പി.കെ.എം.എച്ച്.എസ്.എസ് കടവത്തൂർ/അക്ഷരവൃക്ഷം/അമ്മയും കൊറോണ വാർഡിൽ...
അമ്മയും കൊറോണ വാർഡിൽ--അനുഭവക്കുറിപ്പ് -
രോഗിയായല്ല, അവരുടെ പരിചാരികയായി പി പി ഇ കിറ്റ് അണിഞ്ഞ ഒരു മാലാഖയെപ്പോലെയാണ് അമ്മ കൊറോണ വാർഡിൽ എത്തിയത്. ഞാൻ ആദിത്യ എം പി. അമ്മയുടെ പേര് അജിത എന്നാണ്. ഏതാണ്ട് ഒരുവർഷം ആവാറായി അമ്മ കാസർഗോഡ് ജനറൽ ഹോസ്പിറ്റലിൽ അറ്റൻഡർ ആയി സേവനം ആരംഭിച്ചിട്ട്. ആഴ്ചയിൽ ഒരുതവണയാണ് അമ്മ വീട്ടിൽ വരാറുണ്ടായിരുന്നത്. എന്നാൽ ഇത്തവണ ഒരു മാസം കഴിഞ്ഞു വീട്ടിൽ വന്നിട്ട്. കൊറോണ എന്ന വികൃതരൂപമാർന്ന മഹാമാരിയുടെ ആരംഭഘട്ടത്തിൽ 2 രോഗികളൊക്കെ അമ്മയുടെ ഹോസ്പ്പിറ്റലിലെ പേവാർഡിലെത്തിയപ്പോഴൊക്കെ എല്ലാവരും പേടിച്ച് വിറച്ചു. എന്നാൽ അനുദിനം വൈറസ് വ്യാപകരുടെ എണ്ണം പെരുകാൻ തുടങ്ങിയപ്പോൾ ഭയമല്ല, ജാഗ്രതയും പ്രതിരോധവുമാണ് സ്വീകരിക്കേണ്ടതെന്ന ചിന്താഗതി എല്ലാവരിലേക്കും വ്യാപിക്കാൻ തുടങ്ങി. 89-ൽ അധികം കൊറോണ രോഗികൾ കാസർഗോഡ് ജനറൽ ഹോസ്പിറ്റലിൽ ഉണ്ടായിരുന്നത്രേ....കേരളത്തിൽ വച്ചുതന്നെ ഏറ്റവും ഭീതിജനകമായ ജില്ലയായി കാസർഗോഡ് പതിയെ മാറി. ആദ്യമൊക്കെ 4 ഷിഫ്റ്റ് ആയിരുന്നു ഐസൊലേഷൻ വാർഡിൽ ഡ്യൂട്ടി ഉണ്ടായിരുന്നത് .അതിൽ നൈറ്റ് ഡ്യൂട്ടി 9 മണിക്കൂർ ഉണ്ടായിരുന്നു. 9മണിക്കൂർന്നേരം തുടർച്ചയായി പി പി ഇ കിറ്റ് അണിഞ്ഞിരിക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. വെള്ളം കുടിക്കുവാൻ പോലും സാധ്യമല്ലാത്തതിനാൽ 4 മണിക്കുറുകൾ വീതമുള്ള 6 ഷിഫ്റ്റുകളാക്കി മാറ്റി. ഐസൊലേഷൻ വാർഡിലുണ്ടായിരുന്ന ഓരോ രോഗികളും വളരെ സഹകരണത്തോടെയാണ് പെരുമാറിയിരുന്നത്. അവരോരോരുത്തരും പരിചരിക്കുന്ന ഡോക്ടർമാരോടും നഴ്സുമാരോടും അറ്റെൻഡർമാരോടും എപ്പോഴും രാപ്പകൽഭേദമന്യേ തങ്ങൾക്കുവേണ്ടി സ്വന്തം ജീവൻ പോലും ത്യജിക്കുവാൻ തയ്യാറായതിനാൽ ചെയ്തുതരുന്ന സേവനത്തിന് നന്ദി സമർപ്പിക്കുമായിരുന്നു. അമ്മയടക്കമുള്ള സഹപ്രവർത്തകരിൽ ഒട്ടുമിക്കപേരും വളരെയധികം ശാരീരിക മാനസിക ബുദ്ധിമുട്ടുകളോട് പൊരുതുന്നവരായിരുന്നു. അവരിൽ ഭൂരിഭാഗം പേരും വീട്ടിൽ പ്രായമായ മാതാപിതാക്കളെയും കുട്ടികളെയും വേർപിരിഞ്ഞു നിൽക്കുന്നവരായിരുന്നു. അനവധി ദുഃഖങ്ങളെ മനസ്സിൽ ഒളിപ്പിച്ചുകൊണ്ട് സേവന രംഗത്ത് സജ്ജരാവുകയായിരുന്നു. ഉത്തമ ചികിത്സയ്ക്ക് ശേഷം ഏതാണ്ട് 39 ഓളം രോഗികൾ അസുഖം ഭേദമായതിന് ശേഷം വീടുകളിലേക്ക് മടങ്ങി. അവരെ സന്തോഷത്തോടെ കയ്യടിച്ചാണ് യാത്രയയച്ചത്. ഐസൊലേഷൻ വാർഡിൽ പി പി ഇ കിറ്റ് ധരിച്ച അമ്മയോട് ഒരു കൊറോണ രോഗി പറഞ്ഞു :"ഞങ്ങൾക്ക് നിങ്ങളുടെ മുഖം കാണാൻ കഴിയില്ല, എന്നാൽ ശബ്ദത്തിലൂടെ ഓരോരുത്തരെയും തിരിച്ചറിയാം ". മറ്റൊരാൾ പറഞ്ഞത് :"കോറോണയെ നാം തുരത്തിവിട്ടതിന് ശേഷം നമുക്കെല്ലാവർക്കും ഒരുനാൾ ഒത്തുചേരണം" എന്നാണ്. ഒരു ദിവസം ഒരു രോഗി തന്റെ കുഞ്ഞു കുട്ടിയെ വീഡിയോ കോൾ ചെയ്തപ്പോൾ ഐസൊലേഷൻ വാർഡിലുള്ള പി പി ഇ കിറ്റ് അണിഞ്ഞ അമ്മയെ കണ്ടപ്പോൾ ചോദിച്ചു :"ഉപ്പാ, അതാരാണ് പുറകിൽ? എനിക്ക് പേടിയാവുന്നു" എന്ന്. അമ്മ പറഞ്ഞത് :"മോൾ പേടിക്കണ്ട മോൾടെ ഉപ്പയെ നല്ല പോലെ നോക്കാനാണ് ഞങ്ങളൊക്കെ ഇവിടെ നിൽക്കുന്നത്. എത്രയും പെട്ടന്നുതന്നെ തന്റെ അസുഖം മാറിയിട്ട് ഉപ്പ മോൾടെ അടുത്ത് വരും" എന്നാണ്. എടുത്തുപറയുകയാണെങ്കിൽ ഒട്ടനവധി ഹൃദയാർദ്രമാക്കുന്ന അനുഭവങ്ങളാണ് അമ്മയ്ക്കുണ്ടായത്. കോറോണയെ എന്നന്നേക്കുമായി തുരത്താൻ ഭയമല്ല വേണ്ടത്, മറിച്ച് സമൂഹ അകലം പാലിക്കുകയും അതോടൊപ്പം വ്യക്തിശുചിത്വം പരിസരശുചിത്വം തുടങ്ങിയ മാർഗങ്ങൾ സ്വീകരിക്കുകയാണ് വേണ്ടത്. </p? അമ്മയുടെ വിലപ്പെട്ട അനുഭവങ്ങൾ എന്നിലൂടെ പങ്കുവയ്ക്കാൻ സാധിച്ചതിൽ ഞാനും അമ്മയെ ഓർത്ത് അഭിമാനിക്കുന്നു. കോറോണയെ നാം അതിജീവിക്കുകതന്നെ ചെയ്യും. കാരണം നമ്മിലൂടെ പ്രവഹിക്കുന്നത് ഭാരതാംബയുടെ രക്തമാണ്. പ്രതിരോധത്തിനായി നമുക്കൊരുമിച്ച് മനസ്സുകൾ കോർക്കാം....
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 01/ 2022 >> രചനാവിഭാഗം - ലേഖനം |