എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി


സൗരയൂധത്തിലെ മറ്റു ഗ്രഹങ്ങളെ അപേക്ഷിച്ച് ജൈവഘടന നിലനിൽക്കുന്ന ഗ്രഹമാണ് ഭൂമി. മനുഷ്യന് ചുറ്റും കാണുന്നതും, പ്രകൃതിദത്തവുമായ അവസ്ഥയാണ് നമ്മൾ പരിസ്ഥിതി എന്നു പറയുന്നത്. എല്ലാവിധത്തിലുമുള്ള മൃഗങ്ങളും സസ്യങ്ങളും ഉൾപ്പെടുന്നതാണ് പ്രകൃതി. പരസ്പര ആശ്രയത്തിലൂടെയാണ് ജീവിവർഗ്ഗവും ജന്തുവർഗ്ഗവും നിലനിൽക്കുന്നത്. ഒന്നിനും ഒറ്റപ്പെട്ടു ജീവിക്കാനാവില്ല. മനുഷ്യൻ കേവലം ഒരു ജീവിയാണ്. വിശേഷാൽ ബുദ്ധിയുള്ള ജീവി. പ്രകൃതിയെ ആശ്രയിച്ചാണ് മനുഷ്യൻ കഴിയുന്നത്. പ്രകൃതിയിലെ ചൂടും, തണുപ്പും, കാറ്റും ഏൽക്കാതെയും ഉൾക്കൊള്ളാതെയും അവന് ജീവിക്കാനാവില്ല. പരിസ്ഥിതിയെക്കുറിച്ച് പറയുമ്പോൾ മലിനീകരണത്തെക്കുറിച്ചാണ് നമ്മൾ ആദ്യം ചിന്തിക്കേണ്ടത്. പരിസ്ഥിതിക്ക് ഹാനികരമായ മനുഷ്യന്റെ കർമ്മങ്ങൾ എന്തൊക്കെയാണ്...? നിരവധി രൂപത്തിലുള്ള മലിനീകരണങ്ങളാണ് നാം അഭിമുഖീകരിക്കുന്നത്. ശബ്ദ മലിനീകരണം, ജലമലിനീകരണം, അന്തരീക്ഷ മലിനീകരണം, പ്രകൃതി മലിനീകരണം. ജൈവ ഘടനയിൽ തന്നെ മാറ്റം വരുത്തുവാൻ പ്ലാസ്റ്റിക് പോലുള്ള ഉൽപന്നങ്ങൾക്കു കഴിയും. പ്രകൃതിയിൽ വനങ്ങളുടെ സ്വാധീനം വളരെ വലുതാണ്. വനനശീകരണം ഭൂമിയിലെ ജൈവഘടനയിൽ തന്നെ ശക്തമായ മാറ്റങ്ങൾ വരുത്തി. മലകളും, കുന്നുകളും ഇടിച്ചു നിരത്തി ഫ്ലാറ്റുകളും മറ്റും പണിയുന്നത് ഉരുൾപൊട്ടലും മണ്ണിടിച്ചിലും പോലെയുള്ള പ്രകൃതിക്ഷോഭത്തിന് കാരണമാകുന്നു. കൃഷിയുടെ തുടക്കമാണ് വനനശീകരണത്തിന് തുടക്കമിട്ടത്. മരങ്ങൾ വെട്ടി മുറിച്ചും, വന്യജീവികളെ കൊന്നൊടുക്കിയും ഇപ്പോൾ മനുഷ്യർ വനങ്ങളെ കൃഷിഭൂമികളാക്കി മാറ്റുകയാണ്. ഇതൊരു പരിധി വരെ ന്യായീകരണമാണെങ്കിലും പരിധി വിട്ടുള്ള വനനശീകരണം മനുഷ്യനാശത്തിനു തന്നെ ഇടയാക്കുന്നു. വിഷവാതകങ്ങൾ സ്വീകരിച്ച് മനുഷ്യന്, പ്രാണവായു നൽകുന്ന മരങ്ങളും സസ്യങ്ങളും അവ ഉൾപ്പെട്ട വനങ്ങളും നശിപ്പിക്കുന്നത് നമ്മൾ തന്നെയാണ്. മഴ പെയ്യിക്കുന്നതും, താപനിലയെ മെച്ചപ്പെടുത്തുന്നതും, മണ്ണൊലിപ്പ്, വെള്ളപ്പൊക്കം ഇവയെ തടയുന്നതിനും വനങ്ങളുടെ പങ്ക് വളരെ പ്രധാനമാണ്. വനനശീകരണത്തിന്റെ ഫലമായി ചിലയിനം സസ്യങ്ങളും, മൃഗങ്ങളും ഭൂമിയിൽ നിന്നും എന്നന്നേക്കുമായി ഇല്ലാതായി. വ്യവസായത്തിന് വേണ്ട തടിയും, പാചകത്തിന് വേണ്ട വിറകും, ധാരാളം ഔഷധസസ്യങ്ങളും, കാലിതീറ്റയും, സുഗന്ധദ്രവ്യങ്ങളും, പച്ചിലവളവും എല്ലാം ലഭിക്കുന്നത് വനത്തിൽ നിന്നാണ്.


അടുത്തതായി വളരെ പ്രാധാന്യമുള്ള ഒന്നാണ് 'ജലം' നമ്മുടെ നാട് ഇന്ന് നേരിട്ടു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് നദികൾ മലിനമായി മാറിക്കൊണ്ടിരിക്കുന്നത്. നദീമലിനീകരണത്തിനുള്ള കാരണം മനുഷ്യന്റെ ഇടപെടലുകളാണ്. നദികളിൽ നിക്ഷേപിക്കുന്ന മാലിന്യങ്ങൾ അതായത്, നദികളിലേക്ക് വലിച്ചെറിയുന്ന ഉപയോഗ ശൂന്യമായ വസ്തുക്കൾ, പ്ലാസ്റ്റിക്, ഇരുമ്പ്, ഭക്ഷ്യ അവശിഷ്ടങ്ങൾ തുടങ്ങിയവ കുന്നു കൂടി നദികളെ നശിപ്പിക്കുന്നു. ഫാക്ടറികളിൽ നിന്നും ഒഴുകിയെത്തുന്ന രാസവസ്തുക്കൾ, ഓടകളിൽ നിന്നും പൊട്ടിയൊഴുകുന്ന മലിന ജലം, തീരങ്ങളിലെ വ്യവസായങ്ങൾ, കൃഷി സംബന്ധമായ കീടനാശിനികളിൽ നിന്നും, മലിനജലം കെട്ടിനിൽക്കുന്ന ടാങ്കുകളിൽ നിന്നും, പട്ടണങ്ങളിലെ അഴുക്കു കളയുന്ന പൈപ്പുകളിലുണ്ടാകുന്ന ചോർച്ചകളിൽ നിന്നും, എൻഡോസൾഫാൻ പോലുള്ള കീടനാശിനികളുടെ ഉപയോഗവും നദികൾ മലിനമാകാൻ കാരണമാകുന്നു. പ്ലാസ്റ്റിക്ക് ജലത്തിലെ ഓക്സിജന്റെ അളവ് കുറയ്ക്കും. ഇതുകൊണ്ടുള്ള ദോഷങ്ങൾ - മത്സ്യങ്ങൾ ചത്തുപൊങ്ങുന്നു. കുടിവെള്ളം വിഷമായി തീരുന്നു. രാസവസ്തുക്കളും, മാലിന്യങ്ങളും നിറഞ്ഞ വെള്ളം തീരത്തുള്ളവരെ നിത്യരോഗികളാക്കുന്നു. 'വായു' - ഭൂമിയിലെ സർവ്വചരാചരങ്ങൾക്കും വായു അത്യന്താ പേക്ഷിതമാണ്. വായുവില്ലാതെ ജീവൻ നിലനിൽക്കുകയില്ല. വായു എങ്ങനെ മലിനമാകുന്നു ? ഖര, ദ്രാവക, വാതക പദാർത്ഥങ്ങൾ, രാസപദാർത്ഥങ്ങൾ, ശബ്ദം എന്നിവ നിശ്ചിത അളവിൽ കൂടുതലായി അന്തരീക്ഷത്തിൽ കലർന്ന് ഭൂമിയിലെ ജീവജാലങ്ങളെ പ്രത്യക്ഷമായോ, പരോക്ഷമായോ ബാധിക്കുന്നവയെയാണ് വായു മലിനീകരണം എന്ന് പറയുന്നത്. ഇവ പ്രധാനമായും രണ്ടു തരത്തിൽ ഉണ്ടാകുന്നു. മനുഷ്യ നിർമ്മിതവും, പ്രകൃതിയിൽനിന്നും ഉണ്ടാകുന്നവയും. വാഹനങ്ങളിൽ നിന്നും പുറപ്പെടുന്ന കാർബൺ മോണോക്സൈഡ് പോലുള്ള വാതകങ്ങൾ, ഫാക്ടറികൾ , വൻവ്യവസായ ശാലകൾ, പാചകത്തിനുപയോഗിക്കുന്ന വാതകങ്ങൾ, വിറകുകൾ, താപ വൈദ്യുതി നിലയങ്ങൾ എന്നിവയാണ് മനുഷ്യ നിർമ്മിത മലിനീകരണം. അന്തരീക്ഷത്തിൽ പൊടിക്കാറ്റ്, അഗ്നിപർവ്വത സ്ഫോടനം, കാട്ടുതീ മുതലായവയാണ് പ്രകൃതിയിൽ നിന്നുമുണ്ടാകുന്നവ. പരിസ്ഥിതി മലിനീകരണം തടയുന്നതിന് വേണ്ടിയും പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും മനുഷ്യന്റെ പങ്ക് വളരെ വലുതാണ്. അതിനായി, നമ്മൾ മുറിച്ചു മാറ്റിയ മരങ്ങൾക്കു പകരം മറ്റു മരങ്ങൾ വച്ചുപിടിപ്പിക്കാൻ നമുക്ക് കഴിയണം. മലിനീകരിക്കപ്പെട്ട പുഴകളേയും, തടാകങ്ങളേയും നിർമലിനീകരിക്കുവാൻ നമുക്ക് കഴിയണം. അന്യംനിന്നു പോകാറായ മൃഗങ്ങളെ സംരക്ഷിക്കണം. തുടച്ചു മാറ്റപ്പെട്ടു എന്ന് നാം കരുതുന്ന ജീവികളേയും സസ്യങ്ങളേയും കണ്ടെത്താൻ പരമാവധി ശ്രമിക്കണം. ജൈവ വളങ്ങൾ കൂടുതൽ ഉപയോഗിക്കുകയും ബയോളജിക്കൽ കൺട്രോൾ ഏർപ്പെടുത്തുകയും ചെയ്യണം. തരിശായി കിടക്കുന്ന പാടശേഖരങ്ങൾ കൃഷിക്കനുയോജ്യമാക്കിമാറ്റണം. തോടുകളും, കുളങ്ങളും, തടാകങ്ങളും പുനരുജ്ജീവിപ്പിക്കുക. ആരോഗ്യമുള്ള നല്ലൊരു യുവതലമുറക്കു വേണ്ടിയും, നല്ലൊരു നാളേക്കു വേണ്ടിയും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് നാം ബോധവാന്മാരാകേണ്ടത് അത്യന്താപേക്ഷിതമാണ്. ആയതിനാൽ സ്കൂൾ തലം മുതൽ നമ്മൾ ഓരോരുത്തരും ഇതിനായി പ്രയത്നിക്കണം.

ദേവനന്ദ എസ്
6 ബി എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറൻമുള
ആറന്മുള ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത