എസ്. ഡി. പി. വൈ. കെ. പി. എം. എച്ച്. എസ്. എടവനക്കാട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
(കെ.പി.എം.എച്ച്.എസ്. എടവനക്കാട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
sdpykpmhs26022
26/01/2021 - മക്കൾക്കും അവരുടെ കൂട്ടുകാർക്കും കരുണയുടെ ബാലപാഠങ്ങൾ പകർന്നു നൽകാനുള്ള പരിശ്രമമായി അമ്മമാരുടെ നേതൃത്വത്തിൽ ഇരുന്നൂറോളം നിരാലംബർക്ക് ഭക്ഷണവിതരണം നടത്തി. എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്‌ക്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കളാണ് വ്യത്യസ്തമായ പ്രവർത്തനവുമായി രംഗത്തിറങ്ങിയത്.രക്ഷിതാക്കളുടെ വാട്‌സാപ്പ് കൂട്ടായ്മയിൽ രൂപം കൊണ്ട ആശയം സാക്ഷാത്ക്കരിക്കുവാനായി സാധനസാമഗ്രികളുമായി തിരഞ്ഞെടുക്കപ്പെട്ട രക്ഷകർത്താക്കൾ എടവനക്കാട് അണിയൽ പടിഞ്ഞാറുഭാഗത്തെ ഒരു വീട്ടിൽ ഒത്തുകൂടി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് രക്ഷിതാക്കളും വിദ്യാർത്ഥികളും ചേർന്ന് പാചകം ആരംഭിച്ചു. വിവരമറിഞ്ഞെത്തിയ സ്‌ക്കൂളിലെ മുൻ എസ്.പി.സി കേഡറ്റുകളുടെ കൂട്ടായ്മയിലെ അംഗങ്ങളും പരിപാടിയോട് സഹകരിക്കാനെത്തി. ഭക്ഷണം പ്രത്യേക പാക്കറ്റുകളിലാക്കി ആലുവ റെയിൽവേ സ്റ്റേഷനു സമീപത്ത് എത്തിച്ചു. തുടർന്ന് അമ്മമാരുടെ നേതൃത്വത്തിൽ അഗതികളും നിരാലംബരുമായവരെ കണ്ടെത്തി ഭക്ഷണം വിവരണം നടത്തി. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ അസിസ്റ്റന്റ് ജില്ലാ നോഡൽ ഓഫീസറായ പി.എസ് ഷാബു ഉദ്ഘാടനം ചെയ്തു. കോർ ടീം അംഗങ്ങളായ കെ.ആർ.ഷൈജി രാജേഷ്, കെ.പി.റജീന ഹക്കിം, എ.എ.ധന്യ, രാജി സന്തോഷ്, ജിസ്മി ഒ.ജി എന്നിവർ സംസാരിച്ചു.
14/02/2021 - രണ്ടുവർഷങ്ങൾക്ക് മുമ്പ് കാശ്മീരിലെ പുൽവാമയിൽ രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ധീരസൈനികർക്ക് ആദരമർപ്പിച്ച് എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്‌ക്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ. നായരമ്പലം വെളിയത്താംപറമ്പ് കടപ്പുറത്ത് കേഡറ്റുകളുടെ രക്ഷിതാക്കൾ ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ ധീരസൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. തുടർന്ന് കുട്ടികളും രക്ഷിതാക്കളും ചേർന്ന് ദീപങ്ങൾ കടലിൽ ഒഴുക്കി. എസ്.പി.സി കോർ ടീം അംഗമായ ഷൈജി രാജേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കളായ സൈഞ്ചൻ സെബാസ്റ്റിൻ, കെ.പി.റജീന, എ.എ ധന്യ എന്നിവർ സംസാരിച്ചു. അതിർത്തി കാക്കുന്ന സൈനികരുടെ ത്യാഗപൂർണ്ണമായ സേവനത്തെക്കുറിച്ച് ധാരണയുണ്ടാക്കുന്നതിനായി കേഡറ്റുകൾക്കായി സ്‌ക്കൂളിലെ എസ്പിസി യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ മത്സരങ്ങളും സംഘടിപ്പിക്കും
April 2 2021 ഓട്ടിസം ദിനത്തിൽ നമ്മുടെ കുട്ടി പോലീസ് സമ്മാന പൊതികളുമായി ഗീതു ഗിരീഷ് എന്ന ഒരു ചേച്ചിക്കുട്ടിയെ കാണാൻ പോയി നല്ല കുട്ടിയാണ് . ഗീതുമോൾ നല്ല സുന്ദരിക്കുട്ടി ....അവളുടെ ചിരി പോലും അതി മനോഹരം . അമ്മയും അച്ഛനും അനുജത്തിയുമാണ് ഉള്ളത്. ഞങ്ങൾ ചെന്നതും നല്ല സന്തോഷമായിരുന്നു ഗീതു മോൾക്ക് . സെറിബ്രൽ പാൾസി ബാധിതയാണ്. സംസാരിക്കുന്നുണ്ട് പക്ഷെ അത്ര ക്ലിയറല്ലാ എന്നു മാത്രം. പക്ഷെ കേൾവിശക്തി അത് കൂടുതലാണന്നാ അച്ഛനും അമ്മയും പറയണെ. ഒരാളുടെ സഹായം ഉണ്ടെങ്കിലെ നടക്കാൻ പറ്റൂ. എന്നാൽസ്വന്തംകാര്യങ്ങളെല്ലാം തനിയെ ചെയ്യും. ഒത്തിരി ഇഷ്ടം തോന്നിയ മകൾ എന്തായാലും അങ്ങിനെ ഒരു ചേച്ചി കുട്ടിക്ക് ഈ ദിനത്തിൽ വളരെ സന്തോഷം കൊടുക്കാൻ സാധിച്ചു.
29/05/2021 - കോവിഡ് ബാധിതർക്ക് കൈത്താങ്ങുമായി എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്ക്കൂളിലെ രക്ഷിതാക്കളും. എടവനക്കാട് ഗ്രാമപഞ്ചായത്തിലെ കോവിഡ് ബാധിതരായ 100 കുടുംബങ്ങൾക്കാണ് സ്ക്കൂളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റുകളുടെ രക്ഷിതാക്കളുടെ കൂട്ടായ്മ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തത്. 'ഞങ്ങളുണ്ട് കൂടെ' എന്ന പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്ത കിറ്റിൽ പോഷകാഹാരവസ്തുക്കളും പച്ചക്കറികളുമാണ് ഉൾപ്പെടുത്തിയിരുന്നത്. ഗ്രാമപഞ്ചായത്ത് ഓഫീസിൽ വച്ച് പ്രസിഡൻറ് അസീന അബ്ദുൾസലാം, വൈസ് പ്രസിഡൻറ് വി കെ ഇക്ബാൽ എന്നിവർക്ക് കേഡറ്റുകളായ ആദിൽ ഹക്കീം, ആഗ്നസ് വൊൾവീന കൊറേയ എന്നിവർ ചേർന്ന് കിറ്റുകൾ കൈമാറി. എസ്.പി.സി പിടിഎ കോർ ടീം അംഗങ്ങളായ അബ്ദുൾ ഹക്കീം, എ. എ റജീന, ഷൈജി രാജേഷ്, പഞ്ചായത്തംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
01/07/2021 - ഡോക്ടേഴ്സ് ദിനത്തോടത്തോടനുബന്ധിച്ച് ആയുർവ്വേദ ഡോക്ടർക്ക് ആദരവുമായി രക്ഷിതാക്കൾ. എസ്ഡിപിവൈ കെപിഎം ഹൈസ്ക്കൂളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതിയുടെ പിടിഎ കോർ ടീം അംഗങ്ങളായ രക്ഷിതാക്കളാണ് വ്യത്യസ്തമായ ഈ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്. എടവനക്കാട് ആയുർവേദ ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫീസറായ ഡോ.ജിൻസിയ്ക്ക് കുട്ടികളും രക്ഷിതാക്കളും ചേർന്ന് മെമൻറോ നൽകുകയും പൊന്നാടയണിച്ച് ആദരിക്കുകയും ചെയ്തു. രക്ഷിതാക്കളായ എ.എ അബ്ദുൾ ഹക്കീം, ഷൈജി രാജേഷ്, എൻ.കെ സുനിൽകുമാർ, എം.വി രാജേഷ്, അദ്ധ്യാപകൻ കെ.ജി ഹരികുമാർ, ഡിസ്പെൻസറി സ്റ്റാഫ് അജിത പി.കെ എന്നിവർ സംസാരിച്ചു.
06/08/2021 - ഹിരോഷിമ ദിനത്തിൽ യുദ്ധവിരുദ്ധസന്ദേശവുമായി എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്ക്കൂളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾ സഡാക്കോ കൊക്കുകൾ നിർമ്മിച്ചു. കടലാസുകൾ കൊണ്ട് കൊക്കുകളെ നിർമ്മിക്കുകയും അവ വീടിനുമുന്നിൽ തൂക്കി അലങ്കരിക്കുകയും ചെയ്തു കൊണ്ടായിരുന്നു ദിനാചരണം നടന്നത്. ഇവയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ട് പൊതുജനങ്ങളിലേക്കെത്തിക്കുക യുമായിരുന്നു കുട്ടികളുടെ ഉദ്യമം.
02/09/2021 - മറവി രോഗം ബാധിച്ച നിരാലംബരെ പരിപാലിക്കാനുള്ള ഡിമൻഷ്യ സെന്ററിലേക്ക് എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്‌ക്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് റെക്‌സിൻ ബെഡ് കവറുകൾ നൽകി. മറവിബാധിതരായവർ ഉപയോഗിക്കുന്ന കിടക്കകൾക്ക് റെക്‌സിൻ ബെഡ് കവറുകൾ ആവശ്യമുണ്ടെന്ന സോഷ്യൽ വർക്കർ കം അഡ്മിനിസ്ട്രറ്റർ ലിജോ ജോസിന്റെ അഭ്യർത്ഥന പ്രകാരമാണ് എസ്.പി.സി യൂണിറ്റ് മുൻകൈയ്യെടുത്ത് ഇവ തയ്യാറാക്കി നൽകിയത്.പുറമേ നിന്നുള്ള ഭക്ഷണം സ്വീകരിക്കാറില്ലെങ്കിലും അതിനുള്ള തുക സ്ഥാപനത്തിൽ അടച്ചാൽ അന്തേവാസികൾക്കുള്ള ഭക്ഷണം തയ്യാറാക്കി നൽകുന്നതിന് സൗകര്യമുണ്ടെന്ന് അഡ്മിനിസ്‌ട്രേറ്റർ പറഞ്ഞു. ഷൈജി രാജേഷ്, എ.എ. റജീന ഹക്കീം, സിന്ധു കുട്ടൻ, കെ.കെ. സ്വാതി എന്നിവർ ചേർന്ന് ഡിമൻഷ്യ സെന്ററിലെ ജീവനക്കാരായ നവ്യ ജോഫിൻ, ടി.പി. രതിമോൾ, പി.ആർ ഘോഷ്, സീനത്ത് ജലാൽ, കവിതമോൾ എന്നിവർക്ക് കൈമാറി.ഇന്ത്യയിലെ സർക്കാർ നിയന്ത്രണത്തിലുള്ള ഏക മുഴുവൻ സമയ ഡിമൻഷ്യരോഗികളുടെ പരിചരണ കേന്ദ്രം എടവനക്കാടാണ് പ്രവർത്തിക്കുന്നത്. കേരളത്തിന് അകത്തും പുറത്തു നിന്നുമായുള്ള 19 പേരാണ് ഇപ്പോൾ ഇവിടെയുള്ളത്. 2015ൽ എടവനക്കാട് പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ കെട്ടിടവളപ്പിനുള്ളിലാണ് സാമൂഹിക നീതി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഈ സ്ഥാപനം തുടക്കം കുറിച്ചത്. സൂപ്രണ്ടിനാണ് സ്ഥാപനത്തിന്റെ ചുമതല. കെ എസ്.ഐ.ഡിയുടെ ഭാഗമായി സോഷ്യൽവർക്കർ കം അംഡ്മിൻസ്‌ട്രേറ്ററും വയോഅമൃതം പദ്ധതിയുടെ ഭാഗമായി ഒരു ആയുർവ്വേദ ഡോക്ടറും ഒരു അറ്റൻഡറും ഇവിടെയുണ്ട്. രണ്ട് നഴ്‌സുമാരും ഒമ്പതു പരിചാരകരും അന്തേവാസികളെ പരിചരിക്കാൻ ഇവിടെയുണ്ട്.
30/11/2021 - അനാഥാലയങ്ങളിൽ കഴിയുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകാനുള്ള വിദ്യാർത്ഥികളുടെ പരിശ്രമത്തിന് സമൂഹത്തിൻറെ അഭൂതപൂർവ്വമായ പിന്തുണ. എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്ക്കൂളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റിലെ എസ്.വി.സി, എസ്.പി.സി കുട്ടികളുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു സമാഹരണപരിപാടി നടന്നത്. നോട്ടുപുസ്തകങ്ങൾ, പേനകൾ, കളിപ്പാട്ടങ്ങൾ, ഭക്ഷ്യവസ്തുക്കൾ, കളർ പെൻസിലുകൾ, ഇൻസ്ട്രുമെൻറ് ബോക്സുകൾ, പുത്തനുടുപ്പുകൾ എന്നിവയാണ് വിദ്യാർത്ഥികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നുമായി ശേഖരിച്ചത്. ശേഖരിച്ച വസ്തുക്കൾ വിവിധ അനാഥാലയങ്ങളിലെ കുട്ടികൾക്ക് കൈമാറുമെന്ന് എസ്.വി.സി മുനമ്പം സബ്ഡിവിഷൻ കോഡിനേറ്റർ മാത്യുപോൾ പറഞ്ഞു. സ്ക്കൂളിൽ സമാഹരിച്ച പഠനോപകരണങ്ങൾ ഹെഡ്മിസ്ട്രസ് സി. രത്നകല എറണാകുളം സ്റ്റുഡൻറ് പോലീസ് കേഡറ്റ് അസിസ്റ്റൻറ് നോഡൽ ഓഫീസർ പി.എസ് ഷാബുവിന് കൈമാറി. ഡ്രിൽ ഇൻസ്ട്രക്ടർ ഇ.എം പുരുഷോത്തമൻ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ആർ നിഷാര, അദ്ധ്യാപകരായ സുനിൽ മാത്യു, ജോസഫ് ആൻഡ്രൂ, എസ്.വി.സി സ്ക്കൂൾ കോഡിനേറ്റർ സിയ സാബു, സി.പി.ഒ ജി. പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.