ഉള്ളടക്കത്തിലേക്ക് പോവുക

എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/Say No To Drugs Campaign/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ

മദ്യം, മയക്കുമരുന്ന് ഇവ സമൂഹത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്നതായ ഒരു പശ്ചാത്തലത്തിൽ കൂടെയാണ് വിദ്യാർത്ഥികൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ലഹരിയുടെ കരാളഹസ്തങ്ങളിൽ പെടാതെ വിദ്യാഭ്യാസ കാലഘട്ടം പൂർത്തീകരിക്കുവാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുവാനായി വിവിധങ്ങളായ പരിപാടികളാണ് വിമുക്തി ക്ലബ്ബ് ആവിഷ്കരിച്ച് നടപ്പിലാക്കിയത്.

കൗൺസിലിംഗ്

കുട്ടികളുടെ വിവിധങ്ങളായ മാനസിക സംഘർഷങ്ങൾ സുരക്ഷിതമായി പങ്കുവയ്ക്കുന്നതിനായി വിവിധ  കൗൺസിലിംഗ് സെഷനുകൾ നടന്നുവരുന്നു.

വ്യക്തിഗത കൗൺസിലിംഗ്

ഡോ. മേഴ്സി മാത്യു എല്ലാ ആഴ്ചയും സ്കൂളിൽ എത്തി ആവശ്യമുള്ള കുട്ടികൾക്ക് കൗൺസിലിംഗ് നൽകുന്നു. കുട്ടികളുടെ വിവിധ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനും അതിനാവശ്യമായ പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിനും ഈ കൗൺസിലിംഗ് സെഷനിലൂടെ സാധിക്കുന്നു.

കൗൺസിലിംഗ് ക്ലാസുകൾ

കിടങ്ങന്നൂർ നവദർശൻ, മലയാലപ്പുഴ നവജീവ കേന്ദ്രം എന്നീ ലഹരി വിമോചന കേന്ദ്രങ്ങളിൽ നിന്നുള്ള കൗൺസിലർമാർ ഓരോ ക്ലാസിലെയും  വിദ്യാർഥികകളുമായി സംവദിച്ചു. മദ്യം ലഹരിവസ്തുക്കൾ ഇവയുടെ ദോഷങ്ങൾ എന്തൊക്കെയെന്ന് കുട്ടികൾക്ക് വളരെ വിശദമായി വിദഗ്ധർ പറഞ്ഞു കൊടുത്തു. കുട്ടികളുടെ വിവിധ സംശയങ്ങൾക്കും ഇവർ നിവാരണം വരുത്തി.

പോസ്റ്റർ പ്രദർശനം

കിടങ്ങന്നൂർ നവദർശൻ, തിരുവല്ല അനാംസ് എന്നീ ലഹരി വിമോചന സ്ഥാപനങ്ങളുമായി സഹകരിച്ച് വിപുലമായ പ്രദർശനം സംഘടിപ്പിച്ചു. മദ്യത്തിന്റെയും ലഹരിയുടെയും ദോഷങ്ങൾ ചിത്രീകരിക്കുന്നതായ വിവിധ ചിത്രങ്ങളും ലഹരി ആസക്തിയുടെ വിവിധ ഘട്ടങ്ങൾ കാണിക്കുന്ന ചാർട്ടുകളും ലഹരി വിമോചനം എങ്ങനെ സാധ്യമാക്കാം എന്നതിന്റെ പോസ്റ്ററുകളും ഈ പ്രദർശനത്തിന്റെ പ്രത്യേകതയായിരുന്നു. കുട്ടികൾ വരച്ച ലഹരിവിരുദ്ധ സന്ദേശം നൽകുന്ന പോസ്റ്ററുകൾ പ്രദർശനത്തിന് മാറ്റുകൂട്ടി.

തെരുവ് നാടകം

ലഹരി വിമോചനത്തിനായി പ്രവർത്തിക്കുന്ന മലയാലപ്പുഴ നവജീവ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ, സമൂഹത്തിൽ രാസലഹരിയുടെയും മദ്യത്തിന്റെയും ദോഷങ്ങൾ ചിത്രീകരിക്കുന്ന തെരുവുനാടകം അവതരിപ്പിക്കപ്പെട്ടു. മദ്യവും മയക്കുമരുന്നും കുടുംബങ്ങളെ എങ്ങനെയാണ് തകർക്കുന്നത് എന്ന് വളരെ മനോഹരമായി കലാകാരന്മാർ ഈ തെരുവ് നാടകത്തിലൂടെ അവതരിപ്പിച്ചു.

ലഹരിവിരുദ്ധ പ്രതിജ്ഞ

ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ വിമുക്തി ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ വിദ്യാർത്ഥികളും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.

"മയക്കുമരുന്നുകൾ ഉൾപ്പെടെയുള്ള നിയമ വിരുദ്ധ ലഹരി പദാർത്ഥങ്ങൾ സമൂഹത്തെ തകർക്കുന്ന മാരക വിപത്താണ് എന്ന് ഞാൻ തിരിച്ചറിയുന്നു. ലഹരിയോടുള്ള ആസക്തി അത് ഉപയോഗിക്കുന്ന വ്യക്തിയോടൊപ്പം കുടുംബത്തേയും സമൂഹത്തേയും പൂർണ്ണമായും നശിപ്പിക്കുമെന്ന് ഞാൻ മനസ്സിലാക്കുന്നു. നാളത്തെ പൗരൻമാരാവേണ്ട വിദ്യാർത്ഥികളും യുവജനങ്ങളും ലഹരിയുടെ കരാള ഹസ്തങ്ങളിൽ അകപ്പെടാതെ അവരെ സംരക്ഷിക്കുമെന്ന് ഞാൻ പ്രതിജ്ഞയെടുക്കുന്നു. നിയമവിരുദ്ധ ലഹരി പദാർത്ഥങ്ങൾ സൂക്ഷിക്കുകയോ, ഉപയോഗിക്കുകയോ, വിൽക്കുകയോ ഉപയോഗിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയോ ചെയ്യുകയില്ലെന്നും ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളിയായി നാടിനോടും ജനങ്ങളോടുമുള്ള എന്റെ കടമ നിറവേറ്റുമെന്നും ഞാൻ  പ്രതിജ്ഞ ചെയ്യുന്നു. ജീവിതമാണ് ലഹരി എന്ന ആശയം ജീവിതത്തിൽ പകർത്തി ലഹരി മുക്ത നവകേരളം പടുത്തുയർത്താൻ എന്റെ എല്ലാ കഴിവുകളും വിനിയോഗിച്ച് പ്രവർത്തിക്കുമെന്ന് ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി എന്ന നിലയിൽ ഞാൻ ഞാൻ പ്രതിജ്ഞ ചെയ്യുന്നു."

വിവിധ മത്സരങ്ങൾ

വിവിധ സ്കൂളുകളിലെ കുട്ടികളെ ഉൾപ്പെടുത്തി എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലായി പ്രസംഗം, ഉപന്യാസം, ചിത്രരചന, പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തപ്പെട്ടു.

പ്രസംഗം

ഉപന്യാസം

ചിത്രരചന

പോസ്റ്റർ നിർമ്മാണം

ലഘുലേഖ വിതരണം

മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ദോഷങ്ങൾ വിവരിക്കുന്നതായ ലഘുലേഖകൾ സ്കൂൾ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും വിതരണം ചെയ്തു.

ബോധവൽക്കരണ സമ്മേളനം

ഇടയാറന്മുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളിലെ വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള ലഹരി വിരുദ്ധ ബോധവൽക്കരണ സമ്മേളനം മലങ്കര മാർത്തോമാ സുറിയാനി സഭ ചെങ്ങന്നൂർ മാവേലിക്കര ഭദ്രാസന അധ്യക്ഷൻ അഭിവന്ദ്യ തോമസ് മാർ തീമത്തിയോസ് എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ സമിതി കൺവീനർ റവ. ഡോ. റ്റി. റ്റി. സക്കറിയ  ക്ലാസുകൾക്ക് നേതൃത്വം നൽകി. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.