത്തെ ജനങ്ങൾക്കും തോന്നിത്തുടങ്ങി. അതോടനുബന്ധിച്ച് സ്വന്തം മക്കളെ അക്ഷരം എഴുതാനു വായിക്കാനും പഠിപ്പിക്കാൻ വേണ്ടി തന്റെ മാളിക വീടിന്റെ മുകളിൽ വല്ലടിമുണ്ട എന്ന സ്ഥലത്ത് ശ്രീ. വലിയപീടികയ്ക്കൽ ഉണ്ണിഹസ്സൻ ഹാജി തുടക്കമിട്ടതാണ് ഇന്നത്തെ മൂത്തേടം സ്കൂൾ. അക്ഷരാഭ്യാസത്തോടൊപ്പം മത ബോധനത്തിനും അവിടെ പ്രാധാന്യം ഉണ്ടായിരുന്നു.
മദ്രാസ് സർക്കാറിന്റെ ഡിസ്ട്രിക് ബോർഡ് മാപ്പിള സ്കൂളുകൾ പിൽക്കാലത്ത് ഓരോ ഗ്രാമത്തിലും സ്ഥാപിക്കപ്പെട്ടു. ഹാജിയാർ മാളികപ്പുരയുടെ തൊട്ടടുത്ത് L ആകൃതിയിലുള്ള ഒരു ചെറിയ കെട്ടിടം നിർമിച്ച് പഠനം അങ്ങോട്ടേക്കു മാറ്റി. ക്രമേണ ഒന്നാം തരം മുതൽ അഞ്ചാം തരം വരെയായി വിദ്യാലയം രൂപാന്തരപ്പെട്ടു. വടക്കേ തൊടിക വീരാൻകുട്ടി മാസ്റ്റർ, അബ്ദുറഹിമാൻ മാസ്റ്റർ, യൂസഫ് മാസ്റ്റർ തുടങ്ങിയ ഏകാധ്യാപകരാണ് ഈ സ്കൂളിന് ആദ്യകാലങ്ങളിൽ ഊർജ്ജം നൽകിയത്. 1928 മുതൽ സ്കൂൾ രജിസ്റ്റർ വെച്ച് പ്രവർത്തനം തുടങ്ങി. രജിസ്റ്ററിലെ ആദ്യ വിദ്യാർത്ഥി എരഞ്ഞിക്കൽ അലവിക്കുട്ടിയായിരുന്നു. ഡിസ്ട്രിക് ബോർഡിന്റെ അംഗീകാരത്തോടുകൂടി സ്കൂൾ പ്രവർത്തനം തുടർന്നു.
ഐക്യകേരളപ്പിറവിയോടെ വിട്ടുകൊടുക്കാൻ തയ്യാറുള്ള മാനേജ്‍മെന്റ് സ്കൂളുകൾ കേരള സർക്കാർ ഏറ്റെടുക്കാൻ തുടങ്ങി. ഇതിന്റെ ഭാഗമായി ഹാജിയാർ സ്കൂൾ കേരള സർക്കാറിന് കൈമാറി. അന്നു മുതലാണ് മൂത്തേടത്തെ ഈ സ്കൂൾ ഗവൺമെന്റ് പ്രൈമറി സ്കൂളാകുന്നത്. ഒന്നാം തരം മുതൽ അഞ്ചാം തരം വരെയാണ് ക്ലാസുകൾ ഉണ്ടായിരുന്നത്.
![](/images/thumb/0/0b/48077-school_photo1.png/337px-48077-school_photo1.png)
സർക്കാർ ഏറ്റെടുത്തതിനുശേഷം അധ്യാപകനിയമനം പി.എസ്.സി വഴിയായി. യാത്രാദുരിതം കാരണം ആ കാലത്ത് അധ്യാപക ക്ഷാമവും ഉണ്ടായിരുന്നു. 1957, 61 കാലഘട്ടത്തിൽ തിരുവിതാംകൂറിൽ നിന്നും ജീവിതമാർഗം തേടി കുടിയേറ്റം വ്യാപകമായി. കുന്നുകളും മലമടക്കുകളും വയലുകളും ആദ്യമാദ്യം വന്ന കർഷകർ കയ്യടക്കി.കൃഷിയായിരുന്നു ജനങ്ങളുടെ പ്രധാന വരുമാന മാർഗം. കുടിയേറ്റത്തോടെ സ്കൂളിൽ കുട്ടികളുടെ എണ്ണവും വർദ്ധിച്ചു. ഇക്കാലത്താണ് കേരള സർക്കാർ വിദ്യാഭ്യാസ നിയമം പരിഷ്ക്കരിച്ച് ഒന്നു മുതൽ നാലു വരെ പ്രൈമറി വിഭാഗവും അഞ്ചു മുതൽ ഏഴു വരെ യു.പി. വിഭാഗവുമാക്കുന്നത്. ഇത് സ്കൂളിന് അഞ്ചാം തരം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാക്കി. ഇതിന് പരിഹാരം കാണാൻ നാട്ടിലെ പൗരാവലി ഉണർന്നു പ്രവർത്തിച്ചു. നിലവിലുള്ള നാലാം തരത്തോടനുബന്ധിച്ച് രണ്ട് ഏക്കർ സ്ഥലവും 100 അടി നീളത്തിലുള്ള കെട്ടിടവും സംഭാവനയായി കൊടുത്താൽ നിലവിലുള്ള അഞ്ചാം തരം നിലനിർത്തിത്തരാമെന്ന വ്യവസ്ഥ സർക്കാർ വെച്ചപ്പോൾ ഉണ്ണിഹസ്സൻ ഹാജിയുടെ മകൻ ശ്രീ.മോയീൻകുട്ടി ഹാജി രണ്ട് ഏക്കർ സ്ഥലം സംഭാവനയായി നൽകി. ഇതോടെ സ്കൂൾ യു.പി ആയി ഉയർത്താനുള്ള പ്രവർത്തനങ്ങൾക്ക് പി.ടി.എ ശ്രമമാരംഭിച്ചു. രക്ഷാധികാരിയായി പുതിയറ ഉണ്ണി അലവിയും പ്രസിഡണ്ടായി തണ്ടുപാറ അബുവും ഖജാൻജിയായി പുതിയറ ചെറിയോനും തെരഞ്ഞെടുക്കപ്പെട്ടു. മറ്റു പൗരപ്രമുഖന്മാരെ ഉൾപ്പെടുത്തി ഒരു 101 അംഗ കമ്മറ്റിയും ഉണ്ടാക്കി. ഈ കമ്മറ്റിയുടെ പരിശ്രമഫലമായി 100 അടി നീളത്തിലുള്ള കെട്ടിടവും നിർമിക്കപ്പെട്ടു.
1968ൽ ബഹു.സി.എച്ച്.മുഹമ്മദ് കോയ കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോൾ സ്കൂൾ അപ്പർ പ്രൈമറിയായി ഉയർത്തി. പിന്നീടങ്ങോട്ട് സ്കൂൾ വളർച്ചയുടെ പടവുകൾ പിന്നിടുകയായിരുന്നു. 1974ൽ ബഹു.വിദ്യാഭ്യാസ മന്ത്രി ചാക്കീരി അഹമ്മദ്കുട്ടി മൂത്തേടം ഗവ.യു.പി.സ്കൂളിനെ ഹൈസ്കൂളായി ഉയർത്തി. ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങിയത് 1977 ലായിരുന്നു.ശ്രീ.എ.സി.ജോസ് ഹെഡ്മാസ്റ്ററായിരുന്ന അന്ന് സ്കൂളിന് എസ്.എസ്.എൽ.സി. ക്ക് 32 ശതമാനം വിജയം നേടാൻ കഴിഞ്ഞു. 1997 ൽ ഹയർസെക്കണ്ടറിയായി ഉയർത്തപ്പെട്ട ഈ വിദ്യാലയത്തിൽ ഇന്ന് സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് എന്നീ വിഷയങ്ങളിലായി 8 ബാച്ചുകൾ പ്രവർത്തിച്ചു വരുന്നു.
പൊതുവിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകിയ ജനകീയ സർക്കാറുകൾ ഈ സ്കൂളിന് നിരവധി കെട്ടിടങ്ങൾ നിർമിച്ചു നൽകിയിട്ടുണ്ട്. ഇന്ന് വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും മികച്ച ഒരു വിദ്യാലയമായി ഈ സ്ഥാപനം മാറിക്കൊണ്ടിരിക്കുന്നു. എസ്.എസ്.എൽ.സി. പ്ലസ് ടു പരീക്ഷകളിലും എൽ.എസ്.എസ്.,യു.എസ്.എസ്., എൻ.എം.എം.എസ്. പരീക്ഷകളിലും ദേശീയ മത്സര പരീക്ഷകളിലും മികവുറ്റ നേട്ടങ്ങൾ കൈവരിച്ചുകൊണ്ട് സ്കൂൾ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് കാഴ്ച വെച്ചു കൊണ്ടിരിക്കുന്നത്.