ജി വി എച്ച് എസ് എസ് വലപ്പാട്/അക്ഷരവൃക്ഷം/കുഞ്ഞു ചെടി കൊണ്ട് വലിയ സന്തോഷം
കുഞ്ഞു ചെടി കൊണ്ട് വലിയ സന്തോഷം
രണ്ട് സ്പൂൺ പയർ കൊണ്ട് ഒരു നേരത്തെ ഭക്ഷണം ഉണ്ടാക്കാൻ കഴിയുമോ എന്ന് ചോദിച്ചാൽ ഉത്തരം പറയാൻ രണ്ടാഴ്ച മുമ്പ് ഞാൻ സംശയിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ എനിക്കതറിയാം. അതിനുള്ള ഉത്തരം കിട്ടിയത് മൈക്രോ ഗ്രീൻസ് കൃഷിരീതി വഴിയാണ്. കൃഷി പലതരത്തിലുണ്ട്. സാധാരണ മട്ടിൽ മണ്ണിലുള്ള കൃഷി, ഹൈഡ്രോപോണിക്സ്, അക്വാ പോണിക്സ് തുടങ്ങിയവ. എന്നാൽ ഈ കൃഷിക്കൊക്കെ ഒരു പാട് അധ്വാനം, ചിലവ്, സമയം, അങ്ങനെ പലതും ആവശ്യമുണ്ട്. എന്നാൽ, തീരെ അധ്വാനം ഇല്ലാതെ, മണ്ണ് ഇല്ലാതെ എങ്ങനെ ഒരു രീതിയിൽ കൃഷി ചെയ്യാൻ കഴിയുമോ...? കഴിയും! അതാണ് മൈക്രോ ഗ്രീൻസ് കൃഷി. മുളച്ചതിനു ശേഷം വളരെ കുറച്ചു ദിവസത്തിനുള്ളിൽ തന്നെ വിളവെടുക്കുന്ന ചെറുസസ്യങ്ങളാണ് മൈക്രോ ഗ്രീൻസ് എന്നറിയപ്പെടുന്നത്.സാധാരണയായി ധാന്യങ്ങൾ, ഇലക്കറികൾ, പയർ വർഗ്ഗങ്ങൾ എന്നിവയാണ് സൗകര്യപ്രദം. ഞാൻ കൃഷിക്കായി ഉപയോഗിച്ചത് പയർ, മുതിര, ഗ്രീൻപീസ്, ഉഴുന്ന്, ഉലുവ, കടല, കടുക് മൈക്രോ ഗ്രീൻസ് കൃഷി ചെയ്യുന്ന വിധം:- ഒരു പ്ലാസ്റ്റിക് ട്രേയിൽ നനച്ച ഒരു ചണച്ചാക്ക് ഒതുക്കി വയ്ക്കുക.അതിൽ ഓരോ ഭാഗത്തായി തലേ ദിവസം വെള്ളത്തിൽ കുതിർത്തു വച്ച ധാന്യങ്ങൾ ഓരോ സെറ്റായി വിതറിയിടുക.(വളർച്ച നിരീക്ഷിക്കാനാണ് ഓരോ സെറ്റായി വിതറിയിടുന്നത്). ഒരു ദിവസം ഈ പാത്രം ഒരു തുണികൊണ്ട് മൂടിക്കെട്ടുക.ദിവസവും വെള്ളം സ്പ്രേ ചെയ്യുക. പിറ്റേ ദിവസം മുതൽ ഞാൻ ഈ പാത്രം ജനാലയുടെ അടുത്താണ് വച്ചത്. പിറ്റേ ദിവസം പാകിയ വിത്തുകൾ മുളച്ചു വന്നിരുന്നു. പിന്നെയുള്ള ഓരോ ദിവസവും ഞാൻ അതിൻ്റെ ഓരോ വളർച്ചയും നിരീക്ഷിച്ചു കൊണ്ടിരുന്നു. ഓരോ വളർച്ചാ ഘട്ടങ്ങളും, ഇലയുടെ ആകൃതി, വലുപ്പം എന്നിവയെല്ലാം എൻ്റെ സയൻസ് പുസ്തകത്തിൽ രേഖപ്പെടുത്തി കൊണ്ടിരുന്നു. ഏറ്റവും വൃത്തിയിലും നല്ല ആരോഗ്യത്തോടുകൂടിയും വളർന്നത് മുതിരയാണ്. കാണാൻ ഏറ്റവും ഭംഗി കടുകു ചെടിക്കായിരുന്നു. ഏറ്റവും ഉയരത്തിൽ വളർന്നത് പയറായിരുന്നു. വളർച്ചാ നിരക്ക് കൂടിയതും പയറിനായിരുന്നു. ഏറ്റവും പതുക്കെ വളർന്നത് ഗ്രീൻ പീസായിരുന്നബാക്കിയുള്ളതെല്ലാം വളർന്നിട്ടും ഗ്രീൻപീസ് മുളച്ചുതുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളൂ. എട്ട് ദിവസം കൊണ്ട് എല്ലാ സസ്യങ്ങളും നന്നായി വളർന്ന് പ്ലാസ്റ്റിക് പാത്രം നിറഞ്ഞു.പിന്നെ ഞാൻ ട്രേയിൽ നിന്ന് ചണച്ചാക്ക് മുഴുവൻ അങ്ങനെ ചെടിയോടടക്കം പുറത്തേക്ക് എടുത്ത് വച്ചു. അടിയിൽ നോക്കിയപ്പോൾ വേരുകൾ കൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നു. കത്രിക കൊണ്ട് കടഭാഗം വെട്ടിയെടുത്ത് മാറ്റി മൈക്രോ ഗ്രീൻസ് കൊണ്ട് ഞാൻ തോരൻ ഉണ്ടാക്കി. മൈക്രോഗ്രീൻ തോരൻ ഉണ്ടാക്കുന്ന വിധം:- ചട്ടിയിൽ കടുക് പൊട്ടിച്ച് ചെറുതായി അരിഞ്ഞു വച്ചിരുന്ന മൈക്രോ ഗ്രീൻസും, തേങ്ങ ചിരവിയും ഉപ്പ്, അല്പംമുളക് പൊടി, മഞ്ഞൾപ്പൊടി എന്നിവ മിക്സ് ചെയ്ത് ചട്ടിയിൽ ഇട്ട് ഇളക്കി രണ്ട് മിനിറ്റ് മൂടിവച്ച് വേവിയ്ക്കുക. ശേഷം (വേണമെങ്കിൽ) ഒരു മുട്ടപൊട്ടിച്ചൊഴിച്ച് അത് മിക്സ് ചെയ്ത് മൂടി വെച്ച് വേവിക്കാം. മൈക്രോ ഗ്രീൻസ് തോരൻ റെഡി!ഒരു പാട് വിറ്റാമിനുകൾ അടങ്ങിയിട്ടുള്ള ഈ തോരൻ നല്ല രുചികരവുമായിരുന്നു. അങ്ങനെ രണ്ട് സ്പൂൺ പയർ കൊണ്ട് ഒരു നേരത്തേക്കുള്ള ഭക്ഷണം തയ്യാറാക്കാൻ പറ്റുമോ എന്നു ചോദിച്ചാൽ പറ്റും എന്നും അത് എങ്ങനെയെന്ന് പറയാനും ഇനി എനിക്ക് കഴിയും
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 11/ 09/ 2024 >> രചനാവിഭാഗം - ലേഖനം |