എ എം യു പി എസ് മാക്കൂട്ടം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ/എന്റെ വിദ്യാലയം
സ്‌കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മനസ്സിന്റെ താളുകളിൽ മിന്നിമറയുന്ന ഒരായിരം ഓർമ്മകളെ നുളളിപ്പെറുക്കി ഒരു തുണ്ടു കടലാസിൽ കുറിക്കുക എന്നുളളത് ഒരു പൂർവ്വ വിദ്യാർത്ഥിനി എന്ന നിലയിൽ എനിക്ക് സാധ്യമല്ല. മായാത്ത അത്രയുമധികം ഓർമ്മകൾ ഹൃദയത്തിന്റെ ഉളളറയിൽ പതിഞ്ഞു പോയിട്ടുണ്ട്. സ്‌കൂൾ ജീവിതം ഒരു ഭാരമായിട്ടല്ല ഞങ്ങൾക്ക് അനുഭവപ്പെട്ടത്. അറിവിന്റെയും കൗതുകങ്ങളുടെയും നന്മയുടെയും ഒരു സുന്ദര ലോകം. പാഠ്യ വിഷയങ്ങൾ ലളിതവും രസകരവുമായ രീതിയിൽ പറഞ്ഞു തരുന്നതിലും പാഠ്യേതര വിഷയങ്ങളിലെ ഞങ്ങളുടെ കഴിവുകൾ കണ്ടെത്തുന്നതിലും മാക്കൂം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. നീണ്ട ഏഴു വർഷം അവിടെ പഠിക്കാനുളള അവസരം കിട്ടിയത് തന്നെ വളരെ വലിയ ഭാഗ്യമാണെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു.
ഒഴിവു സമയങ്ങളിൽ സ്‌കൂൾ വരാന്തയിലൂടെയുളള ഉലാത്തലും മാവിൻ ചുവട്ടിൽ പങ്കുവച്ചു പച്ചമാങ്ങയുടെ പുളിയുളള സൗഹൃദങ്ങളും ഓരോ തവണയും ഉത്തരം തെറ്റാണെന്നറിയുമ്പോഴും അടുത്തത് ശരിയാക്കണമെന്ന് ആത്മവിശ്വാസം പകർന്നു തന്ന മാത്‌സ് ലാബും, ഖാദർ സാറിന്റെ ചൂരലിനെ പേടിച്ച് ഗ്രൗണ്ടിലൂടെ ഓടിമറഞ്ഞതും... എല്ലാം ഇന്ന് ഓർമ്മകൾ. അന്ന് കണ്ണിറുക്കിപ്പിടിച്ച് കൈനീട്ടി വാങ്ങിച്ച കുഞ്ഞു ശിക്ഷകൾ ഇന്ന് വലിയൊരു വഴികാട്ടിയായി മുന്നിൽ നിൽക്കുന്നു.
ക്ലാസ് മുറികളിൽ വിത്തിട്ട് മുളച്ച സൗഹൃദങ്ങളാണ് ഇന്നും നിഴലുപോലെ കൂടെയുളളത്. കാരണം അവയെല്ലാം കാലപ്പഴക്കം കൊണ്ട് തേഞ്ഞുപോവാത്ത ചരടുകളാൽ കെട്ടിവച്ചതായിരുന്നു. ആ ബന്ധനത്തിനുളളിൽ ഞാൻ അനുഭവിച്ച ആനന്ദമത്രയും ഇന്ന് എന്റെ ജീവിതത്തിലെ വിലപ്പെട്ട സ്മരണകളായി കൂടെ കൊണ്ട് നടക്കുന്നു.
അറബിക് കലാമേള കഴിഞ്ഞ് വിജയാഹ്ലാദത്തോടെ ജീപ്പിൽ മടങ്ങുമ്പോഴും പിറ്റേന്ന് റാലിയിൽ ഓവറോൾ ട്രോഫിയും കൈയിൽ പിടിച്ച് ജമാൽ സാറോടൊപ്പം ആരവങ്ങൾ മുഴക്കുമ്പോഴും ലോകം കീഴടക്കിയ പ്രതീതി ആയിരുന്നു.
മരം ഒരു വരം എന്നാണല്ലോ. അങ്ങനെയെങ്കിൽ ആ വരം വേണ്ടെന്നു വെക്കേണ്ട എന്ന് തമാശയായി പറഞ്ഞ്, അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ സാറന്മാരുടെ കൂടെ നട്ട ഒരു മരമുണ്ട്. ഇന്നും സ്‌കൂളിനു മുമ്പിലൂടെ പോവുമ്പോൾ കണ്ണുകൾ ആരെയോ തേടുന്നപോലെ തോന്നും. മരം സ്റ്റാഫ്‌റൂമിന് മുന്നിൽ തണലായി മാറുന്നത് കാണുമ്പോൾ കണ്ണുകൾക്ക് കുളിർമയാണ്. അവിടെ നിന്ന് പോരുന്നത് വരെ അതിന്റെ പേരിൽ ഞാൻ വീരവാദം പറഞ്ഞിട്ടുണ്ട്. ഇന്നും അതിന് ഒരു മാറ്റവുമില്ല. അതവിടെ നിൽക്കുന്നത് കാണുമ്പോൾ ഞാൻ പഴയ അഞ്ചാംക്ലാസുകാരിയായ പോലെ തോന്നും.
ഒന്നാം ക്ലാസിലേക്ക് ഒന്നുമറിയാതെയാണ് വന്നുകയറിയതെങ്കിലും നൂറിൽ നൂറുമായിട്ടാണ് തിരിച്ചിറങ്ങിയത്. എൽ എസ് എസ്, യു.എസ്.എസ് പരീക്ഷകൾ അന്ന് ആസ്വദിച്ചെഴുതി. ഇന്ന് ആ സർട്ടിഫിക്കറ്റുകളുടെ വില മനസ്സിലാക്കുമ്പോൾ അതിന് വേണ്ടി ഞങ്ങളെ യോഗ്യരാക്കിയ അധ്യാപകരോട് എങ്ങനെ നന്ദി പറയണമെന്നറിയില്ല. ഗണിതം ഒരു കീറാമുട്ടിയാണെന്ന് പറയുന്ന വിദ്യാർത്ഥികൾക്കിടയിൽ ഇന്ന് തലയുയർത്തി നിൽക്കാൻ കാരണം മാക്കൂട്ടത്തിലെ ഗണിത അധ്യാപകരാണ്. എത്ര വലുതായാലും മാക്കൂട്ടത്തിലെ ബെഞ്ചിലിരുന്ന് കുസൃതി കളിക്കുന്ന ഒരു കുഞ്ഞു വിദ്യാർത്ഥിനിയായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ബെസ്റ്റ് സ്റ്റുഡന്റിനുളള റിയോ ഹംസ എക്‌സലൻസ് അവാർഡ് ഏഴാം ക്ലാസിൽ നിന്ന് വാങ്ങിയ ശേഷം സ്‌കൂളിനോട് വിടപറഞ്ഞിറങ്ങിയ ഞാൻ ഇന്ന് തിരിഞ്ഞ് നോക്കുമ്പോൾ ഒരുപാടൊരുപാട് നന്മയുടെയും സന്തോഷത്തിന്റെയും വിജയങ്ങളുടെയും പൂക്കൾ നിറഞ്ഞ വലിയ ഒരു പൂന്തോട്ടം തന്നെയായിരുന്നു സുന്ദരമായ എന്റെയാ കൊച്ചു വിദ്യാലയം എന്ന് തിരിച്ചറിയുന്നു.