എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/പ്രളയം

പ്രളയം

തലക്കു മുകളിൽ വെള്ളം വന്നാൽ അതിന് മുകളിൽ തോണി തുഴയുമെന്നു പഴമക്കാർക്കിടയിൽ ഒരു ചൊല്ലുണ്ട്. എന്നാൽ കഴിഞ്ഞ 2 വർഷമായി കേരളത്തെ സംബന്ധിച്ചിടത്തോളം ആ ചൊല്ല് ഒരു കഴമ്പില്ലാത്ത പഴഞ്ചൊല്ലായി മാറുന്നു.

2018/19 വർഷങ്ങളിൽ കേരളം അഭിമുഘീകരിച്ചത് ഒരു വലിയ പ്രളയദുരന്തത്തെയാണ്. പുഴകൾ നിറഞ്ഞു കവിയുകയും ഗതി മാറി ഒഴുകുകയും, കുന്നുകൾ ഇടിഞ്ഞും കേരളത്തിന്‌ നഷ്ടം ആയത് കുറെ മനുഷ്യജീവനുകൾ ആണ് അതിനോടൊപ്പം തന്നെ നികത്താൻ ആകാത്ത അനവധി നിരവധി നഷ്ടങ്ങൾ വേറെയും. ഇതിനെല്ലാം വഴിയൊരുക്കിയതും നമ്മൾ തന്നെ ആണ് എന്നതാണ് വലിയ ഒരു സങ്കടം.

വയലുകൾ നികത്തി കൊട്ടാരങ്ങൾ പണിയുന്നവനും, കുന്നുകൾ ഇടിച്ചു നിരത്തി മാനം മുട്ടി നിൽക്കുന്ന കെട്ടിടസമുച്ഛയങ്ങൾ കെട്ടിപ്പൊക്കുന്നവനും അറിഞ്ഞിരുന്നില്ല ഇങ്ങനെ ഒരു പ്രളയദുരന്തം നേരിടേണ്ടി വരുമെന്ന്... കാടുകൾ വെട്ടിത്തെളിച് ഷോപ്പിംഗ് കോമ്പ്ളേക്സുകൾ നിർമിക്കുന്നു. പക്ഷെ അവൻ അറിഞ്ഞിരുന്നില്ല ആ കാട്ടിലെ മരങ്ങളുടെ വേരുകളാണ് നമ്മുടെ മണ്ണിനെ താങ്ങി നിർത്തുന്നത് എന്ന്. മനുഷ്യന് ജീവിക്കണമെങ്കിൽ മണ്ണും, മരങ്ങളും, കാടും, പുഴയും, വയലുകളും എല്ലാം വേണം. ഇതിന്റെ ഒക്കെ നശീകരണം തന്നെയാണ് കഴിഞ്ഞ 2 വർഷങ്ങളിൽ നാം നേരിട്ട പ്രളയം.

ഉറ്റവരെ നഷ്ടപ്പെട്ടു കരയുന്നവർ, മണ്ണിടിച്ചിലിൽ മണ്ണിനടിയിൽ പെട്ട് മൃതശരീരം പോലും ബാക്കി കിട്ടാതെ വേദനിച്ചവർ, കിടപ്പാടം നഷ്ടമായവർ അങ്ങനെ പോകുന്നു പ്രളയം നമുക്ക് തന്ന നഷ്ട്ടങ്ങൾ, 2 പ്രളയം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും ദുരന്തങ്ങൾ അനുഭവിച്ചവർ ഇന്നും ആ ഭീതിയിൽ നിന്നും കര കയറിയിട്ടില്ല. ഇനി ഒരു പ്രളയം താങ്ങാൻ അവർക്ക് കഴിയില്ല.

ഇതിനു എല്ലാം ഒരു പരിധി വരെ നമുക്ക് തന്നെ പരിഹാരം കാണാൻ കഴിയും. മാനം മൂടുന്ന കെട്ടിടങ്ങൾ ഉണ്ടാക്കുന്നതിലല്ല മറിച് നമ്മുടെ കുന്നുകളും, നദികളും സംരക്ഷിക്കുന്നതിലാണ് കാര്യമെന്ന് നമ്മൾ അറിയുക. കാടു വെട്ടിത്തെളിച്ഛ് വെളിച്ചമാക്കുന്നതിലല്ല മരം നട്ടു പിടിപ്പിച്ചു തണൽ ഉണ്ടാക്കുന്നതാണ് നല്ലതെന്നു നാം അറിയുക. വയൽ നികത്താനല്ല നമ്മുടെ കാർഷിക പാരമ്പര്യം നിലനിർത്താനും നമ്മുടെ സംസ്കാരം സംരക്ഷിക്കാനുമാണ് നാം ഓരോരുത്തരും ശ്രമിക്കേണ്ടത്.

മനുഷ്യ നീ ഒന്നറിയുക നിന്റെ ശത്രു നീ തന്നെയാണ് സ്വയം മനസ്സിലെ ഇരുട്ടണച് പ്രകാശിക്കാൻ ശ്രദ്ധിക്കൂ.. നീ സ്വയം നശിക്കാതിരിക്കു.....

ഗായത്രി ck
6 B എച്.എസ്.പെരിങ്ങോട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - ലേഖനം