അകവൂർ എച്ച്.എസ്.ശ്രീമുലനഗരം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥാനമായ കാലടിക്കടുത്ത് ശക്തൻ തമ്പുരാന്റെ ജനനം കൊണ്ടു പ്രശസ്തമായ കാഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ  സ്ഥിതി ചെയ്യുന്ന അകവൂർ ഹൈസ്കൂൾ  ,  പുരോഗമനചിന്താഗതിയും  ദീർഘവീക്ഷണവും വിദ്യാഭ്യാസ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധയും ഉണ്ടായിരുന്ന അകവൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിനാലാണ് 1946 ൽ സ്ഥാപിക്കപ്പെട്ടത്. തുടക്കത്തിൽ സംസ്കൃതം   യു.പി സ്കൂളായിരുന്ന ഈ വിദ്യാലയം പിന്നീട് 1948 ൽ ഹൈസ്കൂളാക്കി ഉയർത്തി , സമീപപ്രദേശങ്ങളിലെ ആയിരക്കണക്കിന് കുട്ടികൾക്ക് വിദ്യയുടെ പ്രകാശഗോപുരം തുറന്നു കൊടുത്തു. തിരുവൈരാണിക്കുളത്ത് സ്ഥിതി ചെയ്യുന്ന ചരിത്ര- ഐതിഹ്യ പ്രാധാന്യമുള്ള അകവൂർ മനയായിരുന്നു ഈ വിദ്യാലയം നടത്തിക്കൊണ്ടു വന്നത്. വെണ്മണി കവികളുടെയും കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെയും ജന്മം കൊണ്ട് കേരളീയർക്ക് ചിരപരിചിതമായ ശ്രീമൂലനഗരം ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ കാഞ്ഞൂർ പള്ളി , തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം എന്നിവ സമീപസ്ഥമാണ്. 1985 മുതൽ ഈ വിദ്യാലയം ചൊവ്വര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഗ്രാമസേവാസമിതി ഏറ്റെടുക്കുകയും പൂർവ്വാധികം ഭംഗിയായി നടത്തിക്കൊണ്ടുവരികയും ചെയ്യുന്നു. മാനേജ്മെന്റിന്റെയും അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും പൂർവ്വവിദ്യാർഥി സംഘടനയായ SAHOSAയുടെയും ആത്മാർഥമായ സഹകരണത്താലും അക്ഷീണപരിശ്രമത്താലും ഈ സരസ്വതി മന്ദിരം ഉത്തരോത്തരം അഭിവൃദ്ധി പ്രാപിക്കുന്നുവെന്ന് നിസ്സംശയം പറയാവുന്നതാണ്.