ഐ.ഐ.എ.എൽ.പി.എസ്. ചന്തേര/നാടോടി വിജ്ഞാനകോശം
പിലിക്കോട്ടെ കാവൽക്കാർ

അന്നത്തിന്റെ പത്തായപ്പുരകളാണ് വയലുകൾ . വികസനം - എന്ന പേരിൽ പുതു കാലത്തിന്റെ പുതുമോടികൾ കടന്നു വന്നപ്പോൾ
പച്ച വിരിച്ചിരുന്ന പാടങ്ങൾപലതിലും കെട്ടിടങ്ങൾ മുളച്ചു പൊങ്ങി വയലുകൾക്കൊപ്പം ഓർമ്മയിലേക്ക് മറയുന്നത് കൃഷി മാത്രമല്ല
നമ്മുടെ കാർഷിക സംസ്കൃതി കൂടിയാണ് കാലം കാഴ്ചകൾ പലതും മറക്കുമ്പോഴും ഗ്രാമത്തിന്റെ കാർഷിക പാരമ്പര്യം നിലനിർത്തുന്ന
കാവൽക്കാർ ഇന്നും പിലിക്കോടിന്റെ ഊടുവഴികളിലൂടെ സഞ്ചരിക്കുന്നു 'ചങ്ങാതിയെന്നു മാത്രം പരസ്പരം അഭിസംബോധന ചെയ്യുന്ന ആറ്
പേരാണ് കാവൽക്കാർ ഒറ്റമുണ്ടും, തലയിൽ പാളത്തൊപ്പിയും- ചുമലിൽ വട്ടത്തിൽ കെട്ടിയ കയറും ,വയലുകൾ കാത്തുപോന്നവരാണ് ഇവർ
ഈ വർഷംകാവൽക്കാരുടെ എണ്ണം നാലായി കുറഞ്ഞു പിലിക്കോട്ടെ പരപ്പ,ചെറുനിലം മടിവയൽ , കാനം-കരക്കേരു എന്നി വയലുകൾ കാക്കലാണ് ഇവരുടെ ചുമതല .എല്ലാവർഷവും മേടം ഒന്നിന് പിലിക്കോട് രയരമംഗലം ക്ഷേത്രത്തിൽ വെച്ച് മൂത്ത അടിയോടിയാണ് കാവൽ ചുമതല നൽകുന്നത് മണിയാണി ,തീയ സമുദായത്തിൽ പെട്ടവരാണ് കാവൽ എടുക്കുന്നത് .തങ്ങളുടെ ജോലി ദൈവീകമാണെന്ന്
ഇവർ കരുതുന്നു ചുമലിലെ കയർ കന്നുകാലികളെ പിടിച്ചു കേട്ടനുള്ളതാണ് .ഈ കയറിന്റെ അറ്റത്തു കലമാനിന്റെ കൊമ്പ് കൊണ്ടുണ്ടാക്കിയ ഒരു കുരുക്കുണ്ട്. കയർ വീശി എറിഞ്ഞാൽ കുരുക്ക് കന്നുകാലികളുടെ കഴുത്തിൽ വീഴും .കുരുക്കിൽ മന്ത്രം ആവാഹിച്ച് വെച്ചിട്ടുണ്ടെന്നാണ്
വിശ്വാസം .കയ്യിൽ കാണുന്ന ചെറിയ വടിയെ നിറക്കോൽ എന്നാണ് വിളിക്കുക .നെൽ ചെടികൾ നീക്കി വെക്കാനാണ് ഇത് .കന്നി മാസം ഒന്നാം തീയ്യതി മുതൽ വെള്ളി കെട്ടിയ മറ്റൊരു വടിയാണ്
ഉണ്ടാവുക . വാളുമ്പോൾ വിത്തും ,കൊയ്യുമ്പോൾ കറ്റയും വയലിൽ എത്തിയാൽ കാവൽക്കാരുടെ അവകാശമാണ് . കൃഷി സമ്പന്നമായിരുന്ന കാലത്ത് ജീവിക്കാൻ ആവശ്യമായ വരുമാനം കാവലിൽ നിന്നും - ലഭിച്ചിരുന്നു.പുതു തലമുറയിൽ പെട്ട ആരും ഇന്ന് ഈ രംഗത്തേക്ക് കടന്നു വരുന്നില്ല .
....................................................................................................................................................
പിലിക്കോട്ടെ ഭാഷാപ്രയോഗങ്ങൾ
...............................
ആട= അവിടെ
ഈട =ഇവിടെ
പാങ്ങ്ണ്ടാ= ഭംഗിയുണ്ടാ
ഓൻ = അവൻ
ഓൾ = അവൾ
കീഞ്ഞോ = ഇറങ്ങിക്കോ
കണ്ടിനി = കണ്ടിരുന്നു
കണ്ടിനാ? = കണ്ടുവോ?
പാഞ്ഞിനി = ഓടി
ചായപീട്യ= ചായ കട
ചാടുക = കളയുക
പൈക്കുന്നു = വിശക്കുന്നു
ഇരിക്കറാ= ഇരിക്കൂ
നടക്കറാ= നടക്കൂ
പറേപ്പാ =പറയൂ
ബെകിട്= വേണ്ടാതീനം
പോയിറ്റു ബാടാ ഒരിക്ക= പോയി വരൂ വേഗം
ബിശ്യം = വിശേഷം
കൈച്ചാ = കഴിച്ചൊ?
ചങ്ങായി =ചങ്ങാതി
ചോറ് ബെയ്ച്ചാ = ചോറു കഴിച്ചോ ഒടുത്തു = എവിടെയുണ്ട്
ഒപ്പരം = കൂടെ
കൊണ്ടാ = കൊണ്ടുവാ
അപ്യ= അവർ
ഇപ്യ= ഇവർ
ബേം വാ = വേഗം വരൂ
പോയിനാ = പോയോ
വന്നിനാ = വന്നോ,
പാഞ്ഞോ = ഓടിക്കോ
..................................................................................................................................................................................
തെയ്യങ്ങളുടെ നാട്
കാലത്തിൻറെ കുത്തൊഴുക്കിലും വടക്കൻ കേരളത്തിലുള്ളവർ നെഞ്ചോട് ചേർത്ത്പിടിക്കുന്ന അനുഷ്ഠാനകലാരൂപമാണ് തെയ്യം.രൂപത്തിലും,സങ്കൽപ്പത്തിലും വ്യത്യസ്തമാണ് തെയ്യങ്ങൾ ഓരോന്നും. പിലിക്കോട് തെയ്യങ്ങളുടെ നാടാണ്.

നാടും നഗരവും നിറഞ്ഞു പൊലിയാൻ ഇഷ്ടദേവതാ പ്രീതി ലക്ഷ്യമിട്ട് പൌരാണിക മനുഷ്യൻ കണ്ടെത്തിയ വേറിട്ട വഴിയാണ് തെയ്യാട്ടം. ആചാരവും,അനുഷ്ഠാനവും ,വിശ്വാസവും ഇഴചേരുന്ന തെയ്യാട്ടം പഴയ കോലത്തുനാട്ടിലും അള്ളടനാട്ടിലും ഗ്രാമീണ ജീവിതത്തെ പൊലിപ്പിച്ചു നിർത്തിയ പ്രേരകഘടകങ്ങളിൽ അഗ്രിമ സ്ഥാനത്താണ്. സംഘകാലത്തോളം പഴക്കമുള്ള തെയ്യാട്ടത്തെ പുതിയ രൂപവും ,ഭാവവും നൽകിയാണ് ദൈവതിരുവരങ്ങിൽ അവതരിപ്പിക്കുന്നത്.നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവിൽ കളിയാട്ടം തുടങ്ങുന്ന തുലാം പത്തിനാണ് ഉത്തരമലബാറിൽ തെയ്യക്കാലം തുടങ്ങുന്നത്.തടിയൻ കൊവ്വൽ കാലിച്ചോൻ തെയ്യം ,എളമ്പച്ചി നങ്ങാട്ട് ഭൈരവൻ, അങ്കക്കുളങ്ങര ഭഗവതി,പുത്തിലോട്ടു ആണ്ടാളിൽ മൂവർദൈവം , രയരമംഗലം കൊട്ടത്ത് ഊർപ്പഴശിയും ,വേട്ടക്കൊരുമകനും, കെട്ടിയാടുന്നതോടെ തെയ്യങ്ങൾ ഉത്തര കേരളത്തിലെ മനോഹര കാഴ്ചകളാകും.
വിശ്വാസങ്ങൾക്ക് കോട്ടം തട്ടാത്ത തെയ്യം സക്രിയമാകണമെങ്കിൽ നാട്ടരങ്ങിൽ ജീവൻ തുടിക്കുന ശില്പഭംഗിയോടെ കോലങ്ങൾ അവതരിക്കണം. ചെലവേറുമെങ്കിലും കുടുംബ വഴിയായി കിട്ടിയ ആചാരത്തെ സാധനതെറ്റാതെ കൊണ്ട് നടക്കാൻ തന്നെയാണ്. ഓരോ തെയ്യവും അരങ്ങിൽ എത്തുമ്പോൾ നിറയുന്നത് വ്യത്യസ്തങ്ങളായ കലകളുടെ സമ്മേളനമാണ്.നൃത്തവും ,വാദ്യവും,ഗീതവും,ചിത്രകലയും,ശില്പകലയും എല്ലാം തെയ്യത്തിൽ സമ്മേളിക്കുന്നു. ചമയങ്ങളാണ് തെയ്യത്തിന് രൂപ ഭംഗി പകരുന്നത്.''മുക്കാൽ ചമയവും കാൽ കോലവും'' എന്നൊരു ചൊല്ലുതന്നെയുണ്ട്.തെയ്യത്തെ ആകർഷകമാക്കുന്ന ചമയങ്ങളെ അണിയലങ്ങൾ എന്നാണ് വിളിക്കുക. മരം ,ലോഹം,കവിടി,തുണി,പീലിത്തുണ്ട്,കുരുത്തോല,വാഴപ്പോള,പൂവ്,മുള തുടങ്ങിയവ കൊണ്ടാണ് അണിയലങ്ങൾ നിർമ്മിക്കുക.കവുങ്ങിൻ പാള,ലോഹങ്ങൾ എന്നിവ കൊണ്ട് നിർമ്മിച്ച്,ചിത്ര പണികൾ ചെയ്ത പൊയ്മുഖങ്ങളും ചില തെയ്യങ്ങൾ ധരിക്കാറുണ്ട്.വൈവിധ്യമാർന്ന ''ഒടകളും,മുടികളും വ്യത്യസ്തങ്ങളായ ആകൃതിയിലും,നിറത്തിലുമുള്ള അണിയലങ്ങളും തെയ്യത്തിനുണ്ട്.
തിരിയോല (കുരുത്തോല )കൊണ്ടുള്ള അണിയലങ്ങലാണ് ഒലി,അരയോട എന്നിവ. വാഴത്തട കൊണ്ട് അരയോടത്തട്ട് കെട്ടി കുരുത്തോലയും,തെങ്ങിൻപാന്തവും,ഈർക്കിലും കൊണ്ടാണ് അരയോടയുണ്ടാക്കുക. ഇത് ഏറെ ശ്രമകരമായ ജോലിയാണ്.കൈകൾക്ക് പലതരം കൈക്കരു,കാലുകൾക്ക് കാക്കരു,ശിരോലങ്കാരമായി 'തലച്ചമയങ്ങളും, മുടിയും ..ഇങ്ങനെപോകുന്നു അണിയലങ്ങൾ.ഇതിൽ പലതും മുൻകൂട്ടി തയ്യാറാക്കുന്നവയാണ്.ഓലച്ചമയങ്ങൾ ഓരോ തെയ്യത്തിനും അനുസരിച്ച് അതാത് കളിയാട്ട സ്ഥലങ്ങളിൽ നിന്നും നിർമ്മിച്ചെടുക്കും. തെയ്യങ്ങൾ ഭംഗിയുള്ള അണിയലങ്ങൾ അണിയണമെന്നത് കളിയാട്ടം നടത്തുന്നവരുടെ ആവശ്യമാണ്. അതുകൊണ്ട് തന്നെ ഓരോ വർഷത്തേക്കും ആവശ്യമായ അണിയലങ്ങൾ തെയ്യക്കാലമാല്ലാത്ത കന്നിമാസത്തിൽ ഒരുക്കിയെടുക്കും. ഇതിനായി വൈദഗ്ധ്യം നേടിയ കലാകാരന്മാർ തെയ്യക്കാർക്കിടയിലുണ്ട്.ഇതിൽ നിന്നും വ്യത്യസ്തമായി മറ്റു വിഭാഗക്കാർ നിർമ്മിച്ച് നൽകുന്ന അണിയലങ്ങലുമുണ്ട്.തെയ്യച്ചമയങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഓട്ടുകരുക്കൾ ,ചിലമ്പ്,പറ്റും പാടകം,തലപ്പാളി ,വെള്ളോട്ട് പട്ടം ,വിവിധതരം മിന്നുകൾ എന്നിവ തെയ്യക്കാർക്ക് നിർമ്മിച്ച് നൽകുന്നത് മൂശാരിമാരാണ്. വെള്ളിത്തലപ്പാളിയും ,വെള്ളിപ്പൂവും നിർമ്മിച്ച് നൽകുന്നത് തട്ടാൻ വിഭാഗത്തിൽപ്പെട്ടവരാണ്.
പൂരം
പൂരമെന്ന് കേട്ടാൽ മനസ്സിലേക്ക് ആദ്യം ഓടിയെത്തുക തൃശ്ശൂർ പൂരമാണ്..., മേളപ്പെരുക്കങ്ങളും, കരിമരുന്നു പ്രയോഗവും, നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരും നിറയുന്ന തെക്കിന്റെ പൂരത്തിൽ നിന്നും വ്യത്യസ്തമായി വടക്കിന്റെ പൂരത്തിന് സവിശേഷതകൾ ഏറെയാണ്.., വീടുകളെയും, കാവുകളെയും, കഴകങ്ങളെയും, ക്ഷേത്രങ്ങളെയും ഒരു പോലെ ഉത്സവത്തിമിർപ്പിലാഴ്ത്തുന്ന പൂരക്കാലം ഇന്നാട്ടിലെ ഊർവ്വരതയുടെ കാലം കൂടിയാണ്. മീന മാസത്തിലെ പൂരം നാളിൽ കൊടിയിറങ്ങും വിധം ഒൻപത് നാളുകളിലാണ് ഉത്തരകേരളത്തിലെ പൂരക്കാലം. ഒരുമാസക്കാലം പൂരോത്സവം നടക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളും വടക്കൻ കേരളത്തിൽ കാണാം. പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രം, ചെറുവത്തൂർ വീരഭദ്ര ക്ഷേത്രം എന്നിവ ഒരുമാസക്കാലം പൂരോത്സവം നടക്കുന്ന ക്ഷേത്രങ്ങളാണ്. കാർത്തിക നാളിലാണ് മറ്റിടങ്ങളിൽ പൂരത്തിന്റെ ആരംഭം. കന്യകമാർക്ക് പൂരക്കാലം വ്രതാനുഷ്ടാനത്തിന്റെ ദിനങ്ങളാണ്. കാമാപൂജയാണ് പൂരത്തിന് മുഖ്യം. പെൺകൊടിമാർ ഈ ദിനങ്ങളിൽ കാമദേവനെ പൂവിട്ടു പൂജിക്കും. കട്ടപ്പൂ, ചെമ്പകപ്പൂ, മുരിക്കിൻപൂ, വയറപ്പൂ, മുല്ലപ്പൂ തുടങ്ങിയവയാണ് പൂരപ്പൂക്കൾ......, പൂക്കുര്യകളുമായി ഗ്രാമ കന്യകമാർ പൂക്കൾ തേടിയിറങ്ങിക്കഴിഞ്ഞു. പെൺകുട്ടികൾക്കൊപ്പം ആൺകുട്ടികളും പൂക്കൾ ശേഖരിച്ചു നല്കാനുണ്ടാകും. പൂര ദിനത്തിലാണ് പൂവിട്ട പൂജിച്ച കാമനെ യാത്രയാക്കുക. അന്ന് കാമന് പൂരക്കഞ്ഞിയും, പൂരടയും നിവേദിക്കും... നേരത്തെ കാലത്തെ വരനെ കാമാ.... എന്ന് അടക്കം പറഞ്ഞാണ് കാമനെ യാത്രയാക്കുക... പൂരക്കാലമായാൽ പതിനെട്ടുനിറങ്ങളിൽ പൂരക്കളിയുടെ ചടുല ചലനങ്ങൾ നിറയും. കാമന്റെ തിരിച്ചു വരവിനായി പതിനെട്ടു കന്യകമാർ പതിനെട്ടു നിറങ്ങളിൽ പാടിക്കളിച്ചതാണ് പൂരക്കളി എന്നാണ് ഐതിഹ്യം. കായിക പ്രധാനമായ ഈ കളി പിൽക്കാലത്ത് പുരുഷന്മാർ ഏറ്റെടുത്തതാണത്രേ. മറത്തുകളിയാണ് പൂരക്കളിയിലെ പാണ്ഡിത്യ പ്രധാനമായ ഇനം. രണ്ട് കാവുകളിലെ, അല്ലെങ്കിൽ ക്ഷേത്രങ്ങളിലെ പണിക്കന്മാർ കളരിമുറയിൽ കെട്ടിച്ചുറ്റി ശാസ്ത്രം, തർക്കം, ജ്യോതിഷം, നാട്യശാസ്ത്രം, രാഷ്ട്രമീമാംസ എന്നി വിഷയങ്ങളിലെല്ലാം വാദപ്രതിവാദം നടത്തുന്നു. പണിക്കന്മാരുടെ വാക്ചാതുരിയും, പാണ്ഡിത്യവും മുനയുരക്കുന്ന വിദ്വൽസദസ്സാണിത്. പൂരക്കളി കാണാൻ ഗ്രാമമൊന്നാകെ പൂരക്കളി പന്തലിലേക്ക് ഒഴുകിയെത്തും. പൂരംകുളിയാണ് പൂരോത്സവത്തിലെ മറ്റൊരു പ്രധാന ചടങ്ങ്. പൂരം കുളി ദിവസം വിഗ്രഹങ്ങളും, തിരുവായുധങ്ങളും കുളക്കടവിലേക്ക് എഴുന്നള്ളിച്ച് കുളിപ്പിച്ച് ശുദ്ധിവരുത്തുന്നതാണ് പൂരംകുളി. എല്ലാം കൊണ്ടും മനോഹരമായ കാഴ്ചകളാണ് ഓരോ പൂരക്കാലത്തും വടക്കൻ കേരളത്തിൽ നിറയുന്നത്
