എസ് .വി യു .പി .സ്കൂൾ പരിക്കളം/അക്ഷരവൃക്ഷം/വുഹാനും ഞാനും
വുഹാനും ഞാനും
കേരളത്തിൽ ഇരുപത്തിയഞ്ച് പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് കൊറോണ വൈറസ് ബാധമൂലം മരിച്ചവർ 73. ലോകത്താകെ മരണം, അരലക്ഷം കടന്നു. ഇനി വാർത്തകൾ വിശദമായി. ഉറക്കമുണർന്നാലും കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന ഞാൻ ടി.വി യിലെ വാർത്ത കേൾക്കുമ്പോഴാണ് എണീക്കാറ്. ഇപ്പോൾ കുറച്ച് ദിവസമായി ഇങ്ങനെയാണ്. വാർത്തയുടെ ആൾ അച്ഛനാണ്. ഡ്യൂട്ടിക്ക് പോവുന്നതിന് മുമ്പ് അച്ഛൻ കുറച്ച് നേരം വാർത്തകാണും. കൂടെ അമ്മയും വന്നു നിൽക്കും. എനിക്കണെ വാർത്തയെന്നു കേൾക്കുന്നതേ അലർജിയാണ്. അവരാകാംക്ഷയോടെ ടി.വിക്കു മുന്നിൽ നിൽക്കുമ്പോൾ എനിക്കു ചിരിയാണ് വരാറ്. വാർത്ത മുഴുവൻ കാണാൻ അച്ഛൻ നിൽക്കാറില്ല. അപ്പോഴേക്കും ഡ്യൂട്ടിക്ക് പോവാൻ സമയമാവും. സാധാരണ അച്ഛനെ യാത്രയയക്കുമ്പോൾ അമ്മയുടെ മുഖത്ത് ചിരി കാണാറുണ്ടായിരുന്നു. ഇപ്പോൾ കുറച്ചു ദിവസമായി അതിനുപകരം മുഖം വാടുന്നതു കാണാം. അച്ഛൻ ചിരിച്ചുകൊണ്ട് യാത്ര പറഞ്ഞുപോവുമ്പോൾ ഒന്നും മനസ്സിലാവാതെ ഞാൻ വായും പൊളിച്ച് നിൽക്കും. മുറ്റത്തിനു പുറത്തേക്കിറങ്ങാൻ അമ്മ സമ്മതിക്കാറില്ല. തൊട്ടടുത്തുള്ള കടയിലാണ് വീട്ടിലേക്കുള്ള പത്രം ഇടാറ്. അതുപോലും എടുക്കാൻ ഇപ്പം വിടാറില്ല. കൈകഴുകാമെന്ന് പറഞ്ഞാൽപ്പറയും നിന്റെ കൈകഴുകൽ എനിക്കറിയില്ലേയെന്ന്. സ്കൂൾ നേരത്തേ പൂട്ടി. പോട്ടെ! ഈ വെക്കേഷനെങ്കിലും അടിച്ചുപൊളിക്കാമെന്നു വിചാരിച്ചതാ. എല്ലാം ലോക്ക്ഡൗണായി. കൂട്ടുകാരി അല്ലി അപ്പുറത്തെ മതിലിൽ നിന്ന് കൈവീശിച്ചിരിച്ചു കൊണ്ട് ഹായ് പറഞ്ഞു. അപ്പോഴേക്കും അമ്മയുടെ വിളിയെത്തി, “ചായ...” ആറാം ക്ലാസിൽ പഠിക്കുന്ന കൊച്ചാ നേരം വെളുത്താൽ പല്ലുതേക്കാനും ടോയ്‍ലറ്റിൽ പോവാനും പറഞ്ഞോണ്ടിരിക്കണം. അമ്മ ശകാരം കൂടുമ്പോൽ മനസ്സിൽ വിചാരിച്ചു. ഈ കൊറോണയെ കൈയ്യിൽ കിട്ടിയിരുന്നെങ്കിൽ ചുട്ടുകൊല്ലാമായിരുന്നു. നാശം, സാരമില്ല! ഞാൻ കൊന്നില്ലെങ്കിലും ഈ ലോകം മുഴുവൻ ഇതിനെതിരെ പടപൊരുതുന്നുണ്ട്. ഞാൻ ഓർത്തു. അമ്മയിന്നലെയും പറഞ്ഞതാണ് ഈ ആരോഗ്യപ്രവർത്തകരെ സമ്മതിക്കണമെന്ന്. സ്വന്തം ജീവൻ പണയപ്പെടുത്തിയല്ലേ അവർ ജോലി ചെയ്യുന്നത്. ശരിയല്ലെ... ശരീരം മുഴുവൻ മൂടിക്കെട്ടിയ രൂപങ്ങൾ. ഡോക്ടർ- മാരും നേഴ്സ്മാരും എല്ലാം ഒരുപോലെ. നിപാകാലം ഓർമവന്നു. കേരളം പൊരുതിനേടിയ വിജയം ഇവിടെയും ആവർത്തിക്കുമെന്ന് എനിക്ക് തോന്നി. ആ പാവം ചേച്ചി! “കുട്ടികളേ... എഴുതാനും വായിക്കാനും പറ്റിയ സമയമാണിത്. നഷ്ടപ്പെടുത്തരുത്.” ബാലസംഘം ഗ്രൂപ്പിൽ സ്വപ്നടീച്ചറുടെ മെസ്സേജ് വന്നതോടെ അമ്മ വടിയുെകൊണ്ട് പൊറകെ നടപ്പായി. ടി.വി കാണാൻ ഇത്ര സമയം, മൊബൈൽ നോക്കാൻ ഇത്ര സമയം. ഹൊ! നശിച്ച കൊറോണ മനുഷ്യനം വെറുതെയിരിത്താനും വിടില്ല. അമ്മയോടുള്ള ദേഷ്യം കൊറോണയോട് തീർക്കാൻ തോന്നി. ഈ പിള്ളേർക്ക് വീട്ടിലിരുന്നാൽ തീറ്റ മാത്രമാണോ പണി, എന്ന അമ്മയുടെ പതിവു ശകാരം ഇന്നു കേട്ടില്ലല്ലോയെന്ന് ഓർമ്മ വന്നപ്പോളാണ് അമ്മയെ ശ്രദ്ധിച്ചത്. അപ്പോഴാണ്, ആ മുഖത്തൊരു തെളിച്ചക്കുറവ് കണ്ടത്. പുറകെ നടന്ന് കാരണം കുത്തി കുത്തി ചോദിച്ചപ്പോൾ രണ്ടു പത്രം എടുത്തു മുന്നിലിട്ടു തന്നു. രണ്ടിലും ഓരോ ഫോട്ടോയുണ്ട് നോക്ക്, എന്ന് ഗൗരവത്തിൽ പറഞ്ഞ് അമ്മ അടുക്കളയിലേക്ക് പോയപ്പോൾ ഞാൻ അടുത്തുനിന്ന ചേച്ചിയെ നോക്കി ചിരിച്ചു. ഇത് നമ്മൾ വായിച്ച പത്രമല്ലേ... ഇതിലെന്താ പ്രത്യേകത. എന്റെ സംശയത്തിന് നമുക്കൊന്നുകൂടി നോക്കാം എന്ന് പറഞ്ഞ് ചേച്ചി പത്രത്തിന്റെ പേജ് മറിച്ചു. ചൈനയിലെ വുഹാനിൽ കൊറോണ രോഗികളെ ചികിത്സിച്ച ഡോക്ടർ കൊറോണ ബാധിതനായ ശേഷം വീടിന്റെ പടിക്കൽ വന്നുനിൽക്കുന്ന മക്കളെ ദൂരെ നിന്നും നോക്കിക്കാണുന്ന ഫോട്ടോയാണ് ഒരു പത്രത്തിലുണ്ടായിരുന്നത്. രണ്ടാമത്തേതിൽ സ്വന്തം അച്ഛന്റെ മൃതദേഹം വഹിച്ചുകൊണ്ടുപോവുന്ന ആംബുലൻസിനെ ജനലിലൂടെ നോക്കിക്കാണുന്ന ഒരു മകന്റെ ഫോട്ടോ. ഒന്നിൽ, മക്കളെ അവസാനമായി നോക്കിനിൽക്കുന്ന ഒരച്ഛൻ മറ്റൊന്നിൽ അച്ഛനെ കൊണ്ടുപോവുന്ന വാഹനം മാത്രം കാണുന്ന ഒരു മകൻ. എനിക്കു സങ്കടം വന്നു. ഞാൻ വിഷമത്തോടെ ചേച്ചിയെ നോക്കി. “നിന്നോടച്ഛൻ എപ്പോഴും പറയാറില്ലേ എന്തും മനസ്സിരുത്തി വായിക്കണമെന്ന്,” ഇത്രയും പറഞ്ഞ് ചേച്ചി എഴുന്നേറ്റ് കണ്ണും തുടച്ച് അമ്മയുടെ അടുത്തേക്ക് പോയി. എനിക്കപ്പോഴാണ് അച്ഛനെ ഓർമ വന്നത്. അച്ഛൻ ഡ്യൂട്ടി കഴിഞ്ഞ് വരാറായോ... ഒന്നുമറിയില്ല. ചിലപ്പോൾ ഉച്ചകഴിയും. അല്ലെങ്കിൽ രാത്രിൽ. ഇടയ്ക്ക് രാത്രിയിലും വരാറില്ല. ഇനിവന്നാലോ, ഇട്ടതെല്ലാം സോപ്പുവെള്ളത്തിൽ മുക്കിവെച്ച്, കുളിച്ച ശേഷമേ വീട്ടിൽ കയറൂ. സാനിറ്റൈസർ കൊണ്ട് ഫോൺ വരെ കഴുകുന്നതു കാണാം. “അച്ഛാ... ഇനി കൊറോണ തീരൂലേ” അന്ന് അച്ഛനെ ഫ്രീയായി കിട്ടിയ ദിവസമാണ് കുറേ ചോദ്യങ്ങളും കളികളുമായി ഇന്നടിച്ചുപൊളിക്കണം. “ചെയ്തുകഴിയുന്നതുവരെ ഏതുകാര്യവും അസംഭവ്യമായി തോന്നാം.” ആരാ പറഞ്ഞേ...? അച്ഛൻ ചോദിച്ചു. നെൽസൺ മണ്ടേല. എനിക്കുത്തരം റെഡിയായിരുന്നു. ടാഗോർ വായനശാലയിൽ നിന്നെടുത്ത പുസ്തകം ഇന്നലെയാണ് വായിച്ചുതീർത്തത്. ഗുഡ്, നമ്മളിതിനേയും അതിജീവിക്കും. ഇതാരോടാ കളി! ഒന്നുചിരിച്ച് അച്ഛനെന്റെ കവിളിലൊന്ന് നുള്ളി. നമ്മൾ മനുഷ്യർ മനുഷ്യരായി ജീവിക്കുക. പരിസ്ഥിതിയെ അവരുടെ വഴിക്ക് വിടുക. ഉദാഹരണത്തിന്, വവ്വാലുകളെ നശിപ്പിക്കാൻ ഒരു മരം മുറിച്ചാൽ, അവ നാളെ നമ്മുടെ വീട്ടുമുറ്റത്തെ മാവിൻകൊമ്പിൽ താമസമുറപ്പിക്കും. ഈ ഭൂമിക്കവകാശികൾ നമ്മൾ മാത്രമല്ല, മനസ്സിലാവുന്നുണ്ടോ? ഉവ്വ്, ഞാൻ തലയാട്ടി. ഇപ്പോ, ലോകം നമ്മുടെ ഈ കൊച്ചു കേരളത്തെയാണ് ഉറ്റുനോക്കുന്നത്, അനുകരിക്കുന്നത്. നമുക്കതിൽ അഭിമാനിക്കാം. നമ്മുടെ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും, മറ്റു ഉദ്യോഗസ്ഥരെല്ലാം ലോകത്തിനു മാതൃകയാണ്. ഈ കൊറോണക്കാലം നാം നമ്മുടെ സഹോദരങ്ങളെ നോക്കുന്നത് പോലെ ഇവിടെയുള്ള ജീവിവർഗങ്ങളേയും നോക്കണം. തീറ്റകൊടുക്കാൻ കഴിഞ്ഞില്ലെങ്കിലും ഒരല്പം കുടിവെള്ളമെങ്കിലും... അച്ഛൻ പറഞ്ഞ് നിർത്തിയപ്പോഴാണ് കുടിവെള്ളത്തിന്റെ കാര്യം ഓർമ്മ വന്നത്. അച്ഛാ... ഞാനും ചേച്ചിയും കൂടി പക്ഷികൾക്കു കുടിക്കാൻ വെള്ളം പാത്രത്തിലാക്കി ആ പേരമരത്തിൽ തൂക്കിയിട്ടിട്ടുണ്ട്. മിടുക്കി. അച്ഛന്റെ മുഖം സന്തോഷത്തോടെ വിടരുന്നത് നോക്കിനിൽക്കുമ്പോഴാണ്, അടുക്കളയിൽ നിന്ന് അമ്മയുടെ വിളി വന്നത്, “ചായ...” അച്ഛന്റെ കൈപിടിച്ച് അകത്തേക്ക് നടക്കുമ്പോൾ ഞാൻ വലിയ തത്ത്വജ്ഞാനിയെപ്പോലെ പറഞ്ഞു:”അതിജീവനത്തിനായി ഇന്നടച്ചിടാം, നല്ലൊരു നാളേക്കായി” അച്ഛൻ പൊട്ടിച്ചിരിച്ചു. പിന്നെ മെല്ലെപ്പറഞ്ഞു, കിളികൾക്കുള്ള വെള്ളം വറ്റിപ്പോവരുത്. ഞാനും ചിരിച്ചു. ചായ കുടിക്കാനിരിക്കുമ്പോൾ ഇന്നെന്താണ് അമ്മയുടെ സ്പെഷ്യൽ എന്നറിയാനായിരുന്നു ആംകാംക്ഷ.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ |