ഓർമക്കുറിപ്പിലേക്ക് - ഫാ പ്രവീൺ ഓടനാട്ട് ഔട്ടപ്പള്ളി സി എം ഐ
ഒത്തിരി നല്ല ഓർമ്മകൾ ഓടിക്കളിക്കുന്ന ആ കഴിഞ്ഞുപോയ സെന്റ്. തെരെസാസിലെ സ്കൂൾ ദിനങ്ങൾ എന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ സുന്ദര നിമിഷങ്ങളായി ഞാൻ കരുതുന്നു. ഇനിയും തിരിച്ചു കിട്ടില്ല എന്ന് അറിയാമെങ്കിലും വീണ്ടും ഓർമിച്ചെടുക്കുവാൻ ഇഷ്ടപ്പെടുന്ന ആ കാലത്തെ ഒരു പിടി മങ്ങാത്ത ഓർമ്മകൾ എന്റെ ഹൃദയകോണിനുള്ളിൽ ഒളിപ്പിക്കുവാനായിട്ടുണ്ട്. അവ എന്നെ വീണ്ടും ആ കാലത്തിലേക്ക് തിരിച്ചു നടക്കാൻ പ്രേരിപ്പിക്കാറുമുണ്ട്.
അണയാത്ത അഗ്നിയാകുന്ന വിദ്യ എന്ന അറിവിന്റെ വെളിച്ചം വിതറിയ ഒത്തിരി നല്ല അധ്യാപകർ. അത് ചെറിയ ക്ലാസ്സിലെ ആൻസമ്മ ടീച്ചറും ലീമ ടീച്ചറും, പ്രാധാനാധ്യാപകനായിരുന്ന കുഞ്ഞച്ചൻ സർ വരെ എത്തി നിൽക്കുന്നു. അതുവരെ കൂടെ കളിച്ചും ചിരിച്ചും നടന്നു പിന്നീട് കാലപ്രവാഹത്തിൽ പലവഴി പിരിയേണ്ടിവന്ന ബാല്യകാല സുഹൃത്തുക്കൾ.... നിറമുള്ള ഓർമ്മകൾ മാത്രം സമ്മാനിച്ച സ്കൂൾ മുറ്റവും, വലിയ മരത്തിന്റെ ചുവടും, കളിസ്ഥലങ്ങളും, പള്ളിമുറ്റവുമെല്ലാം ഒത്തിരി നല്ല കഥകളെ മനസ്സിന്റെ മണിചെപ്പിൽ ഒതുക്കി നിർത്തുന്നുണ്ട്.
'ഓർമ്മകൾക്കെന്ത് സുഗന്ധം' എന്ന വരികൾ സൂചിപ്പിക്കുമ്പോലെ കൈമോശം വരാതെ സൂക്ഷിക്കുന്ന ഒത്തിരി ഓർമകളുടെയും സൗഹൃദങ്ങളുടെയും അധ്യാപകരുടെ ആത്മബന്ധങ്ങളുടെയുമെല്ലാം നിറക്കൂട്ടുകൾ മനസ്സിന്റെകൊണിൽ ഇന്നും സൂക്ഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഹൃദ്യതയോടെ എനിക്ക് പറയാൻ കഴിയും.
ഗുരുക്കന്മാരെ നിങ്ങൾക്ക് വന്ദനം!!!
പ്രിയ സുഹൃത്തുക്കളെ നിങ്ങൾക്ക് വന്ദനം!!!