ജിയുപിഎസ് പുതുക്കൈ/അക്ഷരവൃക്ഷം/ അത്ഭുതനീരാളി- ആസ്വാദനക്കുറിപ്പ്
അത്ഭുതനീരാളി- ആസ്വാദനക്കുറിപ്പ്
കുട്ടികളിൽ കൗതുകവും ശാസ്ത്രബോധവും ഉണർത്തുന്ന മനോഹരമായ നോവലാണ് അത്ഭുത നീരാളി. ഇത് എഴുതിയത് പ്രശസ്ത എഴുത്തുകാരൻ കെ.വി.രാമനാഥൻ ആണ്. അത്ഭുതവാനരന്മാർ എന്ന നോവലിന്റെ തുടർച്ചയായിട്ടാണ് ഈ നോവൽ എഴുതിയിരിക്കുന്നത്. വളരെ മനോഹരമായ ഒരു നോവലാണ് ഇത്. ഇത് വളരെ രസത്തിൽ വായിക്കാൻ കഴിയും. വളരെ മനോഹരമായ ചിത്രങ്ങളും ഇതിലുണ്ട്.ഗോപിയും അപ്പുക്കുട്ടനും ആണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ.ഡോക്ടർ രാജ,ഡോക്ടർ ജെറി, അപ്പുക്കുട്ടയുന്റെയും ഗോപിയുടെയും അമ്മമാർ,ഗോപിയുടെ അച്ഛൻ, ഇട്ടിരാരിശ്ശി മേനോൻ,ഗോപാലമേനോൻ,ഇൻസ്പെക്ടർ ഹമീദ്,അലക്സാണ്ടർ തുടങ്ങിയവരാണ് ഇതിലെ മറ്റു കഥാപാത്രങ്ങൾ.അപ്പുക്കുട്ടനും ഗോപി ഒരു കത്ത് കിട്ടുന്നതോടെയാണ് കഥ തുടങ്ങുന്നത്. ഇത് തിളങ്ങുന്ന കണ്ണുകളുള്ള ഒരു നീരാളിയുടെ ചിത്രമുള്ള ഒരു കത്തായിരുന്നു.പിറ്റേദിവസം രാത്രി അപ്പുക്കുട്ടന്റെ വീട്ടിൽ കറണ്ട് പോകുന്നു. പുറത്തുനിന്ന് ആരോ വിളിക്കുന്നുണ്ടായിരുന്നു. വാതിൽ തുറന്ന് നോക്കിയപ്പോൾ കോട്ടിട്ട ഒരാൾ ഗേറ്റിന് പുറത്ത് നിൽക്കുന്നുണ്ടായിരുന്നു. ഇടിമിന്നലിൽ അയാളെ കണ്ടപ്പോൾ അപ്പുക്കുട്ടൻ ഞെട്ടിപ്പോയി. കാരണം അയാളുടെ മുഖം ഡോക്ടർ റാണയുടെത് പോലെ ഉണ്ടായിരുന്നു.ഡോക്ടർ റാണയായിരുന്നു അപ്പുക്കുട്ടനെയും ഗോപിയെയും പണ്ടു കുരങ്ങന്മാരാക്കിയത്. പക്ഷെ റാണയെ പോലീസ് വെടി വെച്ച് കൊന്ന് പൊസ്റ്റ്മോർട്ടം നടത്തി സംസ്കരിച്ചിരുന്നു.അപ്പുക്കുട്ടനും അവന്റെ അമ്മയും വിചാരിച്ചത് അത് റാണയുടെ പ്രേതം ആയിരിക്കുമെന്നാണ്.കാരണം മരിച്ചവരെ പിന്നെ ജീവനോടെ കാണാനാവില്ലല്ലോ.പിറ്റേന്ന് ഇത് ഗോപിയോട് പറയാൻ അവന്റെ വീട്ടിലേക്ക് പോയപ്പോൾ അവൻ പറഞ്ഞത് അവിടെ കള്ളൻ കയറി എന്നാണ്.വളരെ ശാസ്ത്രീയമായ രീതിയിൽ ജനാലയും കമ്പിയും മുറിച്ചാണ് കള്ളൻ അകത്ത് കയറിയത്.എന്നാൽ അത്ഭുതം എന്തെന്ന് വെച്ചാൽ ഒന്നും മോഷണം പോയിട്ടില്ല.ഈ സംഭവം അവർ പോലീസ് ഇൻസ്പെക്ടർ ഹമീദിനെ അറിയിച്ചു. അന്ന് അവർക്കൊരു ഫോൺ കാൾ വന്നു . വിളിച്ചയാൾ പറഞ്ഞു ഇന്ന് രാത്രി ടി.വി കാണണമെന്ന്. രാത്രി ടിവിയിൽ അവർ റാണയെ കണ്ടു. അയാൾ പറഞ്ഞു." എന്നെ നിങ്ങൾക്കൊന്നും ചെയ്യാൻ കഴിയില്ല. കുട്ടികളെ എനിക്ക് നൽകിയാൽ അവരെ അവരെ തിരിച്ചു കിട്ടും. ഇല്ലെങ്കിൽ എന്താകുമെന്ന് നിങ്ങളെക്കാൾ നന്നായി ഉണ്ണിക്കുട്ടനും ഗോപിക്കും അറിയാം." ഇങ്ങനെയാണ് കഥ തുടങ്ങുന്നത്. അതിനുശേഷം അവരെ ഇവരെ സൂത്രത്തിൽ അയാൾ പിടികൂടുന്നു. അയാൾ ഡോക്ടർ റാണ ആയിരുന്നില്ല. റാണയുടെ അനുജൻ ഡോക്ടർ രാജയായിരുന്നു. അവരെ എന്തിനാണ് പിടിച്ചതെന്ന് അയാൾ പറഞ്ഞു കൊടുത്തു. പണമുണ്ടാക്കാനാണ് അയാൾ ഇതെല്ലാം ചെയ്തത്.അയാളോട് സഹകരിച്ചാൽ ഉണ്ണിക്കുട്ടനും ഗോപിക്കും നന്ന് എന്നും അയാൾ പറഞ്ഞു. പിന്നീട് രാജയും അയാളുടെ സുഹൃത്ത് ജെറിയും ഹാമിൽട്ടണും കൂടി ശസ്ത്രക്രിയയിലൂടെ അവരെ ജലത്തിൽ ജീവിക്കാൻ കഴിയുന്നവരാക്കി മാറ്റുന്നു.പിന്നീട് അവരെ ചിപ്പികളും മറ്റു സാധനങ്ങളും ശേഖരിക്കാൻ കടലിലേക്ക് അയയ്ക്കുന്നു. അയാളുടെ പ്രത്യേകതരം വാഹനമായ നീരാളിയിലായിരുന്നു അവരുടെ യാത്ര.ഇതിനിടയിൽ അവർക്ക് രണ്ട് ഡോൾഫിൻ കൂട്ടുകാരെ ലഭിക്കുന്നു. രാമനെന്നും കൃഷ്ണനെന്നും അവർക്ക്പേരിടുന്നു. ഇങ്ങനെയാണ് കഥയുടെ പോക്ക്.നോവലിന്റെ അവസാനഭാഗത്ത് ഉണ്ണിക്കുട്ടനേയും ഗോപിയേയും കാണാതെ അവരുടെ അച്ഛനമ്മമാർ വിഷമിക്കുന്നു. പോലീസ് അന്വേഷിച്ചെങ്കിലും അവരെ കണ്ടെത്താനായില്ല. ഡോക്ടർ രാജ അവരെയും കൊണ്ട് ഇപ്രാവശ്യം വളരെ ദൂരത്തേക്കാണ് പോയത്.സ്വർണ്ണം കടത്തിയ പത്തേമാരി പൊളിഞ്ഞ സ്ഥലമായിരുന്നു അത്. അയാൾ അവരെ ഇറക്കി സ്വർണ്ണം അന്വേഷിക്കാൻ പറഞ്ഞു. അന്വേഷിക്കുമ്പോൾ അവർ അവിടെ ഒരു നിഴൽരൂപം കണ്ടു. അവർ വിചാരിച്ചു അത് രാമനോ കൃഷ്ണനോ ആയിരിക്കുമെന്നാണ്. പക്ഷേ അടുത്തേക്ക് പോയപ്പോഴാണ് അത് ഒരു സ്രാവാണെന്ന് അവർക്ക് മനസ്സിലായത്. അവരെ പിടിക്കാൻ ശ്രമം നടത്തിയെങ്കിലും സ്രാവിനെ രാജ വെടിവെച്ചു കൊന്നു.പിന്നീടവർ ആ ഭാഗത്തേക്ക് പോയില്ല. പിറ്റേന്ന് അവർ കടൽത്തീരത്തോട് അടുത്തുള്ള ഒരു ഭാഗത്താണ് ഇറങ്ങിയത്.രാജയുടെ ശബ്ദം കേൾക്കാതായപ്പോൾ മുകളിലേക്ക് പോയി തീരത്തേക്ക് നോക്കി. അവർ കുറച്ചു ദൂരെ കുടിലുകളും ആൾക്കാരേയും കണ്ടു. അവർ തീരത്തേക്ക് കയറി അവിടേക്ക് ഓടി. പക്ഷേ ശ്വാസം കിട്ടാതെ അവർ വീണു. അവർ അടുത്തുള്ള ഒരു കുളത്തിലേക്ക് ചാടി. ഇതു കണ്ട പോലീസുകാർ അവിടേക്ക് ഓടിയെത്തി.ഗോപി തങ്ങൾ ആരാണെന്നും ഇതുവരെ നടന്നതെന്താണും ചുരുക്കി പറഞ്ഞു. അവരെ രാജ പിടിക്കാതിരിക്കാനായി കുളത്തിനു ചുറ്റും പോലീസ് കാവൽ ഏർപ്പെടുത്തി. അവരുടെ ശരീരത്തിലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് അവരെ രാജ കണ്ടെത്തി.രാജ അവിടെ നിന്നിരുന്ന രണ്ട് പോലീസുകാരെ ഒരു പ്രത്യേകതരം ആയുധം ഉപയോഗിച്ച് കൊന്നു. മറ്റൊരു പോലീസുകാരന്റെ വെടി അയാളുടെ കാലിന് കൊണ്ടു. പോലീസ് വളഞ്ഞപ്പോൾ അയാൾ ഒരു കുഞ്ഞു റോക്കറ്റ് പിന്നിൽ ഘടിപ്പിച്ച് രക്ഷപ്പെട്ടു. നഗരത്തിലെ പ്രശസ്തനായ ഡോക്ടർ ആയിരുന്നു ശങ്കർ ദാസ്.ഭക്തനും ശാന്തനുമായിരുന്നു ശങ്കർ ദാസ് .ചന്ദനക്കുറിയില്ലാതെ ഡോക്ടർ ശങ്കർ ദാസിനെ കാണാൻ കഴിയില്ല. രാജ രക്ഷപ്പെട്ട് കുറച്ച് ദിവസത്തിനു ശേഷം ശങ്കർ ദാസ് ഒരു ക്ഷേത്രത്തിൽ പോയി തിരിച്ചു വരികയായിരുന്നു. അയാളുടെ കാർ ഒരു ജീപ്പുമായി ചെറുതായി ഉരസി .ജീപ്പിന്റെ ഡ്രൈവർ വളരെ ആഭാസമായ ഭാഷയിൽ തർക്കിച്ചു. അപ്പോൾ അതുവഴി പോലീസ് ജീപ്പ് വന്നു. വീട്ടിലാക്കാമെന്ന് പറഞ്ഞ് ശങ്കർ ദാസിനെ പോലീസ് തന്ത്രപരമായി അറസ്റ്റു ചെയ്തു.കാരണം ശങ്കർ ദാസ് ഡോക്ടർ രാജയായിരുന്നു. രാജയെ കാണാഞ്ഞ് അയാളുടെ ബംഗ്ലാവിലേക്ക് പോയ ജെറിയേയും പോലീസ് പിടിച്ചു. രാജ പോലീസുകാർക്ക് അയാൾ എങ്ങനെയാണ് കുട്ടികളെ പിടിച്ചതെന്ന് പറഞ്ഞു കൊടുത്തു. പക്ഷേ അയാൾ കുട്ടികളെ പഴയ പടി ആക്കാമെന്ന് സമ്മതിച്ചില്ല. അയാളുടെ കൊച്ചുമകളെ കാട്ടി ഭീഷണിപ്പെടുത്തിയപ്പോൾ അവരെ പഴയ പടി ആക്കാമെന്ന് അയാൾ സമ്മതിച്ചു. പഴയതുപോലെ ആയപ്പോൾ അപ്പുക്കുട്ടനും ഗോപിക്കും സന്തോഷമായി. ഒരു വിഷമം മാത്രമേ ഉണ്ടായിരുന്നുള്ളൂ.രാമനെയും കൃഷ്ണനെയും വേർപിരിയേണ്ടിവന്നല്ലോ എന്നത് .ഇത് ഈ നോവലിന്റെ ചുരുക്കം മാത്രമാണ്. ഈ അവധിക്കാലത്ത് കുട്ടികൾക്ക് വായിക്കാൻ പറ്റിയ നോവലാണിത്. വായനാശീലവും ശാസ്ത്ര ബോധവും ഉണ്ടാക്കുന്ന ഒരു നോവലാണിത്.മുതിർന്നവർക്കും ഈ നോവൽ വായിച്ച് ആസ്വദിക്കാൻ പറ്റും.
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം