ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം ആരോഗ്യത്തിന്

Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തി ശുചിത്വം ആരോഗ്യത്തിന്

നല്ല ശീലങ്ങളാണ് മനുഷ്യരെ ആരോഗ്യമുളളവരാക്കുന്നത്. വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ, പകർച്ച വ്യാധികളെയും ജീവിതശൈലി രോഗങ്ങളേയും ഒഴിവാക്കുവാൻ കഴിയും.
കൂടെക്കൂടെയും ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പിട്ടു കഴുകുക. വയറിളക്ക രോഗങ്ങൾ, വിരകൾ, കുമിൾ രോഗങ്ങൾ തുടങ്ങി കോവിഡ്, സാർസ്‌ (SARS) വരെ ഒഴിവാക്കാം. പൊതുസ്ഥല സമ്പർക്കത്തിന് ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ട് കഴുകേണ്ടതാണ്. കൈയുടെ മുകളിലും വിരലിന്റെ ഇടയിലും എല്ലാം സോപ്പും വെള്ളവും ഉപയോഗിച്ച് ഇരുപത് സെക്കന്റ്‌ നേരത്തേക്കെങ്കിലും ഉരച്ചു കഴുകുന്നതാണ് ശരിയായ രീതി. ഇതുവഴി കൊറോണ, ഹെർപ്പിസ്, ഇൻഫ്ലുൻസ മുതലായവ പരത്തുന്ന നിരവധി വൈറസുകളെയും ചില ബാക്റ്റീരിയകളേയും ഒക്കെ എളുപ്പത്തിൽ കഴുകിക്കളയാം.
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മാസ്ക് ഉപയോഗിച്ചോ തുവാല കൊണ്ടോ മുഖം മറയ്ക്കുക. മാസ്ക്കോ തുവാലയോ ഇല്ലെങ്കിൽ ഷർട്ടിന്റെ കയ്യിലേക്കാകട്ടെ ചുമ. മറ്റുള്ളവർക്ക് രോഗം പകരാതിരിക്കാനും നിശ്വാസ വായുവിലെ രോഗാണുക്കളെ തടയുവാനും തുവാല ഉപകരിക്കും.വായ, മൂക്ക്, കണ്ണ് എന്നിവിടങ്ങളിൽ കഴിവതും തൊടാതിരിക്കുക.
പകർച്ചവ്യാധികൾ ഉള്ളവർ പൊതു സ്ഥലങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കുക. രോഗബാധിതരിൽ നിന്നും ഒരു മീറ്റർ എങ്കിലും സാമൂഹിക അകലം പാലിക്കുക. രോഗികളുടെ ശരീര സ്രവങ്ങളുമായി സമ്പർക്കത്തിൽ വരാതിരിക്കാൻ ശ്രദ്ധിക്കുക. പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക. ഉയർന്ന നിലവാരമുള്ള മാസ്ക്ക് (N 95) ഉപയോഗിക്കുന്നതും, ഹസ്തദാനം ഒഴിവാക്കുന്നതും, ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുന്നതും കൊറോണ പോലെയുള്ള രോഗാണുബാധകൾ ചെറുക്കും. നഖം വെട്ടി വൃത്തി ആക്കുന്നത് രോഗാണുക്കളെ തടയും. രാവിലെ ഉണർന്നാലുടൻ പല്ല് തേയ്ക്കണം, രാത്രിയിൽ ഉറങ്ങുന്നതിനു മുൻപും. ദിവസവും സോപ്പിട്ട് കുളിച്ച്‌ ശരീരശുദ്ധി വരുത്തണം.വൃത്തിയുള്ള വസ്ത്രം ധരിക്കുക. കഴിയുന്നതും വസ്ത്രങ്ങൾ കിടക്കകൾ എന്നിവ കഴുകി സൂര്യപ്രകാശത്തിൽ ഉണക്കുക.
ശുചിത്വശീലങ്ങളിലൂടെ പകർച്ചവ്യാധികളെ തട‍‍ഞ്ഞ് നല്ലൊരു നാളേക്കായി പ്രയത്നിക്കാം.

കൃഷ്ണേന്ദു ബി.എസ്
6 ബി ഗവൺമെൻറ്, ജി.എച്ച്.എസ്. എസ് പേരൂർക്കട
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം