ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര/അക്ഷരവൃക്ഷം/വിദ്യാലയ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
വിദ്യാലയ ശുചിത്വം

മനുഷ്യർ ആരോഗ്യത്തെപ്പറ്റിയും ആരോഗ്യപരിപാലനത്തിൽ ശുചിത്വത്തിനുള്ള പങ്കിനെപ്പറ്റിയും കുട്ടിക്കാലം മുതൽക്കു തന്നെ നന്നായി ധരിച്ചിരുന്നാൽ മാത്രമേ ഭാവിജീവിതത്തിൽ അതൊരു ശീലമായി മാറുകയുള്ളൂ. 'ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമുള്ള മനസ്സ് ' എന്നതാണല്ലോ വിദ്യാഭ്യാസത്തിൽ ഏറ്റവും പ്രധാനപ്പെട്ട മുദ്രാവാക്യം. ആരോഗ്യപരിപാലനത്തിന്റെ കാര്യത്തിൽ മുൻഗണന നൽകേണ്ടത് ഡോക്ടറുടെ കുറിപ്പടിക്കോ മരുന്നിനോ ആശുപത്രിക്കോ അല്ല പകരം ശുദ്ധവായു, ശുദ്ധജലം, ശുദ്ധമായ പോഷകാഹാരം, ശുദ്ധമായ വസ്ത്രം മുതലയാവയ്ക്കാണ്. ബാല്യകാലത്ത് കുട്ടികൾ അധികസമയവും ചെലവഴിക്കുന്നത് വിദ്യാലയങ്ങളിലാണ്. അതുകൊണ്ടുതന്നെ വിദ്യാലയ ശുചിത്വപരിപാലനത്തിനും നാം അധികപ്രധാന്യം നൽകണം.വിദ്യാലയത്തിൽ എത്തുന്ന ഓരോ കുട്ടിയും വ്യക്തി ശുചിത്വം കർശനമായി പാലിക്കുക തന്നെ ചെയ്യണം. വ്യക്തിശുചിത്വം പാലിക്കാതിരിക്കുകയാണെങ്കിൽ അത് തനിക്കും തന്റെ കൂട്ടുകാർക്കും ആപത്തായി തീരും. പലവിധ ത്വക്ക് രോഗങ്ങൾ, മറ്റു പകർച്ചവ്യാധികൾ മുതലായവ നമ്മെ പിടികൂടുമെന്ന് ആരോഗ്യ ശാസ്ത്രം നമ്മെ പഠിപ്പിക്കുന്നു. ഇതിനു പരിഹാരമായി ദിവസവും കുളിക്കുകയും, വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുകയും വേണം. മറ്റുള്ളവർ ഉപയോഗിച്ച സോപ്പ്, ചീപ്പ്, തോർത്ത്,വസ്ത്രങ്ങൾ എന്നിവ ഒഴിവാക്കണം. ആഹാരത്തിനുമുമ്പ് കൈ കഴുകാൻ മറക്കരുത്. രാവിലെയും രാത്രിയിലും പല്ല് തേക്കൽ ശീലമാക്കണം. ആഹാരം പാകം ചെയ്യുന്നതിനും കുടിക്കുന്നതിനും ശുദ്ധജലം മാത്രമേ ഉപയോഗിക്കാവൂ. ജലം ശേഖരിച്ചു വയ്ക്കുന്ന സംഭരണികൾ കഴുകി വൃത്തിയാക്കുന്നതോടൊപ്പം അടച്ചുവയ്ക്കാനും ശീലമാക്കണം. കുടിവെള്ളത്തിൽ കയ്യിട്ടുമുക്കാൻ പാടില്ല. ആഹാരസാധനങ്ങൾ അടച്ചുവച്ചു ശീലിക്കേണ്ടതാണ്. മലമൂത്രവിസർജ്ജനത്തിന് നല്ല വൃത്തിയുള്ള കക്കൂസും മൂത്രപ്പുരയും തന്നെ ഉപയോഗിക്കേണ്ടതാണ്. വിദ്യാലയവും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ചപ്പും ചവറും പൊതുഇടങ്ങളിലേക്ക് വലിച്ചെറിയരുത്. അവ തരം തിരിച്ച് ഉറവിടങ്ങളിൽ തന്നെ സംസ്‌കരിക്കുന്ന ശീലം വളർത്തിയെടുക്കണം. വിദ്യാലയ പരിസരത്ത് മലിനജലം കെട്ടിക്കിടക്കാതെ ഒഴുക്കിവിട്ടാൽ മാരകരോഗങ്ങൾ പരത്തുന്ന കൊതുകുകളുടെ വളർച്ച തടയാനാകും. ചുറ്റുമതിൽ വിദ്യാലയത്തിന് നിർബന്ധമാണ്. പുറമേ നിന്നുള്ള മാലിന്യങ്ങൾ വിദ്യാലയ പരിസരത്ത് എത്താതിരിക്കാൻ മതിലുകൾ സഹായകമാകും. തണൽമരങ്ങൾ വച്ചുപിടിപ്പിച്ചും മനോഹരമായ പൂന്തോട്ടങ്ങൾ വച്ചുപിടിപ്പിച്ചും സ്ഥലം കിട്ടുന്നതിനനുസരിച്ച് ഔഷധതോട്ടവും പച്ചക്കറിത്തോട്ടവും വച്ചുപിടിപ്പിച്ചും വിദ്യാലങ്ങളെ നമുക്ക് ആകർഷകമാക്കാം. ക്ലാസിനകവും വിദ്യാലയവും പരിസരവും ശുദ്ധീകരിക്കുമ്പോൾ ശേഖരിക്കുന്ന ചപ്പുചവറുകൾ തരം തിരിച്ച് പ്രത്യേക ബിന്നുകളിൽ സൂക്ഷിക്കണം. ക്ലാസ്സും പരിസരവും ദിവസേന അടിച്ചുവൃത്തിയാക്കേണ്ടതാണ്. വിദ്യാലയ പരിസരത്ത് കമ്പോസ്റ്റ് കുഴികൾ നിർബന്ധമായും വേണം. കുട്ടികളും അധ്യാപകരും പാദരക്ഷകൾ ക്ലാസ്സിനു പുറത്ത് സൂക്ഷിക്കണം. ബഞ്ച്, ഡസ്‌ക്, മേശ, കസേര, അലമാര എന്നിവ അടുക്കും ചിട്ടയോടും കൂടി വയ്ക്കണം. മേപ്പുകൾ, ചാർട്ടുകൾ, ചിത്രങ്ങൾ എന്നിവ കൊണ്ട് ക്ലാസ്സ് മുറികൾ മോടിപിടിപ്പിക്കണം. തരംതിരിച്ചുള്ള വേയ്സ്റ്റ് ബാസ്‌ക്കറ്റുകൾ ഓരോ ക്ലാസ്സിലും വേണം. ഒരു കരുതൽ എന്ന നിലയിൽ ഓരോ ക്ലാസ്സ് മുറിയിലും കുടിവെള്ളം സൂക്ഷിക്കണം. വിദ്യാലയങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ കക്കൂസ്, മൂത്രപ്പുരഎന്നിവ വേണം, 'ചൈൽഡ് ഫ്രണ്ട്‌ലി ടോയ്‌ലറ്റു'കളും, 'ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റു'കളും ഓരോ സ്‌കൂളിലും ഉണ്ടായിരിക്കേണ്ടതാണ്. ഇവിടം എപ്പോഴും അണുവിമുക്തിമാക്കി വയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇപ്പോൾ സ്‌കൂളുകളിൽ ഉച്ചഭക്ഷണം കഴിക്കുന്നതിന് കുട്ടികൾ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. അതിനാൽ എല്ലാ സ്‌ക്കൂളുകളിലും പ്രത്യേകം ഭക്ഷണപ്പുരകൾ ഉണ്ടായിരിക്കുന്നത് നല്ലതാണ്. പാചകപ്പുരയിൽ അരോഗ്യസുരക്ഷ ഉറപ്പുവരുത്തേണ്ടതാണ്. പാചകം ചെയ്യുന്ന പാത്രങ്ങളും മറ്റു പാത്രങ്ങളും എന്നും വൃത്തിയായി കഴുകി സൂക്ഷിക്കണം. ആഹാരസാധനങ്ങൾ അടച്ചുസൂക്ഷിക്കണം. യാതൊരു കാരണവശാലും പാചകപ്പുരയിലും ഭക്ഷണപ്പുരയിലും പുക തങ്ങിനിൽക്കാൻ അനുവദിക്കരുത്. പാചകപ്പുരയിലും ഭക്ഷണപ്പുരയിലും മലിനജലം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. ആവശ്യത്തിന് പൊതുടാപ്പുകൾ വിദ്യാലയങ്ങളിൽ ഉണ്ടായിരിക്കണം. അവിടെയങ്ങും മലിനജലം കെട്ടിക്കിടക്കാതെ ഒഴുക്കിവിടാൻ സൗകര്യം ഉണ്ടായിരിക്കണം. കിണറുകൾ കാലാകാലങ്ങളിൽ അണുവിമുക്തമാക്കാണം. അതുപോലെ തന്നെ ജലത്തിന്റെ അമ്ലാംശം പരിശോധിക്കപ്പെടണം. ഇത് ജലം മൂലം പകരുന്ന രോഗങ്ങൾ ഒഴിവാക്കാൻ സഹായകരമായി തീരും. ഇങ്ങനെ ശുചിത്വബോധത്തോടെ സംവിധാനം ചെയ്യപ്പെട്ട ഒരു സ്‌ക്കൂൾ, ശുചിത്വബോധത്തോടെ കൃത്യമായി പരിപാലിക്കപ്പെട്ടുന്ന ഒരു സ്‌കൂൾ, കൃത്യമായി ശുചിത്വബോധത്തോടെ പെരുമാറുന്ന കുട്ടികൾ പഠിക്കുന്ന ഒരു സ്‌കൂൾ തീർച്ചയായും ഒരു മാതൃകാസ്‌കൂൾ തന്നെയായിരിക്കും

ഹബിൻ മുഹമ്മദ്.ജെ
8 A ഗവ: ബോയ്‌സ് ഹൈസ്‌കൂൾ,കന്യാകളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം