ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/കൊറോണ എന്തു പഠിപ്പിക്കുന്നു?

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്തു പഠിപ്പിക്കുന്നു?

കോവിഡ്- 19' എന്ന മഹാമാരി നമുക്ക് പഴയ കാലത്തിലേക്കുള്ള ഒരു തിരിച്ചു പോക്കല്ലേ എന്ന് ചിന്തിച്ചു പോകുന്നു. ഈ കാലഘട്ടത്തിൽ എല്ലാവർക്കും വളരെ തിരക്കാണ്. ആരെയെങ്കിലും കണ്ടാൽ ഒന്നു പുഞ്ചിരിക്കാനോ സംസാരിക്കാനോ ആർക്കും നേരമില്ല. എന്നാൽ ഇപ്പോൾ തിരക്കുകളൊക്കെ ഒഴിഞ്ഞ് എല്ലാവരുമൊത്ത് വീട്ടിലിരിക്കാനും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനും പ്രാർത്ഥിക്കാനുമൊക്കെ എല്ലാവർക്കും ധാരാളം സമയം ലഭിക്കുന്നു. ചിലപ്പോഴൊക്കെ ഓർത്തു പോകും ഇതാണ് നല്ല സമയമെന്ന്. അയൽവക്ക സൗഹൃദങ്ങളും സന്തോഷങ്ങളും കൈമാറിയിരുന്ന ആ പഴയ കാലം തിരിച്ചു വരുന്നതു പോലെ തോന്നിപ്പോകുന്നു. ചക്കയ്ക്കു പകരം മാങ്ങയും ചീരയുമൊക്കെ കിട്ടിയിരുന്ന പഴയ കാലം, കാപട്യമില്ലാത്ത ഒരു മാവേലികാലത്തിലേക്കാണോ നമ്മെ ഈ കൊറോണകാലം കൊണ്ടെത്തിക്കുന്നത് ? പുകപടലങ്ങൾ നീങ്ങിയ ആകാശക്കാഴ്ചകളും, ശബ്ദകോലാഹങ്ങളില്ലാത്ത വഴിത്താരകളും തിരക്കുകളില്ലാത്ത കടകമ്പോളങ്ങളും നമുക്ക് അദ്ഭുതമാണ്. ഒരു സോപ്പ് പതയിൽ തീരാവുന്ന ഈ രോഗം ലോക രാഷ്ട്രങ്ങളെ ഞെട്ടിക്കുന്നെങ്കിൽ ഇതിൽ 'ദൈവത്തിൻ്റെ ഒരു കൈയ്യൊപ്പില്ലേ' എന്നുകൂടി ചിന്തിക്കേണ്ടിയിരിക്കുന്നു. സായംസന്ധ്യകളിൽ 'ഫാസ്റ്റ്ഫുഡിനെ ‘ ആശ്രയിക്കുന്നവരെ 'കൊറോണ 'പാചകം പഠിപ്പിച്ചു.വ്യത്യസ്ഥ രുചികളിൽ വയ്ക്കാനും വിളമ്പാനും മാതാപിതാക്കളും മക്കളും മത്സരിക്കുന്നു. ജാതി മത രാഷ്ട്രീയങ്ങൾക്കപ്പുറം മാനുഷിക മൂല്യങ്ങൾക്ക് വിലയുണ്ടെന്നും കൊറോണ പഠിപ്പിച്ചു.ചെറിയ ഒരു തലവേദനയ്ക്കു പോലും സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകൾ കയറിയിറങ്ങിയവർ സർക്കാർ ആശുപത്രിയും ആരോഗ്യ പ്രവർത്തകരും മാലാഖമാരാണെന്നറിയുന്നു. പാവപ്പെട്ടവൻ്റെ തീൻമേശയിലെത്തുന്ന റേഷൻഅരി ധനികനും ഇന്ന് അമൃതായി മാറുന്നു. അകലം പാലിക്കലും വ്യക്തി ശുചിത്വവും നമ്മുടെ ശീലങ്ങളായി മാറി. ഭാരതീയ സംസ്ക്കാരമാണ് നാം പിൻതുടരേണ്ടതെന്നും ഈ കാലം നമ്മെ ഓർമ്മിപ്പിക്കുന്നു. മദ്യാസക്തിയിൽ മുഴുകിയവരെയും കൊറോണ വെറുതെ വിട്ടില്ല. ലഹരിയില്ലാതെയും ജീവിക്കാമെന്ന് അവരെ പഠിപ്പിച്ചു.ലോകത്താകമാനം മരണസംഖ്യ ലക്ഷം കടന്നു പോകുമ്പോഴും മരിക്കുന്ന പ്രിയപ്പെട്ടവർക്കരികിൽ ഒന്നിരിക്കാനോ, അന്ത്യോപചാരം അർപ്പിക്കാനോ ആവാത്ത ബന്ധുക്കളുടെയും സ്നേഹിതരുടെയും ദീനരോദനങ്ങൾ മാധ്യമങ്ങളിലൂടെ കാണുമ്പോഴും നമ്മുടെ ഹൃദയം അറിയാതെ പിടയുന്നു. കേരളീയജനത അതിജീവനത്തിൻ്റെ പാതയിൽ അനുഭവജ്ഞാനം നേടിയവരാണ്. അതിനാൽ നമ്മുടെ പ്രിയപ്പെട്ട സർക്കാർ നല്കുന്ന എല്ലാ നിർദ്ദേശങ്ങളും നമുക്ക് ഓരോരുത്തർക്കും വേണ്ടിയാണെന്നുള്ള ബോധ്യത്തോടെ നമുക്ക് അനുസരിക്കാം. നമ്മെ പൂട്ടിയ എല്ലാ താഴുകളും തുറന്നു കൊണ്ട് പുതിയൊരു പാതയിലൂടെ സഞ്ചരിക്കാൻ ഈശ്വരൻ നമ്മെ അനുഗ്രഹിക്കട്ടെ. അതിനായി നമുക്കേവർക്കും കൈകോർക്കാം


ആരുഷ് ജിയോ കോശി
പത്ത്-ഡി. ഔവർ ലേഡീ ഓഫ് ഫാത്തിമ ജി എച്ച്.എസ്. കുമ്പളങ്ങി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം