ജി.എച്ച്.എസ്.എസ്. മൂത്തേടത്ത്/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
ശ്രീ. സിപ്പി പള്ളിപ്പുറം വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം നിർവഹിക്കുന്നു.

2021-22 അധ്യയനവർഷത്തിൽ മൂത്തേടം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ജൂൺ മാസം അവസാന വാരത്തിൽ തന്നെ തുടക്കം കുറിച്ചു. അധ്യയനത്തോടൊപ്പം തന്നെ കുട്ടികളുടെ സർഗാത്മകമായ കഴിവുകളുടെ സർവതോന്മുഖമായ വികാസം ലഭ്യമാക്കിക്കൊണ്ടുള്ള വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളിൽ എൽപി, യുപി, എച്ച്എസ് വിഭാഗങ്ങളിലായി ഏകദേശം 300 ഓളം കുട്ടികൾ പ്രവർത്തിച്ചുവരുന്നു. ഈ കലാകൂട്ടായ്മയുടെ ഉന്നമനത്തിനായി അധ്യാപകരും അക്ഷീണം പ്രവർത്തിച്ചു വരുന്നു.

കോവിഡ് പശ്ചാത്തലത്തിൽ, സ്കൂളുകൾ തുറന്നു പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമിലാണ് ഉദ്ഘാടനവും അനുബന്ധ പരിപാടികളും സംഘടിപ്പിക്കപ്പെട്ടത്. ബാലസാഹിത്യ രംഗത്ത് നിരവധി സംസ്ഥാന, ദേശീയ പുരസ്കാരങ്ങൾ നേടിയ ശ്രീ സിപ്പി പള്ളിപ്പുറം ആണ് മൂത്തേടം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചത്. ഉദ്ഘാടനത്തോടനുബന്ധിച്ച് സ്കൂളിലെ നിരവധി കലാ പ്രതിഭകളുടെ കണ്ണഞ്ചിപ്പിക്കുന്ന കലാപ്രകടനങ്ങളും അരങ്ങേറി. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ബാലസഭ, സാഹിത്യസമാജം തുടങ്ങി എല്ലാ പ്രവർത്തനങ്ങളിലും കുട്ടികളുടെ സജീവമായ പങ്കാളിത്തം ഉറപ്പു വരുത്തുന്നുണ്ട്. പരിപാടികൾ ഏകോപിപ്പിക്കുന്നതിനായി ഹൈസ്കൂൾ തലത്തിൽ വിനീത ടീച്ചർ, യു.പി.തലത്തിൽ നിമ ടീച്ചർ,എൽ.പി.തലത്തിൽ വി.ദീപ ടീച്ചർ എന്നിവരും ചുമതലയേറ്റു.

സ്കൂൾ തലം മുതൽ സംസ്ഥാന തലം വരെ നടത്തിവരുന്ന വിവിധ മത്സരയിനങ്ങളിൽ നിരവധി കുട്ടികളെ ഭാഗമാകാനും വിജയികൾക്ക് പ്രോത്സാഹനം നൽകാനും കഴിഞ്ഞിട്ടുണ്ട്. കുട്ടികളുടെ കലാപരവും സർഗ്ഗാത്മകമായ ഭാവനകൾക്ക് നിറം പകരാനും വർണ്ണ നൂലുകളാൽ അവർ നെയ്തെടുത്ത സൃഷ്ടി ഗോപുരങ്ങൾക്ക് അനന്തമായ ആകാശം തുറന്നു നൽകാനുമാണ് വിദ്യാരംഗം കലാ സാഹിത്യ വേദി എന്ന ഈ സംരംഭം കൊണ്ട് ലക്ഷ്യമിട്ടിട്ടുള്ളത്