ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

STUDENT POLICE CADET (SPC)

പൗരബോധം, സമത്വബോധം, മതേതരവീക്ഷണം, നിരീക്ഷണപാചവം, നേതൃത്വശേഷി, സാഹസികമനോഭാവം, സേവനസന്നദ്ധത, സബജീവിസ്നേഹം, പ്രകൃതിസ്നേഹം, നിയമത്തെ അംഗീകരിക്കുകയും സ്വമേധയാ അനുസരിക്കുകയിം ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങൾ വളർത്തിയെടുത്ത് ഉത്തമപൗരൻമാരെ സൃഷ്ടിക്കുന്നതിനു വേണ്ടി ആഭ്യന്തര വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്ന് രൂപം നൽകിയ ഒരു പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി.

2010 ൽ നമ്മുടെ സംസ്ഥാനത്ത് ആലപ്പുഴ, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലെ ഏാതനും വിദ്യാലയങ്ങളിലാരംഭിച്ച ഈ പദ്ധതി ഇന്ന് കേരളത്തിലെ ഒട്ടുമിക്ക വിദ്യാലയങ്ങളിലും പ്രവർത്തിക്കുന്നു എന്നു മാത്രമല്ല ഈ പദ്ധതി ദേശീയ തലത്തിലും അന്തർദേശീയതലത്തിലും അംഗീകരിക്കപ്പെട്ടിരിക്കുന്നു.

2013 മുതൽ നമ്മുടെ സ്കൂളിലും ഈ പദ്ധതി പ്രവർത്തിച്ചു വരുന്നു. 44 ജൂനിയർ കേഡറ്റുകളും 44 സീനിയർ കേഡറ്റുകളും ഉൾപ്പെടെ ആകെ 88 കേഡറ്റുകളാണ് ഈ യൂണിറ്റിലുള്ളത്. എസ്.പി.സി. യുടെ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്, വനം വകുപ്പ്, എക്സൈസ് വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, കേരള ലീഗൽ സർവ്വീസ് അതോറിറ്റി, ശുചിത്വമിഷൻ തുടങ്ങിയവയുടെ സഹകരണത്തോടെ വളരെ ചിട്ടയായി നടപ്പിലാക്കി വരുന്നു. നമ്മുടെ സ്കൂളിൽ സി.പി.ഒ. ആയി ശ്രീ. കെ. സുദർശനൻ നായരും, എ.സി.പി.ഒ. ആയി ശ്രീമതി. സുധ. റ്റി. യും പ്രവർത്തിച്ചു വരുന്നു.

ഔട്ട് ഡോർ ക്ലാസ്സുകൾ

കുട്ടികളുടെ കായിക വികസനത്തിനുവേണ്ട ഔട്ട് ഡോർ ക്ലാസ്സുകൾ (PT, Parade, Sports & Games, Road Walk & Run) ചിട്ടയായി നടത്തിവരുന്നു. പൊഴിയൂർ പോലീസ് സ്റ്റേഷനിൽ നിന്നും നിയോഗിച്ചിട്ടുള്ള ഡ്രിൽ ഇൻസ്ട്രക്ടർമാരായ ശ്രീ. ജയേഷ്, ശ്രീമതി. സജിത എന്നിവർ ഔട്ട് ഡോർ ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നു. കൂടാതെ യോഗാചാര്യൻ ശ്രീ. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ യോഗക്ലാസ്സും നടന്നുവരുന്നു.

ഇൻഡോർ ക്ലാസ്സ്

കായിക വികാസത്തോടൊപ്പം കുട്ടികളുടെ മാനസിക വികാസത്തിനുപകരിക്കുന്ന വിവിധ ഇൻഡോർ ക്ലാസ്സുകളും നൽകി വരുന്നു. അതാതു മേഖലയിൽ പ്രാവീണ്യം നേടിയ പ്രഗത്ഭരാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നത്.

ദിനാചരണങ്ങൾ

ലോക പരിസ്ഥിതി ദിനം, വായനാദിനം. അന്തർദേശീയ യോഗാദിനം, ലോക ലഹരിവിരുദ്ധദിനം, എസ്.പി.സി. ഡേ, ഹിരോഷിമ ദിനം, സ്വാതന്ത്ര്യദിനം, അദ്ധ്യാപകദിനം, ഗാന്ധിജയന്തി, കേരളപ്പിറവി, ശിശുദിനം, മനുഷ്യാവകാശദിനം തുടങ്ങിയ വിശേഷ ദിനങ്ങൾ സമുചിതമായി ആഘോഷിക്കുകയുണ്ടായി.

നേച്ചർ ക്യാമ്പ്(2019 - 2020)

പ്രകൃതിയെ അറിയുക, പ്രകൃതിയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടു കൂടി ജൂലൈ 18, 19, 20 തീയതികളിൽ കോട്ടൂർ വന്യജീവി സങ്കേതത്തിൽ വച്ച് ക്യാമ്പ് സംഘടിപ്പിച്ചു. ട്രക്കിംഗ്, കാപ്പുകാട് ആന പരിശീലനകേന്ദ്ര സന്ദർശനം, നെയ്യാർ ലയൺ സഫാരി പാർക്ക് സന്ദർശനം, വിവിധ ക്ലാസ്സുകൾ എന്നിവ ക്യാമ്പിന്റെ പ്രത്യേകതകളായിരുന്നു.

ഓണം ക്യാമ്പ്(2019 - 2020)

ഓണം അവധിക്കാല ക്യാമ്പ് സെപ്റ്റംബർ 13, 14, 15 തിയതികളിലായി സ്കൂളിൽ വച്ച് നടത്തപ്പെട്ടൂ. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. എസ്.കെ. ബെൻഡാർവിൻ ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ ജനപ്രതിനിധികൾ, തദ്ദേശ സ്വയംഭരണ ഭാരവാഹികൾ, സ്കൂൾ ഭാരവാഹികൾ, പി.റ്റി,എ. ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. ക്യാമ്പിനോടനുബന്ധിച്ച് ഔട്ട് ഡോർ ക്ലാസ്സുകൾ, ഇൻഡോർ ക്ലാസ്സുകൾ, യോഗ, ഫീൽഡ് വിസിറ്റ് എന്നിവ സംഘടിപ്പിച്ചു.

ക്രിസ്തുമസ് ക്യാമ്പ്(2019 - 2020)

ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് ഡിസംബർ 21, 22, 23 തിയതികളിലായി സ്കൂളിൽ വച്ച് നടത്തപ്പെട്ടൂ. ബഹുമാനപ്പെട്ട നെയ്യാറ്റിൻകര എം.എൽ.എ. ശ്രീ. കെ. ആൻസലൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികൾ, പി.റ്റി,എ. ഭാരവാഹികൾ, സ്കൂൾ മേലധികാരികൾ, പി.എസ്.എൽ.ഒ. തുടങ്ങിയവർ പങ്കെടുത്തു. യോഗ, ഇൻഡോർ ക്ലാസ്സ്, ഔട്ട് ഡോർ ക്ലാസ്സ്, ദൃശ്യപാഠം, ഫീൽഡ് വിസിറ്റ് എന്നിവ സംഘടിപ്പിച്ചു.

ഫീൽഡ് വിസിറ്റ്(2019 - 2020)

ഈ അദ്ധ്യയന വർഷം പൊഴിയൂർ പോലീസ് സ്റ്റേഷൻ, പൂവാർ കോസ്റ്റൽ പോലീസ് സ്റ്റേഷൻ, കൊച്ചുതുറ വൃദ്ധസദനം, നെയ്യാറ്റിൻകര ഫയർ സ്റ്റേഷൻ, നെയ്യാറ്റിൻകര കാരുണ്യ സ്പെഷ്യൽ സ്കൂൾ എന്നിവിടങ്ങൾ സന്ദർശിക്കുകയുണ്ടായി. പ്രസ്തുത സന്ദർശനങ്ങൾ കോഡറ്റുകളിൽ നിയമബോധം, സേവനസന്നദ്ധത, സാഹസിക മനോഭാവം, സഹജീവിസ്നേഹം മുതലായ ഗുണങ്ങൾ വളർത്തിയെടുക്കാൻ സഹായകമായി.

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ(2019 - 2020)

കഴിഞ്ഞ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലേതു പോലെ ഈ പ്രളയ കാലത്തും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നമ്മുടെ എസ്.പി.സി. യൂണിറ്റ് സജീവമായി പ്രവർത്തിക്കുകയുണ്ടായി. വിവഹസമാഹരണത്തിനു പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സാമ്പത്തിക സഹായവും നൽകുകയുണ്ടായി.

എസ്.പി.സി. യുടെ പ്രവർത്തനങ്ങൾക്ക് പ്രചോദനവും പ്രോത്സാഹനവും നൽകികൊണ്ടിരിക്കുന്ന സ്കൂൾ മേധാവികൾക്കും, പി.റ്റി.എ. അംഗങ്ങൾക്കും എല്ലാ സഹപ്രവർത്തകർക്കും നന്ദി രേഖപ്പെടുത്തുന്നു.

എസ്.പി.സി. യിൽ അംഗമാകൂ! അഭിമാനിക്കൂ!

2021 – 2022 അദ്ധ്യയന വർഷം നടന്ന ചില ഇൻഡോർ പ്രവർത്തനങ്ങൾ

  • ക്വിസ് പ്രോഗ്രാം
  • പുതിയ ബാച്ചിന്റെ സ്കൂൾ തല ഉദ്ഘാടനം
  • ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ചുള്ള മത്സരങ്ങൾ
  • ഗ്രന്ഥശാല സന്ദർശനവും നവീകരണവും
  • സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് കുട്ടികൾ പാലിക്കേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ വിതരണം - പോസ്റ്റർ നിർമ്മാണം.
  • ഭരണഘടന രൂപീകരണ ചരിത്രം (ഒരാഴ്ചക്കാലം നീണ്ടു നിന്ന പ്രവർത്തനങ്ങൾ)
  • ഇന്ത്യൻ ജനാധിപത്യത്തിൽ ഭരണഘടനയുടെ പ്രസക്തി - ലീഗൽ സർവ്വീസ് കമ്മിറ്റിയിൽ നിന്നും അഡ്വ. ദേവദാസ് സാറിന്റെ ക്ലാസ്സ്.
  • എയ്ഡ്സ് ദിനത്തോടനുബന്ധിച്ചുള്ള ബോധവൽക്കരണ ക്ലാസ്സ്.
  • ക്രിസ്തുമസ് അവധിക്കാല ദ്വിദിന ക്യാമ്പ്
  • D – SAFE എന്ന രക്ഷകർത്താക്കൾക്കുള്ള സൈബർ ബോധവൽക്കരണ പരിപാടി.

നിലവിൽ നമ്മുടെ സ്കൂളിൽ സി.പി.ഒ. ആയി ശ്രീ. ര‍ഞ്ജിത്ത് റാമും, എ.സി.പി.ഒ. ആയി ശ്രീമതി. സുധ. റ്റി. യും പ്രവർത്തിച്ചു വരുന്നു.

ചിത്രങ്ങൾ