ലിറ്റിൽ കൈറ്റ്സ് ജില്ലാ റോബോട്ടിക് മേളയിൽ ഉദുമ ജി.എച്ച്.എസ്.എസ്. ജേതാക്കൾ
വിദ്യാനഗർ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ കൈറ്റ്, എൽ.ബി.എസ്. എൻജിനീയറിങ് കോളേജ്, ഓപ്പൺ മൈൻഡ് എന്നിവയുടെ സഹകരണത്തോടെ നടത്തിയ ജില്ലാതല ലിറ്റിൽ കൈറ്റ്സ് റോബോട്ടിക് മേളയിൽ ഉദുമ ജി.എച്ച്.എസ്.എസ്. ജേതാക്കളായി. കക്കാട്ട് ജി.എച്ച്.എസ്.എസ്. രണ്ടാം സ്ഥാനവും കൊളത്തൂർ ജി.എച്ച്.എസ്.എസ്. മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിദ്യാർഥികളിൽ സാങ്കേതിക വിദ്യ പരിശീലിപ്പിക്കുന്നതിനും അവരുടെ വൈദഗ്ധ്യം പ്രോത്സാഹിപ്പിക്കുന്നതിനുമായി സംഘടിപ്പിച്ച മേളയിൽ സ്കൂൾ തല മികവുത്സവങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നൂറ്റിപ്പത്തോളം കുട്ടികൾ മാറ്റുരച്ചു. കൈറ്റ് സി.ഇ.ഒ. അൻവർ സാദത്ത് മേള ഉദ്ഘാടനം ചെയ്തു.
ആശയത്തിന്റെ പ്രസക്തി, പ്രൊഡക്ടിന്റെ പ്രവർത്തനക്ഷമത, കോഡിങ്ങിലുള്ള അറിവ് എന്നിവ വിലയിരുത്തിയാണ് എൽ.ബി.എസ്. ടീം വിജയികളെ കണ്ടെത്തിയത്. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 5000, 3000, 1000 രൂപ വീതം കാഷ് അവാർഡും സർട്ടിഫിക്കറ്റും മെമന്റോയും സമ്മാനിച്ചു. വിവിധ കാറ്റഗറികളിൽ മികവ് തെളിയിച്ചവർക്കെല്ലാം സർട്ടിഫിക്കറ്റും മെമന്റോയും നൽകി. എൽ.ബി.എസ്. എൻജിനീയറിങ് കോളേജ് റിസർച്ച് ഡീൻ ഡോ. പി. പ്രമോദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നിതീഷ് നായക്, മുഹമ്മദ് സൈൻ, അബൂബക്കർ അഫ്നാൻ എന്നിവരടങ്ങിയ സംഘമാണ് മൂല്യനിർണ്ണയം നടത്തിയത്.ഡയറ്റ് പ്രിൻസിപ്പൽ ഡോ. രഘുറാംഭട്ട് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. പി. സവിത, ടി.വി. മധുസൂദനൻ, എൻ. നന്ദികേശൻ, കെ. ശങ്കരൻ, ജംഷീദ് എന്നിവർ മത്സരാർഥികളുമായി സംവദിക്കുകയും സമ്മാനദാനം നിർവഹിക്കുകയും ചെയ്തു. വി. ഫാത്തിമത്ത് റിദ, കെ.പി. സഞ്ജയ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വരും വർഷങ്ങളിലും ഇത്തരം നൂതനമായ പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ വ്യാപിപ്പിക്കുമെന്ന് ഉറപ്പു നൽകിയാണ് വിദ്യാർത്ഥികൾ മേളയിൽ നിന്നും മടങ്ങിയത്.