ചിറയകം ജി യു പി എസ്/അക്ഷരവൃക്ഷം/മുഖ്യമന്ത്രിയും കുട്ടികളും

മുഖ്യമന്ത്രിയും കുട്ടികളും

അവധിയാണെങ്കിലും വീട്ടിനകത്തിരിക്കുന്നതിനാൽ എനിക്ക് ബോറടിയായിരുന്നു. ഇടയ്ക്ക് കൂട്ടുകാരൻ ആൽഫി വരുമ്പോൾ കുറച്ചു നേരം മുറ്റത്ത് കളിക്കും. അവൻ വന്നപാടെ ഞങ്ങൾ രണ്ടു പേരും സാനിറ്റൈസർ കൈയിൽ തേക്കും. കളി കഴിഞ്ഞും അങ്ങനെ തന്നെ ചെയ്യും. കൊച്ചു ടി വി കാണും. കഥാപുസ്തകം വായിക്കാൻ നോക്കും. മൊബൈലിൽ ഗെയിം കളിക്കും. ഞങ്ങൾ രണ്ടു പേരും അഭിനയിച്ച ഒരു സിനിമയും ഞങ്ങൾ മൊബൈലിൽ ഷൂട്ട് ചെയ്തിട്ടുണ്ട്. കോവിഡിന്റെ സ്ഥിതിയറിയാൻ 6 മണിയാകുമ്പോൾ മുഖ്യമന്ത്രി പറയുന്നത് കേൾക്കണമെന്ന് അച്ചാച്ചൻ പറഞ്ഞിട്ടുണ്ട് . ആ സമയത്ത് റിമോട്ട് കൊടുക്കും. മുഖ്യമന്ത്രി പറഞ്ഞു - ഹസ്തദാനം പാടില്ല. അടുത്തിരിക്കരുത്. ഞാനും ആൽഫിനും കൈ പിടിക്കില്ല. എല്ലാം ശരിയാകുമ്പോൾ ഞങ്ങൾക്ക് കൈപിടിക്കാമല്ലോ. ഒരു ദിവസം ബഹു.മുഖ്യമന്ത്രി പറഞ്ഞത് വിശക്കുന്നവർക്ക് ഭക്ഷണം കൊടുക്കാൻ അടുക്കള തുടങ്ങുമെന്നാണ്. എന്തു നല്ല കാര്യമാണ്. കുഞ്ഞുവാവയുടെ (എന്റെ അനിയൻ) ഒന്നാം പിറന്നാളിന് സമൂഹ അടുക്കളയിലേയ്ക്ക് അദ്ദേഹം പറഞ്ഞ പ്രകാരം ഒരു ചാക്ക് അരി കൊടുക്കാൻ ഞാൻ അപ്പൂപ്പനെക്കൊണ്ട് സമ്മതിപ്പിച്ചു. പച്ചക്കറി കൃഷി ചെയ്യണമെന്ന് പറഞ്ഞദിവസം മെമ്പറിനെ വിളിച്ച് ഞങ്ങൾക്കും വിത്തുകൾ വേണമെന്ന് പറഞ്ഞു. പിറ്റേന്ന് കിട്ടി. പാവയ്ക്കയും പയറും വെള്ളരിയുമുണ്ട്. നടാൻ അപ്പൂപ്പനും അമ്മൂമ്മയും അമ്മയും കൂടെ ഞാൻ. അതിനെന്നും വെള്ളമൊഴിക്കണം. ഒരു ദിവസം മുഖ്യമന്ത്രി പറഞ്ഞത് മൃഗങ്ങൾക്കൊക്കെ എന്തെങ്കിലും കൊടുക്കണമെന്ന്. മറക്കാതെ ഞാനത് ചെയ്യുന്നുണ്ട്. പൂച്ചകൾക്കും കോഴികൾക്കും പ്രാവുകൾക്കും തീറ്റ കൊടുക്കും. റോഡിൽ ഒരു പട്ടിയുണ്ടായിരുന്നു. അതിന് ഞാൻ ബിസ്ക്കറ്റ് കൊടുക്കുമായിരുന്നു. ഇപ്പോൾ കാണുന്നില്ല. വിഷുക്കൈനീട്ടം ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാൻ പറ്റുമോയെന്ന് ചോദിച്ചായിരുന്നു. ഞാൻ കൊടുക്കും. സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ടീച്ചറിനെ കാണുമ്പോൾ ഞാൻ ടീച്ചറിന്റെ കൈയിൽ കൊടുക്കും. ടീച്ചർ ബഹു .മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൊടുത്താൽ മതി. ഡോക്ടർമാരെയും നഴ്സുമാരെയും അഭിനന്ദിക്കാൻ പ്രധാനമന്ത്രി പറഞ്ഞദിവസം ഞാനും പാത്രത്തിൽ കൊട്ടി. ആ അങ്കിൾമാരെയും ആന്റിമാരെയും പൊലീസ് സാർമാരെയും എനിക്ക് ഇഷ്ടമാണ്. കോവിഡ് ഉടൻ ഇല്ലാതാകും. സ്കൂളിൽ പോണം. അന്നും ഞാനിതൊന്നും മറക്കില്ല. ശുചിത്വം പാലിക്കും. ആർക്കേലും വിശക്കുന്നുണ്ടെങ്കിൽ ഞാനെന്റെ ചോറ് കൊടുക്കും. കൃഷി ചെയ്യും. മറ്റ് ജീവികൾക്കും ഭക്ഷണം കൊടുക്കും. എല്ലാവരും അങ്ങനെയാകണമെന്നാണ് എന്റെ ആഗ്രഹം.

അയാൻഷ് ഷിജൻ
III A ഗവ.യു.പി സ്കൂൾ ചിറയകം
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം