ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/ഇന്നലകളിലൂടെ..

ഇന്നലകളിലൂടെ..

ലോകം മുഴുവ൯ കൊറോണ വൈറസ് മൂലം അടച്ചിട്ട മുറികളില് ഇരിക്കുന്ന കാലം. നാണിയമ്മ തന്റെ കണ്ണുകൾ മെല്ലെ തുറന്നു. പത്ത് ദിവസത്തിൽ ഏറെയായി ആ അമ്മ വീട്ടിൽ അടച്ചിരിക്കാൻ തുടങ്ങിയിട്ട്. നാണിയമ്മ മെല്ലെ എഴുന്നേറ്റു ആ ഒറ്റ മുറി വീടിന്റെ കോണിൽ ഉളള അടുക്കളയിലേക്ക് പോയി. ഒരു കട്ടൻച്ചായ ഉണ്ടാക്കി. പുറത്തേക്ക് ഒന്ന്‌ ഇറങ്ങാം എന്ന്‌ കരുതിയ ആ അമ്മയെ വഴിവക്കിലെ വിജനതയും, ഏകാന്തതയും ഭയപ്പെടുത്തി എങ്കിലും എൺപത്തിഒൻപത് വയസ്സുള്ള നാണിയമ്മ പതറിയില്ല. അവരുടെ കണ്ണുകളെ ആദ്യം ആകർഷിച്ചത് ആ റോഡാണ്. കാരണം, അവർ ഇതുവരെ ആ റോഡ് ഇത്രയും വൃത്തിയായി കണ്ടിട്ടില്ല. അമ്മ വളരെ ബുദ്ധിമുട്ടി മേലോട്ട് നോക്കി. സൂര്യന്റെ പ്രഭ ആകാശത്തേ തിളക്കമുള്ളതാക്കി മാറ്റിയിരിക്കുന്നു. ആ ആകാശം എന്തോ പ്രതിഫലിപ്പിക്കുന്നതായി അവർക്ക് തോന്നി.

ചായ മോന്തി കുടിച്ച് അമ്മ ഉച്ചക്കഞ്ഞി തയ്യാറാക്കി. താൻ ഉണ്ടാക്കിയ പപ്പടം പുറത്ത് നിന്ന്‌ എടുത്ത് കൊണ്ട് വന്നു . പണി എല്ലാം പൂർത്തിയാക്കിയ നാണിയമ്മ തന്റെ കട്ടിലിൽ അമർന്നു. പുറത്ത്‌ നിന്ന്‌ വന്ന കാറ്റ് വീണ്ടും എന്തോ അമ്മയെ ഓർമ്മിപ്പിച്ചു: പതിനേഴാം വയസ്സിൽ ആയിരുന്നു നാണിയമ്മയുടെ കല്യാണം. വിവാഹം കഴിഞ്ഞ് രണ്ട് വർഷം ആയപ്പോഴാണ് കടിഞ്ഞൂൽ പുത്രനായി കേശവൻ ജനിച്ചത്. കേശു എന്നായിരുന്നു അവന്റെ വിളിപ്പേര്‌. ഭർത്താവ് കേശുവിന്റെ വിവാഹ ശേഷം രണ്ടു മാസം കഴിഞ്ഞപ്പോൾ സ്വത്തുക്കൾ എല്ലാം ഭാഗിച്ച് സിലോണിലേക്ക് പോയി. ആ വിരഹത്തിന് ശേഷം നാല്‌ വർഷം ആയപ്പോഴാണ്, അദ്ദേഹം എന്നേക്കുമായി എല്ലാവരെയും വിട്ട് പോയെന്ന് നാണിയമ്മ അറിഞ്ഞത്. ആ വലിയ വേദന സഹിക്കുംപ്പോഴാണ് കേശുവിന് രണ്ട് ആണ് കുഞ്ഞുങ്ങൾ ജനിച്ചത്. പിന്നെ അവരെ നോക്കലായിരുന്നു നാണിയമ്മയുടെ ദൗത്യം. കുഞ്ഞുങ്ങളെ അമ്മയെ ഏല്പിച്ചു പുറത്ത്‌ പോവുക കേശുവിനും അവന്റെ ഭാര്യക്കും പതിവായിരുന്നു. അമ്മ ഒന്നും മിണ്ടാതെ അവയെല്ലാം തന്റെ ഉത്തരവാദിത്വമായി കരുതി. കുഞ്ഞുങ്ങൾ വളർന്നു തുടങ്ങിയപ്പോഴാണ് 'നാണിയമ്മയ്ക്ക് താനൊരു ഭാരമാണെന്ന്' മരുമകളുടെ വായിൽ നിന്നും കേൾക്കേണ്ടി വന്നത് .അന്ന് ആ വീട്ടിൽ നിന്ന് ഇറങ്ങിയ നാണിയമ്മ തന്റെ ഭർത്താവിന്റെ വീട്ടിൽ താമസിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞു. ആരും തന്നെ അന്വേഷിച്ച് വരാത്തതിനാല് നാണിയമ്മയ്ക്ക് കൂട്ടായി നാണിയമ്മ മാത്രമായിരുന്നു..

തുളുമ്പുന്ന കണ്ണുകൾ തുടച്ചിട്ട്; അമ്മ തുറന്നു കിടക്കുന്ന ജനാലയിലൂടെ പുറത്തേക്ക്‌ നോക്കി നിന്നു. തൊട്ടടുത്ത ആറ്റിൽ നിന്ന് ദുർഗന്ധം ഒന്നും ഉണ്ടായില്ല. നാണിയമ്മ ആശ്ചര്യത്തോടെ ജനാലയുടെ അടുത്തേക്ക് മെല്ലെ പോയി. ജനാലയിലൂടെ നോക്കിയപ്പോള്, പ്രശാന്ത സുന്ദരമായി ഒഴുകുന്ന ആറ് നാണിയമ്മയെ തന്റെ ചെറുപ്പം ഓർമ്മിപ്പിച്ചു:

ചെറുപ്പത്തിൽ വീടിനടുത്തുള്ള ആറ്റിൽ തന്റെ കൂട്ടുകാരുമായി നീന്തൽ പരിശീലനം നടത്തിയതും, മഴയത്ത് ആറ്റിൽ നീന്തി തുടിച്ചതും, പനി പിടിച്ചതും, അമ്മയുടെ കയ്യിൽ നിന്നും തല്ലു കിട്ടിയതും , എല്ലാം നാണിയമ്മ ഓർത്തു. പെട്ടെന്നൊരു ചിരി ആ മുഖത്ത് വിടർന്നു. അപ്പോഴാണ് സമയം നോക്കിയത്. സമയം ഒന്ന് കഴിഞ്ഞു. നാണിയമ്മ താനുണ്ടാക്കിയ ചൂടുള്ള കഞ്ഞിയും, വറുത്ത പപ്പടവും മെല്ലെ തന്റെ ഓർമ്മകളുടെ കൈയും പിടിച്ചുകൊണ്ട് കുടിച്ചു തീർത്തു. വർഷങ്ങളായി അമ്മയുടെ ഭക്ഷണം ഇതാണ്‌. പെട്ടെന്ന് അമ്മ ആശ്ചര്യത്തോടെ തല ഉയർത്തി. 'ഈ നേരത്ത് പല വീടുകളിൽ നിന്നും ഉയരാറുള്ള,മീൻ കറിയുടെയും, ഇറച്ചി കറിയുടെയും, കോഴി കറിയുടെയും ഗന്ധം ഒന്നും കിട്ടിയില്ല.' "എല്ലാവരും ഒതുങ്ങി ജീവിക്കാൻ പഠിച്ചു എന്ന് തോന്നുന്നു..." എന്ന് പറഞ്ഞു അമ്മ അടുക്കളയിലേക്ക് നീങ്ങി .പാത്രവും മറ്റും വൃത്തിയാക്കിയ ശേഷം,ക്ഷീണിതയായ നാണിയമ്മ വീണ്ടും തന്റെ കട്ടിലിൽ അമർന്നു.അപ്പോഴാണ് ചുറ്റുമുള്ള മാറ്റങ്ങളെപ്പറ്റി നാണിയമ്മ ചിന്തിച്ചത് : 'സാധാരണ ഉച്ച സമയത്തുള്ള ചൂട് എവിടെ പോയി? പക്ഷികളുടെ കള കളനാദം ഇങ്ങനെ മന്ത്രിക്കുന്നത് സത്യമോ അത്‌ മായയോ? പുറത്തെ ശാന്തതയും, വായുവിന്റെ ശുദ്ധിയും ഒരു നല്ല കാലത്തെ സൂചിപ്പിക്കുന്നുവോ?' എന്നീ ചോദ്യങ്ങൾ നാണിയമ്മയുടെ മനസ്സിൽ പ്രതീക്ഷയുടെ പുഷ്പങ്ങൾ വിരിയിച്ചു. ആ ചിന്തകളുടെ നീരൊഴുക്കിൽ നാണിയമ്മ ഉറങ്ങി പോയി.

ദിവസങ്ങൾ കഴിഞ്ഞു.. നാണിയമ്മയുടെ വീട്ടിൽ നിന്ന് വലിയ ദുർഗന്ധം ഉയർന്നു. അയൽക്കാരുടെ നിർബന്ധ പ്രകാരം പൊലീസ് ഉദ്യോഗസ്ഥർ ആ വീട് പരിശോധിച്ചു നോക്കി.അവ൪ കണ്ടത് നിർജ്ജീവമായി കിടന്നുറങ്ങുന്ന നാണിയമ്മയെ ആണ്‌. സംസ്കാരത്തിന് ആരും എത്തിയില്ല.

കൊറോണ വ്യാപനം എന്ന കാരണത്താൽ ആണ്‌ ബന്ധുക്കൾ ആരും വരാതിരുന്നത്. അതേ കാരണത്താൽ തന്നെ കേശുവും.....


റോസ്‌മേരി പീറ്റർ
9 A ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ