സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/ഒരു ക്വാറന്റൈൻ ഡയറി

ഒരു ക്വാറന്റൈൻ ഡയറി

ചേലയിൽ അവസാനത്തെ കായ് എടുക്കാനുള്ള ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. കയ്യിൽ കവടി എടുത്ത് മറിയ്ക്കാനായി നിൽക്കുകയാണ് ഞാൻ. തെല്ലൊരു അമ്പരപ്പോടെ എല്ലാ കണ്ണുകളും എന്നിലേക്ക് കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു.ഇമവെട്ടാതെ ഞാനും ആവേശത്തിന്റെ മുൾമുനയിലാണ്.വീട്ടുമുറ്റത്ത് 8 പേർ കൂടിയിരുന്നു. കളിക്കുന്നതിന്റെ, പണ്ടെങ്ങോ മറഞ്ഞു പോയ ഒരു അവധിക്കാലത്തിന്റെ ആവേശം ഇന്ന് അനഭവിച്ചറിയാൻ കഴിയുന്നുണ്ട്. കവടി എറിഞ്ഞു. അഞ്ചും മറിഞ്ഞ് ആറാമത്തെ കവടി നിവർന്നു വീണപ്പോൾ എന്തെന്നില്ലാത്ത സന്തോഷത്തോടെ ഞാൻ തുള്ളിച്ചാടി. അപൂർവ്വങ്ങളിൽ അപൂർവ്വം ആണ് കുടുംബത്തിലുളള എല്ലാവരും ആയുള്ള ഒരു ഒത്തുചേരൽ. അതെ, അതു കൊണ്ടു തന്നെ ഒരു രാജ്യം വെട്ടിപ്പിടിച്ച സന്തോഷമായിരുന്നു അവർക്കു മുൻപിൽ കളി ജയിച്ചപ്പോൾ എനിക്ക്. ആകാശം നിറയെ ഇതുവരെ കണ്ടിട്ടുപോലുമില്ലാത്ത നിറങ്ങളിലുള്ള പട്ടങ്ങളാണ്. കൊറോണക്കാലത്തെ അവധിക്കാലം.എങ്കിലും ഇത്തരം ചില നേരമ്പോക്കുകൾ ഇപ്പോഴും പലയിടത്തും കാണാൻ കഴിയുന്നുണ്ട് എന്നതാണ് മറ്റൊരു രസകരമായ വസ്തുത. ഇടയ്ക്ക് പട്ടം പറത്തൽ നിർത്തി ഇടുങ്ങിയ ടെറസ്സിലൂടെ ചിലർ ഓടുന്നു . നിരീക്ഷണയജ്ഞവുമായി പറക്കുന്ന ഡ്രോണിന്റെ വിസിലടി ശബ്ദമോ വിദൂരമായൊരു ദൃശ്യമോ അവർക്ക് കിട്ടിയിട്ടുണ്ടെന്ന് ആ ഓട്ടങ്ങളിലൂടെ ഉറപ്പിക്കാം. വീട്ടിലുള്ളവരും അയൽപക്കക്കാരും ഒക്കെ ചേർന്ന ഒരു വലിയ ചായ കുടി ആണ് അടുത്ത പരിപാടി .പരീക്ഷണങ്ങൾ എന്നതിലുപരി ഒരു നേരംപോക്ക് പോലെ ഉണ്ടാക്കിയെടുക്കുന്ന, വ്യത്യസ്തങ്ങളായ പലഹാരങ്ങൾ കഴിക്കാം എന്നതും ഈ സമയത്തെ പ്രത്യേകതയാണ്.തിരക്കേറിയ നഗരജീവിതങ്ങൾക്ക് ചെറിയൊരു കാലയളവിലേക്കെങ്കിലും മാറ്റം വരുത്താൻ മഹാമാരിയെത്തുടർന്നുള്ള ലോക് ഡൗണിൽ സാധിച്ചിട്ടുണ്ട് എന്നുള്ളതാണ് അതിന്റെ ആകെയുള്ള ഗുണം. ഒരുമിച്ച് കുശലം പറച്ചിലുകളും വിശേഷം പറച്ചിലുകളും തുറന്നുള്ള സ്നേഹപ്രകടനങ്ങളും എല്ലാം അതേപടി തിരിച്ചു വന്നിട്ടുണ്ട്. അഞ്ചു മണിയാകുമ്പോൾ അച്ഛമ്മക്ക് വേവലാതിയാണ്. ദിനംപ്രതി കേസുകളുടെ കണക്കുകൾ കുറഞ്ഞുവരുന്നു. വൈകുന്നേരം ടി വി കണ്ട് സ്ഥിതിഗതികൾ നേരിട്ട് വിശകലനം ചെയ്യുന്നത് ഒരു പതിവായിരിക്കുന്നു. ടി വി ഓൺ ചെയ്ത് ഞാൻ ഒരു കസേരയിൽ ഇരുന്നു. അച്ഛനും അടുത്ത വീട്ടിലെ രണ്ടു മൂന്നു പേരും അടുത്ത കസേരകളിലുണ്ട്. "കേരളം ലോകത്തിനു മാതൃക" തലക്കെട്ട് കേട്ടയുടനെ സമാധാനിച്ചു. ആദ്യം കോവിഡ് കേസ് സ്ഥിരീകരിച്ച സംസ്ഥാനമാണെങ്കിലും ഏറ്റവും കുറവ് കേസ് മാത്രം റിപ്പോർട്ട് ചെയ്യുന്ന കേരളം പ്രത്യേകം അഭിനന്ദനമർഹിക്കുന്നു. കേരളം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃക തന്നെയാണ്. തലയ്ക്കുള്ളിൽ മിന്നി മറഞ്ഞ ചിന്തകൾ എന്തൊക്കെയാണെന്ന് എനിക്കൊരു ധാരണയുമില്ല. ഇന്ത്യയിൽ ആദ്യം കോവിഡ് മഹാമാരി റിപ്പോർട്ട് ചെയ്ത സംസ്ഥാനം. ഇന്ന് ഇന്ത്യയിലെ 25-ഓളം സംസ്ഥാനങ്ങളിൽ പടർന്നു താണ്ഡവമാടി അഞ്ഞൂറിലേറെ മരണങ്ങൾക്ക് കാരണമായി കഴിഞ്ഞിരിക്കുന്നു ഇതേ മഹാമാരി. എന്നിട്ടും ഏറ്റവും ആദ്യം സ്ഥിരീകരിച്ച സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ കേസ് നിരക്ക് മാത്രം.... അഭിനന്ദനാർഹം തന്നെയാണ്.... മാതൃക തന്നെയാണ് നമ്മുടെ സംസ്ഥാനം. എന്റെ കയ്യിൽ നിന്ന് റിമോട്ട് വാങ്ങി അച്ഛൻ അടുത്ത ചാനൽ വെച്ചു. ചർച്ചക്കിടയിൽ പ്രതിരോധ രീതി തന്നെയാണ് കേരളത്തെ ഒന്നാമത് ആക്കുന്നതെന്ന കാര്യവും സൂചിപ്പിക്കുന്നുണ്ട്. പുറത്തേക്കിറങ്ങി ഞാനൊന്ന് ചുറ്റും നോക്കി...... പാത്രങ്ങൾ കൊട്ടിയും കൈകൾ അടിച്ചും ശബ്ദമുണ്ടാക്കിയത് കൊറോണയുടെ ചെവിക്കല്ല് പൊട്ടിച്ച് കൊല്ലാൻ ആയിരുന്നില്ല. പ്രകാശം തെളിയിച്ച് രാത്രിയെ പകലാക്കിയത് കൊറോണയെ അന്ധനാക്കി കൊല്ലാൻ ആയിരുന്നില്ല. മറിച്ച് നമുക്കായി രാത്രികൾ പകലാക്കി ശുശ്രൂഷിക്കുകയും പരിചരിക്കുകയും ചെയ്യുന്നവരെ അഭിനന്ദിക്കാൻ ആയിരുന്നു. സ്വന്തം കാര്യത്തോടൊപ്പം മറ്റുള്ളവരുടെ ആരോഗ്യ സംരക്ഷണം കൂടി കണക്കിലെടുത്താണ് നാമിന്ന് എല്ലാം സഹിച്ച് വീടിനുള്ളിൽ കഴിയുന്നത്. ചീറി പാഞ്ഞ് ഒരു വണ്ടി റോഡിലൂടെ പോകുന്നു. പിറകേ എല്ലാം മറന്നുള്ള ഓട്ടത്തിലാണ് കാക്കി കാവൽക്കാർ. ചട്ടലംഘനവും ദിശ മറന്നുള്ള നെട്ടോട്ടവും രാത്രി മറന്നുള്ള യാത്രകളും മലയാളിക്ക് ഒരു പുതുമയല്ല. എങ്കിലും ഒറ്റപ്പെടാതെ, ഒറ്റക്കെട്ടാണ്. നിലപാടുകളിൽ കവിഞ്ഞ പ്രവർത്തനരീതിയിൽ നാമെന്നും.

ബിനു രാമചന്ദ്രൻ
8 D സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്.
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം