ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വെള്ളനാട്/അക്ഷരവൃക്ഷം/രചനയുടെ പേര്/പരിസ്‌ഥിതി സംരക്ഷണം നമ്മുടെ കടമ

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്‌ഥിതി സംരക്ഷണം നമ്മുടെ കടമ

പ്രകൃതി അമ്മയാണ്, അമ്മയെ സംരക്ഷിക്കേണ്ടത് മക്കളുടെ കടമയും... പരിസ്‌ഥിതിക്കു ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിനു തന്നെ കാരണമാകും. പരിസ്‌ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിക്കാൻ ഉള്ള അവസരമായി ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ 1972 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങുന്നത്. എല്ലാ ജീവ ജാലങ്ങൾക്കും ശുദ്ധമായ വായുവും വെള്ളവും കിട്ടുന്നതിനുള്ള അവകാശത്തിനു വേണ്ടി പ്രവർത്തിക്കുക എന്നതാണ് ലോക പരിസ്‌ഥിതി ദിനം കൊണ്ടു ലക്ഷ്യം വയ്ക്കുന്നത്. നാമോരോരുത്തരും അത് നമ്മുടെ കടമയായി കണ്ടു അതിനു വേണ്ടി പ്രവർത്തിക്കണം. മലിനീകരണത്തിനും വനനശീകരണത്തിനും എതിരെ ശബ്ദമുയർത്തുകയാണ് ഇതിനായി ആദ്യം നാം ചെയ്യേണ്ടത്. നാം നമുക്ക് വേണ്ടി അല്ല, മറിച്ച് നമ്മുടെ വരും തലമുറയ്ക്ക് വേണ്ടിയാണ് ഭൂമിയെ സംരക്ഷിക്കേണ്ടത്.
നഗരങ്ങളാണ് മലിനീകരണത്തിൽ മുൻപന്തിയിൽ. ഗ്രാമങ്ങളെ അപേക്ഷിച്ച് നഗരങ്ങളിലാണ് ആൾക്കാർ തിങ്ങി നിറഞ്ഞു പാർക്കുന്നത്, ആയതിനാൽ അവിടെ കുടിവെള്ളത്തിനും ശുദ്ധവായുവിനും മറ്റുമെല്ലാം പ്രശ്നം ഉണ്ടാകുന്നു. അതോടൊപ്പം തന്നെ ആരോഗ്യപ്രശ്നങ്ങളും മനുഷ്യ വംശത്തെ തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരകരോഗങ്ങളും പടർന്നു പിടിക്കുകയും ചെയ്യുന്നു. നമ്മുടെ നാടിന്റെ സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിക്കു വികസനം അനിവാര്യം ആണ്, പക്ഷേ ഈ വികസനപ്രക്രിയ പലപ്പോഴും പരിസ്‌ഥിതിയെ ദോഷകരമായി ബാധിക്കാറുണ്ട്. അതുകൊണ്ടു തന്നെ പരിസ്‌ഥിതിക്കു ദോഷമുണ്ടാകാത്ത രീതിയിൽ വേണം ഓരോ വികസനവും നടപ്പിലാക്കേണ്ടത്. അങ്ങനെ ചെയ്തില്ല എങ്കിൽ പരിസ്‌ഥിതിയുടെയും എന്തിനേറെ പറയുന്നു, ഭൂമിയുടെ തന്നെ നിലനിൽപ്പും അപകടത്തിൽ ആയേക്കാം. ഭൂമിയുടെ ചൂടിന്റെ വർധന കാലാവസ്‌ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ശുദ്ധജക്ഷാമം എന്നിവയെല്ലാം ഇങ്ങനെ ഉള്ള അശാസ്ത്രീയമായ വികസനപ്രവർത്തനങ്ങളുടെ ഫലമായി ഉണ്ടാകുന്നതാണ്.ഭൂമിയിലെ ചൂട് വർദ്ധിക്കുന്നതിന്റെ പ്രധാന കാരണം അന്തരീക്ഷത്തിലെ കാർബൺഡൈഓക്‌സൈഡിന്റെ വർദ്ധനയാണ്. ഈ വാതകം അന്തരീക്ഷത്തിൽ സൃഷ്ടിക്കുന്ന ആവരണം ഊഷ്മാവിന്റെ പ്രവാഹത്തെ തടഞ്ഞുനിർത്തി അന്തരീക്ഷതാപം വർദ്ധിപ്പിക്കുന്നു. ഇത് ആഗോളകാലാവസ്‌ഥയിൽ അനാരോഗ്യകരമായ വ്യതിയാനങ്ങൾ ഉണ്ടാക്കുന്നു.
വന നശീകരണമാണ് പരിസ്‌ഥിതി സംരക്ഷണത്തെ വിപരീതമായി ബാധിക്കുന്ന ഒരുപ്രധാന ഘടകം. വെള്ളത്തിന്റെയും വായുവിന്റെയും പരിശുദ്ധിക്കും ലഭ്യതയ്ക്കും വനങ്ങൾ ആവശ്യമാണ്. ദിനംപ്രതി ഏക്കറോളം വനങ്ങൾ വെട്ടിനശിപ്പിക്കപ്പെടുന്നു. ഇതിനെല്ലാം നിയന്ത്രണം കൊണ്ടുവന്നാൽ മാത്രമേ പരിസ്‌ഥിതിയെ നമുക്ക് സംരക്ഷിക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ മാത്രമേ വരുംതലമുറ ആഗോളതാപനത്തിൽ നിന്നും മഹാമാരികളിൽ നിന്നും രക്ഷനേടുകയുള്ളൂ...
വരൂ നമുക്ക് ഒത്തുചേർന്നു നമ്മുടെ മാതൃഗ്രഹത്തെ സംരക്ഷിക്കാം ഒപ്പം മാനവരാശിയെയും ജീവജാലങ്ങളെയും......

സർഗ.പി.എസ്
8 D ഗവ.വി & എച്ച് എസ് എസ് വെള്ളനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം