എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/History/ഡോ:ഏബ്രഹാം മാർത്തോമ്മ മെത്രാപോലിത്ത

ഡോ:ഏബ്രഹാം മാർത്തോമ്മ മെത്രാപോലിത്ത

1917 ൽ സ്ഥാനത്തെത്തിയ എബ്രഹാം മാർത്തോമ്മ ആത്മീയവും സാമൂഹികവുമായ പുരോഗതിക്കായി അക്ഷീണം പരിശ്രമിച്ചു. സഭയുടെ വളർച്ചയ്ക്കൊപ്പം തന്നെ സാമൂഹിക പരിഷ്കരണത്തിലും അദ്ദേഹം ശ്രദ്ധയൂന്നി. ഭാരതത്തിലുടനീളം സുവിശേഷം അറിയിക്കുന്നതോടൊപ്പം അവികസിത മേഖലകളിൽ വികസനത്തിന്റെ വെള്ളിവെളിച്ചം എത്തിക്കണം എന്ന് അദ്ദേഹം ആഗ്രഹിച്ചു. സഭാ സേവനത്തിലും സാമൂഹിക സേവനത്തിലും താല്പര്യമുള്ള യുവാക്കളെ കണ്ടെത്തി പ്രോത്സാഹനം നൽകി.

സ്വമേധാദാന പ്രസ്ഥാനം സഭയിൽ രൂപപ്പെടുത്തി സാമൂഹ്യസേവന മേഖലകളെ അദ്ദേഹം ശക്തമാക്കി. ഭാരതത്തിന്റെ വിദൂരഗ്രാമങ്ങളിൽ അദ്ദേഹം ആരംഭിച്ച ആശ്രമങ്ങൾ ആ മേഖലയുടെ വികസനത്തിന് മുഖാന്തരം ആയി. സമൂഹത്തിന്റെ പുരോഗതിയിൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയിരുന്ന എബ്രഹാം മാർത്തോമാ മെത്രാപോലിത്ത സ്കൂളുകളുടെയും കോളജുകളുടെയും സ്ഥാപനത്തെ പ്രോത്സാഹിപ്പിച്ചു. സഭയുടേയും ഇടവകകളുടെയും നേതൃത്വത്തിൽ സ്കൂളുകൾ പലതും ആ കാലഘട്ടത്തിൽ ആരംഭിച്ചു. നിവൃത്തിയുള്ള പള്ളികളോട് ചേർന്ന് പള്ളിക്കൂടങ്ങൾ ആരംഭിക്കണമെന്ന് അദ്ദേഹം നിഷ്കർഷിച്ചിരുന്നു. ഒരു ദേശീയവാദിയായിരുന്നു അദ്ദേഹം. 1947 സെപ്റ്റംബർ ഒന്നിന് കാലം ചെയ്തു.