ഗവ. യൂ.പി.എസ്.നേമം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ/വായിക്കുക
കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്ന ഒരു കഥയുണ്ട് .അപരിചിതമായ പാതയോരങ്ങളിൽ പൂച്ചെടികളുടെ വിത്തുകൾ വിതറിപ്പോകുന്ന ഒരു സഞ്ചാരിയെ കുറിച്ച് . ഒരിക്കൽ അയാളോട് ഒരു കുട്ടി ചോദിച്ചു. എന്തിനാണ് മുത്തച്ഛൻ തിരിച്ചുവരുമെന്ന് ഉറപ്പില്ലാത്ത ഈ വഴികളിൽ പൂച്ചെടിയുടെ വിത്തുകൾ നട്ടുവയ്ക്കുന്നത്. മുത്തച്ഛൻ പറഞ്ഞു. ഇപ്പോൾ നാം കാണുന്ന പൂമരങ്ങളൊക്കെ മറ്റാരോ നട്ടുവച്ചതാണ് അവർ ചെയ്തതിന്റെ സൗന്ദര്യം നമ്മളാണ് ആസ്വദിക്കുന്നത് ഇനി ഇതുവഴി വരുന്നവർക്ക് വേണ്ടി നമ്മളും എന്തെങ്കിലും കരുതി വയ്ക്കേണ്ടേ?
കുട്ടി അപ്പോഴാണ് ആ നന്മയെ തിരിച്ചറിഞ്ഞത്. ഭൂമി ഇനി വരുന്ന തലമുറയ്ക്ക് കൂടിയുള്ളതാണെന്നും അവർക്ക് കൂടി നാം ചിലത് കരുതി വയ്ക്കണമെന്നും മുത്തച്ഛൻ പറയാതെ പറയുകയായിരുന്നു. മറ്റുള്ളവർക്ക് വേണ്ടി ചെയ്യുന്ന നന്മകളാണ് പ്രപഞ്ചത്തെ സുന്ദരമാക്കുന്നത് ഞാൻ പലപ്പോഴും ഓർക്കുന്ന ഒരു അധ്യാപകന്റെ മുഖമുണ്ട്. മകനെപ്പോലെ കൈപിടിച്ച് എന്നെ നടത്തിച്ച അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല .എങ്കിലും ഞാൻ ഓർക്കാറുണ്ട്. അഞ്ചാം ക്ലാസിൽ എന്നെ പഠിപ്പിച്ച കൃഷ്ണപിള്ള സാറാണ് അത്. സാറിൻറെ മകൻ ശരത് ചന്ദ്രനും ഞാനും ഒരേ ക്ലാസിലായിരുന്നു. അവൻ നന്നായി ചിത്രം വരയ്ക്കുകയും പാടുകയും ചെയ്യുമായിരുന്നു. ഒരിക്കൽ ജില്ലാതല മത്സരത്തിൽ ചിത്രരചനയ്ക്കായി ഞങ്ങളെ കൃഷ്ണപിള്ള സാറിൻറെ നേതൃത്വത്തിൽ കൊണ്ടുപോയി. വേറെയും കുട്ടികൾ മറ്റു മത്സരങ്ങൾക്ക് ഉണ്ടായിരുന്നു. എന്തുകൊണ്ടോ ചിത്രരചനയിൽ ഒന്നാം സ്ഥാനം എനിക്കായിരുന്നു .എന്നെക്കാൾ നന്നായി ചിത്രം വരച്ചിരുന്ന ശരത് പിന്തള്ളപ്പെട്ടു. മത്സരം അവിടെ അവസാനിപ്പിക്കാമായിരുന്നു പക്ഷേ സംസ്ഥാനതല മത്സരത്തിലേക്ക് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ സാർ എന്നെ പിന്നെയും കൂട്ടിക്കൊണ്ടുപോയി. അക്കാലത്ത് ഇന്നത്തെപോലെ മത്സരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന രക്ഷിതാക്കൾ കുറവായിരുന്നു . സ്കൂളിനും ഇതിനായി പ്രത്യേകിച്ച് ഫണ്ടൊന്നും വകയിരുത്തിയിരുന്നില്ല സ്വന്തം പോക്കറ്റിൽ നിന്നും കാശ് എടുത്ത് ഭക്ഷണവും ബസ്ചാർജ്യം കൊടുത്ത് മത്സരത്തിന് കൂട്ടിക്കൊണ്ടുപോയി. ആ മത്സരത്തിനും ഒന്നാം സ്ഥാനം എനിക്കായിരുന്നു. 45 വർഷങ്ങൾക്കു മുമ്പ് നടന്ന ഈ സംഭവം ഞാൻ ഇന്നും ഓർക്കുന്നത് തിരിച്ചൊന്നും ലഭിക്കുന്നില്ല എന്നറിഞ്ഞുകൊണ്ട് എന്നെ കൈപിടിച്ചുയർത്താൻ ശ്രമിച്ച ഒരു മനസ്സിന്റെ നന്മ കാരണമാണ് .അത്തരം നന്മ പ്രദാനം ചെയ്യാൻ നമ്മുടെ ഗുരുക്കന്മാർക്ക് കഴിയണം. ഏത് അന്ധകാരത്തിലും മുന്നോട്ട് നയിക്കാനുള്ള വെളിച്ചമായി ഗുരുനാഥന്മാർ നമ്മോടൊപ്പം ഉണ്ടാകും.