എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ ആഘോഷങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഓണം ആഘോഷം 2017 -18

ലോക്കഡൗണിലും ഞങ്ങളുടെ ഓണാഘോഷം 2020-21

വഞ്ചിപ്പാട്ടിന്റെ വായ്ത്താരികളും കൊയ്ത്തുപാട്ടിന്റെ ശീലുകളും മുഴങ്ങിയിരുന്ന ഇടയാറന്മുളക്ക് കോവിഡ് 19 കരുതിവെച്ചത് ആഘോഷങ്ങളില്ലാത്ത ഒരു ഓണക്കാലം ആയിരുന്നു. വള്ളംകളിയും ഓണക്കളികളും സജീവമാകുന്ന പമ്പാനദിയും തീരങ്ങളും ഇത്തവണ നിശബ്ദമായി. മുൻകാലങ്ങളിൽ ഗംഭീരമായ ഓണാഘോഷങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന ഇടയാറന്മുള എഎംഎം ഹയർ സെക്കൻഡറി സ്കൂൾ ഇത്തവണ പുത്തൻ സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഓണാഘോഷത്തെ ഓരോ ഭവനങ്ങളിലും എത്തിച്ചു. കൂടിച്ചേരലുകളുടെയും കൂട്ടായ്മയുടെയും ഉത്സവമായ ഓണത്തെ ഓരോ ഭവനങ്ങളിൽനിന്നും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ ഒന്നിപ്പിക്കുന്നതിനും ഒരുമയുടെ സന്തോഷവും സന്ദേശവും ഏവരിലേക്കും എത്തിക്കുന്നതിനും ഈ വെർച്ച്വൽ ഓണാഘോഷങ്ങൾക്ക് സാധിച്ചു. പൂക്കളം, ഓണപ്പാട്ടുകൾ, പ്രച്ഛന്നവേഷം, വഞ്ചിപ്പാട്ട് തുടങ്ങിയവയും കോൽകളി, തിരുവാതിരകളി എന്നിവയുടെ ലഘു അവതരണങ്ങളും വെർച്വൽ ഓണാഘോഷത്തിന് മാറ്റുകൂട്ടി. അദ്ധ്യാപകരുടെ നിർദ്ദേശങ്ങൾക്കനുസരിച് ക്ലാസ്സ് ലീഡർമാർ നേതൃത്വം വഹിക്കുകയും മാതാപിതാക്കൾ പിന്തുണ നൽകുകയും ചെയ്തു.


ഓണാഘോഷങ്ങൾ2021-22

മലയാളികളുടെ ദേശീയോത്സവമാണ് ഓണം. ഓണാഘോഷത്തിന്റെ സമയത്ത് കേരളം സന്ദർശിക്കുന്ന മഹാബലിയുടെ ഓർമ്മയ്ക്കായാണ് നാം ഈ ആഘോഷം കൊണ്ടാടുന്നത്. ഇതിന്റെ ഭാഗമായി എ.എം.എം ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികൾ ഓണം വെർച്വൽ ആയി ആഘോഷിച്ചു.2021 ഓഗസ്റ്റ് മാസം അവസാന ആഴ്ചയാണ് ഓണം ആഘോഷിച്ചത്. ഈ ഓണാഘോഷ പരിപാടിയിൽ അദ്ധ്യാപകരും പങ്കെടുത്തിരുന്നു.കുട്ടികളുടെ വിവിധ ഇനം പ്രോഗ്രാമുകൾ യോഗത്തിൽ അവതരിപ്പിച്ചു. ഓണപ്പാട്ട്,ഡാൻസ്, പദ്യംചൊല്ലൽ ഓണത്തിന്റെ ഐതിഹ്യകഥകൾ, കുസൃതിചോദ്യങ്ങൾ, നാടൻപാട്ടുകൾ,ഓണത്തിനെ കുറിച്ചുള്ള ലഘു പ്രസംഗങ്ങൾ, എന്നിവ ഈ ഓണാഘോഷ പരിപാടിയിൽ അവതരിപ്പിക്കുകയുണ്ടായി.കുട്ടികളുടെ താലന്തുകൾ പ്രോത്സാഹിപ്പിക്കാനും, ഓണാഘോഷത്തിന്റെ പ്രസക്തി മറ്റുള്ളവരിലേക്ക് എത്തിക്കുവാനും സാധിച്ചു. മാനുഷ്യരെല്ലാം ഒന്നുപോലെ കള്ളവും,ചതിയും, വഞ്ചനയും ഇല്ലാതെ ഒന്നുപോലെ ജീവിച്ചിരുന്ന കാലത്തിന്റെ ഒരു ഓർമ്മ പുതുക്കൽ ഈ വിർച്വൽ ഓണാഘോഷ പരിപാടിയിലൂടെ കുട്ടികളിൽ എത്തിക്കുവാൻ സാധിച്ചു.

സഹജീവികളെ കരുതുക എന്ന ലക്ഷ്യത്തോടെയാണ് കുട്ടികൾ ഭവനങ്ങളിൽ ഓണം കൊണ്ടാടിയത്.വിവിധ ക്ലാസ്സുകളിലെ കുട്ടികൾ,അവരവരുടെ വീടുകളിൽ ഇട്ട അത്തപ്പൂവ്, ഊഞ്ഞാൽ ആട്ടം, സദ്യ വട്ടം ഒരുക്കുന്നത്, അവർ പാടിയ നാടൻപാട്ട് ഇങ്ങനെ ചെറുതും വലുതുമായ പരിപാടികൾ ഒത്തുചേർത്തുകൊണ്ട് ക്ലാസ്സ്‌ തലത്തിൽ വീഡിയോ നിർമ്മിച്ചു.ഗൂഗിൾ മീറ്റിലൂടെ സിനിയർ ടീച്ചർ അനില സാമൂവേൽ കുട്ടികൾക്കും, രക്ഷിതാക്കൾക്കും ആശംസകൾ അറിയിച്ചു. കുട്ടികൾ തയ്യാറാക്കിയ വീഡിയോ ഷെയർ ചെയ്ത് കാണിച്ചതിലൂടെ ഓണാഘോഷ പരിപാടികളുടെ തനിമ കുട്ടികൾക്ക് മനസ്സിലായി.

ക്രിസ്തുമസ് 2021-22

ഒരു ക്രിസ്മസ് കാലം കൂടി വരവായി. പുൽത്തൊഴുത്തിൽ ജാതനായ ഉണ്ണിയേശുവിന്റെ ജന്മദിനം ഓർമ്മ പുതുക്കുന്നതിന്റെ ഒരു പുലരികുടി എത്തുന്നു.ഈ കോവിഡ് മഹാമാരിക്കിടയിലും, എല്ലാ നിബന്ധനകളും പാലിച്ചുകൊണ്ട് ഇടയാറന്മുള എ.എം. എം ഹയർസെക്കൻഡറി സ്കൂളിൽ ക്രിസ്മസ് കരോൾ സർവീസ് വളരെയധികം ഭംഗിയായി നടത്തപ്പെട്ടു.

പ്രാരംഭഗാനം വളരെ മനോഹരമായി അധ്യാപകർ ആലപിച്ച ശേഷം, റവ.റെജി ഡാൻ ഫിലിപ്പ് പ്രാർത്ഥന നടത്തി.മാസ്റ്റർ അരുൺ കോശി യേശുവിന്റെ ജനനത്തെ ആസ്പദമാക്കിയുള്ള വേദഭാഗം വായിച്ചു.സ്വാഗത പ്രസംഗം നിർവഹിച്ചത് എച്ച് എം ഇൻചാർജ് ശ്രീമതി അനില സാമുവേൽ ആണ്. അധ്യക്ഷ പ്രസംഗം നടത്തിയത് സ്കൂൾ മാനേജർ റവ എബി ടി മാമ്മൻ അച്ഛനാണ്. സംഗീത അധ്യാപകനായ ശ്രീ അജിത് കുമാർ ടി സി ശ്രുതിമധുരമായ ഗാനമാലപിച്ചു. ക്രിസ്മസ് കരോൾ ഗാനങ്ങൾ അധ്യാപകരും, കുട്ടികളുംഅതി മനോഹരമായി ആലപിച്ചു എം.ടി എസ്.എസ് അസിസ്റ്റന്റ് സെക്രട്ടറി റവ.സനൽ ചെറിയാൻ സ്നേഹം,സന്തോഷം സമാധാനം എന്നിവയെക്കുറിച്ചും അച്ഛന്റെ ജീവിതത്തെ ആസ്പദമാക്കിയും സന്ദേശം നൽകി.

കുട്ടികളുടെ പരിപാടികൾ ആയ ടാബ്ലോ, സാന്താക്ലോസ്, എന്നിവയും വളരെ മനോഹരമായി വേദിയിൽ കുട്ടികൾ കാഴ്ചവച്ചു. കൊറിയോഗ്രാഫി ചെയ്തത് കുമാരി ശ്രേയ & പാർട്ടിയാണ്. കൃതജ്ഞത നിർവഹിച്ചത് ശ്രീമതി ഷീന മാത്യുവാണ് പ്രാർത്ഥനയോടുകൂടി ക്രിസ്മസ് കരോൾ സർവീസ് പര്യവസാനിച്ചു. ശ്രീമതി ഷീന മാത്യുവിന്റെ നേതൃത്വത്തിൽ നടന്ന ക്രിസ്മസ് കാരോൾ സർവീസിന്റെ അവതാരകയായി എത്തിയത് ശ്രീ ജെബി തോമസ്, ശ്രീമതി മേരി സാമുവൽ എന്നിവരാണ്. ക്രിസ്മസ് കരോൾ സർവീസ് ഡോക്യുമെന്റ് ചെയ്തത് ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ്.