ഗവ എച്ച് എസ്സ് എസ്സ് പറവൂർ/അക്ഷരവൃക്ഷം/മരണത്തിന്റെ മണം

Schoolwiki സംരംഭത്തിൽ നിന്ന്

കബീറിന്റെ തൊണ്ട വരളുന്നു,കണ്ണിലിരുട്ടു കയറുന്നു,കാലുകൾ തളരുന്നു,താൻ വൈകാതെ നിലത്ത് വീഴുമെന്ന് തന്നെ അയാൾക്ക് തോന്നി.മരണത്തിന്റെ മണം.കുറച്ചുകാലങ്ങൾക്കുമുമ്പുള്ള തന്റെ സ്ഥിതി അയാളുടെ മനസിലേക്ക് ഇരച്ചുകയറി.ആഹാ! എത്ര മനോഹരം!ഇന്ന് താൻ പൊള്ളും വെയിലിൽ പറക്കമുറ്റാത്ത തന്റെ കുഞ്ഞും ഭാര്യമായി പാതയിലൂടെ നടക്കുകയാണ്.ചുറ്റിലും തന്നെപ്പോലെ കുറേപ്പേർ.സമയം വീണ്ടും പിന്നോട്ട് പായുന്നു. ആ ഓർമൾ അയാളെ കരച്ചിലിന്റെ വക്കോളമെത്തിച്ചു.താനിനി വീണ്ടും കുടുംബവുമായി ആ അവസ്ഥയിലെത്തിച്ചേരുമോ?ഉത്തർ പ്രദേശിൽ നിന്ന് ദില്ലിയിലേക്ക് ജോലി തേടിയെത്തിയതാണ്.ഒടുവിൽ താനൊരു റിക്ഷാക്കാരനായി.തനിക്കൊരു പഴയ റിക്ഷാ തന്ന രാജ്‍സിംഗിനെ ഓർത്തുപോയി.എത്ര നല്ല മനുഷ്യനായിരുന്നദ്ദേഹം!ഒരു ദിവസം റിക്ഷയിൽ അവൾ കയറി ദീപിക കൃഷ്ണ.അവളുടെ മുടിയിഴകൾ താനന്നേ ശ്രദ്ധിച്ചു.പിന്നീട് പലവട്ടം അവൾ ആ സൈക്കിൾ റിക്ഷയിൽ കയറി.എപ്പോഴോ മനസിലേക്ക് പ്രണയം കടന്നു വന്നു.ഒടുവിൽ ഒളിച്ചോട്ടം.ഉത്തർ പ്രദേശിലെ തന്റെ പെങ്ങളും അമ്മയും ദീപികയെ സന്തോഷത്തോടെ തന്നെ സ്വീകരിച്ചു.പെങ്ങളുടെ കല്ല്യാണം നടത്തണം.നാട്ടിലെ കുഗ്രാമത്തേക്കാൾ ദില്ലിയാണ് പണം സമ്പാദിക്കാനെളുപ്പം.ദില്ലിയിലെ പഴയറിക്ഷാ അവിടെ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ അങ്ങോട്ട് ചേക്കേറി.സന്തോഷമുള്ള ജീവിതം..തന്റെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി വരുന്നു.പുതിയ സ്വപ്നങ്ങൾക്ക് ചിറകുമുളക്കുന്നു!!റിക്ഷയിലൂടെ പണം സ്വരുക്കൂട്ടി.നല്ല തുക തന്നെ ചെലവായി ആശുപത്രിയിൽ.ആശുപത്രിയിലെ ഇടപാട് തീർത്ത് മട ങ്ങാൻ പണം തികഞ്ഞില്ല.കടം വാങ്ങാൻ അഭിമാനം സമ്മതിച്ചില്ല.തന്റെ പ്രീയപ്പെട്ട റിക്ഷാ വിൽക്കുക തന്നെ!.തന്റെ ഓമനപ്പെതലിനെക്കണ്ട നിമിഷം ഉണ്ടായ ആഹ്ലാദം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു.ആ ഓമൽക്കുഞ്ഞിന് പേരും നൽകി.രഘുനാഥ്.സന്തോഷകരമായ നാളുകൾ അധികം നീണ്ടുനിന്നില്ല.കുഞ്ഞുപിറന്നു രണ്ടുദിവസം കഴിഞ്ഞപ്പോൾ അപ്രതീക്ഷിതമായിട്ടായിരുന്നു കോവിഡ് എന്ന മഹാമാരിയെത്തുർന്നുണ്ടായ ലോക്ൿഡൗൺ പ്രഖ്യാപനം..ആദ്യത്തെ ഒരാഴ്ച എങ്ങനെയോ കഴിച്ചുകൂട്ടി.അന്നന്നത്തെക്കൂലികൊണ്ട് കഴിച്ചുകൂട്ടിയിരുന്ന തന്റെ കുടുംബം പട്ടിണിയിലേക്ക് വീണുപോയി.ജീവിതം തള്ളിനീക്കാനാവുന്നില്ല.ഉത്തർ പ്രദേശിലെ തന്റെ വീട്ടിലെ അവസ്ഥയോർത്ത് അയാൾക്ക് ശ്വാസം മുട്ടി.പെങ്ങളും അമ്മയും തയ്യൽക്കൂലിയായിക്കിട്ടുന്ന തുഛമായ വരുമാനത്തിലാണ് ജീവിക്കുന്നത്.അവരുടെ സ്ഥിതി എന്തായിരിക്കും.അമ്മയുടെ മരുന്ന് മുടങ്ങുമോ?പെങ്ങളുടെ വിവാഹമെങ്ങനെയായിത്തീരും?തന്റെ പ്രീയപ്പെട്ട റിക്ഷാ വിറ്റുപോയി.കൈയിലിരുന്ന പണം മുഴുവൻ ആശുപത്രിയിൽ ചെലവായി.പുറത്ത് വാഹനങ്ങളൊന്നുമില്ല.പട്ടിണിയുടെ നാളുകൾ നീണ്ടുപോയി.മരണത്തിലേക്കുള്ള ദൂരം കുറഞ്ഞുവരുന്നു.ദില്ലിയിലെ പൗരന്മാരല്ലാത്തതുകാരണം ഭക്ഷണവും കിട്ടുന്നില്ല.നാട്ടിലേക്ക് പോവുകയേ നിവൃത്തിയുള്ളൂ.തന്റെ റിക്ഷയുണ്ടാിരുന്നെങ്കിൽ അതിൽ പോകാമായിരുന്നു.ഒടുവിൽ താനും മറ്റന്യ സംസ്ഥാനതൊഴിലാളികളും കാൽനടയായി യാത്രതുടങ്ങി.കൈയിൽ ഭക്ഷണമില്ല,വെള്ളമില്ല.നാലുദിവസമായി നടത്തം തുടങ്ങിയിട്ട്.എന്തുചെയ്യണം നിശ്ചയമില്ല.കണ്ണിലിരുട്ടുകയറുന്നു.താൻ വൈകാതെ നിലത്ത് വീഴും.തന്റെ ഭാര്യ കുറേ നേരമായി കാൽ തളരുന്നു,തലകറങ്ങുന്നു എന്നൊക്കെ പറയുന്നു.താൻ നിഃസഹായനാണ്.വിശ്രമിക്കാനെന്ന് പറഞ്ഞാൽ അതൊരു തമാശയാകും.ചുട്ടുപൊള്ളുന്ന വെയിലിലെവിടെയാണ് വിശ്രമസ്ഥലം.തെരുവുനായ്ക്കൾ ഭ്രാന്ത് പിടിച്ചതുപോലെ ഓടുന്നു.എല്ലാവരുടെയും കാലുകൾ പഴുത്തുപൊട്ടി.മരണം കടന്നു വന്നു.അതിനെ കാത്തിരുന്ന തന്റെ നേരേയല്ല.തന്റെ ഭാര്യ ദീപിക മരണത്തിന് കീഴടങ്ങി.അവൾ നീണ്ട വിശ്രമത്തിലേക്ക് വീണു.താൻ മരവിച്ചു പോയി.മരണത്തിന്റെ മണം.

വിനയ്
7 A ഗവൺമെന്റ് എച്ച്.എസ്.എസ്.പറവൂർ,ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കഥ