ഗുരുകുലം എച്ച്.എസ്, ഇടക്കുളം/അക്ഷരവൃക്ഷം/വർണ്ണരാജികളെ കാത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
വർണ്ണരാജികളെ കാത്ത്

പതിവുപോലെ രാവിലെ തന്നെ ആകാശത്തിന്റെ കിഴക്കേ ചക്രവാളത്തിൽ സൂര്യൻ ഹാജരായിരുന്നു. പക്ഷേ സൂര്യന്റെ സാന്നിധ്യം വെറും പൊള്ളയായിരുന്നെന്നും ലോകമാകെ അന്ധകാരം നിറഞ്ഞിരിക്കുന്നു എന്നും തിരിച്ചറിയാൻ ഞാൻ കുറച്ച് വൈകിയിരുന്നു .പരീക്ഷ മാറ്റി വെച്ചിട്ടും ഞാൻ അതറിയാതെ അതിരാവിലെ എഴുന്നേറ്റ് പഠിക്കാനിരുന്നു .ഞാൻ പഠിക്കാൻ വേണ്ടി അമ്മ എന്നിൽനിന്നും ആ മഹാസത്യം ഒളിപ്പിച്ചു വച്ചതായിരുന്നു എന്നറിഞ്ഞപ്പോൾ ഒരിത്തിരി നീരസം തോന്നിയെങ്കിലും ഞാൻ ആഹ്ലാദ പ്രകടനത്തിൽ മുഴുകി. "ഈ ലോകം മുഴുവൻ കരയുമ്പോൾ പറയുമ്പോൾ കരയുമ്പോൾ അവിടെ ഒരു ആഹ്ലാദം അവിടെ ഒരു ആഹ്ലാദം കണ്ടില്ലേ ?"അല്പം കോപത്തോടെയാണ് അമ്മയത് പറഞ്ഞതെങ്കിലും എൻറെ സന്തോഷം മാഞ്ഞില്ല .ഈ കാര്യം അറിഞ്ഞപ്പോൾ തന്നെ ഞാൻ എന്റെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളും പുസ്തകങ്ങളും ഒരു മൂലയിലേക്ക് നീക്കിയിരുന്നു . "ഇനി എന്താണ് പരിപാടി ?"ചിത്രം വരച്ചും ടി.വികണ്ടും പാട്ടുപാടിയും മറ്റും അന്നത്തെ ദിവസം ഞാൻ ഗംഭീരമാക്കി. ഒരാഴ്ച മാത്രം ആയുസ് ഉണ്ടായിരുന്നുള്ളൂ ആ സന്തോഷത്തിന് എന്ന് ഒരു ഞെട്ടലോടെ ഞാൻ തിരിച്ചറിഞ്ഞു. ഈ ക്ഷിതിയെപ്പറ്റി പത്രത്തിൽ ഉണ്ടായിരുന്നതെല്ലാം വായിച്ചപ്പോഴാണ് കൊറോണയെന്ന ക്രൂരനെപ്പറ്റി വിശദമായി ഞാൻ അറിഞ്ഞത്. വീട്ടിൽ ഞാനും അമ്മയും അപ്പൂപ്പനും അമ്മൂമ്മയും പിന്നെയൊരു വഴക്കാളി അനിയനുമാണുള്ളത്.വീട്ടിൽ ഉള്ള സാധനങ്ങൾ നശിപ്പിക്കലാണ് അവൻറെ പ്രധാനജോലി .അതിനാൽ എന്നും ഓരോ അടി വീതമെങ്കിലും കൊടുത്തില്ലെങ്കിൽ അമ്മയ്ക്ക് ഉറക്കം വരില്ല .അപ്പൂപ്പൻറെ വക വഴക്ക് വേറെയും. എന്നാലും നാണമില്ലാത്തവന്റെ കുരുത്തക്കേടിന് ഒരു കുറവും ഉണ്ടാവില്ല. പിന്നെ അമ്മയെ പറ്റി പറഞ്ഞാൽ രാവിലെ മുതൽ അടുക്കളയിൽ .ഉച്ചയാകുമ്പോൾ പണിയെല്ലാം തീർക്കും. പിന്നീട് അമ്മയുടെതായവഴിക്ക് പോകും. 'അമ്മയുടെ വഴി 'എന്ന് പറഞ്ഞാൽ പുതിയ പുസ്തകങ്ങൾ തിരഞ്ഞു കണ്ടെത്തി വായിക്കും.അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കാര്യം പറഞ്ഞാൽ തെറ്റ് കണ്ടു പിടിച്ച് വഴക്ക് പറയാൻ വളരെ ഇഷ്ടമുള്ളവരും സംസാരപ്രിയരുമാണ്. എന്തൊക്കെ പറഞ്ഞാലും അപ്പൂപ്പൻ ഒരു ഗായകനും പുരാണപ്രിയനുമാണ്. വീട്ടിൽ ഇത്രയും പേരുണ്ടെങ്കിലും ഓരോരുത്തരും അവരവരുടേതായതിരക്കിലാണ്.എല്ലാവരേയും ഒന്നിച്ചു കൂട്ടണമെങ്കിൽവീട്ടിൽ പപ്പ തന്നെ വേണം.എന്നെയും അനിയനെയും അച്ഛൻ 'പപ്പ'എന്ന് വിളിച്ചാണ് പഠിപ്പിച്ചിട്ടുള്ളത് .അച്ഛൻ ഇത്തിരി 'ന്യൂജെൻ' ആയതുകൊണ്ടും ഞങ്ങൾ 'പപ്പ' എന്നാണ് വിളിക്കാറ്. പപ്പ വന്നു കഴിഞ്ഞാലാണ് വീട് ശരിക്കും വീടാവുക .പപ്പ അവധിക്കുവന്നിട്ട് ഗൾഫിലേക്ക് തിരിച്ചു പോയൽ പിന്നെ വീട് നിശബ്ദതയിലാഴും. ഞങ്ങളുടെ കുടുംബത്തെയും ഒന്നിച്ച് കൂട്ടുന്നതും പപ്പയുടെ വരവ് തന്നെയാണ്.പപ്പ വന്നു കഴിഞ്ഞാൽ പപ്പയുടെ വീട്ടുകാരും ഒത്തുകൂടും. പിന്നെ ഒരു ഉത്സവത്തിൻറെ പ്രതീതി ആണ് .ഞങ്ങൾ മുഴുവൻ ആറു പിള്ളേരാണ്. അതിൽ ഞാനും ദേവികയും മാത്രമേ പെണ്ണായുള്ളൂ. ബാക്കി നാലുപേരും ആൺ പിള്ളേരാണ്. പിന്നെ അമ്മയുടെ വീട് എടുത്താൽ ഞാനും മാമന്റെ മോളും മാത്രമേ പെണ്ണായുള്ളൂ. ബാക്കി എല്ലാവരും ആൺകുട്ടികളാണ് .ഇതിന്റെയൊരിത്തിരി പ്രതിഷേധം എനിക്കുണ്ട്. ഞങ്ങൾ എല്ലാവരും ഒത്തുകൂടിയാൽ പിന്നെ പൊടിപൂരമാണ് .ഒരിക്കലും മായാത്ത ഒരുപാട് ഓർമ്മകൾ സമ്മാനിച്ചാണ് അച്ഛൻ ഗൾഫിലേക്ക് മടങ്ങിപ്പോവുക.

കൊറോണ ലോകത്തിന്റെ പാതിയും വിഴുങ്ങിക്കഴിഞ്ഞിരുന്നു .എന്റെ മുന്നിൽ എല്ലാവരും മനുഷ്യർ മാത്രമാണ് . 'പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ജാതിമതഭേദമോ ഇല്ലെന്ന' മഹാസത്യം പഠിപ്പിക്കുകയാണ് കോവിഡ് എന്നെനിക്ക് തോന്നി .ഓരോ ദിവസം പുലരുമ്പോഴും സൂര്യനുമാത്രം ഒരു മാറ്റവുമുണ്ടായില്ല .കിഴക്കേ ചക്രവാളത്തിൽ ആദിത്യദേവനൊരു ഇന്ദ്രന്റെ മട്ടിൽ ഉദിച്ചുയർന്നു. പക്ഷേ ഭൂമിയുടെ കൂടുതൽ ഭാഗം വിഴുങ്ങുവാൻ വെമ്പൽ കൊള്ളുകയായിരുന്നു മഹാമാരി. സാധാരണ എനിക്കും


എൻറെ കുടുംബത്തിനും അല്ലെങ്കിൽ വിരലിലെണ്ണാവുന്നവർക്ക് നല്ലത് വരുത്തണേ എന്ന് പ്രാർത്ഥിച്ചവരൊക്കെയും , വലിയവനും ചെറിയവനും എന്തിനേറെ പറയുന്നു ലോകം മുഴുവൻ ലോകത്തിനു വേണ്ടി പ്രാർത്ഥിക്കുന്ന ഈ നിമിഷം ഉണ്ടാകും എന്ന് ഒരിക്കലും കരുതിയതേയില്ല .ജീവൻ രക്ഷിക്കാൻ ജീവൻ നഷ്ടപ്പെടുത്തുന്ന 'ദൈവത്തിൻറെ മാലാഖമാരെ'യും ഡോക്ടർമാരെയും പല മേഖലകളിൽ പ്രവർത്തിക്കുന്ന വരെയും നീറും നെഞ്ചോടെ ഞാനോർത്തു .കൂട്ടത്തിൽ ഞങ്ങൾക്ക് സൗകര്യങ്ങളൊരുക്കാൻ അന്യദേശത്ത് കഷ്ടപ്പെടുന്ന എൻറെ സ്വന്തം അച്ഛനെയും. അമേരിക്കൻ പ്രസിഡൻറ് കൊറോണയെ "ചൈനീസ് വൈറസ് "എന്നു വിളിച്ചപ്പോൾ കലി അടക്കാനാകാതെ അത് അമേരിക്കയിൽ നാശം വിതയ്ക്കുകയായിരുന്നുവെന്ന് ഞാൻ അറിഞ്ഞു.ഞങ്ങടെ ചുറ്റുമുള്ളവർ ഈ പുതുശ്ശേരിമല എന്ന മലമണ്ടയിൽ കൊറോണയെങ്ങനെ വരാൻ എന്നു പറഞ്ഞ് ആശ്വസിക്കുമ്പോഴും ഞങ്ങൾക്കതിനു സാധിച്ചില്ല. വീട്ടിൽ എല്ലാവരും ഉണ്ടായിരുന്നെങ്കിൽ ഒരു പക്ഷേ ഞങ്ങൾക്കത് സാധിച്ചേനെ. പക്ഷേ ഞങ്ങളുടെ അച്ഛൻ വേർപെട്ട് അന്യനാട്ടിൽ കിടക്കുമ്പോൾ ഒരിക്കലും ഞങ്ങൾക്കെന്നല്ല ആർക്കും അത് സാധിക്കില്ല.

ഞെട്ടലോടെയാണ് പിറ്റേന്ന് പുലർന്നത്.അമ്മ വിളക്കിന്റെ മുൻപിലിരുന്ന് മനമുരുകി പ്രാർത്ഥിക്കുന്നതാണ് ഞാൻ കാണുന്നത് .എന്താണെന്നറിയാൻ ഞാൻ വിശദമായി പരതി. പപ്പ ജോലി ചെയ്യുന്ന സ്ഥലത്ത് അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ചു എന്നറിഞ്ഞപ്പോൾ എന്തുചെയ്യണം എന്നറിയില്ലായിരുന്നു. പ്രാർത്ഥിക്കയല്ലാതെ ഒന്നും ചെയ്യാൻ ഞങ്ങൾക്ക് കഴിയില്ലായിരുന്നു .ഒരാഴ്ചയ്ക്കുശേഷം പപ്പയ്ക്ക് ഒരു ജലദോഷം വന്നു .പക്ഷേ കൊറോണയ്ക്ക് ജലദോഷം ഇല്ലെന്ന് പിന്നെ ഞങ്ങൾ ആശ്വസിച്ചു .അവിടെ മുഴുവൻ രോഗം പടർന്നു പിടിച്ചിട്ടും ഇപ്പോഴും ജോലിക്കുപോകുന്ന അച്ഛനോട് എന്തുപറയണമെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു .എന്നാൽ ജലദോഷം പിന്നെയങ്ങ് മാറിയെങ്കിലും ഞങ്ങൾ പ്രാർത്ഥന കൈവിട്ടില്ല .ഗൾഫിൽ രോഗം പടർന്നു പിടിക്കുന്നു എന്നറിയുമ്പോൾ ഞങ്ങളുടെ ഓരോരുത്തരുടെയും ചങ്ക് പിടഞ്ഞു. 'ഭാരതീയൻ' എന്നതിലുപരി എന്താണ് തനിക്ക് തന്റെ സ്വന്തം നാട്ടിലെത്താൻ വേണ്ടത് എന്ന സംശയമായിരുന്നു എന്റെ മനസ്സിൽ. ഓരോ പ്രവാസിയും അവിടെത്തന്നെ കഴിയുക എന്ന ജനാധിപത്യ രാജ്യത്തിന്റെ നിലപാട് ഞങ്ങളെയെന്നല്ല ഞങ്ങളെപ്പോലെ സ്വന്തമെന്ന് പറയുന്നവരിൽ പലരും അന്യദേശത്ത് കിടക്കുന്നവരുടെയും കുടുംബങ്ങൾ വിലപിച്ചു . ഓരോ നഴ്സുമാരുടെയും, ജീവൻരക്ഷാ പ്രവർത്തകരുടെയും ,പോലീസുകാരുടെയും, ഇതിനു വേണ്ടി ഇറങ്ങിത്തിരിച്ച നല്ല മനസ്സുകളെയും, രോഗികളുടെയും മരണത്തിനിരയായവരുടെയും കുടുംബങ്ങൾ തേങ്ങുകയാണ്.

    അതിജീവനത്തിന്റെ നാളുകൾ വിദൂരതയിലാകരുതെന്ന് പ്രാർത്ഥിക്കുകയല്ലാതെ വേറെന്തു ചെയ്യാൻ ? ഇന്ന് എല്ലാ മതത്തിലെ ദൈവങ്ങളും കേൾക്കുന്നത് ഒന്നുമാത്രം ,ഒരേയൊരു പ്രാർത്ഥന മാത്രം: ഒരേസ്വരത്തിൽ "ലോകാ സമസ്താ സുഖിനോ ഭവന്തു.” 
     എന്റെ  അച്ഛൻ തിരികെ വരുമെന്നും ഈ മഹാമാരിയെ ലോകം അതിജീവിക്കുമെന്നും ഇനിയും ആരെയും ഈ മഹാമാരി  ഭൂമിയിൽ നിന്നും വേർപെടുത്തില്ല എന്നുമുള്ള പൂർണ്ണ പ്രതീക്ഷയിലല്ല ,

പൂർണ്ണ വിശ്വാസത്തിൽ...................... എന്റെ കഥ അനിശ്ചിതത്വത്തിന്റ തുടർച്ചയിലേക്ക്................

                                       പ്രണാമം 
 

ഗായത്രി നായർ
10 ഗുരുകുലം എച്ച്എസ്എസ് ഇടക്കുളം
റാന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Thomas M Ddavid തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ