ഗവ. എൽ. പി. എസ്. വിളപ്പിൽ/അക്ഷരവൃക്ഷം/നമുക്ക് വേണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
നമുക്ക് വേണ്ടി

പുരാതനകാലം മുതൽ ജനങ്ങൾ കൃഷിയെ ആശ്രയിച്ചാണ് ജീവിച്ചിരുന്നത്. കലപ്പയും കാലികളും ഒക്കെയായിരുന്നു അന്നത്തെ കർഷകരുടെ ആയുധങ്ങൾ. കൃഷിക്ക് വേണ്ട ജലസമ്പത്ത് കൃഷിയിടങ്ങൾക്ക് സമീപത്തുതന്നെ ഉണ്ടായിരുന്നു. തങ്ങൾക്ക് വേണ്ട ആഹാരസാധനങ്ങൾ സ്വയം കൃഷി ചെയ്തുണ്ടാക്കിയ പാരമ്പര്യം നമ്മൾ മലയാളികൾക്ക് ഉണ്ടായിരുന്നു. കാലത്തിൽ നടന്ന മനുഷ്യ പുരോഗമനം കൃഷിയുടെ നാശത്തിന് തുടക്കം കുറിച്ചു.പ്രകൃതിയെ ഹനിച്ചു കൊണ്ടുള്ള പുരോഗമനം മണ്ണിന്റെ ജീവനെ കൊന്നൊടുക്കുവാൻ തുടങ്ങി. മണ്ണിലേക്ക് എത്തിച്ചേരുന്ന രാസവസ്തുക്കളും കീടനാശിനികളും മണ്ണിന്റെ ഫലപുഷ്ടി കുറയ്ക്കാൻ തുടങ്ങി. ജലസമ്പത്ത് മലിനമായി.രാസവളങ്ങളും രാസകീടനാശിനികളും ധാരാളമായി ഉപയോഗിച്ചതിന്റെ ഫലമായി സർവ്വവും വിഷമയമായി.

മണ്ണിനെ ചതിച്ച മനുഷ്യന്കൃഷിയിലൂടെ വിഷമയമായ ഉൽപ്പന്നങ്ങൾ ലഭിക്കുവാൻ തുടങ്ങിയതോടെ മാരക രോഗങ്ങൾ വീടുകളിലെ വിരുന്നുകാരായി. ജീവജാലങ്ങളുടെ ആവാസവ്യവസ്ഥ തകർന്നു. മണ്ണും ജലവും മനുഷ്യനും അന്തരീക്ഷവുമെല്ലാം മലിനമായി. കൃഷി എന്നത് സ്വത്ത് സമ്പാദന ത്തിനുള്ള മാർഗമായി മാറിയിരിക്കുന്നു. പ്രകൃതിയുടെ നാശം തിരിച്ചറിഞ്ഞ കുറച്ച് പ്രകൃതിസ്നേഹികൾ മണ്ണിനെ സംരക്ഷിക്കുവാനും മരങ്ങൾ നട്ടുപിടിപ്പിക്കാനും ബോധവൽക്കരണം നടത്തുവാനും മുന്നോട്ട് വന്നിട്ടുണ്ട് എന്നത് ആശ്വാസകരമാണ്. പ്രത്യേകിച്ച് കേരളീയർ സർക്കാരിന്റെ നേതൃത്വത്തിൽ ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ധാരാളം പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. വിദ്യാലയങ്ങളിലും കൃഷി ചെയ്തു വരുന്നു. ഇതിലൂടെ വീണ്ടും വസന്തകാലം കൃഷി മേഖലയിൽ കൊണ്ടുവരിക തന്നെ ചെയ്യും

ഏത് യന്ത്രവൽകൃത ശാസ്ത്രലോകത്തിൽ ജീവിച്ചാലും പ്രകൃതിയേയും കൃഷിയെയും ഗ്രാമങ്ങളുടെ നനുത്ത ഗന്ധത്തെയും നമ്മുടെ സമ്പത്തായി നാം നിലനിർത്തണം. അതിന് നമുക്ക് കഴിയില്ലേ? കഴിയും, തീർച്ചയായും...

അഹല്യ
5 A ഗവ. എൽ. പി. എസ്. വിളപ്പിൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം