Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം കോവിഡ് 19
ജനങ്ങളെ കാർന്നുതിന്നുന്ന പുതിയൊരു വൈറസ് -കൊറോണ - കേരളത്തിൽ സ്ഥിരീകരിച്ചു കഴിഞ്ഞു. ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് രാജ്യങ്ങളിൽനിന്ന് രാജ്യങ്ങളിലേക്ക് പടർന്നുപിടിക്കുകയാണ്. ചൈനയിൽ മാത്രമായി 3000 ത്തിലധികം പേരാണ് ഈ വൈറസ് ബാധിച്ച് മരിച്ചത്. 160 ലധികം രാജ്യങ്ങളിൽ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നു. ലക്ഷക്കണക്കിന് പേർ ലോകമെമ്പാടും നിരീക്ഷണത്തിലുമാണ്.
എന്താണ് കൊറോണ വൈറസ്?
സാധാരണമായി കാണപ്പെടുന്ന ഒരുതരം വൈറസ് എന്നു പറയുന്നതിനേക്കാൾ വൈറസുകളുടെ ഒരു വലിയ കൂട്ടം ആണ് കൊറോണ എന്ന് പറയുന്നതായിരിക്കും ഉചിതം. മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിന്റെ രൂപത്തിൽ കാണുന്നതുകൊണ്ടാണ് ക്രൗൺ എന്നർത്ഥം വരുന്ന കൊറോണ എന്ന പേര് നൽകിയിരിക്കുന്നത്. വളരെ വിരളമായിട്ടാണ് ഈ വൈറസുകൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നത്. അതുകൊണ്ട് തന്നെ സുറോട്ടിക് എന്നാണ് ഇതിന് ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. 2019-ലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്.ചൈനയിലെ ഹുബൈ പ്രവിശ്യയിൽ.
ലക്ഷണങ്ങൾ
പനി,ചുമ,ശ്വാസതടസ്സം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങളായി പറയുന്നത് .പിന്നീട് ഇതു ന്യൂമോണിയയിലേക്ക് നയിക്കും. വൈറസ് ബാധിക്കുന്നതും രോഗം തിരിച്ചറിയുന്നതും തമ്മിലുള്ള ഇടവേള പത്ത് ദിവസമാണ്.5-6 ദിവസമാണ് ഇൻകുബേഷൻ പീരീഡ്. 10 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങും.
രോഗപ്രതിരോധത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
പ്രത്യേകമായും ശ്രദ്ധിക്കേണ്ടത് വ്യക്തി ശുചിത്വമാണ് .കൈകളും മറ്റും സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക. കഴിയുമെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ചു കൈകൾ വൃത്തിയാക്കുക. പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മാസ്ക് ഉപയോഗിക്കുക. മരുന്നുകളും വാക്സിനുകളും ഇതുവരെ കണ്ടെത്തിയിട്ടില്ലാത്തതിനാൽ ഇത്തരം വൈറസ് ബാധ ഏൽക്കുന്നതിൽ നിന്നും മാറി നിൽക്കുകയാണ് വേണ്ടത്.
ക്വാറന്റീൻ
രോഗലക്ഷണങ്ങൾ ഇല്ലാത്തതും എന്നാൽ രോഗം സ്ഥിരീകരിച്ചതുമായ ആളുകളുമായി ഏതെങ്കിലും അവസരങ്ങളിൽ ബന്ധപ്പെട്ടിട്ടുള്ളവരോ, അല്ലെങ്കിൽ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിൽ കഴിയുന്നവരോ, അവർക്കുവേണ്ടി ഏർപ്പെടുത്തിയിരിക്കുന്ന ഏകാന്തവാസമാണ് ക്വാറ റ്റൈൻ. മറ്റുള്ള ആളുകളിൽ നിന്നും, സാമൂഹിക ഇടങ്ങളിൽ നിന്നും കുറച്ചു ദിവസം അകന്ന് നിൽക്കുന്നത് വഴി (ഇൻക്യുബേഷൻ പീരിയഡ് അവസാനിക്കുന്നതുവരെ) ഇവർ മൂലം രോഗബാധ പകരാനുള്ള സാധ്യത കുറയ്ക്കാൻ വേണ്ടിയാണ് ഇത് ചെയ്യുന്നത്.
ഐസൊലേഷൻ
രോഗം പടർന്നു പിടിക്കുന്ന ഈ നാളുകളിൽ ഐസൊലേഷൻ എന്ന വാക്ക് എന്താണ് അർത്ഥമാക്കുന്നത് എന്നത് നമുക്ക് എല്ലാവർക്കും അറിയാമായിരിക്കും. ക്വാററ്റൈൻ ചെയ്യുന്ന അതേ ലക്ഷ്യങ്ങൾ തന്നെയാണ് ഐസൊലേഷനുമുള്ളത്.
സാമൂഹിക അകലം പാലിക്കുക.
കൊറോണ വൈറസ് പകരുന്നത് തടയുന്നതിന് ആവശ്യമായ ഒരു സുപ്രധാന പൊതുജനാരോഗ്യ ഇടപെടലാണ് സോഷ്യൽ ഡിസ്റ്റൻസിംഗ് അഥവാ സാമൂഹിക അകലം പാലിക്കുകയെന്നത് . കല്യാണങ്ങൾ,സമ്മേളനങ്ങൾ, കായികവിനോദങ്ങൾ, പൊതു ഗതാഗതം, എന്നിവ പോലുള്ള വലിയ ഒത്തുചേരലുകൾ ഒഴിവാക്കുകഎന്നതാണ് ഇതിന്റെ ലക്ഷ്യം. ഇത് പ്രാവർത്തികമാക്കാനായി രണ്ടുപേർ തമ്മിൽ ഒരു മീറ്റർ അകലം പാലിക്കേണ്ടതുണ്ട്.
സംസ്ഥാനത്തിന്റെ ഊർജ്ജസ്വലയും സേവനസന്നദ്ധയും ആയ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പും, പൊതുവിദ്യാഭ്യാസ വകുപ്പും, ഡോക്ടർമാർ മുതൽ ആരോഗ്യപ്രവർത്തകർ വരെയുള്ള ഉദ്യോഗസ്ഥരും അർപ്പണ മനോഭാവത്തോടെ കൂടി പ്രവർത്തിക്കുന്നത് കൊണ്ട് മാത്രമാണ് നമ്മുടെ കൊച്ചു കേരളം ഈ പ്രതിസന്ധികളെ അതിജീവിക്കുന്നത് എന്നത് എടുത്തു പറയേണ്ട വസ്തുതയാണ്. അതുകൊണ്ട് നമുക്കും അവരോടൊപ്പം കൈകോർക്കാം.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം
|