സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ രോഗപ്രതിരോധവും ജീവിതശൈലിയും

രോഗപ്രതിരോധവും ജീവിതശൈലിയും     
             1796 ഇൽ എഡ്‌വേഡ്‌ ജെന്നർ എന്ന് മനുഷ്യന്റെ വാക്‌സിൻ എന്ന് കണ്ടുപിടിത്തം വൈദ്യശാസ്ത്രത്തെ  മറ്റൊരു തലത്തിലേക്ക് ഉയർത്തി എന്നത് ശരിയാണെങ്കിലും, രോഗപ്രതിരോധം വാക്‌സിനെ മാത്രം ആശ്രയിച്ചല്ല .മറിച്ച് രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശരീരത്തിന്റെ കഴിവ് വർധിപ്പിക്കുക എന്നതാണ് പരമപ്രധാനം. ഏതാണ്ട് 20 ഓളം വാക്‌സിനുകളാണ് ഭാരതത്തിൽ പിറന്നുവീഴുന്ന ഓരോ കുട്ടിക്കും സൗജന്യമായി നൽകുന്നത്. ഇവകൂടാതെ സാമ്പത്തികശേഷി ഉള്ളവർ സ്വകാര്യആശുപത്രികളിൽ നിന്ന് ചില പ്രത്യേക വാക്‌സിനുകളും എടുക്കുന്നു. ക്ഷയം, ഹെപ്പറ്റൈറ്റിസ്, വില്ലൻ ചുമ, ടെറ്റനസ്, പോളിയോ തുടങ്ങിയ പല അസുഖങ്ങളും പ്രതിരോധിക്കാൻ വാക്‌സിനുകൾ അത്യാവശ്യമാണെങ്കിൽ കൂടി, എന്തിനും ഏതിനും വാക്‌സിൻ എന്ന്‌ മുറവിളി കൂട്ടുന്ന ശീലം നന്നല്ല.
             ഏതൊരാളിന്റെയും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ സഹായിക്കുന്ന ഒന്നാണ് വൈറ്റമിൻ സി. നമ്മുടെ നാട്ടിൽ സുലഭമായി കിട്ടുന്ന നെല്ലിക്ക, ചാമ്പയ്ക്ക ലുവിക്ക മാങ്ങ എന്നിവ വൈറ്റമിൻ സി യുടെ വൻകലവകളാണ്. രോഗപ്രതിരോധശേഷി നേടുന്നതിന് ക്യാപ്സ്യൂളുകളും ഇഞ്ചക്ഷനുകളും തേടി പോകുന്നവർ മനസ്സിലാക്കണം, ഇത് ഒരു മാർഗം മാത്രമാണെന്നും മറ്റ് പലതും നമുക്ക് ചെയ്യാൻ സാധിക്കുമെന്നും. ധാന്യങ്ങളുടെ ഏറ്റവും ശുദ്ധീകരിച്ച രൂപങ്ങൾ നമ്മുടെ ഭക്ഷണക്രമത്തിന്റെ ഭാഗമായതുകൊണ്ടുതന്നെ നാം നഷ്ടപ്പെടുത്തുന്നത് തവിടിൽ അടങ്ങിയിരിക്കുന്ന അനവധി വിറ്റാമിനുകളാണ്. ശാസ്ത്രപുരോഗതി ശരാശരി ആയുർദൈർഘൃ൦ കൂട്ടുമെന്ന് അംഗീകരിച്ചുകൊണ്ടുതന്നെ വർഷങ്ങൾ  പിന്നോട്ടുപോകുക.
             നമ്മുടെ അപ്പനപ്പൂപ്പന്മാരെ നോക്കുക, അവർ ഏതു വാക്‌സിൻ എടുത്തിട്ടാണ് ആരോഗ്യവാന്മാരായിരുന്നത്? നൂറും നൂറ്റിയൊന്നും പിന്നിട്ടത്? അവരുടെ ജീവിതകാലം വളരെ കൂടുതലായത്? കാലിൽ ചെരുപ്പുപോലുമില്ലാതെ മഴയെന്നോ വെയിലെന്നോ വ്യത്യാസം ഇല്ലാതെ പാടത്തും പറമ്പിലും പണിയെടുത്തതുകൊണ്ടാണ്. 
             ജനിതകമാറ്റം വന്നുകൊണ്ട് അപകടകാരികളായിക്കൊണ്ടിരിക്കുന്ന സൂക്ഷ്മാണുക്കൾ ആരോഗ്യരംഗത്തെ വലിയ വെല്ലുവിളി ആണ്. കോവിഡ് 19 അതിനൊരുദാഹരണമാണ് .ഇവയൊക്കെ നേരിടാൻ മരുന്നുല്പാദന രംഗത്തെ നേട്ടങ്ങൾ അത്യന്താപേക്ഷിതമാണ്. എന്നിരുന്നാലും നമ്മുടെ ജീവിതശൈലിയിലും ഏറെ മാറ്റങ്ങൾ വരുത്തേണ്ടതായിട്ടുണ്ട്. ദിവസവും ഒരു മണിക്കൂറെങ്കിലും പുറത്തിറങ്ങി ചുറ്റുപാടും വീക്ഷിക്കുക ,അങ്ങനെ സൂര്യരശ്മികൾ നമ്മെ ഒന്ന് തഴുകട്ടെ.
           
             കുട്ടികളെ ചെറുപ്രായത്തിൽ തന്നെ പ്രകൃതിയുമായി ഇണങ്ങാൻ അനുവദിക്കുക. അവർ മണ്ണിലും പൊടിയിലും ഇറങ്ങി കളിക്കട്ടെ. അതിലൂടെ ഒരു പരിധിവരെ എല്ലാ രോഗാണുക്കളെയും അവരുടെ ശരീരങ്ങൾ തിരിച്ചറിയുകയും അതിനെതിരെ ആന്റിബോഡി ഉത്പാദിപ്പിക്കുകയും ചെയ്യും. നിർഭാഗ്യവശാൽ ആ സാഹചര്യം പല സ്കൂളുകളിൽ പോലും ഇന്ന് ലഭ്യമല്ല. "നിങ്ങളുടെ ഭക്ഷണം മരുന്നാകട്ടെ, മരുന്ന് ഭക്ഷണമാകട്ടെ" എന്ന് വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റസ് പറഞ്ഞിട്ടുള്ളത് മണിക്കൂറുകളുടെ മാത്രം ഇടവേളകളിൽ ഫാസ്റ്റ് ഫുഡ് കൊടുക്കുന്ന മാതാപിതാക്കന്മാർ ഓർക്കുക. അത്  ഭൂമിയിൽ അധികകാലം ജീവിക്കാനുള്ള കുട്ടികളുടെ അവകാശത്തെയാണ് നിഷേധിക്കുന്നത്. കൂടാതെ  വളരെ ചെറുപ്പത്തിൽ തന്നെ പ്രമേഹം, രക്തസമ്മർദ്ദം, കൊഴുപ്പ് എന്നിവയെല്ലാം സമ്മാനിക്കും. അർബുദം എന്ന രോഗത്തിന്റെ കാരണങ്ങളിലേക്കുള്ള ഗവേഷണങ്ങൾ പലപ്പോഴും എത്തിനിൽക്കുന്നത് തെറ്റായ ഭക്ഷണക്രമത്തിൽ തന്നെയാണ്. വിഷമടിച്ച പച്ചക്കറികളും, പഴങ്ങളും വിഷതുല്യമായ മസാലയടങ്ങിയ പാക്കറ്റ് ഭക്ഷണങ്ങളും അർബുദരോഗികളുടെ എണ്ണം വർധിപ്പിക്കുന്നു.
               "മനുഷ്യന്റെ ആവശ്യത്തിനുള്ളതെല്ലാം ഭൂമിയിലുണ്ട്" എന്ന് മഹാത്മാവ് പറഞ്ഞിട്ടുള്ളത് ഓർക്കുക. വീട്ടുമുറ്റത്ത് ലഭ്യമായ സ്ഥലത്ത് പച്ചക്കറികൾ നട്ടുപിടിപ്പിക്കുമ്പോൾ കൃഷിയെന്ന സംസ്കാരത്തെ വരും തലമുറക്ക് കൈമാറാനും വിഷമില്ലാത്ത പച്ചക്കറിയുടെ ഉല്പാദനത്തിൽ സ്വയം പര്യാപ്തത നേടാനും നമുക്ക് കഴിയും. പ്രകൃതിയെ അറിയാതെ, നിത്യോപയോഗ സാധങ്ങളുടെ പേരുപോലും അറിയാതെയാകരുത് നമ്മുടെ കുട്ടികൾ വളരാൻ. ഈ കോവിഡ് കാലം ഒരോർമ്മപെടുത്തലാണ്., നാം നമ്മുടെ ജീവിതശൈലിയിൽ എന്തുമാത്രം മാറ്റം വരുത്തേണ്ടതുണ്ടെന്ന്  സ്വയം വിലയിരുത്താം.
ജെസ്സി എബ്രഹം
HST സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം