ജി.എച്ച്.എസ്. എസ്. ചെമ്മനാട്/അക്ഷരവൃക്ഷം/തണൽ

Schoolwiki സംരംഭത്തിൽ നിന്ന്
തണൽ

നിലാവ് പരന്ന രാത്രി. ആകാശത്ത് നക്ഷത്രങ്ങൾക്കൊപ്പം പ്രതിഫലിച്ച് നിന്നിരുന്ന ചന്ദ്രൻ കാർമേഘങ്ങളാൽ മറഞ്ഞു.'മോനെ അകത്ത് വന്നു കിടക്കൂ. നല്ല മഴക്കോളുണ്ട്'.ആകാശത്ത് നോക്കി പുറത്തു കിടന്നിരുന്ന മൃദുലിനോടായ് അമ്മ പറഞ്ഞു. അവൻ പെട്ടെന്ന് സ്വപ്നത്തിൽ നിന്നെന്നവണ്ണം ഞെട്ടിയുണർന്നു.അവന്റെ സ്വഭാവത്തിന് ഈയിടെയായി വല്ലാത്ത മാറ്റം ശ്രദ്ധിച്ച അമ്മ അവനോട് കാരണം ചോദിച്ചെങ്കിലും വ്യക്തമായ മറുപടി അവനിൽ നിന്ന് ലഭിച്ചിരുന്നില്ല.

പിറ്റേ ദിവസം അമ്മ അവന്റെ അധ്യാപികയോട് ഈ കാര്യം സംസാരിച്ചപ്പോഴും അധ്യാപികയും ചൂണ്ടിക്കാട്ടിയത് അവന്റെ അസ്വസ്ഥതയെ കുറിച്ചാണ്.ക്ലാസിൽ നല്ല ചുറുചുറുക്കോടെയിരുന്ന അവൻ ഇന്ന് ഒരു കാര്യത്തിലും ശ്രദ്ധ പുലർത്തുന്നില്ല.എന്തോ ഒന്ന് അവനെ അലട്ടിക്കൊണ്ടിരിക്കുകയാണ്. പൂക്കളോടും, കിളികളോടും, മരങ്ങളോടും, ചെറുപുൽക്കൊടികളോടും ഒരു സുഹൃത്ത് എന്ന നിലയിൽ സംസാരിക്കുകയും തന്റെ വിഷമങ്ങൾ പങ്കു വയ്ക്കുകയും ചെയ്യുന്ന കുട്ടിയാണ് മൃദുൽ.പഠനയാത്ര എങ്ങോട്ട് എന്നുള്ള അധ്യാപികയുടെ ചോദ്യത്തിന് തന്റെ ഊഴമെത്തുമ്പോൾ അവൻ മനസിൽ ഉറപ്പിക്കുന്നത് 'വനങ്ങളിലേക്ക്' എന്നതായിരിക്കും.

കഴിഞ്ഞ ദിവസമാണ് മൃദുലിനെയും കൂട്ടി അവന്റെ മാതാപിതാക്കൾ വീട്ടിൽ നിന്നും ദൂരെയായ ഒരു മലമ്പ്രദേശത്തേക്ക് യാത്ര പോയത്. പണ്ടെപ്പോഴോ പോയ ഒരോർമ്മയാണ് അവനിൽ ഉള്ളത്.'മനോഹരം' അത്രതന്നെ.മലനിരകളിലേക്കുള്ള വഴികൾ സാധാരണ തണുപ്പ് നിറഞ്ഞതും മരങ്ങളാൽ സമ്പന്നവുമായിരിക്കും. എന്നാൽ അവർ പോയവഴികൾ തകച്ചും ആശങ്ക ജനിപ്പിക്കുന്നതായിരുന്നു. ചൂടാണെങ്കിൽ അസഹനീയവും. അന്ന് വന്നപ്പോൾ കണ്ട മരങ്ങൾക്കും, ചെടികൾക്കും പകരം അവൻ കണ്ടത് ആകാശം മുട്ടിനിൽക്കുന്ന കെട്ടിടങ്ങളും, റിസോർട്ടുകളുമായിരുന്നു.മുന്നോട്ട് പോകുന്തോറും കെട്ടിടങ്ങളുടെ എണ്ണം വർധിച്ചു വരുന്നു. ഏറ്റവും മുകളിൽ അന്ന് കണ്ട ജൈവ വൈവിധ്യ ഉദ്യാനം ഇന്ന് തരിശ് ഭൂമിയായി കിടക്കുന്നു. കാര്യം ചോദിച്ചപ്പോൾ ഒരു റിസോർട്ട് പണിയാനാണെന്നാണ് അറിയാൻ കഴിഞ്ഞത്. അവൻ അപ്പോൾ തന്നെ വല്ലാതെ തളർന്നിരുന്നു.അന്ന് താഴേക്ക് നോക്കിയപ്പോൾ കണ്ട മനോഹരമായ കാഴ്ച വലിയ കെട്ടിടങ്ങളും റിസോർട്ടുകളും മറച്ചിരിക്കുന്നു.പ്രകൃതി യെ അമ്മയെ പോലെ കണ്ടിരുന്ന അവന്റെ കണ്ണുനീർ ഇറ്റുവീണത് മാറിമറഞ്ഞുകൊണ്ടിരിക്കുന്ന മനുഷ്യ സങ്കൽപ്പത്തിലേക്കാണ്.

ആ ഒരു കാഴ്ച അവനിൽ ഒരുപാട് ചിന്തകൾ ഉണർത്തി. അവൻ തിരിച്ചുപോയത് ഒരുപാട് അസ്വസ്ഥതകളോടെയാണെങ്കിലും അവൻ തന്റെ അധ്യാപികയോടും, കൂട്ടുകാരോടും ഈ കാര്യം തുറന്നു പറഞ്ഞു. ആ മലമ്പ്രദേശത്ത് പണിയാനിരുന്ന റിസോർട്ടിനെതിരെ അവർ പല നീക്കങ്ങളും നടത്തി. ഒടുവിൽ അത് മേലധികാരികളുടെ ശ്രദ്ധയിൽ പെടുകയും അവിടെയുണ്ടായിരുന്ന ജൈവവൈവിധ്യവും, വന സമ്പത്തും അതേ പടി നിലനിർത്താനും ഉത്തരവിറങ്ങി.

മഴ പെയ്തു... മഞ്ഞുവീണു....പൂക്കൾ കൊഴിഞ്ഞു..... മൃദുൽ ഉപരിപഠനത്തിനായി ദൂരെദേശത്തേക്ക് യാത്ര തിരിച്ചപ്പോൾ പ്രകൃതി അവനെ നോക്കി പുഞ്ചിരിച്ചു. "നമുക്ക് പരസ്പരം തണലേകാം ".


SREELAKSHMI P NAIR
8 C GHSS CHEMNAD
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ