കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/സമ്മതപത്രം

Schoolwiki സംരംഭത്തിൽ നിന്ന്
 സമ്മതപത്രം     

ഫോണിന്റെ ബെല്ലടി കേട്ട് റസിയ അടുക്കളയിൽ നിന്ന് സ്വീകരണ മുറിയിലേക്ക് വന്നു. റസിയ ഫോൺ എടുത്തു. ഫോണിൽ പരിചയമില്ലാത്ത ശബ്ദം. അയാൾ ചോദിച്ചു " സുബൈറിന്റെ വീടല്ലേ?". അതെ റസിയ പറഞ്ഞു. നിങ്ങൾ സുബൈറിന്റെ ആരാ? ഞാൻ സുബൈറിന്റെ കെട്ട്യോളാണ്. വേറാരുമില്ലേ വീട്ടിൽ? മറുപുറത്തുള്ളയാൾ ചോദിച്ചു. ഫോൺ ബാപ്പയ്ക്ക് കൊടുക്കാം അവൾ ഫോൺ ബാപ്പയ്ക്ക് കൈമാറി , അടുക്കളയിലേക്ക് പോയി.

കുറച്ചു സമയം കഴിഞ്ഞ് ചായയുമായി റസിയ ഉമ്മറത്തേക്ക് പോയി . "ഫോണിലാരായിരുന്നു ബാപ്പാ?

" അ...അ... അത് ഗൾഫീന്നാ " അയാളുടെ ശബ്ദം ഒന്നിടറി . റസ്സിയ ഒന്നത്ഭുതപ്പെട്ടു "ഗൾഫീന്നോ?" "ഉം നമ്മുടെ സുബൈറിന്റെ കൂട്ടുകാരനാ " "എന്തിനാ വിളിച്ചത് ?" റസിയ ചോദിച്ചു . "അത് സുബൈറിന് ചെറിയ ഒരു പനി". "അയ്യോ എന്നിട്ട്? " റസിയ പേടിച്ചു. " അത് ഡോക്ടറെ കാണിച്ചു " ബാപ്പ പറഞ്ഞു.

അവളുടെ മനസ്സ് പതിയെ ചിന്തകളിലേക്ക് വഴുതി വീണു. ' ഇക്ക ഇന്നലെയും വിളിച്ചില്ലല്ലോ? ' അവളുടെ മനസ്സ് എന്തോ ചികഞ്ഞെടുത്തു. "അയ്യോ ന്റെ കറി " അവൾ അടുക്കളയിലേക്ക് ഓടി. അപ്പോൾ ഉമ്മ അടുക്കള മുറ്റത്തു നിന്നും കയറി വന്നു. " റസിയാ.... " "ന്താ ഉമ്മാ ? ". ഇജ് ആ ചക്കയെടുത്ത് അപ്പറത്തേ സുശീലക്ക് കൊടുക്ക് " റസിയ അപ്പുറത്തേക്ക് പോയി.

കുറച്ചു നേരം കഴിഞ്ഞ് സ്ഥലത്തെ പ്രമുഖരായ രണ്ട് മൂന്ന് പേർ വീട്ടു മുറ്റത്തു വന്നു. ബാപ്പ അവരോട് ചോദിച്ചു "എന്താ സെയ്താലിക്കാ?" ഗൾഫിൽ സുബൈറിന്റെ ജോലി സ്ഥലത്തു നിന്നും വന്നതാണി കടലാസ്. അതിൽ ഓന്റെ കെട്ട്യോളെ ഒരു ഒപ്പ് ബേണം" . "അതെന്തിനാപ്പാ? ബാപ്പ സംശയത്തോടെ ചോദിച്ചു . " അത്.... അത്.... " അവരുടെ കണ്ണുകളിൽ നിന്നും ഉപ്പ പലതും വായിച്ചെടുത്തു. ശബ്ദം കേട്ട് റസിയ ജനലിലൂടെ പുറത്തേക്ക് നോക്കി. അപ്പോഴൊന്നും അവൾ അറിഞ്ഞിരുന്നില്ല , തന്റെ പ്രിയതമൻ ലോകത്തെ വിഴുങ്ങിയ കൊവിഡ് 19 എന്ന ദുരന്തത്തിന് ഇരയായി | തീർന്നിരുന്നു എന്ന്. വന്നവർ ബാപ്പയെ കാര്യം പറഞ്ഞു മനസ്സിലാക്കി. കുറച്ച് നേരത്തേക്ക് അയാൾ സ്തബ്ധനായി നിന്നു

" ന്റ അള്ളാ ..... ഞാൻ ആ കുട്ടിയെ എങ്ങനെ ഇത് പറഞ്ഞ് മനസ്സിലാക്കിക്കും?" അയാൾ കടലാസുമായി അകത്തേക്ക് പോയി . റസ്സിയയും ഉമ്മയും ബാപ്പയുടെ അടുത്തേക്ക് വന്നു . വന്നവരുടെ പെരുമാറ്റത്തിൽ നിന്ന് എന്തൊക്കെയോ സംഭവിച്ചതായി അവളറിഞ്ഞു . "എന്താ ഉപ്പാ ? " അവൾ ഉപ്പയുടെ കണ്ണിലേക്ക് സംശയത്തോടെ ഒന്നു നോക്കി . മറുപടി പറയാനാകാതെ അയാൾ നിന്നു .

ഉപ്പയുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി അയാളുടെ കയ്യിൽ നിന്നും അവൾ ആ കടലാസ് വാങ്ങി വായിച്ചുനോക്കി . അവളുടെ ഇക്കയെ ഗ ൾഫിൽ തന്നെ ഖബറsക്കുന്നതിനുള്ള ഒരു സമ്മതപത്രം ആയിരുന്നു അത് . അവളുടെ വിറയ്ക്കുന്ന കൈകളിൽ നിന്നും കടലാസ് നിലം പതിച്ചു . അവൾ ബോധരഹിതയായി നിലത്തേക്ക് വീണു .

ആവണി സി
6 എ കൂടാളി എച്ച് എസ് എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കഥ