എസ് പി കെ സി എം എം ജി യു പി എസ് മാടായിക്കോണം/അക്ഷരവൃക്ഷം/ഓർമ്മകളിലെ കൊറോണക്കാലം
ഓർമ്മകളിലെ കൊറോണക്കാലം അത്താഴം കഴിഞ്ഞ് വീട്ടിലെല്ലാവരും വിശ്രമിക്കൂകയാണ്. കുട്ടികളെല്ലാം പതിവു പോലെ മുത്തശ്ശിക്കു ചുറ്റും കൂടി. “മുത്തശ്ശീ.. മുത്തശ്ശീ...ഇന്ന് ഏതു കഥയാ പറഞ്ഞുതരിക ?” “ആ..ഇന്ന് ഞാൻ കൊറോണയെക്കുറിച്ചുള്ള കഥ പറഞ്ഞുതരാം.” “കൊറോണയോ ! അതെന്താ..?”
“ കൊറോണയെന്നത് ഒരു വൈറസാണ്. മുത്തശ്ശിയുടെ കട്ടിക്കാലത്ത് നാടിനെ മുഴുവൻ വിറപ്പിച്ച ഒരു കുഞ്ഞു ഭീകരൻ !” മുത്തശ്ശി പറഞ്ഞുതുടങ്ങി. “എന്റെ ഓർമ്മ ശരിയാണെങ്കിൽ 2019 ലാണെന്നു തോന്നുന്നു, ഈ വൈറസ് മനുഷ്യനെ ഭീതിയിലാഴ്‍ത്തി പടർന്നുപിടിച്ചത്. ആദ്യം ചൈനയിൽ, പിന്നെപ്പിന്നെ ഒരു മഹാമാരിയായി എല്ലാ രാജ്യങ്ങളിലേക്കും ഇത് വ്യാപിച്ചു. കോവിഡ് 19 എന്നാണ് ഈ രോഗം അറിയപ്പെട്ടത്. ചൈനയിൽ നിന്നും മടങ്ങിയെത്തിയ കേരളത്തിലെ ഒരു വിദ്യാർഥി ആയിരുന്നു ഇന്ത്യയിലെത്തന്നെ ആദ്യത്തെ കോവിഡ് ബാധിതൻ. സമ്പർക്കത്തിലൂടെ എളുപ്പം പടരുമെന്നതിനാൽ ഈ വൈറസിനെ തടയാനായി ലോകമെങ്ങും ലോക്ക്ഡൗൺ ആയിരുന്നു.”“ലോക്ക്ഡൗണോ? അതെന്താ മുത്തശ്ശീ..”
“അതോ , ഈ ആളുകളെല്ലാം പുറത്തൊന്നും ഇറങ്ങാതെ വീട്ടിൽതന്നെ കുറെക്കാലം കഴിഞ്ഞു. വളരെ അത്യാവശ്യമുള്ള ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ എന്നിവ വിൽക്കുന്ന കടകൾ മാത്രമേ ആ ദിവസങ്ങളിൽ തുറന്നിരുന്നുള്ളൂ..”“ എന്നിട്ട് കൊറോണ പോയോ, മുത്തശ്ശീ ..?”
“പിന്നല്ലാതെ , ജനങ്ങളെല്ലാവരും ഒറ്റക്കട്ടായി നിന്ന് കൊറോണയെ പ്രതിരോധിച്ചു. പക്ഷേ അതിനു മുൻപായി ലക്ഷക്കണക്കിന് മനുഷ്യർക്കാണ് ഈ അസുഖം ബാധിച്ച് ജീവൻ നഷ്‍ടമായത്! എല്ലാവരും കർശനമായി ശുചിത്വശീലങ്ങൾ പാലിക്കാൻ തുടങ്ങി. പ്രകൃതിയെ സ്‍നേഹിക്കാനും സംരക്ഷിക്കാനും തുടങ്ങി. കാർഷികവൃത്തിയിൽ സ്വയം പര്യാപ്‍തത നേടി. സ്വാർഥത വെടിഞ്ഞ് തമ്മിൽത്തമ്മിൽ സ്‍നേഹിക്കാൻ തുടങ്ങി. അവസാനം കൊറോണയ്‍ക്കു മനസ്സിലായി, ഈ ലോകത്തെ തോൽപ്പിക്കാൻ ഒരു വൈറസിനുമാകില്ലെന്ന്! അങ്ങനെ കൊറോണ വൈറസ് ഈ ലോകത്തുനിന്നും നിർമ്മാർജ്ജനം ചെയ്യപ്പെട്ടു.”“ഓ.. സൂപ്പർ കഥ .” “ഈ കഥയിൽ നിന്ന് മക്കൾക്കെന്താണ് മനസ്സിലായത്?”
“ഒറ്റക്കെട്ടായി നിന്നാൽ ഏതുവൈറസിനെയും പൊരുതി ജയിക്കാം. ഐകമത്യം മഹാബലം .” “ഇനി മക്കളു കിടന്നുറങ്ങിക്കോ, മുത്തശ്ശി നാളെ മറ്റൊരു കഥ പറഞ്ഞുതരാം.”ഉറങ്ങാൻ കിടക്കുമ്പോഴും കുട്ടികളുടെ മനസ്സു നിറയെ കൊറോണയെ തോൽപ്പിച്ച ഈ ലോകജനതയോടുള്ള ആദരവായിരുന്നു.
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിഞ്ഞാലക്കുട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിഞ്ഞാലക്കുട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ