എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/അക്ഷരവൃക്ഷം/ കൊറോണ: മാനവരാശിയുടെ വിലാപം

കൊറോണ: മാനവരാശിയുടെ വിലാപം

ലോകം ഇന്ന് വലിയൊരു യുദ്ധമുഖത്താണ്. അതെ, ആയുധങ്ങളില്ലാത്ത യുദ്ധം. ഈ യുദ്ധം മനുഷ്യർ തമ്മിലല്ല .കണ്ണുകൊണ്ട് കാണാൻ കഴിയാത്ത ഒരു കുഞ്ഞു വൈറസിനോടാണ് ലോകം മുഴുവൻ ഏറ്റുമുട്ടുന്നത്. കോവിഡ് 19 എന്ന കൊറോണ വൈറസ് നമ്മെ അത്രമാത്രം പിടിച്ചു ലച്ചിരിക്കുന്നു. ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട ഈ മഹാമാരി ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളെയും കീഴടക്കി മുന്നോട്ടു കുതിക്കുകയാണ്. അമേരിക്ക, ബ്രിട്ടൻ, ഇറ്റലി തുടങ്ങിയ വികസിത രാജ്യങ്ങൾ പോലും ഈ വൈറസിന് മുന്നിൽ തോറ്റു തുന്നം പാടുന്ന കാഴ്ചകളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഈ ഭീതിജനകമായ സാഹചര്യത്തിൽ നാമെല്ലാവരും സാമൂഹിക അകലം പാലിച്ച് വീടുകളിൽ തന്നെ കഴിയണം, എങ്കിൽ മാത്രമേ കൊറോണാ വൈറസിനെ തുരത്താൻ കഴിയൂ. എല്ലാമുണ്ടായിട്ടും ഒന്നുമില്ലാത്ത വരെ പോലെയാണ് ഇന്ന് എല്ലാവരും . ഉള്ളവനും ഇല്ലാത്തവനും ഒരുപോലെയാണ്. ലോക്ഡൗൺ കാലം സമത്വത്തിലേക്കും സാഹോദര്യത്തിലേക്കും വിരൽചൂണ്ടുന്നു. ലോകം കീഴടക്കി ഭരിക്കുന്നു എന്ന് ജൽപ്പിച്ചു നടന്ന മനുഷ്യൻറെ എല്ലാ അഹങ്കാരങ്ങളും കൊറോണ ഇല്ലാതാക്കി. ഇന്ന് ഏറ്റവും ആശ്വാസം കിട്ടിയത് പ്രകൃതിക്കാണ്. എന്നും തിങ്ങിനിറഞ്ഞിരുന്ന റോഡുകൾ ജനശൂന്യമായി. എവിടെയും മലിനീകരണങ്ങൾ ഇല്ല . പ്രകൃതിയെ നശിപ്പിക്കുന്ന യന്ത്രക്കൈകളില്ല. കൊറോണയെ പ്രതിരോധിക്കാനുള്ള നെട്ടോട്ടത്തിലാണ് എല്ലാവരും . നമ്മുടെ മാതൃരാജ്യമായ ഇന്ത്യ, പ്രത്യേകിച്ച് ദൈവത്തിൻറെ സ്വന്തം നാടായ നമ്മുടെ കൊച്ചു കേരളം ഈ മഹാമാരിയെ അതിജയിക്കുന്ന കാഴ്ച നമുക്ക് ആശ്വാസം നൽകുന്നു . നമ്മൾ മലയാളികൾ സ്വയം നിയന്ത്രണം പാലിക്കുന്നതാണ് ഈ വിജയത്തിന് പിന്നിൽ. ലോകത്തിന് തന്നെ മാതൃകയാണ് നമ്മുടെ നേട്ടം. നമ്മുടെ പ്രവാസി സുഹൃത്തുക്കളുടെയും തിരിച്ചുവിളിക്കുകയാണ് നാമിപ്പോൾ . ഈ ഭീകര വൈറസിനെ പ്രതിരോധിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം സാമൂഹിക അകലം പാലിക്കുക എന്നതാണ്. മാസങ്ങളോളം വീട്ടിനകത്ത് കഴിയുന്നതിലൂടെ ധാരാളം പുതിയ നല്ല ശീലങ്ങൾ നാം സ്വായത്തമാക്കി കഴിഞ്ഞു. മലിനീകരണം, പ്രകൃതിചൂഷണം ,യുദ്ധം, അതിക്രമങ്ങൾ തുടങ്ങിയവയെല്ലാം മനുഷ്യർ മറന്നു . നാം ഒരിക്കലും മാറ്റാൻ ആകില്ലെന്ന് കരുതിയ ശീലങ്ങൾ മാറ്റാനും പുതിയവ സ്വായത്തമാക്കാനും കൊറോണ നമ്മെ പഠിപ്പിച്ചു. വാഹനങ്ങളും ആൾക്കൂട്ടങ്ങളുമില്ലാത്ത വിജനമായ റോഡുകളും ആളൊഴിഞ്ഞ തെരുവുകളും മറ്റും ഇന്ന് നമുക്ക് ശീലമാണ്. ആഘോഷങ്ങളോ ധൂർത്തോ ഇന്നില്ല. പണമുള്ളവനും ഇല്ലാത്തവനും ഒരുപോലെ തന്നെ. ഇപ്പോൾ തമ്മിൽ മത്സരങ്ങളില്ല, വെല്ലുവിളികളില്ല - സഹനവും ക്ഷമയും മാത്രം. കൃഷിയും മണ്ണും മറന്ന മനുഷ്യൻ ലോക്ഡൗൺ കാലത്ത് പ്രകൃതിയിലേക്ക് തിരിച്ചുവന്നു . നമ്മുടെ അന്നത്തിനു വേണ്ട ധാന്യമണികൾ നാം തന്നെ കൃഷി ചെയ്ത് ഉണ്ടാക്കണമെന്ന ചിന്തയുടെ വിത്ത് പാകാൻ കൊറോണക്ക് കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ നേട്ടം . മാളുകൾ ഇല്ലാത്ത ഈസ്റ്ററും പടക്കങ്ങളില്ലാത്ത വിഷുവും ഇഫ്താർ ഇല്ലാത്ത നോമ്പുകളും നമ്മിലൂടെ കടന്നുപോയി . ഇനി ധൂർത്തില്ലാത്ത പെരുന്നാളും നമുക്ക് ആഘോഷിക്കാം. പ്രകൃതിയെ നോവിക്കാതെ, പ്രകൃതിയെ ചൂഷണം ചെയ്യാതെ പരിസ്ഥിതിയോടിണങ്ങി നമുക്ക് ജീവിക്കാം. കാടിന്റെ മക്കളെ സ്നേഹിക്കാം. ആരെയും നോവിക്കാതിരിക്കാം. സഹജീവികളെയും സഹപ്രവർത്തകരെയും മാനവരാശിയെ മുഴുവനും സ്നേഹംകൊണ്ട് മൂടാം. "ഒരു കാര്യം ഉറപ്പാണ്, ഈ കാലവും കടന്നു പോകും!" പുതിയൊരു യുഗപ്പിറവിയിലേക്ക് നമുക്ക് മുന്നേറാം... വീട്ടിലിരുന്നുകൊണ്ട് നാം അതിജീവിക്കും ഈ മഹാമാരിയെ......തീർച്ച! We can break the chain.

നിദാ റമീസ്
8 പി എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം