ജി.എം.എൽ.പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/ കുഞ്ഞികുറുക്കനും കുഞ്ഞനെലിയും - കഥ
കുഞ്ഞികുറുക്കനും കുഞ്ഞനെലിയും - കഥ
കാട്ടിൽ വികൃതിയും അഹങ്കാരിയുമായ ഒരു കുഞ്ഞു കുറുക്കൻ ഉണ്ടായിരുന്നു.ബുദ്ധിയിൽ തന്നെ തോൽപ്പിക്കാൻ ആർക്കും കഴിയില്ലെന്നും ചെറിയ ചെറിയ മൃഗങ്ങൾക്ക് വലിയ മൃഗങ്ങളുടെ അത്ര ശക്തിയൊന്നും ഇല്ലാത്തതിനാൽ അവരെ ഒന്നിനും കൊള്ളില്ലന്നുമായിരുന്നു അവൻ പറഞ്ഞു നടന്നിരുന്നത്. അവൻ എന്നും തരം കിട്ടുമ്പോഴെല്ലാം മുയൽ, എലികൾ എന്നു കണ്ട എല്ലാ കുഞ്ഞു കുഞ്ഞു മൃഗങ്ങളെ കളിയാക്കുക ഒരു പതിവാക്കി മാറ്റി. അങ്ങനെയിരിക്കെ ഒരു ദിവസം അവൻ കാട്ടിലൂടെ നടക്കുമ്പോൾ വേട്ടക്കാർ കുഴിച്ച ഒരു വലിയ കുഴിയിൽ അവൻ വീണു പോയി. എങ്ങിനെ ശ്രമിച്ചിട്ടും അവനു കുഴിയിൽ നിന്ന് പുറത്തേക്കു കയറാൻ കഴിഞ്ഞില്ല. കുഞ്ഞികുറുക്കന്റെ ഉറക്കെയുള്ള കരച്ചിൽ കേട്ട് അതുവഴി കടന്നു പോയ വലിയ മൃഗങ്ങളൊന്നും അഹങ്കാരിയായ കുഞ്ഞികുറുക്കനെ രക്ഷിക്കാൻ ശ്രമിച്ചില്ല.പാവം കുഞ്ഞികുറുക്കൻ ആ കുഴിയിൽ കിടന്ന് കരച്ചിലോട് കരച്ചിൽ.അപ്പോഴാണ് ആ വഴിയേ ഒരു കുഞ്ഞനെലി വന്നത് കുഴിയിൽ കിടന്നു കരയുന്ന കുഞ്ഞു കുറുക്കന്റെ കരച്ചിൽ കേട്ട് സങ്കടം വന്ന എലിക്കുട്ടൻ അവനെ സഹായിക്കാമെന്നേറ്റു. പക്ഷെ കുഞ്ഞു കുറുക്കൻ അവനോട് ചോദിച്ചു: "ഇത്രയും വലിയ വലിയ ശക്തരായ മൃഗങ്ങളൊന്നും എന്നെ സഹായിക്കാൻ വന്നില്ല അപ്പോഴാണ് ഇത്തിരിയില്ലാത്ത നീ". എന്നു പറഞ്ഞു കുഞ്ഞു കുറുക്കൻ കളിയാക്കിയപ്പോഴും ഒന്നും പറയാതെ കുഴിയിലേക്ക് ചാടിയിറങ്ങി കൊണ്ട് കുഞ്ഞനെലി പറഞ്ഞു :"കുഞ്ഞി കുറുക്കാ നിനക്ക് രക്ഷപ്പെടണമെങ്കിൽ രക്ഷപ്പെട്ടോളു ഞാനിവിടെ മുതൽ ഒരു തുരങ്കം തുരക്കാൻ പോകുകയാണ് നിനക്കു വേണമെങ്കിൽ അതുവഴി മുന്നോട്ടു പോകാം ആ വഴി നീ കയറി വന്നാൽ ഈ കുഴിയിൽ നിന്ന് പുറത്തേക്ക് രക്ഷപ്പെടാം".അതും പറഞ്ഞ് കുഞ്ഞനെലി മണ്ണ് തുരക്കാൻ തുടങ്ങി അന്തം വിട്ടു നിന്ന കുഞ്ഞികുറുക്കൻ കുഞ്ഞനെലി തുരന്നെടുത്ത തുരങ്കത്തിലൂടെ കുഴിയിൽ നിന്ന് രക്ഷപ്പെട്ടു. (ഗുണപാഠം:അഹങ്കാരം നന്നല്ല.)
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 09/ 07/ 2024 >> രചനാവിഭാഗം - കഥ |