എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

നാടോടി വിജ്ഞാനകോശം

ആമുഖം

ചരിത്രത്തിൻ്റെ താളുകളിൽ തങ്കലിപികളാൽ എഴുതി ചേർക്കപ്പെട്ട പ്രശാന്ത സുന്ദര ഗ്രാമമാണ് വെങ്ങാനൂർ .എട്ടു വീട്ടിൽ പിള്ളമാരിൽ ഒരാളായ വെങ്ങാനൂർ പിള്ളയും നവോഥാന നായകരിൽ പ്രമുഖനായ മഹാത്മ അയ്യൻകാളിയും ജൻമംകൊണ്ട നാട് .രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ പാദസ്പർശത്താൽ ധന്യമായി തീർന്ന മണ്ണ് .ഈ നാടിൻ്റെ ചരിത്ര പൈത്യകം നാടോടി വിജ്ഞാനം എന്ന ശീർഷകത്തിലൂടെ പങ്കുവയ്ക്കപ്പെടുമ്പോൾ വെങ്ങാനൂർ എന്ന കൊച്ചുഗ്രാമത്തെ കുറിച്ച് പാടിപ്പതിഞ്ഞ പാട്ടുകൾ പഴഞ്ചൊല്ലുകൾ എന്നിവയ്ക്ക് പുറമേ  നൂറ്റിരണ്ട് വർഷം പഴക്കമുള്ള നമ്മുടെ വിദ്യാലയത്തിൻ്റെ ചരിത്രപാരമ്പര്യം കൂടി പങ്കു വയ്ക്കപെടുകയാണ് .1920ൽ യശ്ശശരീരനായ ശ്രീമാൻ വിക്രമൻ പിള്ള സ്ഥാപിച്ച കുടിപ്പള്ളിക്കുടം ഇന്ന് ഹയർ സെക്കൻ്ററി സ്കൂൾ ഫോർ ഗേൾസ് എന്ന വടവൃക്ഷ മാ യി മാറിയിരിക്കുന്നു . അയ്യൻകാളി സ്മൃതി മണ്ഡപത്തിലും വിഴിഞ്ഞം ഗുഹാക്ഷേത്രത്തിനും ഇടയിലായി ശ്രീ നീല കേ ശി അമ്മയുടെ തിരുസന്നിധിലേക്ക് പോകുന്ന റോഡിന് വലതു വശത്തായി കനാലിനെ അഭിമുഖീകരിച്ചാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കാർഷിക വൃത്തി മുഖ്യ ഉപജീവനമാക്കിയവരാണ് ഈ നാട്ടിലെ സാധരണക്കാർ .ഇതിനു പുറമേ മറ്റ് കൈത്തൊഴിലുകൾ ,ചരിത്ര സ്മാരകങ്ങൾ ,പ്രാദേശികമായി ലഭിക്കുന്ന ഫലങ്ങൾ ,കലാവിനോദങ്ങൾ ,നാട്ടുപ്പെരുമ ,സ്ഥലനാമ ചരിത്രം തുടങ്ങിയവ യെ കുറിച്ച് ഞങ്ങൾ ശേഖരിച്ച വിവരങ്ങൾ അഭിമാന പുരസരം ഇവിടെ പ്രസ്താവിക്കട്ടേ ...

പ്രാദേശിക കലകളും ,ആചാര അനുഷ്ടാനങ്ങളും

1. കച്ചേരി നട എഴുന്നള്ളത്ത്

കച്ചേരി നട എഴുന്നള്ളത്ത്

പണ്ടുകാലത്ത്  രജിസ്ട്രാർ ഓഫീസിനെ കച്ചേരി എന്നാണ് പറയപ്പെടുക കച്ചേരിസ്ഥിതി ചെയ്യുന്ന സ്ഥലമായതിനാൽ വെങ്ങാനൂർ നാൽക്കവല കച്ചേരി നട എന്നറിയപ്പെട്ടിരുന്നു . ഈ ക്കവലയിലേക്ക് മേക്കും കര ശ്രീ നീല കേ ശി ദേവിയെ  പറണേറ്റ് മഹോത്സവത്തോടനുബന്ധിച്ച് എഴുന്നെള്ളിക്കുന്നു. കൊടിതോരണങ്ങളും പുഷ്പങ്ങളും കൊണ്ട് അലങ്കരിച്ച് പ്രദേശം വർണ്ണാഭമാക്കുന്നു .അവിടെ നടക്കുന്ന കളം കാവൽ വീക്ഷിക്കാൻ ആയിരക്കണക്കിന് ഭക്തജനങ്ങൾ ഒത്തുകൂടുന്നു .

2. ദിക്ക് ബലി

ദാരികനിഗ്രഹത്തിനു മുന്നോടിയായി   ശ്രീമേക്കും കരനീല കേ ശി അമ്മ ദാരികനെ തേടി നാല് ദിക്കിലും എത്തിച്ചേരുന്നു  .കിടാരക്കുഴി , കടയ്ക്കുളം ,കോളിയൂർ ,പെരിങ്ങമ്മല ( ആത്മബോധിനി ) എന്നിവടങ്ങളിലുള്ള കരക്കാർ ദേവിയെ സ്വീകരിക്കുന്നു .തിരിച്ചു വരുന്ന വഴിയിൽ വീട്ടുകാർ നിറപറ നൽകി ദേവീ പ്രീതി നേടു ന്നു .ആറു വർഷത്തിൽ ഒരിക്കൽ നടക്കുന്ന പറണേറ്റ് ഉത്സവം വെങ്ങാനൂരിൻ്റെ തനത് ഉത്സവമായി കൊണ്ടാടുന്നു

3. പറണേറ്റും നിലത്തിൽപ്പോരും

അൻമ്പത്തി ഒന്ന് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവത്തിനൊടുവിൽ രണ്ട് പ റ ണുകൾ ഒരുങ്ങുന്നു. ചെറിയ പറണിൽ 'ദാരികനും വലിയ പറണിൽ ദേവിയും പ്രവേശിച്ച ശേഷം തോറ്റംപാട്ടിലൂടെ ദാരികൻ ദേവിയെ പോരിന് വിളിക്കുന്നു .ഒരു രാത്രി നീണ്ട് നിൽക്കുന്ന പോർവിളികൾക്കൊടുവിൽ .പുലർച്ചേ ദേവിയും ദാരികനും പണ്ട് കാലത്ത്  പ്രത്യേകം സജ്ജീകരിച്ച വയലിൽ (ഇപ്പോൾ ക്ഷേത്രാങ്കണത്തിൽ) ഏറ്റുമുട്ടുന്നു .ഓരോ പോരിനുമൊടുവിൽ വിശ്രമിച്ച ശേഷം ഏഴാമത്തെപ്പോരിൽ ദാരികൻ്റെ തല വെട്ടിയെടുത്ത് (പ്രതീകാത്മകമായി) കിരീടം വാൾ ഉപയോഗിച്ച് കൊത്തിയെടുക്കുമ്പോൾ ദാരികൻ നിലം പതിക്കുന്നതും ദേവി ആനന്ദച്ചുവടുകൾ വയ്ക്കുന്നതു മായ കാഴ്കൾ  ജാതി മത ഭേദമന്യേ  ഓരോ വെങ്ങാനൂർ നിവാസി കളുടേയും അന്തരങ്ങളിൽ കുളിർമഴ പെയ്യിക്കുന്നു

3. തോറ്റം പാട്ട്  

നെല്ലിവിള ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ എല്ലാ ഉത്സവങ്ങൾക്കും  മേക്കുംകര ശ്രീ നീല കേ ശി മുടിപ്പുര യിലെ പറണേറ്റ് ഉത്സവത്തിനും തോറ്റം പാട്ട് നടത്താറുണ്ട് .ഊരാളൻമാർ വിഭാഗത്തിൽ പ്പെട്ടവരാണ് തോറ്റംപാട്ട് കലാകാരൻമാർ .കലാ രൂപം അന്യം നിന്നുപോകാതിരിക്കാൻ കാരണവൻമ്മാർ പുതുതലമുറയെ പാട്ടുകൾ പരിശീലിപ്പിച്ചു വരുന്നു .ദേവിയെ സ്തുതിക്കുന്നതിനോടൊപ്പം പോര് വിളിക്കുന്നതിനും തോറ്റംപാട്ട് പാടാറുണ്ട് .തോറ്റംപാട്ട് ആശൻമ്മാർ വെങ്ങാനൂരിൻ്റ പൈതൃകം കാത്തു വരുന്നു

4. പുള്ളുവൻ പാട്ടും നാഗരൂട്ടും

വെള്ളം കൊള്ളി ,തോട്ടം  ,പൗർണ്ണമി ക്കാവ്, ഊരുവിളാകം ,ആത്മബോധിനി  തുടങ്ങിയ സ്ഥലങ്ങളിൽ കാവും ഉഅതിനുള്ളിൽ നാഗർ പ്രതിഷ്ഠയുമുണ്ട് .നാഗ പ്രീതിക്കായി സർപ്പപ്പാട്ടും നാഗരൂട്ടും നടത്താറുണ്ട് .ആയില്യം നക്ഷത്രം പാമ്പുകളുടെ ജൻമനക്ഷത്രമായതിനാൽ  അന്നേ ദിവസം വിശേഷാൽ പൂജയും നടത്തുന്നു .പുള്ളുവൻ പ്പാട്ട് പാടുന്ന വെങ്ങാനൂർ നിവാസികളായ സ്ത്രീകളും പുരുഷൻമാരുമുണ്ട് .അനുഷ്ടാനങ്ങൾക്ക് പോറലേൽപ്പിക്കാതെ അവർ പാരബര്യ അറിവ് തലമുറകൾക്ക് കൈമാറുന്നു

5.ചെണ്ടമേളം

അനുഷ്ടാന കലയായ 5.ചെണ്ടമേളം യുവജനങ്ങൾ  കുലത്തൊഴിലായി അഭ്യസിച്ചു വരുന്നു .രണ്ട് മുടിപ്പുരകൾ  ശ്രീകൃഷ്ണസ്വാമി ക്ഷേത്രം (വെണ്ണിയൂർ) ശിവക്ഷേത്രം ( പനങ്ങോട്) എന്നിവടങ്ങളിൽ നിത്യപൂജയ്ക്കും വിശേഷാൽ പൂജകൾക്കും ചെണ്ടമേളത്തിൻ്റെ താളപ്പൊലിമ പകരാൻ മറ്റു ദേശക്കാരെ തേടി പോകേണ്ട ഗതികേട് വെങ്ങാനൂരിന് വരുന്നില്ല .മറ്റ് ദേശക്കാർ മേളക്കാരെ തേടി വെങ്ങാനൂര് എത്തിച്ചേരലാണ് പതിവ്

6.കാവടി എഴുന്നള്ളത്ത്

വെണ്ണിയൂർ കാട്ടുകുളംദേവി ക്ഷേത്രം ,വിഴിഞ്ഞം മുത്തുമാരിയമ്മൻ ക്ഷേത്രം തുടങ്ങയ ക്ഷേത്രങ്ങളിൽ തൈപൂയ്യ മഹോത്സവത്തോടനുബന്ധിച്ച്   വൃതാനുഷ്ടാനത്തോടെ യുവജനങ്ങൾ കാവടി എടുക്കുന്നു .കവിളിൽ ശൂലം തിരുകി തലയിൽ കാവടി ഏന്തുന്ന ഭക്തർ അത്ഭുതമുളവാക്കുന്ന കാഴ്ചയാണ് .പീലിക്കാവടി ,അഗ്നി കാവടി ,പറവക്കാവടി എന്നിങ്ങനെ പലതരം കാവടികൾ നയന മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്നു

7. പൊതു അത്തപ്പൂക്കളം ,തുമ്പിതുള്ളൽ ,വടംവലി മത്സരം

ചിങ്ങമാസത്തിലെ പൊന്നിൻ തിരുവോണത്തെ വരവേൽക്കാനായി അത്തം നാൾ മുതൽ വെങ്ങാനൂരും അനുബന്ധ പ്രദേശങ്ങളിലും മൺതിട്ട പിടിച്ച്  അത്തപ്പൂക്കളം നിർമ്മിക്കുന്നു .പത്ത് ദിവസം വൈവിധ്യമാർന്ന പൂക്കളം മത്സരബുദ്ധിയോടെ ഒന്നിനൊന്ന് മെച്ചമായി ഒരുക്കുന്ന പൂക്കളങ്ങൾ പ്രദേശവാസികൾക്കുള്ള ഓണ സമ്മാനമായി മാറുന്നു .തിരുവോണ നാൾ മുടി അഴിച്ചിട്ട് തെരെഞ്ഞെടുക്കപെടുന്ന ഒരു സ്ത്രീ അത്തപ്പൂക്കളത്തിൽ തെങ്ങിൻ പ്പൂക്കുലയുമായി ഇരിക്കുന്നു .തുടർന്ന് പാട്ടിൻ്റെ അകമ്പടിയോടെ തുമ്പിയെ പോലെ ഉറഞ്ഞു തുള്ളുന്ന കാഴ്ച ഏറെ കൗതുകംപകരുന്നതായി മാറുന്നു .വടംവലി മത്സരം പ്രദേശവാസികൾ ചേരിതിരിഞ്ഞ് നടത്തുന്നു .വിജയിക്കുന്നവർക്ക് ഒരു കുലപ്പഴം സമ്മാനമായി നൽകുന്നു .വിവിധ കലാ മത്സരങ്ങളും നടത്തി വരുന്നു

8. വള്ളം കളി

9. ചന്ദനക്കൊട

വിഴിഞ്ഞം മുഹ് യിദ്ധീൻ പള്ളിയിലെ ഉറൂസ് മഹോത്സവം

കേരളത്തിന്റെ തലസ്ഥാനമായ തിരുത്തപുരം നഗരത്തിന്റെ ഭാഗമായ വിഴിഞ്ഞത്ത് അറബി' കടലിനോട് ചേർന്നു നിൽക്കുന്ന സുപ്രസിദ്ധ തീർത്ഥാടന കേന്ദ്രമാണ് മുഹ് യിദ്ധീൻ പള്ളിദർഗാ ശെരീഫ് ഇസ് ലാം പ്രചരണർത്ഥം കേരളത്തിൽ വന്ന് ചേർന്ന മാലിക് ബ്നു ദീനാർ സംഘത്തിലെ രണ്ടു പേർ ഉൾപ്പെടെ അനേകം സൂഫീ മഹത്തുക്കൾ ഈ പുണ്യ പള്ളിയിലും പരിസരത്തുമായി അന്ത്യവിശ്രമം കൊള്ളുന്നതാണ് ഇവിടുത്തെ പ്രത്യേകത.

ഹിജ്റ വർഷം റബീഉൽ ആഖിർ പിറ ഒന്നു മുതൽ പതിന്നൊന്നു കൂടിയ ദിവസങ്ങളിലാണ് ഇവിടെ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും മതനിരപേക്ഷതയുടെയും സന്ദേശം വിളംബരം ചെയ്യുന്ന ഉറൂസ്  മഹോത്സവം നടത്തപ്പെടുന്നത് ' വിവിധാനുഭവങ്ങളിലൂടെ വിശ്വാസികളുടെ മനം കവർന്ന തീർത്ഥാടന കേന്ദ്രമായ ഈ ഭർഗ്ഗാ ശെരീഫിൽ മാറാരോഗ ശമനത്തിനു o മന:ശാന്തിക്കും സദുദ്ധേശ്വസാഫല്യത്തിനുമായി ജാതി മത ഭേദമന്യേ എത്തിച്ചേരുന്ന ഭക്ത ജനങ്ങളുടെ അഭുത പൂർവ്വമായ തിരക്ക് കണ്ടു വരാറുണ്ട്.

പ്രദേശികമായ കൈത്തൊഴിലുകൾ

കൈത്തറി നെയ്ത്ത്

വളരെ പ്രസിദ്ധമായ ബാലരാമപുരം കൈത്തറിയോട് കിടപിടിക്കുന്ന കൈത്തറി വസ്ത്രങ്ങൾ നെയ്തെടുക്കുന്ന നെയ്ത്ത് തൊഴിലാളികൾ വെങ്ങാനൂരിലും  അനുബന്ധ പ്രദേശങ്ങളായ പെരിങ്ങമ്മല ,നെല്ലി വിള ,മംഗലത്തുകോണം എന്നിവടങ്ങളിലുമുണ്ട് .കുഴിത്തറിയിൽ നെയ്‌ത് എടുക്കുന്ന വസ്ത്രങ്ങളിൽ വിവിധ വർണ്ണങ്ങളിലുള്ള ഡിസൈനുകൾ കൈകൊണ്ടാണ് നെയ്ത് എടുക്കുന്നത് .കഴിനൂൽപരുവപെടുത്തി തരാക്കുന്നു .താരിനെറാട്ടിൽ ചുറ്റി പാവക്കുന്നു .പാവിനെ പാക്കളത്തിൽ നിവർത്തി വിരിച്ച് കെട്ടി കഞ്ഞിപ്പശ ചേർത്ത് കൊപ്ര ആട്ടിയെടുത്ത വെളിച്ചെണ്ണ തടവി മിനുക്കി പുലർച്ചേ ഉണക്കി എടുക്കുന്നു ( മഴയും വെയിലും ഏൽക്കാൻ പാടില്ല) ഈ പാവിൽ നെയ്ത് എടുക്കുന്ന വസ്ത്രങ്ങൾക്ക് പുതുമകൾ ഏറെയാണ് .പരമ്പരാഗത നെയ്തു തൊഴിലാളികളായ ഇവരുടെ പുതുതലമുറ നെയ്ത്തിലേക്ക് ആകർഷിക്കപ്പെടുന്നില്ല എന്നിരുന്നാലും ഓണത്തിനും വിവാഹ ആവശ്യത്തിനുമായി ഇവിടെ ധാരാളം ആളുകൾ എത്താറുണ്ട് .മുണ്ട് ,പുടവയും കവണിയും എന്നിവയ്ക്ക് ആവശ്യക്കാർ ഏറെയാണ്

നാട്ടുപ്പെരുമ

മഹാത്മ അയ്യൻകാളിയുടെ ജൻമ സ്ഥലം എന്ന പേരിൽ ചരിത്രത്തിൽ ഇടം തേടാൻ കഴിഞ്ഞു എന്നുള്ളതാണ് വെങ്ങാനൂരിൻ്റെ ഏറ്റവും വലിയ നാട്ടുപ്പെരുമ .താളിയോല ഗ്രന്ഥകളുടെ രചയിതാവായ വെങ്ങാനൂർ ബാലകൃഷ്ണൻ ,കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ക്യാപ്റ്റൻ ജെറി പ്രേംരാജ് ,കോമഡി സ്റ്റാർ ഫെയിം അശ്വതി ചന്ദ് തുടങ്ങിയവർക്ക്  നാടിൻ്റെ പെരുമ വർദ്ധിപ്പിക്കാൻ സാധിച്ചു .

പേര് വന്ന വഴി

  വെൺ .കാവ് .. ഊര് ലോപിച്ച് വെങ്ങാനൂർ ആയി എന്നും വേങ്ങ മരം ധാരാളം ഉണ്ടായിരുന്ന തിനാൽ വേങ്ങ ഉള്ള ഊര് ലോപിച്ച്  വെങ്ങാനൂർ ആയി എന്നും പറയപ്പെടുന്നു

പ്രാദേശിക ഫലങ്ങൾ

  • ആത്തിചക്ക (ഔഷധ ഗുണം ധാരാളമുള്ള മധുരമുള്ള ഫലം )
  • ആന പുളിഞ്ചിക്ക (വലുപ്പവും മധുരവുമുള്ള പുളിഞ്ചിക്ക)
  • ആനമുന്തിരി ( വലിയ മരത്തിൽ  ചുവന്ന നിറത്തിൽ ആപ്പിൾ പോലെ കായ്ക്കുന്നു)
  • ശീമാങ്ങ (വലിയ മരത്തിൽ പിങ്ക് നിറത്തിലുള്ള പൂവും  വെളുത്ത നിറത്തിലുള്ള കായും മധുരവും ഔഷധ ഗുണവുമേറെയാണ് )
  • ലവലോലിക്ക ,ശീമനെല്ലിക്ക ,സീതപ്പഴം ,പപ്പായ ,സപ്പോട്ട ,വിവിധയിനം പേരയ്ക്ക ,കാരയ്ക്ക ,ബോഞ്ചിക്ക തുടങ്ങി ഒട്ടനവധി നാടൻ ഫലങ്ങൾ സമൃദ്ധമായി വിളയുന്ന പ്രദേശമാണ് വെങ്ങാനൂർ

പ്രദേശിക പ്രയോഗങ്ങൾ

പയലുകൾ .. ആൺ കുട്ടികൾ

അക്കച്ചി .. ചേച്ചി

തങ്കച്ചി .. അനുജത്തി

എന്തര് ..എന്തോന്ന്