പരിസ്ഥിതി:ഒരു സാദാ അവലോകനം
എന്തൊക്കെ ബഹളമായിരൂന്നു!പുതിയ പത്തു പതിനഞ്ച് നില ഫ്ലാറ്റ് ,രണ്ടുനില മാളികവീട് ....അവസാനം എല്ലാം 'പ്രളയപയോധിയിൽ'മുങ്ങിയപ്പോൾ മലയാളി 'പവനായി ശവമായ'അവസ്ഥയിലായിരുന്നു.പരിസ്ഥിതിയെക്കുറിച്ച് പറയുമ്പോൾ എന്തിന് മറ്റിടങ്ങളിൽ നിന്ന് തുടങ്ങണം?ആദ്യം പറയേണ്ട സ്ഥലം കേരളം തന്നെ.രണ്ടു പ്രളയങ്ങളെ കഷ്ടപ്പെട്ട് അതിജീവിച്ച കേരളത്തെ നിസ്സാരവത്കരിക്കുകയല്ല,മറിച്ച് ഈ വിപത്തിന് കാരണമെന്തെന്ധ് പുനരാലോചിക്കുകയാണ് .
ഒന്നോർത്താൽത്തന്നെ മനസ്സിലാവും കാരണം നാം തന്നെയെന്ന് .2011 ൽ തന്നെ ഗാഡ്ഗിൽ മുന്നോട്ടു വച്ച നിർദ്ദേശങ്ങളെ മുടന്തൻ ന്യായങ്ങളാൽ തഴഞ്ഞ് കാറ്റിൽ പറത്തിയവരാണ് നാം.പരിസ്ഥിതിയെക്കുറിച്ച് വൻതോതിൽ പ്രസംഗിക്കുകയും അതിന് നേർവിപരീതം പ്രവർത്തിക്കുകയും ചെയ്യുന്നവർ .എന്നാൽ 2020ജനുവരിയിൽ നിലവിൽ വന്ന പ്ലാസ്റ്റിക് നിരോധനം പോലുള്ളവ നാമനുസരിച്ചാൽത്തന്നെ ചെറിയ തോതിൽ മാറ്റങ്ങളുണ്ടാവും. കേരളത്തിന്റെ പരിസ്ഥിതി നിർണ്ണയിക്കേണ്ടത് കേരളീയർ തന്നെയാണ് .
എന്തിന് കേരളത്തിലൊതുങ്ങണം?ലോകത്തിലെല്ലായിടത്തും സ്ഥിതി ഇതുതന്നെ .കാർബൺ ബഹിർഗമനത്തെപ്പറ്റിയുള്ള പാരീസ് ഉടമ്പടിയിൽനിന്ന് പിന്മാറിയ ലോകരാഷ്ട്രങ്ങളിൽ ഭീമനായ അമേരിക്ക മുതൽ തുടങ്ങുന്നു അത് .
പരിസ്ഥിതിയെക്കൂറിച്ച് പറയുമ്പോൾ ഇപ്പോൾ മാറ്റിനിർത്താവാത്ത പേരായ ഗ്രെറ്റയുടെ കാര്യമെടുക്കാം.കാലാവസ്ഥയ്ക്ക് നീതിവേണം എന്ന പ്ലക്കാർഡിൽ തുടങ്ങി ലോകരാഷ്ട്രങ്ങളോട് ഒട്ടും കൂസലില്ലാതെ How dare you എന്ന ചോദ്യം ചോദിക്കുന്ന ഗ്രെറ്റയുടെ പ്രവർത്തനങ്ങളെല്ലാം അഭിനന്ദനാർഹം തന്നെ .എന്നാൽ ഇതിനൊരു ആശങ്കാവഹമായ മറുപുറമുണ്ട് .ഗ്രെറ്റ എന്നത് ലോകത്തിലെ പരിസ്ഥിതിയുടെ ശബ്ദമായ ന്യൂനപക്ഷത്തിന്റെ പുതിയ പേരു മാത്രം.വൻഗാരി മാതായി,വന്ദനശിവ ,മേധാ പട്കർ,ലിയാണാഡോ ഡി കാപ്രിയോ, ആമസോൺ ഗോത്രവർഗക്കാരനായ ബെങ്കി പിയാൻകോ അങ്ങനെ നാളിതുവരെ പരിസ്ഥിതിക്കു വേണ്ടി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നവരിൽ ഒരാൾ....പക്ഷേ ഒാർക്കുമ്പോൾ ഈ വ്യക്തികളുടേയോ സംഘടനകളുടേയോ ഒക്കെ ശബ്ദങ്ങൾ ലോകരാഷ്ട്രഭീമന്മാരുടേയും കോർപ്പറേറ്റുകളുടേയും കിടമത്സരത്തിൽ മുങ്ങിപ്പോയില്ലേ..
ഭൂമിയിൽ മനുഷ്യരെന്നല്ല ,ജീവജാലങ്ങളെല്ലാം നിലനിൽക്കുന്നതിന് നാമോരോരുത്തരും ,ലോകജനത മുഴുവൻ ഗ്രെറ്റയും വൻഗാരി മാതായിയുമെല്ലാമാവേണ്ടതുണ്ട് .പ്രളയത്തിൽ മുങ്ങുന്ന കേരളത്തിൽ,കത്തുന്ന ആമസോൺകാടുകളിൽ....അങ്ങനെ എല്ലായിടത്തും ഇതാവശ്യമാണ് .വീട് ഇന്റർലോക് ചെയ്യാനൊരുങ്ങുമ്പോൾ തൊട്ട് ഒാർക്കേണ്ട ഒരു കാര്യമുണ്ട് -മനുഷ്യൻ പരിസ്ഥിതിയുടെ അടിമയാണ് ,പരിസ്ഥിതി മനുഷ്യന്റേതല്ല.
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|