എ.എം.എം.എച്ച്.എസ്. പുളിക്കൽ/അക്ഷരവൃക്ഷം/കാലാവസ്ഥാ വ്യതിയാനവും ജൈവവൈവിധ്യ ശോഷണവും

Schoolwiki സംരംഭത്തിൽ നിന്ന്
കാലാവസ്ഥാ വ്യതിയാനവും ജൈവവൈവിധ്യ ശോഷണവും

കാലാവസ്ഥാ വ്യതിയാനവും ജൈവവൈവിധ്യ ശോഷണവും

ഇന്ന് ആഗോള തലത്തിൽ തന്നെ നിരവധി ചർച്ചകൾക്കും ഗവേഷണങ്ങൾക്കും വിധേയമായി ക്കൊണ്ടിരിക്കുന്ന വിഷയമാണ് ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും. നാം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ചുഴലിക്കാറ്റുകൾ, പേമാരി, വരൾച്ച തുടങ്ങി പല പ്രകൃതി ദുരന്ത ങ്ങൾക്കും കാരണം ആഗോളതാപന ഫലമായുാകുന്ന കാലാവസ്ഥാ വ്യതിയാനമാണെന്ന് ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചിരിക്കുന്നു. കേരളത്തിൽ ഈയിടെയുണ്ടായ പേമാരിയും അതിൽപ്പെടും. കടൽ നിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണെന്നത് നമ്മെ ഏവരേയും അസ്വസ്ഥരാക്കുന്നു. ഇത്രത്തോളം ചർച്ച ചെയ്യപ്പെടാതെ പോകുന്നതും എന്നാൽ ഏറെ പ്രാധാന്യമർഹിക്കുന്നതുമായ ഒന്നാണ് കാലാവസ്ഥാ വ്യതിയാനം മൂലമുാകുന്ന ജൈവവൈവിധ്യ ശോഷണം. ഇതിനെല്ലാം മുഖ്യകാരണക്കാരൻ പരിണാമ ദശയിലെ അവസാന കണ്ണിയായ മനുഷ്യനാണത്രേ!

ഭൂമിയിലെ വിവിധ പ്രദേശങ്ങളിൽ നിലനിൽക്കുന്നതും ചാക്രികമായി മാറിക്കൊണ്ടിരി ക്കുന്നതുമായ കാലാവസ്ഥയിൽ സംഭവിക്കുന്ന വ്യതിയാനങ്ങളെയാണ് കാലാവസ്ഥാ വ്യതിയാനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിന് ഹേതുവാകുന്നത് അന്തരീക്ഷത്തിൽ ഹരിതഗൃഹ വാതക

ങ്ങളുടെ വർദ്ധനമൂലമുാകുന്ന ആഗോള താപനമാണ്. മനുഷ്യന്റെ അനിയന്ത്രിതമായി പ്രവർത്തന ങ്ങളാൽ ഭൂമണ്ഡലത്തിന്റെ ശരാശരി ഉൗഷ്മാവ് ഉയരുന്ന പ്രവണതയാണ് ആഗോളതാപനം എന്നതുകൊണ്ട് വിവക്ഷിക്കുന്നത് .ഭൂമിയുടെ ചൂട് കൂടിക്കൊണ്ടിരിക്കയാണെന്ന് ശാസ്ത്രജ്ഞർ

മുന്നറിയിപ്പ് നൽകിയിട്ട് നാളേറെയായി.

അന്തരീക്ഷത്തിലെ 1% മാത്രം - വരുന്ന ആറ് ഇനം വാതങ്ങളുടെ വർദ്ധനവാണ്

ഹരിതഗൃഹപ്രഭാവത്തിന് പ്രധാന കാരണം. കാർബൺഡയോക്സൈഡ്, നൈട്രസ് ഓക്സൈഡ്, മീഥേൻ, സൾഫർഹെക്സ ഫ്ളൂറൈഡ്, ഹെഡാഫ്ളൂറോ കാർബണുകൾ, പെർഫ്ളൂറോ കാർബണുകൾ എന്നിവയാണവ. ഫോസിൽ ഇന്ധനങ്ങളുടെ ജ്വലനം (പ്രധാനമായും മോട്ടോർ വാഹനങ്ങളിൽ നിന്നും വ്യവസായ ശാലകളിൽ നിന്നും), ജൈവ മാലിന്യങ്ങളുടെ ഓക്സിജന്റെ അഭാവത്തിലുള്ള ജീർണ്ണനം (പ്രധാനമായും ചാണകം), മറ്റു ജൈവ അജൈവ വസ്തുക്കളുടെ ജ്വലനം, ശീതീകരിണികളിലെ വാതകങ്ങൾ ചോരുന്നത് എന്നിവയാണ് ഈ വാതകങ്ങളുടെ പ്രധാന സ്രോതസ്സുകൾ.ചൂടിനെ ആഗിരണം ചെയ്യുന്നു എന്നതാണ് ഈ വാതകങ്ങളുടെ പ്രത്യേകത. രാസവള-കീടനാശിനികളുടെ വിവേചന രഹിതമായ ഉപയോഗവും വനനശീകരണവും മറ്റു

കാരണങ്ങളാണ്.

ജൈവ വൈവിധ്യ സംരക്ഷണം എന്തുകൊണ്ട് പ്രാധാന്യമർഹിക്കുന്നു? ഭൂമിയിൽ കരയിലും

കടലിലും മറ്റെല്ലാ ജലീയ ആവാസവ്യവസ്ഥകളിലും വസിക്കുന്ന വൈവിധ്യമാർന്ന എല്ലാ ജീവസമൂഹങ്ങളും അവയുടെ വിഭിന്നമായ ആവാസവ്യവസ്ഥകളും ചേർന്നതാണ് ജൈവവൈവിധ്യം. അനേകലക്ഷം ജീവജാതികൾ ഭൂമുഖത്തുണ്ട്. ഇവയുടെ സഹവർത്തിത്വവും പരസ്പരാശ്രിതത്വവും വളരെ പ്രധാനപ്പെട്ടതാണ്. ഏതൊരു ജീവി വർഗ്ഗത്തിന്റെ നാശവും മറ്റനേകം ജീവിവർഗ്ഗങ്ങളെ ബാധിച്ചേക്കാം.ഡോഡോ പക്ഷി - കാൽവേറിയ മേജർബന്ധം നാംമനസ്സിലാക്കിയിട്ടുണ്ട്.. ജൈവ് - വൈവിധ്യമാണ് ഭക്ഷ്യശൃംഖലയെയും ആവാസവ്യവസ്ഥയെയുംനിലനിർത്തുന്നത്. ആവാസവ്യവസ്ഥ വൈവിധ്യവും ജന തികവൈവിധ്യവും ജീവജാതി വൈവിധ്യവും സംരക്ഷിക്കപ്പെടേതുണ്ട്. ഉഷ്ണമേഖലാ മഴക്കാടുകളും പവിഴപ്പുറ്റുകളും ജൈവവൈവിധ്യ കലവറകളാണ്. ജൈവവൈവിധ്യം എന്നത്

ഭൂമിയുടെ ആരോഗ്യമാണ് ,സൗന്ദര മാണ് ,സന്തോഷമാണ് ,നിലനിൽപാണ്.

ജൈവവൈവിധ്യ ശോഷണത്തിന് നിരവധി കാരണങ്ങളുണ്ട്.കാലാവസ്ഥാ വ്യതിയാനം ജൈവവൈവിധ്യത്തെ എങ്ങനെ പ്രതികൂലമായി ബാധിക്കുന്നു എന്നതിനെ

സംബന്ധിച്ച് പുറത്തുവന്ന ചില വിവരങ്ങൾ പരിശോധിക്കാം. ധ്രുവപ്രദേശങ്ങളിലെ ജീവജാലങ്ങളാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് ധ്രുവക്കരടി, പെൻഗ്വിൻ, വാൽറസ്, തിമിംഗലം, സീൽ തുടങ്ങിയവ നാശത്തിന്റെ വക്കിലാണ്. മഞ്ഞുരുക്കമൂലം അവയുടെ ആവാസവ്യവസ്ഥക്ക് കാതലായ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നു. ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കുന്ന പക്ഷിയായ ആർട്ടിക് ടേണും നാശത്തിന്റെ പിടിയിൽ തന്നെ . മറ്റ് ദേശാടനപക്ഷികളുടെ കാര്യവും വ്യത്യസ്തമല്ല. സൈബീരിയൻ കൊക്കുകളെ ഇന്ത്യയിൽ അവസാനമായി കണ്ടത് 2002-ൽ ആയിരുന്നു. കടലൂണ്ടിയിൽ ദേശാടനപക്ഷികളുടെ എണ്ണത്തിൽ

കുറവുണ്ടായതായി നാട്ടുകാർ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

കോസ്റ്റാറിക്കയിലെ സുവർണ്ണ മരത്തവള കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇരയായി ഭൂമുഖത്തുനിന്നും എന്നന്നേക്കുമായി അപ്രത്യക്ഷമായി. പർവ്വത നിരകളിൽ മാത്രം കാണപ്പെടുന്ന

70 ഇനം തവളകൾ ആഗോളതാപനം മൂലം വംശമറ്റുപോയതായി പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നു. ഹിമാലയം പോലുള്ള മഞ്ഞുമൂടിക്കിടക്കുന്ന പർവ്വത നിരകളിലെ പല സസ്യ-ജന്തു ജാലങ്ങളുടെ എണവും ഭീതിതമായി കുറഞ്ഞുവരുന്നുണ്ട്. ഹിമാലയത്തിൽ മാത്രം കാണപ്പെടുന്ന ഹിമാലയൻ കരടി, ഹിമാലയൻ താർ, ഹിമപ്പുലി, യാക്ക്, ഫിർ, ദേവതാരു, ചിനാർ തുടങ്ങിയ സസ്യ ജന്തുജാലങ്ങൾ വംശനാശ ഭീഷണിയിലാണ്. 2018 വർഷത്തെ മൂന്നാർ മലനിരകളിലെ നീലക്കുറിഞ്ഞ വസന്തത്തിന് കാലാവസ്ഥാ വ്യതിയാനം ക്ഷതമേൽപ്പിച്ചു. താപനിലയിലെ വ്യതിയാനം സസ്യവൃക്ഷാദികളുടെ പലായനത്തിനും മരുഭൂവൽക്കരണത്തിനും കാരണമാകുന്നു. സമുദ്രങ്ങളാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതം അനുഭവിക്കുന്ന മറ്റൊരു മേഖല. അന്തരീക്ഷത്തിലെ കാർൺഡയോക്സൈഡിന്റെ വർദ്ധന സമുദ്രജലത്തിലെ PH മൂല്യം കുറയ്ക്കുകയും അതിനെ കൂടുതൽ അമ്ലതയിലേക്കെത്തിക്കുകയും ചെയ്യും. ജൈവവൈവിധ്യ കലവറയായ പവിഴപ്പുറ്റുകൾ അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഈ ആവാസവ്യവസ്ഥയിലെ ഒട്ടനവധി ജീവജാലങ്ങളും ഇതോടൊപ്പം നാശമടയുന്നു. പവിഴ ദ്വീപായ ലക്ഷദ്വീപും ഇതിൽപ്പെടും.സമുദ്രജലത്തിന്റെ അമ്ലീകരണം മൂലം പവിഴ ജീവികളുടെ ശരീരത്തിൽ സഹജീവിയായി വർത്തിക്കുന്ന "സൂസാന്തല്ല' എന്ന ആൽഗകൾ നശിക്കുകയും പവിഴപ്പുറ്റുകളുടെ ബ്ലീച്ചിങ്ങിനു കാരണമാവുകയും ചെയ്യുന്നു. മാന്നാർ, ആൻഡമാൻ, ലക്ഷദ്വീപ് കടലുകൾ എന്നിവിടങ്ങളിൽ ഈ പ്രതിഭാസം വ്യാപകമാവുന്നതായി പഠനറിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തീരസമുദ്രത്തിലെ"കടൽപ്പുല്ല്' ആവാസവ്യവസ്ഥയുടെ നാശം ഒട്ടനവധി മത്സ്യങ്ങളെയും,വംശനാശത്തിന്റെ വക്കിൽനിൽക്കുന്ന കടൽപശുവിനെയും ദോഷകരമായി ബാധിക്കുന്നു. കടലാമകൾ കാലാവസ്ഥാവ്യതിയനാത്തിന്റെ പ്രത്യക്ഷ - ഇരകളാണ്. 1990ന് ശേഷം മത്സ്യസമ്പത്ത് 15% കുറഞ്ഞു എന്നതാണ് പഠനങ്ങൾ കാണിക്കുന്നത്. മത്സ്യങ്ങളുടെ പലായനം, ജല ജീവികളുടെ ജൈവിക ഘടനയിൽ വരുന്ന മാറ്റം, ജൈവ ഘടികാരത്തിൽ വരുന്ന മാറ്റം മൂലം ദേശാടനപക്ഷികളുടെയും മത്സ്യങ്ങളുടെയും തിമിംഗലങ്ങളുടെയും പ്രജനനകാലം മാറിമറിയൽ

ഇങ്ങനെ പ്രശനങ്ങൾ നിരവധിയാണ്.

സമുദ്രനിരപ്പ് ഉയരുന്നതുമൂലം ടുവാലു, മാലിദ്വീപ് പോലുള്ള പല ദ്വീപുകളും സമുദ്രത്തിൽ മുങ്ങിക്കൊണ്ടിരിക്കുകയാണ്. അവിടങ്ങളിൽ മാത്രം കാണപ്പെടുന്ന പല ജീവജാലങ്ങളും ഇതോടെ

ഇല്ലാതാവുന്നു. കണ്ടൽ വനങ്ങൾ മുങ്ങുന്നത് പ്രധാനപ്പെട്ട ആ ആവാസവ്യവസ്ഥയെ ഇല്ലാതാക്കുന്നു. സുന്ദരബൻസ് ,അവിടുത്തെ ബംഗാൾ കടുവ ഇവയെല്ലാം ഓർമ്മയാകുമോ? ഉപ്പു ജലത്തിന്റെ തള്ളിക്കയറ്റം ശുദ്ധജല ജീവജാലങ്ങളെ ദോഷകരമായി ബാധിക്കുന്നു. നമ്മുടെ കുട്ടനാടിനെ ഓർക്കുക,വരൾവച്ചയും വെള്ളപ്പൊക്കവും കൊടുങ്കാറ്റും കാട്ടുതീയും ജീവജാതികൾക്ക് ദോഷകരമായി ബാധിക്കുന്നു .ഈ പ്രകൃതിദുരന്തങ്ങൾ ലോകത്തിന്റെ നാനാഭാഗത്തുനിന്നും

തുടരെത്തുടരെ റിപ്പോർട്ട് ചെയ്യപ്പെടുന്നു.അടുത്തിടെ അമേരിക്കയിലും ,ഓസ്ട്രേലിയയിലും ആമസോണിലും ഉണ്ടായ കാട്ടുതീ ലക്ഷ്ക്കണക്കിന് ഹെക്ടർ വനമാണ് ചാമ്പലാക്കിയത്. പുതിയ രോഗാണുക്കളും(കോവിഡ്- 19 ഓർക്കുക ) കീടങ്ങളും മനുഷ്യനുൾപ്പടെയുള്ള ജീവജാലങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. നമ്മുടെ പ്രവർത്തനങ്ങൾ നമുക്ക് തന്നെ തിരിച്ചടിയായി വരുന്നു.

IUCN, IPCC, WWF, ഗ്രീൻപീസ് സംഘടനകൾ കാലാവസ്ഥാ വ്യതിയാനം

ജൈവവൈവിധ്യത്തെ എങ്ങനെയെല്ലാം ബാധിക്കുമെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദേശീയ ജൈവവിധ്യ അതോറിറ്റി, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, വനം വന്യജീവി വകുപ്പ് , പരിസ്ഥിതി വകുപ്പ് എന്നിവയും ഈ മേഖലയിൽ നന്നായി ഇടപെടുന്നുണ്ട്. KSBB യുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളായ ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റി, ജൈവവൈവിധ്യ രജിസർ, ക്ലബ്ബുകൾ എന്നിവ പ്രശംസനീയമാണ്. 1992- ലെ റിയോ ഉച്ചക്കോടി ജൈവവൈവിധ്യ സംരക്ഷണം സംബന്ധിച്ച വലിയ ചുവടുവെപ്പാണ്. 2002 ൽ - ഇന്ത്യ ജൈവവൈവിധ്യ നിയമം പാസാക്കി. 1997 ലെ ക്യോട്ടാ പ്രോട്ടോകോൾ ,2015ലെ പാരീസ് ഉച്ചകോടി എന്നിവ കാലാവസ്ഥാ വ്യതിയാനം ,ആഗോള താപനം എന്നിവ ചർച്ച ചെയ്യാനായി മാത്രം സമ്മേളിച്ചതാണ്. ഇതിന്റെ ഭാഗമായുള്ള നടപടികൾ പല ലോകരാഷ്ട്രങ്ങളും സ്വീകരിച്ചുവരുന്നു എന്നത് ആശ്വാസകരമാണ്. 2010 അന്താരാഷ്ട്ര ജൈവ വൈവിധ്യ വർഷമായി ആചരിക്കുകയായി. 2010 -2020 ജൈവവൈവിധ്യ ദശകമായും ആചരിക്കുന്നു .IPCC - യുടെ മുൻഅദ്ധ്യക്ഷനും നൊബേൽ ജേതാവുമായ ഡോ:രാജേന്ദ്രകുമാർ പചൗരി പറഞ്ഞ വാക്കുകൾ ഈ അവസരത്തിൽ വളരെ പ്രസക്തമാണ്. "കാലാവസ്ഥാ വ്യതിയാനം ഒരു യാഥാർത്ഥ്യമാണ്. അവസരത്തിന് ഒരു ചെറിയ വാതായനം മാത്രമാണ് നമുക്ക് മുന്നിലുള്ളത്. അത് വളരെ വേഗം അടഞ്ഞുകൊണ്ടിരിക്കുകയാണ്.ഒരു നിമിഷം

പോലും ഇനി പാഴാക്കരുത്".

നമ്മുടെ ആരോഗ്യവും ഭക്ഷണവും സമ്പത്തും ഇന്ധനവും ഉൾപ്പെടെ നമ്മുടെ

ജീവിതത്തിന്റെ നിലനിൽപ്പിനാശ്രയമായതെല്ലാം തരുന്ന ജീവശ്യംഖലയും സംവിധാനവും നിലനിർത്താൻ ജൈവവൈവിധ്യം സംരക്ഷിക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കുക എന്നത് പരമപ്രധാനമാണ്. നാം ഒന്ന് മനസ്സ് വെച്ച് ജീവിതരീതികളിൽ മാറ്റം വരുത്തിയാൽ തന്നെ ഹരിത ഗൃഹവാതകങ്ങളുടെ ബഹിർഗമനം വലിയ അളവിൽ കുറക്കാം. ശാസ്ത്രജ്ഞർ നൽകുന്ന അറിയിപ്പുകളും നിർദ്ദേശങ്ങളും നാം ഗൗരവത്തോടെ കണ്ടേമതിയാകു. ഫോസിൽ ഇന്ധനങ്ങളുടെ ജ്വലനം പൂർണ്ണമായും ഒഴിവാക്കുന്ന ഒരു കാലത്തെ കുറിച്ച് നാം ചിന്തി ക്കേണ്ടിക്കിയിരിക്കുന്നു. കോവിഡ് - 19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ലോകത്ത് കൂടുതൽ പ്രദേശങ്ങളിലും അടച്ചുപൂട്ടൽ നടപടി എടുത്തതിന്റെ പരിണിതഫലമായി വായുവും വെളളവുംകൂടുതൽ നിർമ്മലമായതും, പക്ഷി മൃഗാദികൾ സന്തോഷത്തോടെ വിഹരിക്കുന്നതുമായ

വാർത്തകൾ ആശങ്കകൾക്കിടയിലും നമുക്ക് ആശ്വാസമേകുന്നു.

"ആഗോളതാപനം മരമാണ് മറുപടി "എന്നത് കേവലം ഒരു പരിസ്ഥിതിദിന മുദ്രാവാക്യമല്ല. വനസംരക്ഷണം എന്നത് ഒരേ സമയം ജൈവവൈവിധ്യ സംരക്ഷണവും ആഗോള താപനത്തിനെ തിരെയുള്ള പ്രതിരോധവുമാണ്. ധാരാളം മരങ്ങൾ വച്ചുപിടിപ്പിക്കുക. പാരമ്പര്യേതര ഊർജ്ജ

സ്രോതസ്സുകൾ കൂടുതൽ ഉപയോഗപ്പെടുത്തിയും കടുംകൃഷി ഒഴിവാക്കിയും മാലിന്യങ്ങളെ ശരിയായി സംസ്കരിച്ചും സുസ്ഥിര വികസന മാതൃകകൾ നാം പിന്തുടരുക. നീർപക്ഷികളുടെ ആവാസവ്യവസ്ഥയും സ്വാഭാവിക കാർബൺ ആഗിരണ കേന്ദ്രങ്ങളുമായ തണ്ണീർ തടങ്ങൾ നി

കത്താതിരിക്കുക.

ജീവശൃംഖലയിലെ ഏറ്റവും ഉയരെ നിൽക്കുന്ന ജീവി എന്ന നിലയിലും ഏറ്റവും

ബുദ്ധിയുള്ള ജീവി എന്ന നിലയിലും മനുഷ്യന്റെ ഉത്തരവാദിത്വം വളരെ വലുതാണ്. നാം മറ്റു ജീവജാലങ്ങളുടെ അന്തകരാകരുത്. ലോകത്തിന്റെ 34 ജൈവവൈവിധ്യ ഹോട്പോട്ടുകളിൽ ഒന്നായ പശ്ചിമഘട്ടത്തിന്റെ സംരക്ഷണ ഉത്തരവാദിത്വം നമ്മിലാണ് ഉള്ളത്. നാം അധിവസിക്കുന്ന ചുറ്റുപാടിലെ ജൈവവൈവിധ്യം തിരിച്ചറിയാനും സംരക്ഷിക്കുവാനുമെങ്കിലും നമുക്കാകണം. വിദ്യാർത്ഥികളായ നമ്മൾ ഇക്കാര്യങ്ങൾ പഠിക്കാനും പ്രചരിപ്പിക്കാനും പ്രവർത്തിക്കാനും

മുന്നിട്ടിറങ്ങുക. കാരണം നാളെയുടെ ലോകം നമ്മുടേതുകൂടിയാണല്ലോ.

അവലംബം : 1. കാലാവസ്ഥാ വ്യതിയാനം - KSCSTE 2. ആഗോള താപനവും കാലാവസ്ഥാ മാറ്റവും - കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 3. സംരക്ഷിക്കാം ജൈവ വൈവിധ്യത്തെയും ഭൂമിയേയും - കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 4. ആനുകാലികങ്ങൾ 5. വിവിധ വെബ്സൈറ്റുകൾ

ഫന്ന വി നിഷാദ്
9 A എ എം എം ഹൈസ്കൂൾ, പ‍ുളിക്കൽ
കൊണ്ടോട്ടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത