ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/അക്ഷരവൃക്ഷം/അജ്ഞാതൻ

Schoolwiki സംരംഭത്തിൽ നിന്ന്
അജ്ഞാതൻ

തന്റെ കുഞ്ഞിന്റെ ഇളം കരങ്ങൾ കൈകൾക്കുള്ളിൽ പൊത്തി പിടിച്ച് 35-ാം വയസിലും വിജ്ഞാനത്തിന്റെ പടവുകൾ കയറുന്ന മീനമ്മയ്ക്ക് ഗേറ്റ് കടന്ന് സ്കൂൾ പരിസരത്തെത്തിയപ്പോൾ ഒരു ചമ്മൽ ഉണ്ടായിരുന്നു. ഉദിച്ചുയരുന്ന ഉദയ സൂര്യനെ ഇത്ര കൃത്യതയോടെ മീനമ്മ കാണുന്നതവിടെ വെച്ചായിരുന്നു. ഒന്നു, രണ്ടുപേരെ എത്തിയിട്ടുള്ളു. പരീക്ഷയ്ക്കിനിയും ഏതാനും മണിക്കുറുകൾ ബാക്കിയുണ്ട്. മീനമ്മ ഒരു കൈയിൽ തന്റെ കുഞ്ഞിനെയും പിടിച്ച് കൊണ്ട് പുസ്തക താളുകൾ പതിയെ മറിച്ചുകൊണ്ട് എന്നിടൊന്നൊക്കെയോ ചില വാക്കുകൾ കൊത്തി പറക്കിയെടുത്തു. വന്നവർ വന്നവരായി ഹാളിൽ കയറാൻ തൂടങ്ങി. ഹാൾ ടിക്കറ്റ് ഒന്നു മോടിപിടിപ്പിക്കാം എന്ന വ്യാജേന ചുവന്ന പുറമുള്ള ഒരു ബുക്കെടുത്ത് അതിന്റെ ഓരോ താളുകളം ഒന്നിടവിടാതെ മറിച്ചുനോക്കി. ഒരു നിമിഷം അവളുടെ ഞരമ്പിലൂടെ തണപ്പിരമ്പി കയറി. തീഷ്ണമായ യാഥാർത്ഥ്യങ്ങളിലൂടെ വരണ്ട മരുപ്പുറങ്ങൾ തേടിയുള്ള യാത്ര ഇവിടം കൊണ്ടവസാനിച്ചോ, ദൈവമേ. ബാഗ് പുറം വലം തപ്പിതടഞ്ഞ് നോക്കി. ഇല്ല അത് ഇതിനകത്തില്ല. രണ്ടു വർഷത്തെ ശ്രമം പാഴായി പോകുമോ. അവൾ കണ്ണുനീർ മിഴികൾക്കുള്ളിൽ പിടിച്ചു നിറുത്താൻ ബന്ധപ്പെട്ടു. റോഡിന് പുറത്തേയ്ക്ക് നോക്കി, ഒരു കാളവണ്ടി പോലുമില്ല. ഇൻ ചെയ്ത പാന്റിട്ട ഒരു കുടവയറൻ മീനമ്മയുടെ പരക്കoപാച്ചിൽ കണ്ട് കാര്യമന്യേഷിച്ചറിഞ്ഞു. ഹാൾ ടിക്കറ്റില്ലങ്കിൽ പരീക്ഷ എഴുതാൻ പറ്റില്ലെന്ന അയാളുടെ വാക്കുകൾ മീനമ്മയെ തളർത്തി കളഞ്ഞു. സംസാരത്തിനിടയിൽ വഴിപോക്കനാണെന്നറിഞ്ഞപ്പോൾ തന്റെ സമയം നഷ്ടപ്പെടുത്തിയ അയാളിൽ അരിശം കൊണ്ടു. വാക്കുകളിൽ നിന്ന് കുതറിയോടാൻ ശ്രമിച്ചപ്പോൾ അയാൾ അവളോട് വീടെവിടെയെന്ന് ചോദിച്ചു. അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു, "ഇലഞ്ഞിത്തറ ". പിന്നെ അയാൾ ഒന്നും ചോദിച്ചില്ല. ദൃഡമായ സ്വരത്തിൽ ഒന്നുമാത്രം പറഞ്ഞു 'കുട്ടിയേയും കൊണ്ട് ഗേറ്റിന് മുന്നിൽ നിൽക്കുവാൻ'. ഒരു കൊച്ചു കുട്ടിയെ പോലെ മീനമ്മ അതനുസരിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ അയാളൊരു കാറുമായി വന്നു. ഒരു കിളവൻ അoബാസിഡർ. മിനമ്മയോട് കയറുവാൻ ആവശ്യപ്പെട്ടു. വിജ്ഞാനത്തിന്റെ പടവുകൾ തനിക്കിനിയും കയറുവാനുണ്ട്, അതിന് തനിക്ക് പരീക്ഷ എഴുതിയേ തീരു എന്ന അതിയായ ആഗ്രഹത്തിന്റെ പുറത്ത് അവളാ വണ്ടിയിൽ കയറി. വഴികൾ ശ്രദ്ധാപൂർവ്വം നോക്കി ഡോറിനടുത്ത് പറ്റിയിരുന്നു. എങ്ങാനും മറ്റെവിടെയെങ്കിലും കൊണ്ടു പോയാൽ ഡോർ തുറന്ന് പുറത്തേയ്ക്ക് ചാടാനായിരുന്നു പദ്ധതി. എന്നാലതി വേഗത്തിൽ ആ മനുഷ്യൻ അവളെ വീട്ടിലെത്തിക്കുകയും ഹാളിൽ കയറാൻ അഞ്ചു മിനിട്ടു മാത്രം അവശേഷിക്കേ ഇരട്ടി വേഗത്തിൽ തിരിച്ച് ഹാളിലെത്തിക്കുകയും ചെയ്തു. വെപ്രാളത്തിൽ അവൾ പേരു പോലും ചോദിക്കാൻ മറന്നു. ഒരു വിടർന്ന പുഞ്ചിരി നന്ദിയെന്ന വാക്കിനു പകരമായി നൽകി അവൾ ഓടിയകന്നു. വർഷങ്ങൾ കഴിഞ്ഞെങ്കിലും മീനമ്മ അയാളെ തിരഞ്ഞു നടന്നു. കണ്ടെത്താനായില്ല. ഒരുനാൾ അവൾ അയാളെ കണ്ടെത്തി. എന്നാലത് വർത്തമാനപത്രത്തിന്റെ നീണ്ടു നിവർന്ന ചരമ കോളത്തിലാണെന്നു മാത്രം.

അലീന റെയിച്ചൽ. ബി.
9 എ ഗവണ്മെന്റ് എച്ച് എസ് എസ് കുളത്തുമ്മൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കഥ