Schoolwiki സംരംഭത്തിൽ നിന്ന്
ഇവിടൊരു കിണറുണ്ടായിരുന്നു
"ഇവിടൊരു കിണറുണ്ടായിരുന്നു "
പ്ലാസ്റ്റിക്കും അറവുമാലിന്യവും,
വലിച്ചെറിയപ്പെട്ട എല്ലാം കുമിഞ്ഞുകൂടിയ
ആ വലിയ ഗർത്തം നോക്കി ആരോ പറഞ്ഞു
"ഇവിടൊരു കിണറുണ്ടായിരുന്നു ".
പൊട്ടിയ കല്ലും,തുരുമ്പു പിടിച്ച ഒരു കപ്പിയും
മാത്രം പേറി അസ്ഥിപഞ്ജരം പോലെ
കാക്കകൾ പോലും കയറാൻ അറയ്ക്കുന്ന
ആ ഗർത്തം നോക്കി ആരോ പറഞ്ഞു
"ഇവിടൊരു കിണറുണ്ടായിരുന്നു ".
എവിടേക്കാണ് ആ കിണറിന്റെ ആത്മാവ്
നടന്നു മറഞ്ഞത്.
ഒരു പക്ഷേ ,
കപ്പിയുടെയും,കയറിന്റെയും
കലപിലകൾക്കൊപ്പം
നട്ടുവർത്തമാനത്തിന്ടെ രസക്കൂട്ടും
പ്രണയത്തിന്റെ പരൽമീൻ കണ്ണുകളും
നാടിന്റെ കുടിയാലോചനകളും
ഇല്ലാതായപ്പോൾ
തിരഞ്ഞിറങ്ങിയതാവാം.
അല്ലെങ്കിൽ ഉപേക്ഷിക്കപ്പെടുന്ന
എന്തിന്റെയും അവസാനം പോലെ
വലിച്ചെറിയപ്പെട്ട മനസും,മാറാപ്പും കുറ്റപ്പെടുത്തലും,
അഴുക്കും നാറ്റവും പേറി
അവഗണമാത്രം എന്ന് തിരിച്ചറിഞ്ഞു
മാലിന്യത്തിന്റെ ഇരുൾ
സ്വയം ഏറ്റുവാങ്ങിതാവാം .
പൈപ്പ് വെള്ളത്തിന്റെ വരവോടെ
അവനവൻ തന്ടെ ഉള്ളിലേയ്ക്ക് ചുരുങ്ങവേ
എന്റെത് ,നിന്റെതായപ്പോൾ
മനം നൊന്തു മുടിപ്പോയതുമാവാം.
"ഇവിടൊരു കിണറുണ്ടായിരുന്നു "
എന്നാരോ പറഞ്ഞു.
ഇനിയേതു മിശിഹാ വരണമായിരിക്കണം ഈ
കിണറിന്റെ തെളിമയെ വീണ്ടെടുത്തിടുവാൻ.
അവന്റെ രക്തവും മാംസവും വീണ്ടും കൊടുക്കണോ
ഈ കിണറിന്റെ ഉയിർപ്പിനു വേണ്ടി
കഴിഞ്ഞ കാലത്തിന്റെ തെളിമയും സംഗീതവും പേറി
ഏതോ തഥാഗതനെ പ്രതീക്ഷിക്കയാവാം
ഇനിയൊരു ശാപ മോക്ഷത്തിനായി
"ദാഹിക്കുന്നു ഭഗിനി കൃപാരസ
മോഹനം കുളിർ തണ്ണീരിതാശു നീ"
ഏതു പെൺകിടാവിനാവാം നിന്നിൽ നിന്നു
നിറകുടവും പേറി അതിനുള്ള ഭാഗ്യവും
കിണറിന്റെ ശാപ മോക്ഷവും.
ഇവിടുണ്ടായിരുന്ന കിണറെ
നിനക്കായി വരുന്നുണ്ട് ഇനിയുള്ള തലമുറ.
കാരണം
ഇനി യുള്ള ലോക യുദ്ധങ്ങൾ നിനക്കുള്ളിലെ
ജലത്തിന് വേണ്ടി മാത്രമുള്ളതാണ്.
റിസ്‌വാന റിയാസ്
9 ബി
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത
|