ഗവ. യൂ.പി.എസ്.നേമം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
മൊറായിസ് സാറിൻ്റേത് മധുരിക്കുന്ന ഓർമകൾ
ഇ. സൂസാ മൊറായിസ് സാറിന് വയസ് 85 ആയി. ഓർമയുടെ ചെപ്പ് തുറന്നാൽ ഒരായുഷ്ക്കാലത്തിന്റെ ഓർമകളെല്ലാം ഓടിയെത്തും. ഈ മനുഷ്യൻ അങ്ങനെയാണ്. അധ്യാപനത്തെ മാത്രമല്ല; തന്റെ വിദ്യാലയത്തേയും ഹൃദയത്തോട് ചേർത്ത് വെച്ച അപൂർവം ഗുരുനാഥന്മാരിൽ ഒരാളാണ്. കന്യാകുമാരി ജില്ലയിലെ കൊല്ലങ്കോടാണ് സ്വദേശം. അധ്യാപകനായി തിരുവനന്തപുരത്തെത്തി. ശ്രീകാര്യത്തിനടുത്തെ കുളത്തൂർ ഹൈസ്കൂളിൽ നിന്ന് 1968 ൽ നേമം ഗവ.യു.പി.എസിൽ എത്തി. നീണ്ട 26 വർഷം. സേവനത്തിന്റെയും സൗഹൃദത്തിന്റെ സാമൂഹിക പ്രവർത്തനത്തിന്റെയും അക്കാദമിക് ഇടപെടലുകളുടെയും കാൽനൂറ്റാണ്ട്. അടിസ്ഥാന സൗകര്യങ്ങളോ ആവശ്യത്തിന് ക്ലാസുമുറികളോ ഇല്ലാതിരുന്ന കാലത്തു നിന്ന് അത്യന്താധുനിക സൗകര്യങ്ങളുള്ള വിദ്യാലയത്തിലേക്കുള്ള വളർച്ചയുടെ നേർസാക്ഷിയായിരുന്നു , ഈ അധ്യാപകൻ.ഒരു വിദ്യാലയത്തിന്റെ വർണാഭമായ കാഴ്ചകൾ ഒപ്പിയെടുത്ത് അദ്ദേഹം എഴുതിയ മധുരിക്കുന്ന ഓർമകൾ എന്ന പുസ്തകം സ്കൂൾ ഹെഡ് മാസ്റ്റർ എ.എസ് മൻസൂറിന് സമ്മാനിച്ചു.
കഴിഞ്ഞ ദിവസം സ്കൂളിലെത്തി സ്കൂളാകെ ചുറ്റി നടന്ന് കണ്ട് അനുഭവങ്ങളുടെ ഓർമച്ചെപ്പ് തുറന്നാണ് ഈ അധ്യാപകൻ വിദ്യാലയം വിട്ടത്.
പ്രശസ്ത ചലച്ചിത്ര സംവിധായകൻ നേമം പുഷ്പരാജിന്റെ ഓർമക്കുറിപ്പ്
കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്ന ഒരു കഥയുണ്ട് .അപരിചിതമായ പാതയോരങ്ങളിൽ പൂച്ചെടികളുടെ വിത്തുകൾ വിതറിപ്പോകുന്ന ഒരു സഞ്ചാരിയെ കുറിച്ച് . ഒരിക്കൽ അയാളോട് ഒരു കുട്ടി ചോദിച്ചു. എന്തിനാണ് മുത്തച്ഛൻ തിരിച്ചുവരുമെന്ന് ഉറപ്പില്ലാത്ത ഈ വഴികളിൽ പൂച്ചെടിയുടെ വിത്തുകൾ നട്ടുവയ്ക്കുന്നത്. മുത്തച്ഛൻ പറഞ്ഞു. ഇപ്പോൾ നാം കാണുന്ന പൂമരങ്ങളൊക്കെ മറ്റാരോ നട്ടുവച്ചതാണ് അവർ ചെയ്തതിന്റെ സൗന്ദര്യം നമ്മളാണ് ആസ്വദിക്കുന്നത് ഇനി ഇതുവഴി വരുന്നവർക്ക് വേണ്ടി നമ്മളും എന്തെങ്കിലും കരുതി വയ്ക്കേണ്ടേ? വായിക്കുക
ഭൂഗോളത്തിന്റെ സ്പന്ദനം ഗണിതത്തിലാണ്
മുൻ അധ്യാപിക ശ്രീമതി. ജീസ്പർ ജോളി ജോൺ അനുഭവം പങ്കുവെക്കുന്നു. കൂടുതൽ അറിയാൻ
മുൻ അധ്യാപിക ശ്രീമതി.രമാദേവി ഓർമ്മകൾ പങ്കിടുന്നു
ഒരു ശരത് കാലത്തിൻറെ ആരംഭത്തിലാണ് ഞാൻ നേമം യുപി സ്കൂളിൽ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. മനസ്സിൽ ഏറെ സന്തോഷവും ഒപ്പം പരിശ്രമവും ഉണ്ടായിരുന്നു. വീട്ടിനടുത്തുള്ള സ്കൂൾ . നടന്നു പോകാവുന്ന ദൂരം. ഇതിനുമപ്പുറം എനിക്ക് സൗകര്യപ്രദമായ ഒരു വിദ്യാലയം വേറെയില്ല. ഔദ്യോഗിക ജീവിതം ആരംഭിച്ചിട്ട് വളരെ കുറച്ച് നാളുകളെ ആയിട്ടുള്ളൂ. വളരെ പെട്ടെന്ന് തന്നെ വീടിനടുത്തുള്ള വിദ്യാലയത്തിലെത്താൻ കഴിഞ്ഞത് മഹാഭാഗ്യമായി കരുതി. നല്ല ചുറുചുറുക്കുള്ള അധ്യാപകർ. അക്കാദമിക പ്രവർത്തനങ്ങളിൽ അതീവ താൽപര്യം ഉള്ളവർ. എങ്കിലും ഭൗതികമായി ഒരുപാട് പരിമിതികൾ ഈ വിദ്യാലയത്തിന് അന്ന് ഉണ്ടായിരുന്നു. ഷിഫ്റ്റ് സമ്പ്രദായം നിലവിലിരുന്നു. രാവിലെ ഒന്ന്, രണ്ട് ക്ലാസുകൾക്കും ഉച്ചക്കുശേഷം മൂന്ന്, നാല് ക്ലാസുകൾക്കുമായിരുന്നു പഠനം. ഇരിക്കാൻ ആവശ്യത്തിനു ബെഞ്ചില്ല. രണ്ട് ക്ലാസിലെ കുട്ടികൾ പുറകോട്ട് പുറകെ ചേർന്നിരിക്കുന്ന അവസ്ഥ. എങ്കിലും അക്കാദമിക പ്രവർത്തനങ്ങളിൽ ഒരു വിട്ടുവീഴ്ചയും അധ്യാപകർ കാണിച്ചിരുന്നില്ല. വേനലും വർഷവും ശരത്തും മാറിമാറി വരുന്നതുപോലെ ഒരു സുഹൃത്ത് - സാമൂഹ്യ കൂട്ടായ്മയിലൂടെ എന്റെ അധ്യാപന ജീവിതം കടന്നുപോയി. എണ്ണിയാൽ തീരാത്ത ശിഷ്യന്മാർ, അവരുടെ രക്ഷിതാക്കൾ, പുതിയ ഒട്ടേറെ തിരിച്ചറിവുകൾ, നന്മകൾ, ഒരുപാട് ഊർജ്ജങ്ങൾ സമ്മാനിക്കാൻ ഈ വിദ്യാലയം സഹായിച്ചു. അധ്യാപന ജീവിതത്തിൻറെ സുന്ദരമായ ആസ്വാദന കാലം കൂടിയായിരുന്നു നേമം ഗവ. യുപി സ്കൂളിലെ എന്റെ അധ്യാപന ജീവിതം.