എൻ എസ് എസ് എച്ച് എസ് , പാണാവളളി/അക്ഷരവൃക്ഷം/ മുത്തശ്ശി പ്ലാവ്
മുത്തശ്ശി പ്ലാവ്
തറവാടിനോട് ചേർന്നാണ് ഞങ്ങളുടെയും വലിയച്ഛന്റെയും വീട്. തറവാട്ടിൽ ഇളയ വലിയച്ഛൻ താമസിക്കുന്നു. തറവാട്ടിന്റെ തെക്കുവശത്തായിട്ടാണ് മുത്തശ്ശി പ്ലാവ് നിൽക്കുന്നത്. ഞങ്ങളുടെ തൊടിയിലെ ഏറ്റവും പ്രായം കൂടിയ മരമാണ് മുത്തശ്ശി പ്ലാവ്. എന്നും രാവിലെ ഒരു കാവതി കാക്ക മുറ്റത്ത് വന്ന് കരഞ്ഞ ശേഷം മുത്തശ്ശി പ്ലാവിന്റെ ചില്ലയിൽ വന്നിരിക്കും. അത് കണ്ട് വലിയച്ഛൻ ഞങ്ങൾ കുട്ടികളോട് പറയും നിങ്ങളെ കാണാൻ മുത്തശ്ശി വന്നിരിക്കുകയാണെന്ന്. എന്റെ അപ്പൂപ്പന്റെ അമ്മയായ ലക്ഷ്മി എന്ന് പേരുള്ള മുത്തശ്ശിയാണ് മുത്തശ്ശി പ്ലാവ് നട്ടത്. ഏകദേശം 90വയസ്സ് പ്രായം ഉണ്ട് ഞങ്ങളുടെ മുത്തശ്ശി പ്ലാവിന് . തേൻ വരിക്ക ഇനത്തിലുള്ളതാണ് മുത്തശ്ശി പ്ലാവ്. ഞങ്ങളുടെ വീട്ടിൽ പശുവിനെ വളർത്തിയിരുന്നു. പശുവിന്റെ ചാണകവും ഗോമുത്രവും ചുവട്ടിൽ ഒഴിച്ച് മുത്തശ്ശി പ്ലാവിനെ പരിപാലിക്കുമായിരുന്നു. പശു പ്രസവിച്ച് കുഞ്ഞു പിറന്നാൽ ആദ്യ നാളുകളിലെ പാൽ കറന്ന് മുത്തശ്ശിപ്ലാവിന്റെ ചുവട്ടിലും മാവിന്റെ ചുവട്ടിലും ഒഴിക്കുമായിരുന്നുവെന്ന് വലിയച്ഛൻ പറഞ്ഞു . വലിയച്ഛന്റെ കുട്ടിക്കാലത്ത് രാവിലെ കഞ്ഞി കുടിക്കുവാൻ മുത്തശ്ശിപ്ലാവിന്റെ പ്ലാവില ഉപയോഗിക്കുമായിരുന്നു. എല്ലാവർഷവും കായ്ക്കുന്ന മുത്തശ്ശിപ്ലാവ് ഞങ്ങളുടെ വീടിന്റെ തേൻകുടമാണ്. ചക്ക ഔഷധ ഗുണമുള്ള ഒരു ഫലമാണ്. പ്രധാനമായും വരിക്ക ചക്ക, കൂഴചക്ക, എന്ന രണ്ടിനമാണ് ഉള്ളത്. കൂഴചക്ക വറുക്കാനും വരിക്ക ചക്ക പഴുപ്പിക്കാനും നല്ലതാണ്. ചക്ക കൊണ്ട് ചക്ക തോരൻ, ചക്ക പുഴുക്ക്, ചക്ക അവിയൽ, ചക്ക കൂട്ടാൻ, ചക്കകുരു തോരൻ , ചക്ക പായസം, ചക്കവരട്ടി, ചക്ക അട തുടങ്ങിയ സ്വാദേറിയ ധാരാളം വിഭവങ്ങൾ ഉണ്ടാക്കാം. എന്റെ അനിയനും അനിയത്തിയ്ക്കും ചക്ക വരട്ടിയും, ചക്ക പായസവും ഇഷ്ടമാണ്. എനിക്ക് ചക്ക വറുത്തതാണ് കൂടുതൽ ഇഷ്ടം. ഞങ്ങളുടെ പറമ്പിലെ മുത്തശി പ്ലാവിനെ ഞങ്ങൾ കുട്ടികൾക്കും വലിയവർക്കും ഒത്തിരി ഇഷ്ടമാണ്. ഞങ്ങൾ മൂന്നു പേരും സ്കൂളിൽ പോകുമ്പോൾ മുത്തശ്ശി പ്ലാവിന്റെ ചില്ലയിൽ ഇരുന്ന് കാവതികാക്ക ഞങ്ങളെ നോക്കി തലയാട്ടാറുണ്ട്. ഒരു പക്ഷേ ഞങ്ങളുടെ മുത്തശ്ശി സന്തോഷത്തോടെ യാത്ര അയക്കുകയായിരിക്കാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തുറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തുറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ