എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/വ്യക്തിശുചിത്വവും രോഗപ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തി ശുചിത്വവും രോഗപ്രതിരോധവും

രോഗാതുരമായ ഒരു ആസുരകാലത്താണ് നാം ഇന്ന് ജീവിക്കുന്നത്.ഈ കാലഘട്ടത്തിൽ ഏറെ പ്രാധാന്യം ഉള്ള രണ്ടു കാര്യങ്ങളാണ് വ്യക്തിശുചിത്വവും രോഗപ്രതിരോധവും എന്നതിൽ തർക്കമില്ല.പല വിധ രോഗങ്ങളിൽ നിന്ന് നമുക്ക് രക്ഷ നേടാനുള്ള ഒരു മാർഗമാണ് ശുചിത്വം. പൂർവികർ വ്യക്തി ശുചിത്വം ഒരു സംസ്കാരമായി കണ്ടിരുന്നു.എന്നാൽ ഇന്നോ?ആവർത്തിച്ചു വരുന്ന മഹാമാരികൾ നമ്മുടെ ശുചിത്വമില്ലായ്മയുടെ ഫലമല്ലെ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു .ശരിയായ ശുചിത്വവും ഭക്ഷണ രീതിയും വഴി നമുക്ക് രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാനാകും.

ലോകത്താകമാനം കോവിഡ് 19 എന്ന മഹാമാരി പിടിപെട്ട് ലക്ഷക്കണക്കിന് ജീവൻ പൊലിഞ്ഞു പോയിരിക്കുന്നു. ഇതിനെ ചെറുക്കാനായി മനുഷ്യർ പല രാജ്യങ്ങളിലും കൂട്ടിലടക്കപ്പെട്ട മൃഗങ്ങളെ പോലെ വീടുകളിൽ വിരസമായ നാഴികകൾ തള്ളി നീക്കി ഒതുങ്ങി കഴിയുന്നു. ഇന്നത്തെ സാഹചര്യത്തിൽ ശുചിത്വത്തിനും രോഗപ്രതിരോധത്തിനും മറ്റെന്തിനെക്കാളും മൂല്യമുണ്ട്. നമ്മുടെ ജീവന്റെ സംരക്ഷകരായ ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും കാണാമറയത്തിരിക്കുന്ന മറ്റേതു ദൈവങ്ങളെക്കാളും മഹത്വമുണ്ട്. വ്യക്തി ശുചിത്വത്തിന് എന്നും പ്രാധാന്യം നൽകിയിട്ടുള്ള ജനതയാണ് കേരളത്തിലേത്. എന്നാൽ അതിന് കൂടുതൽ പ്രാധാന്യം നൽകേണ്ട കാലത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്.ആരോഗ്യ വിദഗ്‌ധരും സർക്കാരും ലോകാരോഗ്യ സംഘടനയും നിർദ്ദേശിച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ച് വേണം നാം ഈ ദിനങ്ങളിൽ കഴിയേണ്ടത് .

സർക്കാർ നമുക്ക് മുന്നിൽ നല്ല നേതൃത്വം കാഴ്ച വയ്ക്കുന്നതിനാൽ തന്നെ നമ്മുടെ കേരളത്തിൽ ഭക്ഷണത്തിനും മറ്റും ക്ഷാമമില്ല. നാം ചെയ്യേണ്ടത് സുരക്ഷിതരായി ലോക്ക് ഡൗൺ നിയമങ്ങൾ അനുസരിച്ചു വീട്ടിൽ ഇരിക്കുക എന്നത് മാത്രമാണ്. അതിനായി നാം ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്.സാനിറ്റൈസർ ഉപയോഗിച്ച ഇടയ്ക്കിടെ കൈകഴുകന്നത് നാം ശീലമാക്കേണ്ടിയിരിക്കുന്നു. ആശുപത്രിയിലോ കടകളിലേക്കോ പോകുമ്പോൾ ഗ്ലൗസ്, മാസ്ക് എന്നിവ ധരിക്കാൻ നാം ശ്രദ്ധിക്കണം. മറ്റുള്ളവരുമായി സമ്പർക്കത്തിലേർപ്പെട്ടതിനു ശേഷം ശരീരം വൃത്തിയാക്കുന്നത് രോഗത്തിൽ നിന്ന് ഒരു പരിധിവരെ നമ്മെ അകറ്റി നിർത്തും.

സമൂഹവുമായുള്ള ഇന്നത്തെ ഈ അകലം നാളത്തെ ഒരുമയ്ക് വേണ്ടി ആണെന്നോർത്ത് സമാധാനിക്കാം.നമ്മുടെ ഈ ലോക്ക് ഡൗൺ കാലം ചിട്ടയായ വ്യായാമങ്ങളിലൂടെയും ആരോഗ്യകരമായ ഭക്ഷണ ക്രമത്തിലൂടെയും രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാനായി ഉപയോഗിക്കാം. നമ്മുടെ ഈ ലോക്ക് ഡൗൺ കാലം പരിസ്ഥിതിക്കു വലിയ ഗുണങ്ങൾ ചെയ്തു .വാഹനങ്ങളുടെ ഉപയോഗത്തിലുണ്ടായ കുറവും വ്യാവസായിക സ്ഥാപനങ്ങൾ പ്രവർത്തിക്കാത്തതും മറ്റും വൻ തോതിലുള്ള മലിനീകരണം കുറയാൻ ഇടയാക്കി. മനുഷ്യൻ അറിയാതെയെങ്കിലും പ്രകൃതിക്കു ഗുണം ചെയ്യുന്നു !.വിരസത ഒഴിവാക്കാനായും മറ്റും മിക്ക കുടുംബങ്ങളും കൃഷി ആരംഭിച്ചതും പരിസഥിതിക്ക്‌ നല്ലതു തന്നെ.

ശുചിത്വത്തിലൂടെയും രോഗപ്രതിരോധ പ്രവർത്തനങ്ങളിലൂടെയും ഇല്ലാതാക്കാനും ലോക്ക് ഡൗൺ പാലിക്കുന്നതിലൂടെ രോഗത്തെ നിയന്ത്രക്കാനും നാം ശ്രമിക്കണം. ശാരീരികമായ അകൽച്ചയെ മാനസികമായ ഒരുമ കൊണ്ട് നാം നേരിടണം. രണ്ടു പ്രളയങ്ങളേയും കൊടുങ്കാറ്റിനേയും നിപയേയും തോൽപിക്കാൻ കഴിഞ്ഞ കേരളീയരുടെ നെഞ്ചൂക്കിന് ഈ അവസരത്തിലും വിജയിക്കാൻ കഴിയും എന്ന് പ്രത്യാശിക്കാം.

സങ്കീർത്ത് ജെ ഐ
9 C എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ്.ഇടവ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം