ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2021-22-ലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


2021-22 ബാച്ച് ക്ലാസ് ഫോട്ടോ

ഓൺലൈനായി പ്രവേശനോത്സവം

   കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ, ജൂൺ 1 പ്രവേശനോത്സവം ഓൺലൈൻ ആയി സംഘടിപ്പിച്ചു. ക്ലാസ്സ് വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രിൻസിപ്പൽ ശ്രീമതി. ബീന ടി. എസ് , ഹെഡ്മിസ്ട്രസ് ശ്രീമതി.ബി കെ കല ,പി റ്റി എ പ്രസിഡൻ്റ് എന്നിവർ കുട്ടികൾക്ക് ആശംസകൾ നേർന്നു. അതത് ക്ലാസ്സധ്യാപകർ, പുതിയതായി പ്രവേശനം നേടിയ മുഴുവൻ കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും നേരിട്ടു വിളിച്ച് പരിചയപ്പെടുകയും ഗ്രൂപ്പിലൂടെ കുട്ടികൾ പരസ്പരം പരിചയപ്പെടുകയും ചെയ്തു. ബഹു .വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം ക്ലാസ്സ് ഗ്രൂപ്പുകളിലൂടെ കുട്ടികളിലേക്ക് എത്തിച്ചു. ഓൺലൈൻപഠനത്തിലേക്ക് കുട്ടികളുടെ ശ്രദ്ധ തിരിക്കാൻ തുടക്കം മുതൽ ശ്രമിച്ചിരുന്നു.

സ്മാർട്ട് ഫോൺ വിതരണവുംസമ്പൂർണ്ണ ഡിജിറ്റൽ പ്രഖ്യാപനവും

വിതരണം ചെയ്ത സ്മാർട്ട് ഫോണുകൾ

   സമ്പൂർണ്ണ ഡിജിറ്റൽ പ്രഖ്യാപനം ബഹു.വിദ്യാഭ്യാസ മന്ത്രി ശ്രീ. വി ശിവൻ കുട്ടി നിർവഹിച്ചു. ഈ കൊറോണ കാലഘട്ടത്തിൽ എല്ലാ കുട്ടികളുടെയും പഠനനിലവാരം മെച്ചപ്പെടുത്താൻ തുടക്കമിട്ട സമ്പൂർണ ഡിജിറ്റൽ പ്രഖ്യാപനം കുട്ടികൾക്ക് ഒരു കൈത്താങ്ങായി മാറി. ആശങ്കകൾ ഇല്ലാതെ പഠനം മുന്നോട്ടു കൊണ്ടുപോകാൻ ഏറെ പ്രയോജനപ്രദമായ ഒരു സംരംഭമാണ് ഇതെന്ന് നിസ്സംശയം പറയാം. ഇതിനോടനുബന്ധിച്ച് ആര്യാ സെൻട്രൽ സ്കൂൾ അലുമിനി ഗ്രൂപ്പിന്റെ പഠന കൈത്താങ്ങായ സ്മാർട്ട് ഫോൺ വിതരണവും നടത്തുകയുണ്ടായി. 32 സ്മാർട്ട് ഫോണുകളാണ് കുട്ടികൾക്കായി അവർ നല്കിയത്. ഇംഗ്ലീഷ് അധ്യാപിക രാജലക്ഷ്മി ടീച്ചറുടെ ശ്രമഫലമായാണ് ഈ സഹായം ലഭിച്ചത്.

ഡിജിറ്റൽ പഠനോപകരണവിതരണം

സമ്പൂർണ ഡിജിറ്റൽ പ്രഖ്യാപനം

   1991 എസ്എസ്എൽസി ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഘടന 16 കുട്ടികൾക്ക് ഡിജിറ്റൽ പഠനോപകരണങ്ങൾ വാങ്ങിക്കൊടുത്തു. വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡൻറ് ശ്രീകുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്താൻ സഹായകമായ ഡിജിറ്റൽ പഠനോപകരണ വിതരണം ഒരു മാതൃകാപരമായ പ്രവർത്തനമാണ്. കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെട്ട അതോടൊപ്പം രക്ഷകർത്താക്കളുടെ ആശങ്കകൾ കൂടെ ഇതുവഴി പരിഹരിക്കപ്പെട്ടു.

ജൂൺ 5, ലോക പരിസ്ഥിതി ദിനം

ജൂൺ - 19 വായന ദിനം.....

അന്താരാഷ്ട്ര യോഗാ ദിനം

ഋഷികേശ് ആദിത്യ പെരുമാൾ നാടാർ

   ആയുരാരോഗ്യത്തിന് സമാനതകളില്ലാത്ത വെല്ലുവിളികൾ നേരിടുന്ന കാലഘട്ടത്തിൽ ജീവിക്കുന്ന സാഹചര്യത്തിൽ ശരീരത്തിനും മനസിനും ശ്വാസത്തിനും കരുത്ത് പ്രദാനം ചെയ്യുന്ന ഭാരതീയ പൈതൃകത്തിന്റെ അമൂല്യ സമ്പത്തായ യോഗ എന്ന ആരോഗ്യ ജീവിതചര്യ വരും തലമുറയ്ക്ക് പരിചയപ്പെടുത്തുവാൻ ലഭിച്ച സുവർണ്ണാവസരമായാണ് ജൂൺ 21 നെ വെങ്ങാനൂർ ഗവ: മോഡൽ ഹയർ സെക്കൻ്ററി വിദ്യാലയത്തിലെ അധ്യാപകരും പി.റ്റി.എ യും പരിഗണിച്ചത്. അതു കൊണ്ടു തന്നെ പരമ്പരാഗതവും ലളിതവും ശിശു സൗഹൃദവുമായ രീതിയിൽ കുട്ടികൾക്ക് യോഗ പരിചയപ്പെടുത്തുന്നതിനായി ചരിത്ര മാളിക ഡയറക്ടർ ശ്രീ. അഭിലാഷ് സാറിന്റെസേവനം ഉറപ്പാക്കുകയായിരുന്നു. കുട്ടികൾക്ക് വിദ്യാലയത്തിൽ എത്താൻ കഴിയാതിരുന്ന സാഹചര്യത്തിൽ ഓൺലൈൻ സംവിധാനത്തിലൂടെയാണ് ക്ലാസുകൾ കൈകാര്യം ചെയ്തത്. വളരെ ലളിതമായ രീതിയിൽ നിത്യജീവിതത്തിൽ നമുക്ക് എങ്ങനെ യോഗ ശീലിക്കാം എന്ന് മാതൃക ചെയ്തു കാണിച്ച് അഭിലാഷ് സാർ പരിചയപ്പെടുത്തുകയുണ്ടായി. പ്രിൻസിപ്പൽ ശ്രീമതി ബീന ടീച്ചർ, മുതിർന്ന അധ്യാപകൻ ശ്രീമാൻ എൽ.സുരേഷ് സാർ, അധ്യാപക സമിതി കാര്യദർശി ശ്രീമാൻ.കെ.സുരേഷ് കുമാർ സാർ, പി.റ്റി.എ. പ്രസിഡൻ്റ് ശ്രീമാൻ പ്രവീൺ, മറ്റ് അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. വിദ്യാലയത്തിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ ഋഷികേശ് ആദിത്യ പെരുമാൾ നാടാർ എന്ന വിദ്യാർത്ഥി അഭിലാഷ് സാറിന്റെ സഹായിയായി യോഗ അവതരിപ്പിച്ചു.

ജൂലൈ 5കഥയുടെ സുൽത്താൻ

ജൂലൈ 21-ചാന്ദ്രദിനം

അമ്പിളിയമ്മാവാ താമരക്കുമ്പിളിലെന്തുണ്ട്?

ചാന്ദ്രപര്യവേഷണം


പ്രകൃതി സംരക്ഷണം മാലിന്യ നിർമാർജനത്തിലൂടെ

  സ്കൂളും പരിസരവും മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂളിന്റെ വിവിധ ബ്ലോക്കുകളിൽ വേസ്റ്റ് ബിന്നുകൾ ജൂലൈ 30 ന് ക്രമീകരിച്ചു. മൂന്നു വ്യത്യസ്ത തരത്തിലുള്ള ബിന്നുകളാണ് ക്രമീകരിച്ചിട്ടുള്ളത്. പച്ച നിറത്തിലുള്ള ബിന്നിൽ ജൈവ മാലിന്യങ്ങളും നീല നിറത്തിലുള്ള ബിന്നിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും മഞ്ഞ ബിന്നിൽ പേപ്പറുകളും ഗ്ലാസ്‌ മാലിന്യങ്ങളും നിക്ഷേപിക്കുന്നു. മാലിന്യ നിർമാർജനത്തിലൂടെ പ്രകൃതിയെസംരക്ഷിക്കുക എന്നതാണ് പ്രസ്തുത പ്രവർത്തനത്തിലൂടെ പരിസ്ഥിതി ക്ലബ് ലക്ഷ്യമിടുന്നത്.


ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട

   ആഗസ്റ്റ് 6 ഹിരോഷിമാ ദിനവും ആഗസ്റ്റ് 9 നാഗസാക്കി ദിനവും സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആചരിച്ചു. യുദ്ധവിരുദ്ധ പോസ്റ്ററുകൾ, ചിത്രങ്ങൾ, സമാധാന സന്ദേശങ്ങൾ,എന്നിവ ഗ്രൂപ്പുകളിൽ നിറഞ്ഞു. ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓൺലൈൻ അസംബ്ലി സംഘടിപ്പിച്ചു. സയൻസ് ക്ലബ്ബ് ,വിദ്യാരംഗം എന്നിവയുടെ നേതൃത്വത്തിലും യുദ്ധവിരുദ്ധ പരിപാടികൾ സംഘടിപ്പിച്ചു.

അമൃതോത്സവം

അമൃതോത്സവം

   കൊളോണിയൽ വാഴ്ചയിൽ നിന്നും സ്വാതന്ത്ര്യം നേടിയതിന്റെ 75 വർഷം പൂർത്തിയാകുന്ന വേളയിൽ, ഭാരതം മുഴുവൻ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ യഥാർത്ഥ അവബോധമുണ്ടാകുന്നതിനായി, അമൃതോത്സവം സംഘടിപ്പിച്ചു. അതിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് നമ്മുടെ കുട്ടികളും വീടുകളിൽ വിളക്കുകൾ കൊളുത്തി. ഈ ദൃശ്യങ്ങൾ ക്ലാസ്സ് ഗ്രൂപ്പുകളിൽ സ്വാതന്ത്ര്യവെളിച്ചം വിതറി.

സ്വാതന്ത്ര്യം തന്നെ അമൃതം

ആഗസ്റ്റ് 15.

  സ്വാതന്ത്ര്യ ദിനാഘോഷം ഭംഗിയായി സ്കൂളിൽ സംഘടിപ്പിച്ചു. സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് കുട്ടികൾ നേതൃത്വം നല്കി. പ്രിൻസിപ്പൽ പതാകയുയർത്തി. ഹെഡ്മിസ്ട്രസ്, പി റ്റി എ പ്രസിഡന്റ്, സീനിയർ അസിസ്റ്റന്റ് എന്നിവർ ,ആശംസിച്ചു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓൺലൈനായി സ്വാതന്ത്ര്യ ദിന പരിപാടികൾ നടത്തി.ക്ലാസ്സ് ഗ്രൂപ്പുകൾ വഴിയും സ്വാതന്ത്ര്യ ദിന പരിപാടികൾ നടന്നു.സ്വതന്ത്ര്യ ദിന ക്വിസ്സും സംഘടിപ്പിച്ചു.

മണ്ണിര കമ്പോസ്റ്റ് നിർമാണം

പൊന്നിൻ ചിങ്ങം വന്നു പിറന്നേ

ചിങ്ങം 1 - കർഷക ദിനം

  ചിങ്ങപ്പാട്ടുകളും, പുടവയും, മലയാളത്തനിമയും ഉൾക്കൊണ്ടു കൊണ്ടുള്ള പരിപാടികൾക്ക് കാർഷിക ക്ലബ്ബ് നേതൃത്വം നല്കി. കോവിഡ് മാനദണ്ഡമനുസരിച്ച്,സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് നാട്ടിലെ കർഷകരെ ആദരിച്ചു. അധ്യാപകരും ചുരുക്കം കുട്ടികളും പങ്കെടുത്തു. മലയാളി മനസ്സിൽ ഗൃഹാതുരത്വമുണർത്തുന്ന ഓണക്കാലം, ഈ അടച്ചിരുപ്പ് സമയത്തിലും കുട്ടികൾ കുടുംബത്തോടൊപ്പം ആഘോഷിക്കുന്ന ഫോട്ടോയും വീഡിയോയും ഗ്രൂപ്പുകളിൽ ഷെയർ ചെയ്തത് ഏറെ കൗതുകകരമായിരുന്നു. വീട്ടുമുറ്റങ്ങളിൽ നിറഞ്ഞ പൂക്കളത്തിന്റെ സുഗന്ധം സ്കൂൾ ഗ്രൂപ്പുകളിലും പടർന്നു.കേരളീയ വേഷത്തിൽ മങ്കമാർ അണിഞ്ഞൊരുങ്ങിയ ചിത്രങ്ങളും സുന്ദരമായ ഓണക്കാലത്തിൻ്റെ സ്മരണയുയർത്തി. ഓണസദ്യ, ഊഞ്ഞാൽ, ഓണക്കളി എന്നിവയുടെ ദൃശ്യങ്ങളും കുട്ടികൾ പങ്കുവച്ചു. ലോകത്തിനി എന്തു സംഭവിച്ചാലും ശരി, മലയാളി ഉള്ളിടത്തൊക്കെ ഓണവുമുണ്ടാകുമെന്നതിൽ തർക്കമില്ലെന്ന്, ഈ ലോക് ഡൗൺ ഓണം തെളിയിച്ചു.

ജൈവപച്ചക്കറിത്തോട്ടമൊരുക്കി മോഡൽ എച്ച് എസ് എസ്

  വെങ്ങാനൂർ ഗ്രാമപഞ്ചായത്ത്‌ കൃഷി ഭവന്റെ സഹകരണത്തോടുകൂടി ഗവ.മോഡൽ എച്ച് എസ് എസ് വെങ്ങാനൂർ സ്കൂൾ മട്ടുപ്പാവിൽ പച്ചക്കറിത്തോട്ടം സജ്ജീകരിച്ചു. ജൈവകൃഷി രീതിയെകുറിച്ചും കീടനാശിനി മുക്ത ഭക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കാൻ ഇതിലൂടെ സാധിച്ചു. ഇക്കോക്ലബും കാർഷികക്ലബും സംയുക്തമായി സ്കൂൾ പച്ചക്കറിത്തോട്ടം നിർമ്മാണ പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്നത്

ഔഷധത്തോട്ട നിർമാണത്തിൽ ചുവടുവെച്ച്

   ഔഷധസസ്യങ്ങളുടെ പ്രാധാന്യം, ഉപയോഗം, അവയുടെ പരിചരണം എന്നിവയെക്കുറിച്ചുള്ള അവബോധം കുട്ടികളിൽ ഉണ്ടാക്കുന്നതിനായി സ്കൂളിൽ ഇക്കോക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂലൈ 12 ന് ഔഷധ സസ്യത്തോട്ട നിർമ്മാണത്തിൽ പുത്തൻ ചുവടുവച്ച് ഗവ. മോഡൽ എച്ച് എസ് എസ് മാതൃകയായി. നീല അമരി, അഗത്തി ചീര, അയ്യമ്പന, മല ഓരില, വാതം കൊല്ലി, അങ്കോലം, കരളകം, ഇരുവേലി‍, മഞ്ഞറൊട്ടി, മുഞ്ഞ, ചെത്തികൊടുവേലി, നാഗമല്ലി, കേശവർദ്ധിനി തുടങ്ങിയ ചെടികൾ ഔഷധത്തോട്ടത്തിൽ നട്ടു പിടിപ്പിച്ചു.

ദേശിയ കായിക ദിനാഘോഷം

  ഓഗസ്റ്റ് 29, ദേശിയ കായിക ദിനം - ഹോക്കി മന്ത്രികനായ ധ്യാൻചന്ദിന്റെ ജന്മദിനമാണ് ദേശീയ കായിക ദിനമായി ആചരിച്ചുവരുന്നത്. സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദേശീയ കായിക ദിനം വിവിധ പരിപാടികളിലൂടെ മികവുറ്റതാക്കിതീർത്തു. ദേശീയ കായിക ദിനാഘോഷത്തിന്റെ സ്കൂൾ തല ഉദ്ഘാടനം, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ഫിസിക്കൽ എജുക്കേഷൻ ഡിപ്പാർട്ട്മെന്റ് ഹെഡും അസോസിയേറ്റ് പ്രൊഫസറുമായ ഡോക്ടർ. കുഞ്ഞിക്കണ്ണൻ സാർ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനചടങ്ങിൽ കുട്ടികളും അധ്യാപകരും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. ഹോക്കി മാന്ത്രികനായ ധ്യാൻ ചന്ദിനെ പറ്റിയുള്ള അനുസ്മരണം ഒമ്പതാം ക്ലാസിലെ കാർത്തിക് നടത്തുകയുണ്ടായി. തുടർന്ന് കോവിഡ് മഹാമാരിയുടെ കാലത്ത് കായിക പ്രവർത്തനങ്ങളുടെ ആവശ്യകതയെ പറ്റിയുള്ള വിശദമായ ഒരു പ്രഭാഷണവും കുഞ്ഞിക്കണ്ണൻ സാർ നടത്തി.

ഗാന്ധി ജയന്തി വാരാഘോഷം

   2021-22 അധ്യയന വർഷത്തെ ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഉദ്ഘാടനം ഒക്ടോബർ 2 ശനിയാഴ്ച രാവിലെ 10.30 ന് ഗൂഗിൾ മീറ്റിലൂടെ കവിയും കാവ്യാലാപകനുമായ ശ്രീ മനോജ്‌ പുളിമാത്ത് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ്‌ ശ്രീ. പ്രവീൺ അധ്യക്ഷനും,പ്രധാന അധ്യാപിക സുഖി ടീച്ചർ സ്വാഗതം ആശംസി ക്കുകയും ചെയ്യ്ത പ്രസ്തുത പരിപാടിയിൽ എഴുത്തുകാരിയായ ശ്രീമതി. ദിവ്യ. സി. ആർ കുട്ടികളുമായി സംവദിക്കുകയും ഗാന്ധിയൻ ദർശനങ്ങളുടെ സമകാലിക പ്രസക്തിയെ കുറിച്ച് കുട്ടികളോട് സംസാരിക്കുകയും ചെയ്തു. ഒരാഴ്ച കാലത്തോളം നീണ്ടു നിന്ന വിപുലമായ പ്രവർത്തനങ്ങളാണ് ഗാന്ധി ദർശൻ സംഘടിപ്പിച്ചത്. ഗാന്ധി ജയന്തി വരാഘോഷത്തോടനുബന്ധിച്ച് ഒക്ടോബർ 2ന് കുട്ടികൾ സ്വന്തം വീടുകളിൽ ഗാന്ധി ചിത്രം പുഷ്പങ്ങളാൽ അലങ്കരിച്ച് ദീപം തെളിയിച്ച് ഗാന്ധി പൂജ നടത്തി.

ഒത്തു പിടിച്ചാൽ......

   നീണ്ട ഇടവേളയ്ക്കു ശേഷം നവംബർ ഒന്നുമുതൽ സ്കൂൾ തുറന്നു പ്രവർത്തിക്കാൻ തീരുമാനമായി. ക്ലാസ്സ് മുറികൾ പൊടിയടിച്ചും വൃത്തിഹീനവുമായി കിടക്കുന്ന സാഹചര്യത്തിൽ, ക്ലാസ്സ് മുറി പെയിൻ്റ് ചെയ്ത് വൃത്തിയാക്കുവാൻ ക്ലാസ്സ് പി റ്റി എ യിൽ തീരുമാനമെടുത്തു. കുട്ടികളും രക്ഷിതാക്കളും സന്നദ്ധരായി ,മുന്നോട്ടുവന്നു.10എ യിലെ ക്ലാസ്സ് ടീച്ചറുടെ നേതൃത്വത്തിൽ ഒരു സംഘം വിദ്യാർത്ഥികളും ചില രക്ഷിതാക്കളും ചേർന്ന് 10എ ക്ലാസ്സ് പെയിൻ്റ് ചെയ്ത് ആകർഷകമാക്കി. ഇതൊരു മാതൃകയായിത്തീർന്നു. മറ്റു ക്ലാസ്സുകാരും ഈ മാതൃക പിന്തുടർന്ന് അവരവരുടെ ക്ലാസ്സുകൾ പെയിൻറടിച്ച് മോടി വരുത്തി'.
വാർത്ത‍‍

സ്കൂൾ കെട്ടിടങ്ങൾ വർണ്ണാഭമാക്കൽ

അധ്യാപകർ പെയിന്റ് ചെയ്യുന്നു

  മാസങ്ങൾ നീണ്ട കോവിഡ് കാല അടച്ചിരുപ്പിനു ശേഷം, കുഞ്ഞുങ്ങളെ വരവേല്ക്കാൻ, മുഴുവൻ ക്ലാസ്സ് മുറികളും വരാന്തകളും പെയിൻറടിച്ച് വൃത്തിയാക്കുന്ന ദൗത്യം സ്വമേധയാ ഏറ്റെടുത്തു. അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും ഒത്തൊരുമിച്ച് സ്കൂൾ കെട്ടിടങ്ങൾ സ്വന്തം ചെലവിൽ പെയിന്റടിച്ച് മോടിപിടിപ്പിച്ചു. മാസങ്ങൾ നീണ്ട കോവിഡ് കാല അടച്ചിരുപ്പിനു ശേഷം, കുഞ്ഞുങ്ങളെ വരവേല്ക്കാൻ ,അധ്യാപകർ പെയിന്റിംഗ് തൊഴിലാളികളായി മാറി. മുഴുവൻ ക്ലാസ്സ് മുറികളും വരാന്തയും അവർ ഭംഗിയായി പെയിന്റു ചെയ്ത് ആകർഷകമാക്കിയാണ് കുട്ടികളെ വരവേറ്റത്. ഈ അധ്യയന വർഷം നവംബർ മാസം സ്കൂൾ തുറക്കുന്നതിന് മുന്നോടിയായാണ് സ്കൂൾ മോടിപിടിപ്പിച്ചത്. പ്രസ്തുത സംരംഭത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും ആത്മാർത്ഥമായി പങ്കെടുത്തു. ചോക്കും പേനയും മാത്രമല്ല, ബ്രഷും ആയുധമാക്കി അധ്യാപകർ മുന്നിട്ടിറങ്ങിയത് ഏറെ ആവേശം നല്കി.

വാർത്ത

തിരികെ വിദ്യാലയത്തിലേക്ക്

  തിരികെ വിദ്യാലയത്തിലേക്ക് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ 19 മാസത്തിനുശേഷം 2021 നവംബർ ഒന്നിന് തുറന്നപ്പോൾ കുട്ടികളുടെ ആഹ്ലാദ ദൃശ്യങ്ങൾ ഞങ്ങൾ പകർത്തി സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ റൈറ്റ് തിരികെ വിദ്യാലയത്തിലേക്ക് എന്ന പേരിൽ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ വെങ്ങാനൂർ ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ജില്ലാതലത്തിൽ ഇതിൽ ഒന്നാം സ്ഥാനം നേടി സ്കൂൾ പ്രവേശനത്തിന് ആഹ്ലാദവും ആവേശവും ഉള്ള ഈ ചിത്രം പകർത്തിയത് ലിറ്റിൽ കൈറ്റ്സ് സെക്കൻഡ് ബാച്ചിലെ ലീഡറായ ബെൻസൻ ബാബു ജേക്കബാണ്. ഈ വിജയത്തിന് കൈറ്റ് സ്കൂളിന് 5000 രൂപയും പ്രശസ്തി പത്രവും സമ്മാനിച്ചു .

ബോധനരീതി

   പൊതു വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ കൊണ്ട് ഇന്ത്യക്കു മുഴുവൻ മാതൃകയായ കേരള സംസ്ഥാന സിലബസ്സ് പിന്തുടരുന്ന സർക്കാർ പൊതുവിദ്യാലയമാണിത്. എസ് സി ആർ ടി വഴി, അധ്യാപകർക്കാവശ്യമായ, പിന്തുണ ലഭിക്കുന്നു. സമഗ്ര വെബ് പോർട്ടലിലൂടെയുള്ള വിഭവങ്ങളുപയോഗിച്ച്, വിനിമയ പ്രക്രിയയിൽ നൂതനവും വൈവിധ്യവുമാർന്ന പഠനതന്ത്രങ്ങൾ ഉപയോഗിക്കാൻ കഴിയുന്നു. കോവിഡ് കാലം തുടങ്ങിയതു മുതൽ 1 മുതൽ 12 വരെ ഗൂഗിൾ മീറ്റ് വഴി യാണ് ക്ലാസ്സുകൾ നടത്തിയിരുന്നത്. എന്നാൽ ജി സ്വീറ്റ് ഐഡി നിലവിൽ വന്നതോടെ എട്ടു മുതൽ പന്ത്രണ്ടു വരെയുള്ള ക്ലാസ്സുകളിൽ ജി സ്വീറ്റ് ഐഡി ഉപയോഗിച്ചുള്ള ക്ലാസ്സ് റൂം വഴി ക്ലാസ്സുകൾ സുഗമമായി കൈകാര്യം ചെയ്തു. സ്കൂൾ തുറന്നപ്പോഴും ജി സ്വീറ്റ് ക്ലാസ് റൂം പഠനപ്രക്രിയയിൽ വളരെ പ്രയോജനപ്രദമായി വർത്തിക്കുന്നു. ഇംഗ്ലീഷും, മലയാളവും ബോധന മാധ്യമമായി സ്വീകരിച്ചിട്ടുണ്ട്.

വായന മരിക്കുന്നില്ല

   ഭാഷാവാരാചരണത്തോടനുബന്ധിച്ച് വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ നിരവധി പ്രവർത്തനങ്ങൾ നടക്കുകയുണ്ടായി. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ യുടെ ആഭിമുഖ്യത്തിൽ ഒരാഴ്ചക്കാലം നീണ്ടുനിന്ന ഭാഷാവാരാചരണം ഓൺലൈനായി സംഘടിപ്പിച്ചു . ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വാരാചരണത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു .എൽ പി വിഭാഗത്തിലെ കൂട്ടുകാരുടെ മധുരം മലയാളം എന്ന ആദ്യ ദിന പരിപാടിയിൽ ബി ആർ സി ട്രെയിനർ ശ്രീമതി ദീപ കുട്ടികൾക്കായി ക്ലാസ്സെടുത്തു .രണ്ടാം ദിനം കണ്ണൂർ ചെറുകുന്ന് യുപി സ്കൂൾ അധ്യാപകനും തെയ്യം കലാകാരനുമായ ശ്രീ സുമേഷ് മേളം എന്ന പ്രോഗ്രാം അതിവിദഗ്ധമായി ആയി കൈകാര്യം ചെയ്തു. അടുത്ത ദിവസം നടന്ന മലയാള ചൊല്ലിൽ വീരണകാവ് സ്കൂളിലെ അധ്യാപകനായ ശ്രീ. സുരേഷ് കുമാർ നാടൻ പാട്ടുകൾ അവതരിപ്പിച്ചു . എൽപി യുപി എച്ച്എസ് വിഭാഗങ്ങളിലായി ആയി നടന്ന സാഹിത്യ പ്രശ്നോത്തരിയായിരുന്നു അടുത്ത ദിവസത്തെ പ്രധാന ഇനം. ആറാം ദിനത്തിലെ കൈരളി രാഗത്തിൽ കവിത ക്ലാസ് കൈകാര്യം ചെയ്തത് പ്രശസ്ത കവിയായ ശ്രീ സതീഷ് കിടാരക്കുഴി ആയിരുന്നു .സമാപന സമ്മേളനത്തിൽ ഇതിൽ ബിപിസി അനീഷ് സാർ പങ്കെടുത്തു . വൈവിധ്യമാർന്ന ഭാഷ മേഖലകളിലൂടെ കടന്നുപോയ ഒരാഴ്ചക്കാലം ആയിരുന്നു ഇത്. അതോടൊപ്പം ഉപന്യാസം , കഥ, കവിത, പുസ്തകാസ്വാദനം മത്സരങ്ങളും സംഘടിപ്പിച്ചു. കുട്ടികൾ വീടുകളിൽ തയ്യാറാക്കിയ ആക്കിയ വായനമരം ശ്രദ്ധേയമായ പ്രവർത്തനമായിരുന്നു പുസ്തകങ്ങളുടെ എഴുത്തുകാരുടെയും പേരുകളും അവരുടെ പ്രസിദ്ധമായ വരികളും അടങ്ങിയ കാടുകൾ കാർഡുകൾ മുറ്റത്തെ മരത്തിലോ ചെടി ചെടിയിൽ ഓഹോ എഴുതി തൂക്കി ആകർഷകമാക്കി ആക്കി സ്കൂൾ ഗ്രൂപ്പുകളിൽ ഇതിൽ പോസ്റ്റ് ചെയ്തു .ഇത്തരത്തിൽ ലോക് ഡൗൺ കാലത്തെ വായനവാരം കുട്ടികൾക്ക് അവിസ്മരണീയമായി.

ഭിന്നശേഷിക്കാർക്കുള്ള സ്പെഷ്യൽ കെയർ സെന്റർ

   വെങ്ങാനൂർ മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഭിന്നശേഷിക്കാർക്കുള്ള സ്പെഷ്യൽ കെയർ സെന്റർ നവംബർ 4ന് പ്രവർത്തനമാരംഭിച്ചു. പഞ്ചായത്തിലെ ഒമ്പത് സ്കൂളുകളിലായി പ്രവേശനം നേടിയിട്ടുള്ള വിവിധ തരത്തിലുള്ള ശാരീരിക മാനസിക വൈകല്യങ്ങൾ ഉള്ള നൂറോളം കുട്ടികൾക്ക് പ്രയോജനം ലഭിക്കും. ഭിന്നശേഷി സൗഹൃദ അന്തരീക്ഷത്തിൽ ഒരുക്കിയിട്ടുള്ള സെന്ററിൽ സമഗ്രമായ അക്കാദമിക സൗകര്യം ആണു ഒരുക്കിയിട്ടുള്ളത്. സെന്ററിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. ശ്രീ കുമാർ നിർവഹിച്ചു. പി ടി എ പ്രസിഡന്റ് പ്രവീൺ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഭഗത് റൂഫസ് ഭിന്നശേഷി കുട്ടികൾക്കുള്ള മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ബീനാ ടി.എസ്. ഹെഡ്മിസ്ട്രസ് സുഖി, ബാലരാമപുരം ബി ആർ സി കോഡിനേറ്റർ വത്സലസേവ്യർ, സ്പെഷ്യൽ ടീച്ചർ മാരായ ബീന,ഗ്‌ളൈജിന്, ഷൈനി, ജിജി തുടങ്ങിയവർ സംസാരിച്ചു.

ഭക്ഷ്യ വാരാചരണം

   ഗവ.മോഡൽ എച്ച് എസ് എസ് വെങ്ങാനൂരിൽ 2021 നവംബർ 29 മുതൽ ഡിസംബർ 5 വരെ ഭക്ഷ്യ വാരാചരണം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. അന്നം ഔഷധം എന്ന മുദ്രാവാക്യം ഉയർത്തി നാടൻ ഭക്ഷ്യവസ്തുക്കളുടെ പ്രദർശനവും തനത് ഭക്ഷണത്തിന്റെ രുചി ഭേദങ്ങളും കുട്ടികൾക്ക് അനുഭവവേദ്യമാക്കുകയുണ്ടായി. പ്രസ്തുത പരിപാടിയോടനുബന്ധിച്ച് തൃശ്ശൂർ രാമവർമ്മ ആയുർവേദ ആശുപത്രി മെസിക്കൽ ആഫീസർ ഡോ.ബി.ലിറ്റി തോമസ് നാട്ടറിവിന്റെ ആരോഗ്യ വഴികൾ എന്ന വിഷയത്തിൽ ബോധവത്ക്കരണ ക്ലാസ്സ് കൈകാര്യം ചെയ്തു. ഭക്ഷ്യ വാരാഘോഷ സമാപനവും നാടൻ ഭക്ഷ്യവിഭവ പ്രദർശനവും 2021 ഡിസംബർ 4, രാവിലെ 9.30 ന് ബഹു.കോവളം എം.എൽ.എ ശ്രീ. അഡ്വ.എം.വിൻസൻറ് അവർകൾ നിർവഹിച്ചു.

മെറി മെറി ക്രിസ്തുമസ്

   ക്ലാസ്സ് തലത്തിൽ ക്രിസ്തുമസ് ആഘോഷങ്ങൾ സംഘടിപ്പിച്ചു. മുഴുവൻ കുട്ടികൾക്കും ക്രിസ്തുമസ്സ് കേക്കുകൾ വിതരണം ചെയ്തു. കുട്ടികൾ ക്ലാസ്സ് തലത്തിൽ കരോൾ ഗാനങ്ങൾ പാടിയും, സമ്മാനങ്ങൾ കൈമാറിയും ക്രിസ്തുമസ്സ് ആഘോഷിച്ചു.

സത്യമേവ ജയതേ അധ്യാപകപരിശീലനം

   ഡിജിറ്റൽ മീഡിയയിലും ഇൻഫർമേഷൻ ടെക്നോളജിയിൽ അധ്യാപകർക്കും സ്കൂൾകുട്ടികൾക്കും അവബോധം നൽകുന്ന സത്യമേവ ജയതേ എന്ന പരിശീലന പരിപാടി 2022 ജനുവരി അഞ്ചാം തീയതി വെങ്ങാനൂർ ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകർക്കായി സംഘടിപ്പിച്ചു. മാസ്റ്റർ ട്രെയിനർമാരിൽ നിന്നും പരിശീലനം ലഭിച്ച എസ് ഐ ടി സി, ദീപ പി ആർ മറ്റ് അധ്യാപകർക്ക് കുട്ടികൾക്കായുള്ള മൊഡ്യൂൾ പരിചയപ്പെടുത്തി. എല്ലാ ക്ലാസ്സുകളിലും 7. 11 തീയതികളിൽ ക്ലാസ് നടത്തണമെന്നും തീരുമാനിച്ചു

ഡിജിറ്റൽ ബോധവൽക്കരണ ക്ലാസ് വൻ വിജയം

   ഡിജിറ്റൽ മീഡിയ സാക്ഷരതയുടെ ഭാഗമായ സത്യമേവജയതേ ഡിജിറ്റൽ ബോധവൽക്കരണ ക്ലാസ് 2022 ജനുവരി ഏഴാം തീയതി ഒന്നാം ബാച്ചിലെ കുട്ടികൾക്കും പതിനൊന്നാം തീയതി രണ്ടാം ബാച്ചിലെ കുട്ടികൾക്കും നൽകി. അധ്യാപകർക്ക് പുറമേ പരിശീലനം ലഭിച്ച നാല് ലിറ്റിൽ കൈറ്റ്സ് ടീം നാല് ക്ലാസുകൾ വീതം കൈകാര്യം ചെയ്തു. ക്ലാസ്സുകൾക്ക് ശേഷം ഈ ബോധവൽക്കരണ ക്ലാസ് കുട്ടികൾക്ക് വളരെയധികം പ്രയോജനപ്രദമായിരുന്നു എന്ന് പറയുകയുണ്ടായി. കുട്ടികൾക്കെല്ലാം ഒരു പുതിയ അനുഭവമായിരുന്നു ഈ ക്ലാസ്.

ജനുവരി 26 - റിപ്പബ്ലിക് ദിനം

റിപ്പബ്ലിക്ക്ദിനാഘോഷം

   ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ, രാവിലെ സ്കൂളങ്കണത്തിൽ പി റ്റി എ പ്രസിഡൻറ് പതാകയുയർത്തുകയും ഓൺലൈനായി ദിനാഘോഷ പരിപാടികൾ സംഘടിപ്പിക്കുകയുമുണ്ടായി. മുല്ലൂർ രത്നാകരൻ സാറായിരുന്നു വിശിഷ്ടാതിഥി. പ്രിൻസിപ്പൽ, ഹെഡ്മിസ്ട്രസ്, പി റ്റി എ പ്രസിഡൻറ് എന്നിവർ കുട്ടികൾക്ക് റിപ്പബ്ലിക് ദിന സന്ദേശം നല്കി. കുട്ടികളുടെ വിവിധ പരിപാടികളുമുണ്ടായിരുന്നു. ക്ലാസ്സ് ഗ്രൂപ്പുകളിൽ റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ടവ, കുട്ടകൾ പങ്കുവച്ചു. ദേശഭക്തി ഗാനാലാപനവും നടന്നു.

ചിത്രശാല