കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ഒരിക്കൽ........ - കവിത - ആർ.പ്രസന്നകുമാർ.

Schoolwiki സംരംഭത്തിൽ നിന്ന്


ഒരിക്കൽ........
-കവിത - ആർ.പ്രസന്നകുമാർ - 19/04/2010

കാതോർത്തു നില്കും സാത്ഭുതം കാലമൊരിക്കലെന്റെ ശബ്ദം
കതിർ ചൂടി എതിരേല്കും എന്നെ സാദരം ശതാബ്ദം
പിച്ചവെച്ചും പലകുറി നിപതിച്ചുമാണൂഴിയിൽ
'ഇച്ചിരി' വളർന്ന് 'ഒത്തിരിയായി' അനശ്വരനാകു...
കുഡ്മളമൊരിക്കൽ വിരിയും സുഗന്ധം ചൊരിയും
ചൂഢാമണിയായെൻ കാവ്യാംഗന വേണിയിലണിയും
ആ വർണ്ണ നിമിഷമാണെന്റെ സ്വപ്നം - മിഴി നീട്ടും സൂനം
പ്രവാചകനല്ല ഞാൻ - കേവലം പ്രണവാരാധകൻ.
പ്രപഞ്ചമാണെന്റെ മനോദർപ്പണം - കാണുന്നു ഞാൻ നിത്യം
കപോലം തുടുക്കും പ്രഭാത പ്രദോഷ യാമങ്ങളും
നീരദാംശുകം ചൂടി വ്രീളായോടൊളികണ്ണെറിയും
താരാസമൂഹവും മൃഗാങ്കബിംബവും മന്ദമന്ദം.
കാൽത്തള കിലുക്കിയൊഴുകും നദീകല്ലോലിനികൾ
മുത്തണിപ്പൂംനുര ചിതറും പാരാവാരഭംഗികൾ
ചക്രവാള ചുംബിത ഗിരിശൃംഗങ്ങൾ -താഴ്വാര-
മകരന്ദ സൗഭഗങ്ങൾ -വർണ്ണകുസുമനിരകൾ.
ചരാചരങ്ങളെ കാണുമ്പോൾ ഹൃത്തടം തുടികൊട്ടി
ചിരംജീവപഥങ്ങളിൽ കുതൂഹലങ്ങൾ ചാർത്തുന്നു.
മാനമയൂഖമാലയിൽ മുങ്ങി ചഞ്ചലപത്രികൾ
ഇനിയ കാന്തിപൂരം മിഴികൾക്കെന്നും ചുരത്തുന്നു.
മന്ദം ചിരിക്കാൻ പഠിച്ചു ഞാനമ്പിളിക്കീറിൽ നിന്നും
മന്ദം ചരിക്കാൻ പഠിച്ചു ഞാനീ പൂഞ്ചോലയിൽ നിന്നും
സ്നേഹിക്കാൻ പഠിച്ചു ഞാനംബരവലാഹത്തിൽ നിന്നും
സഹിക്കാൻ പഠിച്ചു ഞാനിന്നു വസുന്ധരയിൽ നിന്നും.
സ്നേഹമാണെന്റെ ദൗർബ്ബല്യം - സതീസ്വൈരിണീഭേദമില്ല
ദാഹമതിൻ മുന്നിൽ - കേവലം മനോവിശുദ്ധി മാത്രം
ദോഹദം കൊണ്ടു ഞാനീ മേദിനിയാകെ തേടീടവെ-
വാഹിനി കണ്ടു - പ്രകൃത്യംബതൻ ദിവ്യ സന്നിധാനം.
പ്രകൃത്യുപാസനയാണെന്റെ കുലധർമ്മം, അനുഷ്ഠിപ്പൂ-
അകൃത്രിമ വിനയ ഭക്തിപൂർവ്വം, നിത്യമീ ഭക്തൻ.
പൂവിടരുന്നതും അന്തിക്കു കൊഴിയുന്നതും കണ്ടു
കവിഹൃദയം ആലേഖനം ചെയ്യുന്നു, സൃഷ്ടി സത്യം.
കവിയെന്നു വിളിപ്പിക്കും സുനിശ്ചയം - വിളിച്ചീടും
നാവുകൾ -'കപിയല്ല -കവി-മഹാകവി' -നാളെ ഞാൻ
വല്മീകമുണ്ടെനിക്കൊരു വല്മീകം -സാമൂഹ്യരംഗം
വാല്മീകി വ്യാസ ദാസ വംശസ്ഥൻ ഞാൻ ലോകമേ...