സി. അൽഫോൻസ യു.പി.എസ്. നെടുമണ്ണി/അക്ഷരവൃക്ഷം/ഒരു സുന്ദരലോകം

ഒരു സുന്ദരലോകം

ഞാനിതുവരെ ഏറ്റവും പേടിയോടെകേട്ടിരുന്ന വാക്കാണ് " തുമ്പാൻ . തീരെച്ചെറുപ്പത്തിൽ ഞാൻ ആഹാരം കഴിക്കാൻ മടി കാട്ടുമ്പോൾ ,വെയിലത്തിറങ്ങി ഓടിക്കളിക്കുമ്പോൾ വീട്ടിൽ കയറ്റിയിരുത്താൻ , മണ്ണു കുഴച്ച് കളിവീടുണ്ടാക്കിക്കളിച്ച് കൈകഴുകാതെ വീട്ടിൽ കയറുമ്പോൾ, രാത്രി ഏറെ വൈകിയിട്ടും ഉറങ്ങാതെ കിടന്ന് കളിക്കുമ്പോളെല്ലാം അമ്മയെന്നെ നേർവഴിയാക്കാൻ പറഞ്ഞു പേടിപ്പിക്കുന്ന വാക്കാണ് 'തുമ്പാൻ വരും ' .കഴിഞ്ഞ ദിവസംവരെ അദൃശ്യവും അരൂപിയുമായ തുമ്പാൻ എന്റെ മുൻപിൽ പ്രത്യക്ഷപ്പെടുന്നതായി എനിക്ക് തോന്നി. ഭീതിപ്പെടുത്തുന്ന ഒരു വാക്കായിരുന്നു എനിക്ക് തുമ്പാൻ എന്നതെങ്കിൽ അതിനു സമാനമായി പുതിയ ചിലവാക്കുകളും എനിക്കിപ്പോൾ കിട്ടി. അപരിചിതമായ ആ വാക്കുകൾ എത്ര പെട്ടന്നാണ് പലവുരി കേൾക്കുകയും ഉരുവിടുകയും പരിചിതമാവുകയും ചെയ്യുന്നത് .
വുഹാൻ, കൊറോണ, കോവിഡ്, ക്വോറണ്ടയിൻ, ലോക്ക് ഡൗൺ, ഇതെല്ലാം എനിക്കിപ്പോൾ തുമ്പാന് തുല്യമാണ് - അല്ലെങ്കിൽ തുമ്പാന്റെ പര്യായപദങ്ങൾ.
ടി വി കണ്ടു കൊണ്ടിരിക്കെ അമ്മ പറഞ്ഞു:" ഇത് ഭയങ്കര പ്രശ്നമാകുമല്ലോ? മോനെ ചൈനയിൽ കുറെ പേർ മരിച്ചു. കഷ്ടം! അവിടുന്ന് ഇന്ത്യക്കാർ തിരിച്ചു വരുന്നൂയെന്ന്, എന്നാലുറപ്പായും അതിൽ മലയാളികൾ കാണും."
"അമ്മേ ...ചൈനയിൽ മലയാളികളുണ്ടോ ? "
എന്റെ ചോദ്യം കേട്ടതും വെടി പൊട്ടുന്ന പോലെ അമ്മ പറഞ്ഞു" "എടാ മലയാളികളില്ലാത്ത നാടുണ്ടോ ...! നന്നായിട്ടു പഠിച്ചാൽ നിനക്ക് ലോകത്തെവിടെയും പോകാം."
ഞാൻ വിട്ടു കൊടുക്കുമോ.. "നന്നായി കളിച്ചാലും പോകാം . അവിടിരുന്ന് പഠിക്കെടാ..." അമ്മയുടെ ആ കമൻ്റോടെ എന്റെ ആദ്യ എപ്പിസോഡ് അവസാനിച്ചു.
പിന്നീട് ഓരോ ദിവസം കഴിയുന്തോറും അമ്മയുടെയും അച്ഛന്റെയും സംസാരത്തിൽ പിരിമുറുക്കങ്ങൾ , പത്രങ്ങളും, ടി വി വാർത്തകളും ആകാംക്ഷയും നിരാശയും ഒപ്പം അമ്മയുടെ മുഖത്ത് ദു:ഖവും ഉണ്ടാകുന്നത് കണ്ടു.എനിക്കപ്പഴത്തേക്കും ഒരു സന്തോഷ വാർത്ത കിട്ടി. സ്കൂൾ അടച്ചു. പെട്ടന്ന് അവധി പ്രഖ്യാപിച്ചു. ആദ്യമായിട്ടാണ് അമ്മ സ്കൂൾ അവധിയെ സപ്പോർട്ട് ചെയ്യുന്നത് .
" നന്നായി അവധി കൊടുത്തത്, കോളജും അടച്ചാൽ മതിയായിരുന്നു, മോനേ നന്നായി കൈയും മുഖവും കഴുകണേ ...": ഒരു ഉപദേശം കൂടി .എന്റെ അമ്മയുടെ നാവ് പൊന്നായിമാറി സ്കൂളും, കോളജും അടച്ചു .കൂടാതെ മുഖ്യൻ പറയുകയും ചെയ്തു ഏഴാം ക്ലാസ് വരെ പരീക്ഷയില്ല .എല്ലാവരും വിജയിച്ചു. ഓൾ പാസ്സ് .ഞാൻ അപ്പോഴാണ് ശരിക്കും ഈ രാഷ്ട്രീയക്കാരെയൊക്കെ ശ്രദ്ധിക്കുന്നത്. അങ്ങനെ മുഖ്യൻ എന്നെപ്പോലുള്ള വിരുതന്മാരുടെ ചങ്കായി പിന്നെ ഞാൻ എന്നും മുഖ്യൻ പറയുന്നത് കേൾക്കാൻ ടി വിക്ക് മുമ്പിലിരിപ്പ് പതിവാക്കി . ഒപ്പം കൂട്ടുകാരും ...മുഖ്യൻ ഒരു സ്കൂൾ മാഷിനെപ്പോലാ , ഒരു മണിക്കൂർ സൂപ്പർ ക്ലാസാ .. അങ്ങനെ പതിയെപ്പതിയെ എല്ലാം നിശ്ചലമായി വാഹനങ്ങൾ ,സ്ഥാപനങ്ങൾ ,ഫാക്ടറികൾ, ദേവാലയങ്ങൾ .....,ആശുപത്രി - പേലീസ് സ്റ്റേഷൻ ഒഴിച്ച് എല്ലാം അടച്ചിടുന്ന സ്ഥിതി വന്നു .ആളുകൾ വീട്ടിലിരിക്കാൻ പറഞ്ഞ് പ്രധാനമന്ത്രി ലോക്ക്ചെയ്തു. എല്ലാവരും പറഞ്ഞു രാജ്യം അടച്ചു പൂട്ടി .
അന്ന് രാവിലെ ഞാൻ എഴുന്നേറ്റ് വന്ന് വീടിന്റെ മുറ്റത്തു നിന്ന് നോക്കി എങ്ങും ഒരനക്കമില്ല കട്ട നിശബ്ദത . ഇലകൾ പോലും അനങ്ങുന്നില്ല അയലത്തെ വീട്ടുകാർ ജനാലകൾ പോലും തുറന്നിട്ടില്ല. എനിക്കത് പുതിയ ഒരു അനുഭവമായി !.എല്ലാം അറ്റൻഷൻ നിൽക്കും പോലെ .ലോകത്ത് പലയിടങ്ങളിലായി ഒട്ടനവധി ആളുകൾ മരിച്ചു കൊണ്ടിരിക്കുന്നു , പാവം ആളുകൾ . ടി വിയിൽ വാർത്തകേട്ട് അമ്മ കരയുന്ന കാണാം. അച്ചൻ പറയും നമ്മളും സൂക്ഷിച്ചില്ലേൽ ഇതാ ഗതി.ഞാൻ ഇടക്കിടക്ക് കൈകൾ സോപ്പിട്ട് കഴുകഴുകും , പതപ്പിച്ച് കുമിള ഉണ്ടാക്കി ഊതിപ്പറപ്പിക്കും. നല്ലപരിപാടി ,തൂവാല കൊണ്ട് മുഖവും കെട്ടി കൊള്ളക്കാരനെപ്പോലെ നടക്കാൻ തുടങ്ങി. അച്ഛന്റെ ബാഗിനകത്ത് ഒരു സാനിറ്റെസർ ഉണ്ടായിരുന്നു അതെടുത്ത് കൈയ്യിൽ തേക്കും.. ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നൊള്ളൂ ആ 'തുമ്പാനെ ' കൊല്ലണം
വീട്ടിലിരുന്ന് മടുത്തു ഇടക്ക് അമ്മയുമായി ചില്ലറ വഴക്കുകൂട്ടി , കൂട്ടുകാരെ ഫോണിൽ വിളികൂടിവന്നു, വാട്ട്സ് ആപ്പ് ഗ്രൂപ്പ് ഏക ആശ്വാസമായിരുന്നു. അങ്ങനെ പടം വര ,ക്രാഫ്റ്റ് വർക്ക് ,ടിക്ക് ടോക്ക് പരിപാടികൾ ആരംഭിച്ചു .നമ്മൾ പതിയെ അർമാദിക്കാൻ തുടങ്ങി അപ്പോഴാ വാർത്ത വന്നു , കേരളത്തിലും ആളുകൾ മരിച്ചു എന്ന് വല്ലാണ്ട് പേടിച്ചു പോയി. പിന്നെ അറിയിപ്പു വന്നു "ഭയപ്പെടേണ്ട ജാഗ്രത മതി" എന്ന് .തെക്കേ വീട്ടിലെ അമ്മൂമ്മ മരിച്ചിട്ട് ഞങ്ങൾ ആരും കാണാൻ പോയില്ല .മുഖ്യൻ പറഞ്ഞിട്ടുണ്ടായിരുന്നു മരണ ചടങ്ങുകൾക്കും ആഘോഷങ്ങൾക്കും ഉത്സവങ്ങൾക്കും ഒന്നും ആള് കൂടാൻ പാടില്ലായെന്ന്
വീട്ടിൽ ഒരു ചെറിയ പച്ചക്കറിത്തോട്ടം ഉണ്ടാക്കി ,വിത്ത് പാകി കിളിർപ്പിച്ചു് വെള്ളമൊഴിച്ച് പരിപാലിച്ചു എന്റെ തോട്ടത്തിൽ കിളികൾ വരാൻ തുടങ്ങി .അവയ്ക്ക് ഞാൻ രാവിലെ കഴിക്കാൻ എടുക്കുന്ന ബിസ്ക്കറ്റുകൾ ഒടിച്ചിട്ടുകൊടുത്തു . പിന്നെ അവയുടെ എണ്ണം കൂടി വന്നു എനിക്ക് ഒത്തിരി സന്തോഷമായി എന്റെ തൊടിയിൽ ഒത്തിരി കിളികൾ വരാൻ തുടങ്ങി .അവരുമായി നല്ല കമ്പിനിയായി പാവം സുന്ദരന്മാരും സുന്ദരികളും അവർ മാസ്ക് വെച്ചിട്ടില്ലായിരുന്നു. മാസ്ക് വെച്ച എന്നെ ആദ്യം കണ്ടപ്പോൾ അവ പേടിച്ചു പോയായിരുന്നു..പിന്നെ സ്ഥിരമായപ്പോൾ അവർക്ക് പ്രശ്നമല്ലാതായി , നാട്ടിൽ മുഴുവൻ മാസ്ക് വെച്ചവരെയല്ലെ കിളികൾ കാണുന്നത്. ഈ കിളികൾ ഭാഗ്യമുള്ളവരാണ് അവർക്ക് ഒരു തടസ്സവുമില്ലാതെ പറന്ന് പറന്ന് നടക്കാം അവർ പറന്ന് ഉല്ലസിക്കുമ്പോൾ ഞാൻ ദേ ...... കൂട്ടിൽ അകപ്പെട്ട സ്ഥിതിയാ ....
അതിജീവനത്തിന്റെ ഓരോ മാർഗ്ഗങ്ങൾ ,ഞാനും .. ആ കിളികളെപ്പോലെ പറന്ന് നടക്കും അതിരുകളില്ലാത്ത സുന്ദരമായ ലോകത്ത് കിളികളും ,പൂമ്പാറ്റകളും ,പൂച്ചകളും ,മാനുകളും മനുഷ്യനും ഒരിമിച്ച് പാറിനടക്കും മാങ്ങാപ്പഴവും ,ചാമ്പക്കയും പേരക്കയും ഞങ്ങൾ ഒരുമിച്ച് പങ്കുവെയ്ക്കും നല്ല കാറ്റത്ത് പക്ഷികളോടൊപ്പം പറന്ന് നടക്കാൻ എത്ര രസമാണ് .ഈ പക്ഷികളെയും മാനുകളെയുമെല്ലാം ഞാൻ എന്റെ വീട്ടിലേക്ക് കൊണ്ടുവരികയാണ് എന്റെ വീടിന്റെയുള്ളാണ് ഏറ്റവും സുന്ദരമായ ലോകമെന്ന് ഞാൻ ഇപ്പോൾ തിരിച്ചറിയുന്നു കൂട്ടുകാർ അടുത്തില്ലെങ്കിലും അവരോടൊപ്പമെന്ന പൊലെ എനിക്ക് വീട്ടിൽ കഴിയാൻ ആവും എല്ലാ പ്രതിസന്ധികളെയും നമ്മളൊരു മിച്ച് തരണം ചെയ്യും സുന്ദരമായ ഒരു ലോകത്തിലെ സുരക്ഷിത തുരുത്താണ് എല്ലാവരുടേയും വീടുകൾ .
അമ്മ പറഞ്ഞ് പേടിപ്പിച്ച തുമ്പാനെ നമ്മുക്ക് ഓടിച്ചു വിടാം തുമ്പാൻ ഇനി വീട്ടുവാതിലിൽ വരില്ല .. നമ്മുടെ മനസ്സിലും വരില്ല . നമുക്ക് യുക്തിബോധത്തോടും ,ശാസ്ത്രത്തൊടും നന്ദി പറഞ്ഞ് ചേർന്ന് നിൽക്കാം.തല ഉയർത്തി മേൽപ്പോട്ടു നോക്കുമ്പോൾ കാണുന്ന നീലാകാശം അതിരുകളില്ലാത്തതാണല്ലോ ആ തുമ്പാനെ നമ്മുക്ക് അതിരുകളില്ലാത്ത നീലാകാശത്തിനപ്പുറത്തേക്ക് നമുക്ക് ഊതി പറപ്പിക്കാം .... മുഖാവരണമില്ലാതെ ഈ ലോകത്ത് പേടി കൂടാതെ കളിച്ചുല്ലസിക്കാം ....സുന്ദര ലോകമായ വീട്ടിൽ നിന്നും നമുക്ക് ശക്തി സംഭരിക്കാം.

അജൻ ശ്രായിപ്പള്ളിൽ
6 എ സി. അൽഫോൻസ യു.പി.എസ്. നെടുമണ്ണി
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ