ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/ശ്രീക്കുട്ടിയുടെ ഡയറി

Schoolwiki സംരംഭത്തിൽ നിന്ന്
ശ്രീക്കുട്ടിയുടെ ഡയറി

ഇന്ന് എന്റെ ടീച്ചറിന്റെ വിളി എത്തി. ടീച്ചറിന്റെ ഫോൺ വന്നപ്പോൾ എനിക്ക് ഒത്തിരി സന്തോഷമായി കേട്ടോ. എന്റെ പ്രിയപ്പെട്ട ടീച്ചർ വിളിച്ചത് എന്തിനാണെന്നോ? സ്കൂളിലേക്ക് കഥയോ കവിതയോ എഴുതി ടീച്ചറിന് അയക്കാൻ പറഞ്ഞു. പക്ഷേ.......... മോളൂട്ടിക്ക് ഒന്നും എഴുതാൻ പറ്റണില്ലാട്ടോ. അമ്മയുടെ സഹായം ചോദിക്കാനും പറ്റുന്നില്ല. അമ്മ എപ്പോഴും വായപൊത്തി കരയുകയും , ഏങ്ങൽ അടിക്കുകയും ചെയ്യുന്നു. അപ്പോൾ ഞാനെങ്ങനെ ചോദിക്കും...

അമ്മയോട് ഇന്ന് വൈകിട്ട് തൊട്ടടുത്ത വീട്ടിലെ മിനിയാന്റി വന്ന് ഒരുപാടു നേരം സംസാരിച്ചു.ഞാൻ എന്റെ പ്രിയപ്പെട്ട പൂച്ചക്കുട്ടിയുമായി കളിക്കുകയായിരുന്നു. പക്ഷേ അമ്മയുടെ കരച്ചിൽ കേട്ടപ്പോൾ എനിക്കും കരച്ചിൽ വന്നു. പിന്നെ എനിക്ക് കളിക്കാൻ തോന്നിയില്ല. അമ്മയും മിനിയാന്റിയും പറയുന്നത് ശ്രദ്ധിച്ചു ...അച്ഛന് ഒട്ടും വയ്യാത്രേ. ഫോൺ വിളിച്ചാൽ സംസാരിക്കാൻ പോലും ആകില്ലെന്ന് അത്രയ്ക്ക് പനിയും ശ്വാസംമുട്ടലും ആണ്... വീട് വെച്ചതിൽ ധാരാളം കടം ഉണ്ടെന്നും അമ്മ പറയുന്നത് കേട്ടു ....

അമ്മ എപ്പോഴും കരഞ്ഞ കണ്ണുമായി ടിവി കണ്ടു കൊണ്ടിരിക്കും . കുറച്ചു മുമ്പ് ഒരു വാർത്ത വന്നൂട്ടോ ടിവിയിൽ.....

കൊറോണ ബാധിച്ച് സൗദിയിൽ ഒരു മരണം കൂടി തിരുവനന്തപുരം സ്വദേശി നകുലൻ 38 വയസ്സ് ആണ് മരിച്ചത്.....

പക്ഷേ ബാക്കി വാർത്ത കേട്ടില്ല അതിനുമുമ്പ് ടിവി അമ്മ നിർത്തിയിരുന്നു.. അമ്മ വേഗം എഴുന്നേറ്റ് മുഖം കഴുകി .. എന്തോ ഒരു മരുന്ന് കഞ്ഞിയിൽ ഒഴിച്ചു. അമ്മ എന്നോടു അനിയനോടും പറഞ്ഞു വേഗം മക്കൾ കഴിക്കൂ.... ഇന്ന് രാത്രി അച്ഛൻ വരും നമ്മളെ കൊണ്ടുപോകാൻ അമ്മ പറഞ്ഞു... ഇനിയെന്നും മോളൂട്ടിക്ക് അച്ഛനോടൊപ്പം കളിക്കാമല്ലോ... എന്റെ പ്രിയപ്പെട്ട കൂട്ടുകാരേയും ടീച്ചറേയും വിട്ടു പോകുന്നതിൽ എനിക്ക് വിഷമം തോന്നി.. പക്ഷേ അച്ഛൻ വന്നാൽ ഞാൻ പോകും... എനിക്ക് ഉറക്കം വരുന്നു... കണ്ണടയുന്നപോലെ... അമ്മ പറഞ്ഞത് ശരിയാ അച്ഛൻ വരുന്നത് പോലെ തോന്നുന്നു.. കൈനിറയെ മിഠായി പെട്ടികളുമായി

ആര്യൻ ശ്യാം
2 ബി ഗവ.യു പി സ്കൂൾ ചിറയിൻകീഴ്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ