ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/മുൻ വർഷങ്ങളിലൂടെ

ഹരിതവിദ്യാലയംറിയാലിറ്റിഷോ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ ഉൾപ്പെടെ 13 സ്കൂളുകൾ അവസാന റൗണ്ടിൽ...
പൊതുവിദ്യാലയങ്ങളിലെ വിവിധ മേഖലകളിലെ മികവുകൾ അവതരിപ്പിക്കാനായി കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിക്കുന്ന ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ അവസാന റൗണ്ടിലേക്ക് 13 സ്കൂളുകളെ തെരഞ്ഞെടുത്തു. കൈറ്റ് വിക്ടേഴ്സിലും ദൂരദർശനിലും സംപ്രേഷണം ചെയ്യുന്ന ഹരിത വിദ്യാലയം അമ്പത് എപ്പിസോഡുകൾ പിന്നിട്ടു.തെരഞ്ഞെടുത്ത 100 സ്കൂളുകളാണ് ആദ്യ റൗണ്ടിൽ മത്സരിച്ചത്. ജി.എൽ.പി.എസ് ആനാട്, ജി.എച്ച്.എസ്. അവനവഞ്ചേരി, ജി.ജി.എച്ച്.എസ്.എസ്. കോട്ടൺഹിൽ (തിരുവനന്തപുരം), ഐ.ഐ.എ.എൽ.പി.എസ്. ചന്ദേര, എ.യുപി.എസ്. ഉദിനൂർ, ജി.എച്ച്.എസ്.എസ് ഉദിനൂർ (കാസർഗോഡ്), ജി.യു.പി.എസ്. പുതിയങ്കം, ജി.യു.പി.എസ്. ഭീമനാട്, ജി.യു.പി.എസ്. കോണ്ടാട് (പാലക്കാട്), ജി.എച്ച്.എസ്.എസ്. കടയ്ക്കൽ (കൊല്ലം), എം.ഐ.എച്ച്.എസ്. പൂങ്കാവ് (ആലപ്പുഴ), പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര (മലപ്പുറം), എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ഉദയംപേരൂർ (എറണാകുളം) എന്നീ സ്കൂളുകളാണ് അവസാന റൗണ്ടിൽ മത്സരിക്കുന്നത്. രണ്ടാം റൗണ്ടിന്റെ സംപ്രേഷണം തിങ്കളാഴ്ച മുതൽ വൈകുന്നേരം ആറ് മണിക്കും അടുത്ത ദിവസം രാവിലെ 6.30 നും കൈറ്റ് വിക്ടേഴ്സിലും ദൂരദർശനിലും ഉണ്ടാവും.https://victers.itschool.gov.in/ ൽ തത്സമയവും https://www.youtube.com/user/itsvicters ൽ പിന്നീടും എപ്പിസോഡുകൾ കാണാം.' പതിനഞ്ച് ലക്ഷം, പത്ത് ലക്ഷം, അഞ്ച് ലക്ഷം എന്നിങ്ങനെയാണ് ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തുന്ന സ്കൂളുകൾക്കുള്ള സമ്മാനത്തുക. അവസാന റൗണ്ടിലെത്തിയ മറ്റു പത്തു സ്കൂളുകൾക്കും 1.5 ലക്ഷം വീതം ലഭിക്കും. ഇതിനുപുറമെ ഈ വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുത്ത സ്കൂളുകൾക്ക് അടിസ്ഥാന സൗകര്യ വികസനത്തിനായി സ്കൂളൊന്നിന് 50 ലക്ഷം മുതൽ ഒരു കോടി വരെ ധനവകുപ്പു മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഹരിതവിദ്യാലയം' ഷോയുടെ ഗ്രാന്റ് ഫിനാലെ മാർച്ച് അഞ്ചിന് വൈകിട്ട് ആറിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായിവിജയൻഉദ്ഘാടനം ചെയ്യുമെന്ന് കൈറ്റ് വൈസ് ചെയർമാൻ കെ. അൻവർ സാദത്ത് അറിയിച്ചു.

അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ നേതൃത്വത്തിൽ പ്രാദേശിക പ്രതിഭാ കേന്ദ്രത്തിന്റെ ഉദ്ഘാടനവും പൊതു വിദ്യാഭ്യാസ സംരക്ഷണ സദസ്സും.
അവനവഞ്ചേരി ഗവ. ഹൈസ്കൂളിന്റെയും കൈപ്പറ്റിമുക്ക് ബ്രദേഴ്സ് ഗ്രന്ഥശാലയുടേയും സംയുക്ത ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന പ്രാദേശിക പ്രതിഭാകേന്ദ്രത്തിന്റെ ഉദ്ഘാടനവും പൊതുവിദ്യാഭ്യാസ സംരക്ഷണ സദസ്സും സംഘടിപ്പിച്ചു. ആറ്റിങ്ങൽ സർവ്വ ശിക്ഷാ അഭിയാന്റെ ആഭിമുഖ്യത്തിലുള്ള രണ്ടാമത്തെ പ്രാദേശിക പ്രതിഭാകേന്ദ്രമാണ് ബ്രദേഴ്സ് ഗ്രന്ഥശാലയിൽ സംഘടിപ്പിക്കപ്പെട്ടത്. മുദാക്കൽ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എസ്.മോഹനന്റെ അധ്യക്ഷതയിൽ കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ വി.ശശി യോഗം ഉദ്ഘാടനം ചെയ്തു. പ്രാദേശിക പ്രതിഭാകേന്ദ്രത്തിന്റെ ഉദ്ഘാടനം ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം.പ്രദീപും പൊതുവിദ്യാഭ്യാസ സംരക്ഷണ സദസ്സിന്റെ ഉദ്ഘാടനം മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.വിജയകുമാരിയും നിർവ്വഹിച്ചു. ബി.ആർ.സി. പരിശീലകൻ ബി.ജയകുമാർ പദ്ധതി വിശദീകരണം നൽകി. മുദാക്കൽ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ വി.റ്റി.സുഷമാദേവി, നഗരസഭാ കൗൺസിലർ ഗീതാകുമാരി, ഗ്രാമ പഞ്ചായത്തംഗം എസ്. മിനി, ജില്ലാ ലേബർ ഓഫീസർ വിനോദ്കുമാർ, സ്കൂൾ പി.റ്റി.എ.പ്രസിഡന്റ് കെ.ജെ.രവികുമാർ, എസ്.എം.സി.ചെയർമാൻ വിജയൻ പാലാഴി, പി.റ്റി.എ. വൈസ് പ്രസിഡന്റ് എം.പ്രദീപ്, സ്കൂൾ ഹെഡ്മിസ്ട്രസ് എം.എസ്. ഗീതാപത്മം, ബ്രദേഴ്സ് ലൈബ്രറി പ്രസിഡന്റ് ജി.ഗോപാലകൃഷ്ണ പിള്ള സെക്രട്ടറി കെ.ആർ.പ്രസന്നരാജ്, വിദ്യാ വോളന്റിയർ അഖിലേഷ്, അഭിജിത്ത് എന്നിവർ സംസാരിച്ചു. കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ ലൈബ്രറി പ്രസിഡന്റ് സ്കൂൾ ഹെഡ്മിസ്ട്രസിന് കൈമാറി.

അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ മികവുകൾക്ക് വീണ്ടും അംഗീകാരം...
തിരുവനന്തപുരം ജില്ലയിൽ സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി പ്രവർത്തിക്കുന്ന സ്കൂളുകളിൽ അക്കാദമിക മികവിലും പ്രവർത്തന മികവിലും അവനവഞ്ചേരി ഗവ.ഹൈസ്കൂൾ ഒന്നാം സ്ഥാനത്ത്. 2017 മാർച്ചിലെ എസ്.എസ്.എൽ.സി.പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ ഏറ്റവും കൂടുതൽ കേഡറ്റുകളെ (17) സൃഷ്ടിച്ചതിനും മറ്റു സ്കൂളുകൾക്ക് മാതൃകയാക്കാവുന്ന ഒട്ടനവധി പദ്ധതികൾ നടപ്പിലാക്കിയതിനും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്ടിന്റെ 'മികവ് 2017' പുരസ്കാരം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ ബഹു.കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനിൽ നിന്നും സ്കൂളിനു വേണ്ടി ഏറ്റുവാങ്ങി.

ആശംസകൾ
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ നടക്കുന്ന സംസ്ഥാന കേരള സ്കൂൾ കലോൽസവത്തിന് പങ്കെടുക്കാൻ അർഹത നേടിയ അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ പ്രതിഭകൾ... എല്ലാ വർഷവും സംസ്ഥാന കലോൽസവത്തിന് പ്രാതിനിധ്യം ഉണ്ടാകുമെങ്കിലും ഇത്രയും പേർ പങ്കെടുക്കുന്നത് ഇതാദ്യം. 15 പേരാണ് ഇത്തവണ തലസ്ഥാന ജില്ലയെ പ്രതിനിധീകരിച്ച് അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ നിന്ന് തൃശൂർക്ക് വണ്ടി കയറുന്നത്. ഹൈസ്കൂൾ വിഭാഗം ചെണ്ടമേളം, നാടൻപാട്ട്, ഇംഗ്ലീഷ് പദ്യം ചൊല്ലൽ എന്നീ ഇനങ്ങളിൽ പങ്കെടുക്കുന്ന സ്കൂളിന്റെ അഭിമാന താരങ്ങൾക്ക് ആശംസകൾ.



നൂറുമേനി വിളവുമായി അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ നേതൃത്വത്തിൽ 'കൊയ്തുൽസവം' @ അവനവഞ്ചേരി
ഗവ.ഹൈസ്കൂളിലെ കുട്ടികളുടെയുംനല്ലപാഠം ക്ലബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിവന്ന തരിശുനില നെൽകൃഷിയുടെ വിളവെടുപ്പ് - കൊയ്ത്തുൽസവം സംഘടിപ്പിച്ചു. മുദാക്കൽ കൃഷിഭവന്റെ സഹായത്തോടെയാണ് കട്ടയിൽ കോണം പാടശേഖരത്ത് കുട്ടികൾ അമ്പത് സെന്റ് തരിശുനിലം പാട്ടത്തിനെടുത്ത് കൃഷിയിറക്കിയത്. ഉമ ഇനത്തിൽപ്പെട്ടനെൽവിത്ത് മൂന്നു മാസങ്ങൾക്ക് മുമ്പ് വിതച്ചിരുന്നു. കൃഷിയുടെ എല്ലാ ഘട്ടങ്ങളിലും കളപറിക്കലും പരിചരണവുമുൾപ്പെടെ എല്ലാ കാര്യങ്ങളും കേഡറ്റുകൾ നേരിട്ടിടപെട്ടാണ് നടത്തിയത്. മുതിർന്ന കർഷകരായ രഘുനാഥൻ, ശശിധരൻ എന്നിവരുടെ ഉപദേശങ്ങൾ കൂടിയായപ്പോൾ കുട്ടികൾക്ക് നൂറുമേനി വിളവിന്റെ ആഹ്ലാദം. ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം.പ്രദീപ്, മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.വിജയകുമാരി എന്നിവർ ചേർന്ന് കൊയ്ത്തുൽസവം ഉദ്ഘാടനം ചെയ്തു. മുദാക്കൽ ഗ്രാമപഞ്ചായത്തംഗം വി.റ്റി.സുഷമാ ദേവി, സ്കൂൾ പി.റ്റി.എ.പ്രസിഡന്റ് കെ.ജെ.രവികുമാർ, കൃഷിവകുപ്പ് അസി.ഡയറക്ടർ കെ.എം.രാജു, മുദാക്കൽ കൃഷി ഓഫീസർ എ.നൗഷാദ്, സ്കൂൾ ഹെഡ്മിസ്ട്രസ് എം.എസ്.ഗീതാപത്മം, പി.റ്റി.എ.അംഗങ്ങളായ പട്ടരുവിള ശശി, പ്രദീപ് എന്നിവർ സംബന്ധിച്ചു. അടുത്ത ഘട്ടത്തിൽ കൂടുതൽ സ്ഥലം പാട്ടത്തിനെടുത്ത് നെൽകൃഷി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് കുട്ടികൾ. കുട്ടികളുടെ പാത പിൻതുടർന്ന് തരിശുകിടക്കുന്ന കട്ടയിൽകോണം പാടത്ത് കൂടുതൽ ഭൂമിയിൽ കൃഷി ചെയ്യാൻ തയ്യാറായി കർഷകർ മുന്നോട്ടു വരുന്നുണ്ട്.

ഒപ്പുുമതിൽ
ആറ്റിങ്ങൽ നടക്കുന്ന തിരുവനന്തപുരം റവന്യു ജില്ലാ കലോൽസവത്തിന്റെ മുഖ്യ വേദിയായ ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിന്റെ മുന്നിൽ ലഹരിക്കെതിരെ ബോധവൽക്കരണ പ്രവർത്തനവുമായി അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ നടത്തിയ 'ഒപ്പുമതിൽ' ശ്രദ്ധേയമായി. 'കല തന്നെ ലഹരി' എന്ന മുദ്രാവാക്യവുമായി കൂറ്റൻ ബാനറിൽ ലഹരി ഉപയോഗിക്കില്ല എന്ന് പ്രതിജ്ഞയെടുത്ത് പൊതുജനങ്ങളെ കൊണ്ട് ഒപ്പുവയ്പിക്കുന്നതായിരുന്നു കേഡറ്റുകൾ ചെയ്തത്. കലോൽസവ ദിവസങ്ങളിൽ വേദികളിൽ സംഘാടകരെ സഹായിക്കാനും വേദികളുടെ പരിസരം വൃത്തിയാക്കാനും, ട്രാഫിക് നിയന്ത്രിക്കാനുമുൾപ്പെടെ മുഴുവൻ സമയം വിശ്രമമില്ലാതെ പ്രവർത്തിച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ എല്ലാവരുടേയും പ്രശംസ നേടി. ഒപ്പുമതിലിന്റെ ഉദ്ഘാടനം സംഘാടക സമിതി ചെയർമാനായ ആറ്റിങ്ങൽ നഗരസഭ ചെയർമാൻ ശ്രീ.എം.പ്രദീപ് നിർവ്വഹിച്ചു. ആറ്റിങ്ങൽ ഇൻസ്പെക്ടർ ഒഫ് പോലീസ് ശ്രീ.എം.അനിൽകുമാർ, സ്കൂൾ പി.റ്റി.എ.പ്രസിഡന്റ് ശ്രീ.കെ.ജെ.രവികുമാർ എന്നിവർ കേഡറ്റുകൾക്ക് നേതൃത്വം നൽകി

Best Energy Saver
ദേശീയ ഊർജ്ജ സംരക്ഷണ ദിനമായ ഡിസംബർ 14ന് അവനവഞ്ചേരി സ്കൂളിലെ നല്ല പാഠം പ്രവർത്തകരായ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ ഊർജ്ജ സംരക്ഷണത്തിന് ഒരു പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു. ബുദ്ധിപൂർവ്വം വൈദ്യുതി ഉപയോഗിച്ചു കൊണ്ട് വീട്ടിൽ നടപ്പിലാക്കുന്ന വിവിധ പ്രവർത്തനങ്ങളിലൂടെ വൈദ്യുതി ഉപഭോഗം കുറക്കുന്നതിനും അത് രേഖപ്പെടുത്തി വയ്ക്കുന്നതിലൂടെ ഏറ്റവും കൂടുതൽ വൈദ്യുതി ലാഭിക്കുന്ന ആളെ കണ്ടെത്തി സമ്മാനം നൽകാനുമുള്ള 'Best Energy Saver' എന്ന പദ്ധതിയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് എം.എസ്.ഗീതാപത്മം എനർജി സേവിംഗ് കാർഡ് കുട്ടികൾക്ക് നൽകിക്കൊണ്ട് നിർവ്വഹിച്ചു.
പുസ്തകോൽസവം - 2018 @ ഗവ.ഹൈസ്കൂൾ, അവനവഞ്ചേരി

മധുരത്തുടക്കം
അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ കുട്ടികൾ കൃഷി ചെയ്തുണ്ടാക്കിയ നെല്ലു കുത്തി അരിയാക്കിയുണ്ടാക്കിയ പാൽപ്പായസം കഴിച്ചു കൊണ്ട് സ്കൂളിൽ പുതുവർഷാഘോഷം. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഇന്ന് പുതുവർഷദിനത്തിൽ പായസവിതരണം നടത്തി.

കാൻസർ നിയന്ത്രണ ബോധവൽക്കരണ സെമിനാർ
തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ അവനവഞ്ചേരി സ്കൂളിൽ കാൻസർ നിയന്ത്രണ ബോധവൽക്കരണ സെമിനാർ .ഡി.എം.ഒ. ഓഫീസിലെ മാസ് മീഡിയ ഓഫീസർ ശ്രീ. പുഷ്പരാജൻ ക്ലാസിന് നേതൃത്വം നൽകി.
എനർജി കൺസെർവഷൻ

പുഞ്ചിരി പൂത്തിരി...
അവനവഞ്ചേരി ഗവ.ഹൈസ്കൂൾ നല്ലപാഠം പ്രവർത്തകർ അവർ പൂർത്തിയാക്കിയ മലയാള മനോരമ 'നല്ല പാഠ'ത്തിന്റെ ഭാഗമായി 20 ട്വൻറി ചലഞ്ച് നോട്ടുപുസ്തകവുമായി സ്കൂൾ മുറ്റത്ത് അണിനിരന്നപ്പോൾ...

ഗാന്ധികലോത്സവ ജില്ലാതല വിജയികൾ
ഗാന്ധികലോത്സവ ജില്ലാതല വിജയികൾപദ്മശ്രീ ഗോപിനാഥൻ നായർ, ഗാന്ധിദർശൻ ഡയറക്ടർ ഡോ.ജേക്കബ് പുളിക്കൻ എന്നിവർക്കൊപ്പം....

കായിക മേളയിൽവെള്ളി
ആറ്റിങ്ങൽ ഉപജില്ല കായിക മേളയിൽ കിഡ്ഡീസ് വിഭാഗം ആൺകുട്ടികളുടെ 200 മീറ്റർ ഓട്ടമത്സരത്തിൽ വെള്ളി നേടിയ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ ആറാം ക്ലാസ് വിദ്യാർഥി ആകാശ് നന്ദ്.

സ്കൂൾ പാർലമെന്റ് പ്രതിനിധികൾ2017-18
അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ 2017-18 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റ് പ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കുന്നു.

കാർബൺ ശീലങ്ങൾക്കു വിട - ഓസോൺ ദിനാചരണം
- സൈക്കിൾ റാലി @ ഗവ.ഹൈസ്കൂൾ അവനവഞ്ചേരി

ഇന്നത്തെ പച്ചക്കറിച്ചന്ത @ ഗവ.ഹൈസ്കൂൾ അവനവഞ്ചേരി
വിഷമില്ലാത്ത ഓണസദ്യ - അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ ജൈവപച്ചക്കറിചന്ത. അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടികൾ തന്നെ കൃഷി ചെയ്തുണ്ടാക്കിയ ജൈവ പച്ചക്കറിയുടെ വിപണി സംഘടിപ്പിച്ചു. പരിസ്ഥിതി - ജൈവവൈവിധ്യ ക്ലബുകൾക്ക് നേതൃത്വം നൽകുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റുകളാണ് കഴിഞ്ഞ വർഷങ്ങളിലായി കൊച്ചുപരുത്തിയിൽ കട്ടയിൽ കോണത്ത് തരിശുഭൂമി പാട്ടത്തിനെടുത്ത് പച്ചക്കറി കൃഷി ആരംഭിച്ചത്. 'വിഷമില്ലാത്ത ഓണസദ്യ' എന്ന ഉദ്ദേശത്തോടെ നൂറു കിലോയോളം ഏത്തക്കായും വെള്ളരിയും പടവലവും കൂടാതെ പയറും മുളകും വെണ്ടയും ഓണച്ചന്തയിലൂടെ വിറ്റഴിച്ചു. സ്കൂളിലെ അധ്യാപകർക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കുമായാണ് പച്ചക്കറിനൽകിയത്. കഴിഞ്ഞ വർഷങ്ങളിൽ ചെയ്ത പച്ചക്കറി കൃഷിക്കു പുറമേ ഇത്തവണ നെൽകൃഷിയും കേഡറ്റുകൾ ഏറ്റെടുത്തിട്ടുണ്ട്. ഓണച്ചന്തയിലൂടെ കണ്ടെത്തിയ തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ചെലവാക്കാനാണ് കേഡറ്റുകൾ ലക്ഷ്യമിടുന്നത്. ജൈവ പച്ചക്കറിച്ചന്തയുടെ ഉദ്ഘാടനം സ്കൂളിൽ നടന്ന ചടങ്ങിൽ ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ ശ്രീ. എം.പ്രദീപ്, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി എം.എസ്.ഗീതാപത്മത്തിൽ നിന്ന് ഏത്തവാഴക്കുല ഏറ്റുവാങ്ങി കൊണ്ട് നിർവ്വഹിച്ചു. സ്കൂൾ പി.റ്റി.എ.പ്രസിഡന്റ് ശ്രീ.കെ.ജെ.രവികുമാർ അധ്യക്ഷത വഹിച്ചു

ഓണപ്പൂക്കളങ്ങൾ @ ഗവ.ഹൈസ്കൂൾ അവനവഞ്ചേരി

കുട്ടിരചനങ്ങൾ@ഓണപ്പതിപ്പിൽ
ആറ്റിങ്ങൽ മലയാളശാല സാഹിത്യ സാംസ്കാരിക വേദിയുടെ ഓണപ്പതിപ്പിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ വിദ്യാർഥികളായ അനന്തു എസ്.കുമാർ, എം.എസ്. സ്നേഹ എന്നിവരുടെ രചനങ്ങൾ പ്രസിദ്ധീകരിച്ചു. തങ്ങളുടെ രചനകൾ ആദ്യമായി അച്ചടിമഷി പുരണ്ടതിന്റെ സന്തോഷത്തിലാണ് ഇവർ. മലയാളശാല പ്രവർത്തകർക്ക് നന്ദി...

സോപ്പു് നിർമാണ പരിശീലനം @ ഗവ.ഹൈസ്കൂൾ, അവനവഞ്ചേരി

മഴവില്ല്- 2016
മലർവാടി ബാലമാസികയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മഴവില്ല്- 2015 സംസ്ഥാന തല ചിത്രരചനാ മൽസരത്തിൽ ഹൈസ്കൂൾ - യു പി തലങ്ങളിലായി വിജയിച്ച സായ് കൃഷണൻ, വൈഷ്ണവ് എം.ടി., ബിൽ ജോക്സിസ്, ജൂബിൻ എന്നിവർ സമ്മാനങ്ങളുമായി .

സംസ്കൃതി പുരസ്കാരം
അഖില ഭാരത ശ്രീമത് ഭാഗവത ലക്ഷാർച്ചന നിർവഹണ സമിതി നടത്തിയ സംസ്കൃത പരീക്ഷയിൽ വിജയിച്ച് സംസ്കൃതി പുരസ്കാരം നേടിയ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ വിദ്യാർഥികളായ പി.ബി. ശ്രീശങ്കറും എ.ജെ.ഭാവനയും. അഭിനന്ദനങ്ങൾ...

കരാട്ടേ ചാമ്പ്യൻഷിപ്പ്
തിരുവനന്തപുരം ജില്ലാ കരാട്ടേ അസോസിയേഷൻ(TDKA) 2015 ഡിസംബർ 5, 6 തീയതികളിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ കരാട്ടേ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിന് യോഗ്യത നേടിയ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ അമീഷ വിനോദും വിമൽരാജും. സെൻസായ് ശ്രീ.സമ്പത്ത് (സ്വസ്ത്യ ഫിറ്റ്നസ് സ്പേസ്, ആറ്റിങ്ങൽ) തികച്ചും സൗജന്യമായി സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് സ്കൂളിൽ വച്ച് നൽകി വരുന്ന കരാട്ടേ പരിശീലനമാണ് ഇവരെ ഇതിന് പ്രാപ്തരാക്കിയത്. ശ്രീ.സമ്പത്ത് മാഷിനും കേഡറ്റുകൾക്കും അഭിനന്ദനങ്ങൾ...

മീസിൽസ് റുബെല്ല പ്രതിരോധ പരിപാടി
ഒറ്റ വാക്സിൻ - തുരത്താം രണ്ടു രോഗങ്ങളെ... മീസിൽസ് റുബെല്ല പ്രതിരോധ പരിപാടി @ ഗവ.ഹൈസ്കൂൾ, അവനവഞ്ചേരി.

ഒക്ടോബർ 9 - ലോകതപാൽ ദിനം.
ഇന്റർനെറ്റ് യുഗത്തിൽ ഫേയ്സ്ബുക്കും വാട്ട് സാപ്പും മാത്രം പരിചയിച്ചിട്ടുള്ള പുതു തലമുറയ്ക്ക് പോസ്റ്റ് കാർഡും ഇൻലന്റും ഉൾപ്പെടെ തപാൽ വകുപ്പിന്റെ മറ്റു പ്രവർത്തനങ്ങളും സേവനങ്ങളും പരിചയപ്പെടുത്തുന്നതിന് കുട്ടികൾഅവനവഞ്ചേരി തപാലാഫീസ് സന്ദർശിച്ചു. ഓഫീസ് പ്രവർത്തനങ്ങൾ നേരിട്ട് കണ്ടറിഞ്ഞ കുട്ടികൾക്ക് പോസ്റ്റ്മിസ്ട്രസ് ശീമതി. അമരാവതിയും പോസ്റ്റൽ അസിസ്റ്റന്റ് ശ്രീ. ദീപുവും കാര്യങ്ങൾ വിശദീകരിച്ചു. പോസ്റ്റ് ഓഫീസ് ജീവനക്കാർക്ക് കുട്ടികൾ അവർ തന്നെ തയ്യാറാക്കിയ തപാൽ ദിന ആശംസാ കാർഡുകൾ കൈമാറി. എല്ലാ കുട്ടികളും കത്തയക്കുന്നതിനാവശ്യമായ പോസ്റ്റ് കാർഡുകളും വാങ്ങിയാണ് മടങ്ങിയത്.
വഴിയോര തണൽ പദ്ധതി
അവനവഞ്ചേരി ഗവ.ഹൈസ്കൂൾ പരിസ്ഥിതി ക്ലബ് "വഴിയോര തണൽ പദ്ധതി" നടപ്പിലാക്കുന്നു. ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിനു മുന്നിലെ റോഡരികിൽ തണൽമരങ്ങൾ വച്ചുപിടിപ്പിച്ച് സംരക്ഷിക്കാനാണ് പദ്ധതി.
ക്ഷേത്രക്കുളം സംരക്ഷിക്കാം വിദ്യർത്ഥികൾ മുഖ്യമന്ത്രിയെ സമീപിച്ചു
നാശോൻമുഖമായ അവനവഞ്ചേരി ക്ഷേത്രക്കുളം സംരക്ഷിക്കണമെന്നും വിശാലമായ അതിന്റെ ഒരു ഭാഗം നവീകരിച്ച് നീന്തൽ പരിശീലനത്തിന് സൗകര്യപ്രദമാക്കണമെന്നും ആവശ്യപ്പെട്ട് അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും പരിസ്ഥിതി ക്ലബ് അംഗങ്ങളും ചേർന്ന് കേരള മുഖ്യമന്ത്രി ശ്രീ.ഉമ്മൻ ചാണ്ടിക്ക് നിവേദനം സമർപ്പിച്ചു. ഈ ക്ഷേത്രക്കുളത്തിന്റെ ശോച്യാവസ്ഥ നേരിട്ട് മനസ്സിലാക്കിയ എസ്.പി.സി.കേഡറ്റുകളും പരിസ്ഥിതി ക്ലബ് അംഗങ്ങളും സ്കൂളിലെ മുഴുവൻ കുട്ടികളുടേയും ഒപ്പ് ശേഖരിച്ചാണ് ഈ നിവേദനം തയ്യാറാക്കിയത്. ഇതേ ആവശ്യം ഉന്നയിച്ച് ദേശീയ തപാൽ ദിനത്തിൽ മുഖ്യമന്ത്രിക്ക് പോസ്റ്റ് കാർഡുകൾ അയച്ചിരുന്നു. അവനവഞ്ചേരി പ്രദേശത്തെ പ്രധാനപ്പെട്ട ശുദ്ധജല സ്രോതസ്സായ ഈ ക്ഷേത്രക്കുളം ചുറ്റുമതിൽ ഇടിഞ്ഞും കൽപ്പടവുകൾ തകർന്നും നാശത്തിന്റെ വക്കിലാണ്. മഴക്കാലത്ത് റോഡിൽ നിന്നുള്ള മലിനജലം കുളത്തിലേക്ക് ഒഴുകിയിറങ്ങാറുണ്ട്. സംസ്ഥാന സർക്കാറിന്റെ കുളങ്ങളും കാവുകളും സംരക്ഷണ പദ്ധതിയിൽ ഈ ക്ഷേത്രക്കുളവും ഉൾപ്പെടുത്തണമെന്നതാണ് പ്രധാന ആവശ്യം. അവനവഞ്ചേരി സ്കൂളിലെ കുട്ടികൾക്ക് അഗ്നി രക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ഇപ്പോൾ നീന്തൽ പരിശീലനം നൽകി വരുന്നുണ്ട്. സമീപ പ്രദേശങ്ങളിലൊന്നും പരിശീലന സൗകര്യമില്ലാത്തതിനാൽ 15 കിലോമീറ്ററോളം അകലെയുള്ള വെഞ്ഞാറമൂട് ആലന്തറ നീന്തൽക്കുളത്തിലാണ് ഇപ്പോൾ കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകുന്നത്. വിശാലമായ ഈ ക്ഷേത്രക്കുളത്തിന്റെ ഒരു ചെറിയ ഭാഗം നീന്തൽക്കുളമാക്കി സജ്ജീകരിച്ചാൽ സ്കൂൾ വിദ്യാർഥികൾക്കു മാത്രമല്ല ഈ പ്രദേശത്തെ മുഴുവൻ ജനങ്ങൾക്കും അത് പരിശീലനത്തിന് ഉപകരിക്കും. ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയം കേന്ദ്രീകരിച്ച് ഒരു സ്പോർട്സ് കോംപ്ലക്സ് എന്ന ആശയത്തിന് ഈ നീന്തൽക്കുളം കരുത്ത് പകരും. നാട്ടുകാരുടെ കുറേ നാളുകളായുള്ള ഈ ആവശ്യങ്ങൾ വിദ്യാർഥികൾ ഏറ്റെടുക്കുകയാണ്. ചിറയിൻകീഴ് താലൂക്കിലെ തന്നെ ഏറ്റവും വിശാലവും ചിരപുരാതനവുമായ ഈ ക്ഷേത്രക്കുളം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എസ്.പി.സി.കേഡറ്റുകൾ ക്ഷേത്രക്കുള സംരക്ഷണ ശൃംഖല തീർത്തിരുന്നു. പ്രമുഖ പത്രങ്ങളെല്ലാം ക്ഷേത്രക്കുളത്തിന്റെ ശോച്യാവസ്ഥയെ കുറിച്ച് നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. കേരള മുഖ്യമന്ത്രിയിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർക്കൊപ്പം അവനവഞ്ചേരി സ്കൂളിലെ വിദ്യാർഥികളും .
