ഗവ.വൊക്കേഷണൽ.എച്ച് .എസ്.എസ്.എടയന്നൂർ/അക്ഷരവൃക്ഷം/ ദൈവത്തിന്റെ കരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ദൈവത്തിന്റെ കരങ്ങൾ
 ഴിയിൽ നിന്നാരോ വലിച്ചെറിഞ്ഞ മദ്യക്കുപ്പിയിലെ രണ്ടു തുള്ളി മദ്യം ആ തൊട്ടാവാടിച്ചെടിയ്ക്കു ജീവൻ നൽകി. രണ്ടു ദിവസമായല്ലോ ഇതിനെ ഇവിടെ കാണാൻ തുടങ്ങിയിട്ടെന്നയാൾ ചിന്തിച്ചു. അയാൾ അതിന്റെ വേരുകളെ ഉറ്റു നോക്കി. അതെ, അത് തന്നിലേക്കാണ് നീളുന്നത്!വേരുകളിലൂടെ ഇറങ്ങിവന്ന മദ്യത്തുള്ളി അയാൾക്കും ഉന്മേഷം നൽകി ; അയാൾ അത് നക്കിക്കുടിച്ച് കുറച്ചകലെയായി എഴുന്നു നിൽക്കുന്ന കെട്ടിടത്തിലേക്ക് ശ്രദ്ധ തിരിച്ചു. ഒന്നും കാണാൻ കഴിയുന്നില്ല ! അകത്തു നിന്നുള്ള ശബ്ദങ്ങൾ അവ്യക്തമായി കേൾക്കാം. അയാൾ തന്റെ കാതിനെ കൂർപ്പിച്ചു പിടിച്ചു. അതെ തനിക്കെല്ലാം കേൾക്കാൻ കഴിയുന്നുണ്ട്. 

"താങ്കൾക്ക് വീട്ടിൽ ഇരുന്നാപ്പോരായിരുന്നോ? "ഡോക്ടർ, അതുപിന്നെ..... ഞാൻ പള്ളിയിൽ....... "ലുക്ക്‌ മിസ്റ്റർ. തങ്ങൾക്ക് മാത്രമേ ഈ പള്ളിയും പടച്ചോനും ഉള്ളൂ? താങ്ങളെപ്പോലത്തെ പതിനായിരം വീട്ടിലിരിക്കുന്നത് അവർക്കൊന്നും പടച്ചോനിൽ വിശ്വാസമില്ലാനിട്ടല്ല ". ഡോക്ടർ ഒന്ന് നിർത്തിയിട്ട് അയാളെ ഉറ്റു നോക്കി. നിസ്ക്കാരതഴമ്പ് വന്ന നെറ്റി ഛർദിച്ച വിയർപ്പും അയാളുടെ പാതി അടഞ്ഞ കണ്ണിലൂടെ അണപൊട്ടിയൊഴുകിയ കണ്ണുനീർത്തുള്ളികളും അയാളുടെ കവിളുകളെ തലോടി മൃതമായി കൊണ്ടേയിരുന്നു.

തങ്ങൾക്ക് വിഷമമാകാനല്ല ഞാൻ പറഞ്ഞത് സൈദലി.... താങ്കൾ കാരണം ഇന്നനുഭവിച്ചത് ആ കുഞ്ഞാണ്. അഞ്ചു വയസ്സുള്ള അവൻ ഇനി ആ നാവ് കൊണ്ട് താങ്ങളെ ബാപ്പയെന്ന് വിളിക്കുമോ? I C U വിന്റെ തുറന്നച്ചില്ലിലൂടെ അയാൾ കണ്ടു ;ജീവനുവേണ്ടി മല്ലടിച്ചു പരാജിതനായ ആ അഞ്ചു വയസ്സുകാരന്റെ ചേതനയറ്റ ശരീരം! ഡോക്ടറുടെ ചോദ്യത്തിന് മുന്നിൽ അയാൾ എല്ലാം നഷ്ട്ടപ്പെട്ടവനെപ്പോലെ നിന്നു ; അല്ല, തനിക്കെല്ലാം നഷ്ട്ടപ്പെട്ടിരിക്കുന്നു. ശബ്ദിച്ചുകൊണ്ടിരുന്ന ടീവിയിലേക്ക് ഒരു നിമിഷം അവരുടെ ശ്രദ്ധ നീങ്ങി. ' സംസ്ഥാനത്ത് COVID19 മൂലം ഒരു മരണം കൂടി. അഞ്ചു വയസ്സുകാരനായ അൻവറാണ് ഇന്ന് മരിച്ചത്. മരണ സംഖ്യ വര്ധിക്കുന്നതിനാൽ ജനങ്ങൾ ഭീതിയിലേക്ക് '.

ഈ സമയമത്രയും തൊണ്ടയിൽ കുരുങ്ങിക്കിടന്ന ശബ്ദം പുറത്തേക്കാവാഹിച്ച് അയാൾ ആശുപത്രി വരാന്തയിൽ ഒരു കൊച്ചു കുഞ്ഞിനെപ്പോലെപ്പൊട്ടിക്കാരഞ്ഞു. ഇരു കരങ്ങളും മുകളിലേക്ക് ഉയർത്തി അയാൾ പരിസരം മറന്ന് ശബ്ദിച്ചു : "പടച്ചോനെ...... പത്തുവർഷത്തെ കാത്തിരുപ്പിനൊടുവിൽ നീ തന്ന നിധിയെ ഞാൻ കാരണം പത്തു ദിവസത്തിനുള്ളിൽ നീ തിരിച്ചെടുത്തല്ലോ....? "

ഇനിയും ഒന്നും കണ്ടുനിൽക്കാനാവാതെ ഡോക്ടർ തന്റെ മുറിയിലേക്കു പോയി. കൈയ്യിലിരുന്ന ബൈബിൾ മേശപ്പുറത്ത് വച്ച് ചുമരിലെ പ്രതിമയ്ക്കു മുന്നിൽ അയാൾ കൈകൾകൂപ്പി : " ഈ അടിമയുടെ കൈകളെ നീ മടക്കിയല്ലോ ഈശോയെ...!ആ കുഞ്ഞിനായി ഈ ദിവസമത്രയും ഞാൻ പ്രാർത്ഥിച്ചതല്ലേ? എന്നിട്ടും മരണ സമയത്തും ആ കുഞ്ഞിനോട് മത വിവേചനം കാട്ടുകയാണോ ദൈവമേ...? " കേട്ടതത്രയും വിശ്വസിക്കാനാവാതെ അയാൾ തന്റെ കാതുകളെ തന്നിലേക്കുത്തന്നെ തിരിച്ചു പിടിച്ചു. അതെ, തെക്കുഭാഗത്തെ മാവിൻ മുകളിൽനിന്ന് കാക്ക വിലപിക്കുന്നത് അയാൾക്ക് കേൾക്കാമായിരുന്നു. തന്റെ അരികിലൂടെ പതറിനീങ്ങുന്ന ഓരോ കാലൊച്ചകളും അയാൾ ശ്രദ്ധയോടെ കേട്ടു. അതെ, തന്റെ അരികിലായി ആ കുഞ്ഞും സ്ഥാനം പിടിക്കുകയാണ്! ഈ മഹാമാരിയിലും ജീവൻ പണയംവച്ച് ഒരു യന്ത്രംപ്പോലെ പ്രവർത്തിച്ച ഡോക്ടറുടെ ആ കരങ്ങൾ വിലപിക്കുന്നു. അയാൾ തന്റെ നിർജീവമായ കണ്ണുകൾ ഇറുക്കിയടച്ചു. കണ്ണുനീർത്തുള്ളികൾ വേരുകളിലൂടെ പടർന്നു കയറിയിട്ടാവണം തൊട്ടാവാടിച്ചെടിയൊന്നുണർന്നത്. ഐസലേഷൻ വാർഡിലെ ആ ദിവസങ്ങളാണ് തനിക്കോർമ്മ വന്നത്. മനസ്സും ശരീരവും മൂടിക്കെട്ടിയ ആ വസ്ത്രത്തിനുള്ളിൽ തുറന്ന കണ്ണുകൾ കൊണ്ട് താൻ ആദ്യം കണ്ടത് ഡോക്ടറെ ആയിരുന്നു.


ഈ അന്തരീക്ഷാവസ്ഥയിലും മദ്യത്തിനായി പുറത്ത് പോകേണ്ടെന്ന ഭാര്യയുടെ ശകാരത്തിലും താൻ പുറപ്പെട്ടത് വിധിയാലെയായിരുന്നു. അഴിഞ്ഞുവീണുക്കൊ ണ്ടിരിന്ന മുണ്ട് മടക്കിക്കുത്തി താൻ ഓരോ കള്ളുഷാപ്പുകൾ കയറിയിറങ്ങി. ഇടക്ക് ശരീരത്തിൽ വന്നുവീണ ലാത്തിയോടും പോലീസുകാരന്റെ ദയനയാവസ്ഥയോടും തനിക്ക് പരിഹാസമായിരുന്നു. ഇന്നലെ വന്ന നിപയ്ക്കോ, കാലനോ വേണ്ടാത്ത തന്നെ ഇനി പുതിയ ഈ കൊറോണയ്ക്കല്ലേ വേണ്ടത് എന്ന് കൂനിക്കൂടിയിരുന്ന് ആ ചതുരക്കട്ടയിലേക്ക് പകർത്തുമ്പോഴും കാലം അതെ മായിക്കുമെന്ന് താൻ അറിഞ്ഞതില്ല. " അച്ഛാ... കൈ സോപ്പിട്ടു കഴുവിയോ? " എന്ന മൂന്നുവയസ്സുകാരിയുടെ ചോദ്യത്തിന് താൻ എന്തുത്തരം നൽകിയെന്നോർമ്മയില്ല. പക്ഷേ ഒന്നുറപ്പാണ് അവഗണന മാത്രമാണ് നൽകിയത്. ഐസലേഷൻ വാർഡിൽ നിന്ന് I C Uവിലേക്ക് മാറ്റുമ്പോഴും തനിക്കായി കണ്ണുനീർ പൊഴിക്കാൻ ഒരു ബാറുടമയും വന്നില്ല, തന്നെ രക്ഷിക്കാൻ ഒരു ദൈവവും കടന്നുവന്നില്ല;ഡോക്ടർ ഒഴികെ! മാംസക്കടയായി മാറിയ മോർച്ചറിയിലേക്ക് അനാഥമാക്കപ്പെട്ട ശരീരങ്ങൾക്കിടയിലേക്ക് തന്നെ തള്ളിവിടുമ്പോഴും നിർജീവമായ ശരീരത്തിലെ മരവിച്ച ആത്മാവിനെന്തൊക്കെ യോ പറയാനുണ്ടായിരുന്നു. എന്നാൽ വൈകാതെത്തന്നെ പൊതുശ്മശാനത്തിലെ ആഴമേറിയ കുഴിയിലേക്ക് തന്നെ താഴ്ത്തിവയ്ക്കുമ്പോഴും മതമോ ജാതിയോ അല്ല നോക്കിയത്. മറിച്ച്, താനെന്ന ജഡത്തെ മറ്റുള്ളവരിൽ നിന്നും അകറ്റിനിർത്തലായിരുന്നു!

തെക്കുദിക്കിലെ മാവിൻ മുകളിൽനിന്നുമുള്ള കാക്കയുടെ അലർച്ച കേട്ടാണ് അയാൾ ഞെട്ടിയുനർന്നത്.അതെ, നേരം പുലർന്നിരിക്കുന്നു. കൃഷ്ണ ഭക്തനായ തനിക്കറിയാം കാക്കയുടെ വാവിട്ടുള്ള ഈ നിലവിളി മരണസൂചനയാണെന്ന്. അയാൾ തന്റെ കാതുകളളെ ആ കെട്ടിടത്തിലേക്ക് തിരിച്ചു. "ഡോക്ടർ....... " ഇടാറിയ സൈദലിയുടെ ശബ്ദം അവിടമാകെ നിശബ്ദതമാക്കി. " ആർ യൂ ഓക്കേ സൈദലി? " "ഇല്ല ഡോക്ടർ, എനിക്കറിയാം.. ഈ ദിവസമത്രയും ഞാൻ ജീവിച്ചത് നിങ്ങളുടെ പരിചരണം കൊണ്ടാണ്. ഇനി ഞാൻ ജീവിക്കില്ലെന്നെനിക്കുറപ്പാണ് "ഇല്ലാ സൈദലി നിങ്ങൾക്കാവും. നിങ്ങളുടെ കൂടെ പടച്ചോന്ണ്ട് കയ്യിലുള്ള ഖുർആൻ മടക്കിവച്ച് അയാൾ ഗ്ലഉസ്സണിഞ്ഞ കരങ്ങളിലേക്ക് ഡോക്ടറുടെ കരങ്ങൾ സ്വന്തമാക്കി. "ഡോക്ടർ, ഞാൻ ഇന്ന് വരെ പടച്ചോനെ നേരിൽ കണ്ടിട്ടില്ലാ. എന്നാൽ ഇന്ന് എവിടെയൊക്കെയോ ഞാൻ പടച്ചോനെ കാണുന്നു. ജീവൻ തിരിച്ചു നൽകാൻവേണ്ടി ജീവൻ വെടിയുന്ന ദൈവത്തിന്റെ നാട്ടിലെ പടച്ചോനെ.

സൈദലി ഒന്ന് നിർത്തി. അയാളുടെ ഇടാറിയ തൊണ്ടയിൽ കുരുങ്ങിക്കിടന്ന് ശ്വാസംമുട്ടന്ന വാക്കുകൾക്കായി ഡോക്ടർ ആകാംക്ഷയോടെ അയാളിലേക്ക് നോക്കി. ഡോക്ടറെ നോക്കി ചെറുതായൊന്നു പുഞ്ചിരിച്ചിട്ടായാൾ ചോദിച്ചു :"ലോകത്തെ രക്ഷിക്കില്ലേ ദൈവമേ....? "

എന്നെന്നേക്കുമായി അടഞ്ഞ കണ്ണുകളിൽ നിന്ന് വടുകെട്ടിനിന്ന കണ്ണുനീർത്തുള്ളി പതിയെ ഉടഞ്ഞുവീണ് അവസാനമായി അയാളുടെ കവിളുകളെ ചുംബിച്ചു. ബൈബിൾ മാത്രം തലോടി ശീലമുള്ള കരങ്ങളിലേക്ക് ഖുർആൻ ഒതുക്കിപിടിച്ച് ഡോക്ടർ അതിനെ തന്റെ പിടയുന്ന ചുണ്ടുകളോടടുപ്പിച്ചു. മനുഷ്യ നന്മയാണ് ദൈവം എന്ന് മനസ്സിലാക്കാൻ ഒരു മഹാമാരി വീണ്ടും ആവശ്യം വന്നല്ലോ എന്ന ചിന്തയിലാവണം ചുമർച്ചിത്രത്തിലെ മഹാത്മാവ് മെല്ലെ വിതുമ്പിയത്.

കേട്ടതത്രയും അയാളുടെ മരവിച്ച ആത്മാവിലൂടെ അറിഞ്ഞിട്ടാവണം തൊട്ടാവാടിച്ചെടിയുടെ ഹൃദയം ഒന്ന് നൊന്തത്. 'മതമേതായാലും മനുഷ്യൻ നന്നായാൽ മതി ' എന്നയാൾ മെല്ലെ മന്ത്രിച്ചു. മരവിച്ച ആത്മാവിൽ നിന്നുതിർന്നു വീണ കണ്ണുനീർത്തുള്ളികൾ അവസാനമായി ആ തൊട്ടാവാടിച്ചെടിയ്ക്കു ജീവൻ നൽകി.

അൻസില.സി .വി
9 B ജി. വി .എച് .എസ്‌..എസ്‌.എടയന്നൂർ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ